പുലർവെട്ടം 492

{പുലർവെട്ടം 492}

 
‘Do you hear what these children are saying?” they asked him.
“Yes,” replied Jesus, “have you never read,
“‘From the lips of children and infants
you, Lord, have called forth your praise’ [Matthew 21-16]
 
Out of the mouths babes എന്ന ഇംഗ്ലീഷ് idiom തളിർക്കുന്നത് ആരംഭത്തിലെ യേശു സൂചനയിൽനിന്നാണ്. കുഞ്ഞുങ്ങളുടെ അധരങ്ങൾ വിജ്ഞാനം സംസാരിക്കുന്നു എന്നൊരു സങ്കീർത്തനത്തെ അവൻ ആവർത്തിക്കുകയായിരുന്നു. തീരെ നിനയ്ക്കാത്ത നേരത്ത് സാധാരണക്കാരായ മനുഷ്യരിൽ നിന്ന് വരുന്ന ജ്ഞാനത്തിന്റെ പൊൻപ്രകാശത്തിന് വേണ്ടിയാണ് ആ ശൈലി ഇന്ന് ഉപയോഗിച്ച് വരുന്നത്. വേദപുസ്തകത്തിൽ ദുർബലരായ, അശിക്ഷിതരായ വിശ്വാസത്തിന്റെ പ്രാരംഭദശയിലുള്ള മനുഷ്യർക്ക് വേണ്ടിയാണ് പൈതങ്ങൾ എന്ന പദം ഉപയോഗിക്കപ്പെടുന്നത്.
 
പദാനുപദ അർത്ഥത്തിൽ പോലും ശരിയെന്നുറപ്പുള്ള വിചാരമാണത്. കുഞ്ഞുങ്ങളെ കേൾക്കൂ.അഗസ്റ്റിൻ്റെ ആത്മകഥയിൽ നിന്ന് ഇങ്ങനെ നമ്മൾ വായിക്കും. ഒരു അത്തിമരത്തിൻ്റെ ചുവട്ടിലിരുന്ന് തന്റെ ഭൂതകാലത്തെ ഓർത്ത് അയാൾ വെറുതെ വാവിട്ട് കരയുകയായിരുന്നു. എത്രകാലം, എത്രകാലം അങ്ങേയ്ക്ക് വേണ്ടി കാത്തിരിക്കണം. അശുദ്ധിയുടെ നിമിഷങ്ങൾ ഒടുങ്ങാൻ ഇനിയും നേരമായില്ലെന്ന് അങ്ങ് കരുതുന്നുണ്ടോ? അയലത്തെ ഏതോ വീട്ടിൽനിന്ന് ഒരു കുട്ടി എടുത്തു വായിക്കുക, എടുത്തു വായിക്കുക (ലത്തീനിൽ tolle, lege) എന്ന് ആവർത്തിച്ച് പാടുന്നുണ്ടായിരുന്നു. തീരെ പരിചിതമല്ലാത്ത ആ പാട്ടിൽ ഏതോ ദൈവിക പ്രതിധ്വനി ഉണ്ടെന്ന് അയാൾക്ക് തോന്നി. അരികത്തിരുന്ന് വേദപുസ്തകം തുറന്നു വായിക്കാനാണ് തോന്നിയത്. കണ്ണിൽ തടഞ്ഞ വരികളിതായിരുന്നു: “നമുക്ക് സത്യസന്ധമായി നടക്കാം, പകൽ വെളിച്ചത്തിലെന്നപോലെ”. പൗലോസ് റോമാക്കാർക്ക് എഴുതിത്തുടങ്ങുകയാണ്. ആ നിമിഷം തൊട്ട് അയാൾ വെളിച്ചത്തിന്റെ ഉപാസകനായി. അത്ര നാടകീയമല്ലെങ്കിലും കുഞ്ഞുങ്ങൾക്ക് എന്തോ ചില കാര്യങ്ങൾ നിങ്ങളോട് പറയാനുണ്ടാവും. ഒരു ദാമ്പത്യ ബന്ധം ഓഡിറ്റ് ചെയ്യപ്പെടേണ്ടത് സ്വയം പറഞ്ഞ് നാം പാകപ്പെടുത്തിയെടുത്ത ഭേദപ്പെട്ട നുണകൾ കൊണ്ടല്ല. കുഞ്ഞുങ്ങളുടെ ഹർഷവും സമാധാനവും കൊണ്ടാണ്. ദൈവവും അവരും തമ്മിൽ ഇപ്പോഴും ചില ഇടപാടുകൾ നടക്കുന്നത് കൊണ്ടാണ്.
 
പണ്ടൊരു അഞ്ച് വയസ്സുകാരൻ കുട്ടി അവന്റെ ചെറിയ പെങ്ങളോട് പറഞ്ഞതുപോലെ ദൈവമെങ്ങനെയാണ് ഇരിക്കുന്നത്, ഞാനത് പതുക്കെപ്പതുക്കെ മറന്നുതുടങ്ങി. വേണമെങ്കിൽ കുസൃതിയായി കരുതാവുന്ന ആ വാക്കിൽ അവൻ്റെ അച്ഛനും അമ്മയും പകച്ചുപോയി. അത്രയും വലുതായതുകൊണ്ട് അത്രയും ആ തീരത്തുനിന്ന് തങ്ങൾ തുഴഞ്ഞ് അകന്നുപോയി എന്നോർത്തിട്ട് !
 
അധരങ്ങളിലൊളിപ്പിച്ച കുഞ്ഞുങ്ങളുടെ ജ്ഞാനത്തിന് നമ്മുടെ ധർമ്മത്തിൽ ഉള്ളതിനേക്കാൾ പകിട്ടുള്ള മറ്റൊന്ന് ഏതൊരു വിശ്വഭാവനയിലും ഉണ്ടാവില്ല. മണ്ണ് വിഴുങ്ങിയ ഉണ്ണിക്കണ്ണൻ്റെ ഈ ചിത്രം കാണുക.”ശരി, നീ മണ്ണു തിന്നിട്ടില്ല എന്നല്ലേ പറഞ്ഞത്; എങ്കിൽ നീ വായ് തുറന്നു കാണിക്കു” എന്ന് യശോദ പറഞ്ഞു. ഒന്നു ചിന്തിച്ച ശേഷം യശോദയുടെ മുമ്പിൽ കണ്ണൻ തന്റെ വായ തുറന്നു കാണിച്ചു. മണ്ണുണ്ടോ എന്നു വായിൽ ശ്രദ്ധിച്ചു നോക്കിയ യശോദ ഈ ലോകം അങ്ങനെ തന്നെ കണ്ണന്റെ വായ്ക്കുള്ളിൽ കണ്ടു.
 
ഏഴു ലോകങ്ങളെയും കാണിച്ചതു കൂടാതെ ദ്വാരകയിലെ അമ്പാടിയും പ്രത്യേകം കാണിച്ചു. അമ്പാടി കണ്ട യശോദ അവിടെ താൻ നിൽക്കുന്നതും കണ്ടു. തന്റെ കൈയ്യിൽ പിടിച്ചിരുന്ന ചെറുവടിയും കണ്ടു.”
 
– ബോബി ജോസ് കട്ടികാട്
Advertisements
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/


Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 492”

Leave a comment