അനുദിന വിശുദ്ധർ | ജൂൺ 18 | Daily Saints | June 18

⚜️⚜️⚜️⚜️ June 18 ⚜️⚜️⚜️⚜️
വിശുദ്ധന്‍മാരായ മാര്‍ക്കസും, മാര്‍സെല്ല്യാനൂസും
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

റോമിലെ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ഇരട്ട സഹോദരന്‍മാരായിരുന്നു വിശുദ്ധ മാര്‍ക്കസും വിശുദ്ധ മാര്‍സെല്ല്യാനൂസും. തങ്ങളുടെ യുവത്വത്തില്‍ തന്നെ വിശുദ്ധര്‍ ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു, അധികം താമസിയാതെ രണ്ട് പേരും വിവാഹിതരായി. 284-ല്‍ ഡയോക്ലീഷന്‍ അധികാരത്തിലേറിയപ്പോള്‍ അവിശ്വാസികള്‍ മതപീഡനം അഴിച്ചുവിട്ടു; ഇതേ തുടര്‍ന്നു മതമര്‍ദ്ദകര്‍ വിശുദ്ധരായ ഇരട്ടസഹോദരന്‍മാരെ പിടികൂടി തടവിലിടുകയും ശിരഛേദം ചെയ്തു കൊല്ലുവാന്‍ വിധിക്കുകയും ചെയ്തു. എന്നാല്‍ അവരുടെ വിധി നടപ്പാക്കുന്നതിന് മുമ്പ് മുപ്പത്‌ ദിവസത്തെ കാലാവധി നേടിയെടുക്കുവാന്‍ വിശുദ്ധന്‍മാരുടെ സുഹൃത്തുക്കള്‍ക്ക് കഴിഞ്ഞു. ഈ കാലാവധിക്കുള്ളില്‍ അവര്‍ വിജാതീയരുടെ ദൈവങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ സമ്മതിക്കും എന്ന പ്രതീക്ഷയിലായിരുന്നു അത്. വിശുദ്ധരുടെ മാതാപിതാക്കളായ ട്രാന്‍ക്വില്ലീനസും, മാര്‍ഷ്യയും അതീവദുഃഖത്താല്‍ തീരുമാനം മാറ്റുവാന്‍ വിശുദ്ധരോടു കണ്ണുനീരോട് കൂടി കെഞ്ചി അപേക്ഷിച്ചു. എന്നാല്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ ഒരു ഉദ്യോഗസ്ഥനായിരുന്ന വിശുദ്ധ സെബാസ്റ്റ്യന്‍ ഉടനടി തന്നെ റോമിലെത്തുകയും ദിവസവും വിശുദ്ധരുടെ മാതാപിതാക്കളെ സന്ദര്‍ശിക്കുകയും അവര്‍ക്ക്‌ ധൈര്യം പകര്‍ന്നു നല്‍കുകയും ചെയ്തു.

ഈ കൂടികാഴ്ചകളുടെ ഫലമായി വിശുദ്ധരുടെ പിതാവും, മാതാവും, ഭാര്യമാരും ക്രിസ്തീയ വിശ്വാസം സ്വീകരിച്ചു. കൂടാതെ നിക്കോസ്ട്രാറ്റസ് എന്ന് പേരായ പൊതു രേഖകളുടെ എഴുത്ത്കാരനും, ക്രോമാറ്റിയൂസ് എന്ന ന്യായാധിപനും വിശ്വാസത്തിന്റെ മാര്‍ഗ്ഗത്തിലേക്ക്‌ വന്നു. ക്രോമാറ്റിയൂസാകട്ടെ തന്റെ ന്യായാധിപ പദവി ഉപേക്ഷിച്ചുകൊണ്ട് വിശുദ്ധരെ സ്വതന്ത്രരാക്കി. രാജകൊട്ടാരത്തില്‍ ജോലിചെയ്യുന്ന ഒരു ക്രിസ്ത്യാനി വിശുദ്ധരെ രാജകൊട്ടാരത്തിലെ തന്റെ മുറിയില്‍ ഒളിവില്‍ പാര്‍പ്പിച്ചു. എന്നാല്‍ ഒരു വഞ്ചകന്‍ ഇക്കാര്യം ഒറ്റിക്കൊടുത്തതിന്റെ ഫലമായി വിശുദ്ധരെ പിടികൂടി വീണ്ടും തടവിലടക്കുകയും ചെയ്തു. ക്രോമാറ്റിയൂസിന്റെ പിന്‍ഗാമിയായി നിയമിതനായ ഫാബിയാന്‍ വിശുദ്ധരെ തൂണുകളില്‍ ബന്ധനസ്ഥരാക്കി കാലുകള്‍ തൂണുമായി ചേര്‍ത്ത് ആണിയടിക്കുവാന്‍ ഉത്തരവിട്ടു. ഒരു രാത്രിയും, പകലും വിശുദ്ധന്‍മാര്‍ ഈ നിലയില്‍ കഴിച്ചു കൂട്ടി. അടുത്ത ദിവസം വിശുദ്ധരെ അവര്‍ കുന്തം കൊണ്ടുള്ള ക്രൂര മര്‍ദ്ദനങ്ങള്‍ക്ക് വിധേയരാക്കി.

286-ലാണ് വിശുദ്ധര്‍ രക്തസാക്ഷിത്വം വരിച്ചത്. 1782-ല്‍ റോമിലെ വിശുദ്ധ കൊസ്മാസിന്റെയും, വിശുദ്ധ ഡാമിയന്റെയും ദേവാലയത്തില്‍, രക്തസാക്ഷിയായിരുന്ന വിശുദ്ധ ഫെലിക്സ് രണ്ടാമന്‍ പാപ്പായുടെ ശവകുടീരത്തിനു സമീപത്തായി ഈ രണ്ട് വിശുദ്ധരുടെയും അവരുടെ പിതാവായിരുന്ന വിശുദ്ധ ട്രാന്‍ക്വില്ലീനസിന്റെയും ശവകുടീരങ്ങള്‍ കണ്ടെത്തി. ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥത്താല്‍ ബാഡാജോസ്‌ പട്ടണം പലവിധ അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടതിനാല്‍ സ്പെയിനില്‍ ഈ വിശുദ്ധരെ പ്രത്യേകമായി ആദരിച്ചു വരുന്നു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ബെല്‍ജിയത്തിലെ അലെനാ

2. ബോര്‍ഡോ ബിഷപ്പായ അമാന്തൂസ്

3. സിസിലിയിലെ കലോജെരൂസ്

5. സ്പയിനിലെ സിറിയാക്കൂസ്

6. ജര്‍മ്മനിയിലെ സ്കോണാവിലെ എലിസബത്ത്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 18
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ ദിവ്യഹൃദയം രക്ഷയുടെ മാതൃക
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ദൈവത്തെ സ്നേഹിക്കുവാനും ധീരതയോടെ അവിടുത്തേക്ക് ശുശ്രൂഷ ചെയ്യുവാനും ആഗ്രഹിക്കുന്ന ഒരാത്മാവിനു അനേകരുടെ അപമാന വാക്കുകളും പരിഹാസങ്ങളും സഹിക്കേണ്ടി വരും. ഈശോയെ അനുകരിച്ചു ജീവിക്കാനാഗ്രഹിക്കുന്നവര്‍ ക്ലേശങ്ങള്‍ സഹിക്കേണ്ടിവരുമെന്നു വി.ഗ്രന്ഥം തന്നെ സാക്ഷ്യപ്പെടുത്തുന്നു. ദൈവത്തിലും ദൈവത്തിനായിട്ടും ജീവിക്കുന്നവരും ഇന്നുവരെയും ജീവിച്ചിരുന്നവരും ഇനിയും ജീവിക്കാനിരിക്കുന്നവരും പ്രലോഭനങ്ങളാലും ദുരിതങ്ങളാലും പരിശോധിക്കപ്പെട്ട ശേഷം മാത്രമേ നിത്യസൗഭാഗ്യ കേന്ദ്രമായ സ്വര്‍ഗ്ഗത്തിലേക്ക് പ്രവേശിക്കയുള്ളൂ. സ്വാര്‍ത്ഥതയ്ക്കെതിരായി സമരം ചെയ്യുന്നവര്‍ മാത്രമേ സ്വര്‍ഗ്ഗം കരസ്ഥമാക്കുകയുള്ളൂവെന്നു വി. ഗ്രന്ഥം തന്നെ വ്യക്തമായി പഠിപ്പിക്കുന്നു. വേദനകളും ഞെരുക്കങ്ങളും സഹിക്കുന്നതിന് ആവശ്യമായ ഗുണം ക്ഷമയാണെന്നുള്ളതില്‍ സംശയമില്ല.

ക്ഷമയെന്ന പുണ്യത്തില്‍ ഒരാള്‍ എന്തുമാത്രം വര്‍ദ്ധിക്കുമോ അത്രയും ദൈവസ്നേഹത്തിലും മറ്റു പുണ്യങ്ങളിലും അഭിവൃദ്ധിപ്പെടും. നമ്മുടെ സ്രഷ്ടാവും രക്ഷകനുമായ ഈശോ തന്നെയാണ് ക്ഷമയുടെ അഭ്യസനത്തിലും നമുക്ക് മാതൃക. ശിശുവായ ഈശോ അരിഷ്ടതകളുടെ ഇടയിലാണ് വളര്‍ന്നത്. ഹേറോദേസ് ഉണ്ണീശോയേ കൊല്ലുവാന്‍ അന്വേഷിച്ചപ്പോള്‍ അവിടുന്നു ഓടി ഒളിക്കുന്നു. മുപ്പതു വത്സരത്തോളം രണ്ടു സൃഷ്ടികള്‍ക്കു സമ്പൂര്‍ണ്ണമായും കീഴ്വഴങ്ങി ജീവിക്കുന്നു. യഹൂദജനം പരിഹസിക്കയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന അവസരത്തില്‍ അവരെ അവിടുന്നു ദ്വേഷിക്കുന്നില്ല. കല്ലെറിഞ്ഞു കൊല്ലുവാനൊരുങ്ങിയവരില്‍ നിന്ന്‍ അവിടുന്ന്‍ മറഞ്ഞുകളഞ്ഞു.

ദൈവിക രഹസ്യങ്ങളെപ്പറ്റി യാതൊരു ജ്ഞാനവുമില്ലാതിരുന്ന ശിഷ്യരെ സ്നേഹത്തോടും ക്ഷമാശീലത്തോടും കൂടി അവയെല്ലാം പഠിപ്പിക്കുന്നു. അവസാനം അന്യായമായി തന്നെ വധിക്കുകയും ക്രൂരമായി കുരിശില്‍ തൂക്കുകയും ചെയ്ത ഘാതകരോടു വിദ്വേഷമോ ശത്രുതയോ പ്രദര്‍ശിപ്പിക്കാതെ അവര്‍ക്കുവേണ്ടി തന്‍റെ പരമപിതാവിനോടു പ്രാര്‍ത്ഥിക്കുന്നു. കോപവും വിരോധവും നിറഞ്ഞ ഹൃദയത്തോടെ ജീവിക്കുന്ന നമുക്കെല്ലാവര്‍ക്കും ക്ഷമയുടെയും സമാധാനത്തിന്‍റെയും പ്രഭുവായ ഈശോ മാതൃകയാണ്. മനുഷ്യര്‍ക്കെല്ലാം മാതൃക നല്‍കിയ ഈശോയെ നാം കണ്ടു പഠിക്കുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗപ്രവേശം അസാദ്ധ്യമാകും എന്ന്‍ നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ജപം
❤️❤️

സ്നേഹം നിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഞാനിതാ അങ്ങേ സന്നിധിയില്‍ സാഷ്ടാംഗമായി വീണ് എന്‍റെ പൂര്‍ണ്ണഹൃദയത്തോടെ അങ്ങേ ആരാധിക്കുന്നു. അങ്ങേ ദിവ്യഹൃദയത്തില്‍ എന്‍റെ ആത്മാവിനെ ഞാന്‍ ഭരമേല്‍പ്പിക്കുന്നു. സമാധാനപ്രവാചകനായ ഈശോയെ! പാപത്താല്‍ വിരൂപമായിരിക്കുന്നതും കോപാഗ്നിയാല്‍ ജ്വലിക്കുന്നതുമായ എന്‍റെ ഹൃദയത്തെ കടാക്ഷിക്കണമേ.കോപിച്ചിരുന്ന കടലിനെ അങ്ങേ തിരുവചനത്താല്‍ ശാന്തമാക്കിയല്ലോ. ലോകരക്ഷിതാവായ എന്‍റെ നല്ല ഈശോയെ! എന്‍റെ എല്ലാ ദുര്‍ഗുണങ്ങളും നീങ്ങുന്നതിനും അങ്ങേ സ്നേഹശീലവും ക്ഷമയും കണ്ടുപഠിക്കുന്നതിനും വേണ്ട അനുഗ്രഹം തന്നരുളണമേ.

പ്രാര്‍ത്ഥന
❤️❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

പ്രാര്‍ത്ഥന
❤️❤️❤️❤️

കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.

3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.

സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.

ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കര്‍ത്താവേ! അനുഗ്രഹിക്കണമേ .

മിശിഹായേ! അനുഗ്രഹിക്കണമേ.

കര്‍ത്താവേ! അനുഗ്രഹിക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,

ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,

റൂഹാദക്കുദശാ തമ്പുരാനേ,

ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,

നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,

(ഞങ്ങളെ അനുഗ്രഹിക്കണമേ)

കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,

ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,

അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,

ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,

അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,

ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,

ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,

നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,

നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,

സകല‍ പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,

സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.

—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.

— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,

കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.

പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️

സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.

സുകൃതജപം
❤️❤️❤️❤️❤️

ഈശോയുടെ ദിവ്യഹൃദയമേ! ക്ഷമയെന്ന പുണ്യം അഭ്യസിക്കുവാന്‍ കൃപ ചെയ്യണമേ.

സല്‍ക്രിയ
❤️❤️❤️❤️❤️

നമ്മുടെ വിരോധികള്‍ക്കു വേണ്ടി 1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രി. ചൊല്ലുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നഷ്ടപ്പെട്ടതിനെ ഞാൻ അന്വേഷിക്കും.. വഴിതെറ്റി പോയതിനെ ഞാൻ തിരിയെക്കൊണ്ടു വരും.. മുറിവേറ്റതിനെ ഞാൻ വച്ചുകെട്ടും.. ബലഹീനമായതിനെ ഞാൻ ശക്തിപ്പെടുത്തും.. (എസെക്കിയേൽ : 34 / 16)
കരുണാമയനായ എന്റെ ദൈവത്തിന് ഈ പുലരിയിലും ഒരായിരം നന്ദി..

ചിലപ്പോഴെങ്കിലും എന്റെ ജീവിതത്തിലെ തിരക്കുകൾക്കിടയിൽ മറന്നു പോകുന്നതാണ് എന്ന ഭാവത്തോടെ ഞാൻ അവഗണിച്ചു കളഞ്ഞ എന്നിലെ ചില നല്ല ശീലങ്ങളെ വീണ്ടും തിരികെ നേടിയെടുക്കാനുള്ള അനുഗ്രഹം യാചിച്ചു കൊണ്ടാണ് ഈ പ്രഭാതത്തിൽ അങ്ങയുടെ അരികിൽ ഞാനണഞ്ഞിരിക്കുന്നത്.. കുഞ്ഞു നാൾ മുതൽ ശീലിച്ചതും.. ഈശോയ്ക്കു നൽകാൻ അത്രയേറെ സ്നേഹത്തോടെ എന്നു ചൊല്ലിപ്പറഞ്ഞു ചെയ്തു വന്നിരുന്നതുമായ എന്റെ ചെറിയ ആശയടക്കങ്ങളുടെ പുണ്യവരത്തെ.. യാത്രയിലുടനീളവും, വിശ്രമത്തിന്റെ ഇത്തിരി നേരങ്ങളിലും, രാവേറെ വൈകി കിടക്കയെ സമീപിച്ചാലും നിദ്ര പുൽകും വരെയും എന്റെ നെഞ്ചോടു ചേർത്തു പിടിച്ചിരുന്ന ജപമാല പ്രാർത്ഥനയെ.. ഒരിക്കൽ സൗഹൃദങ്ങളോടൊപ്പം ചേർന്നു പകുത്തെടുത്ത് ഒരിത്തിരി വാശിയോടെയും അതിലേറെ ആകാംഷയോടെയും വായിച്ചു ഗ്രഹിക്കാൻ തീരുമാനിച്ച നിന്റെ തിരുവചന സത്യത്തോടുള്ള എന്റെ തീവ്രമായ ആഗ്രഹത്തെ.. ഈ പുണ്യങ്ങൾ എനിക്കു നൽകിയ ദൈവവരപ്രസാദത്തെ ഇന്നിന്റെ ജീവിതരീതിയിൽ മനഃപൂർവ്വമോ അല്ലാതെയോ ഞാൻ നഷ്ടപ്പെടുത്തി കളഞ്ഞു..

ഈശോയേ..മാറുന്ന സുഖസൗകര്യങ്ങൾക്കിടയിലെ മായാക്കാഴ്ച്ചകളിലും.. സന്തോഷങ്ങളിലും ഭ്രമിക്കാതെ നിത്യമായ ആനന്ദം പകർന്നു തരുന്ന നിന്റെ ഹൃദയത്തിലെ ഇത്തിരിയിടത്തേക്ക് എന്റെ ഇടുങ്ങിയ വാതിലിലൂടെ സഞ്ചരിക്കാനുള്ള സുകൃതവഴികൾ എന്നെയും അഭ്യസിപ്പിക്കേണമേ.. അപ്പോൾ നിദ്രയിൽ പോലും ഞാൻ ഉണർവ്വുള്ളവളാവുകയും.. എന്റെ ഹൃദയവും അങ്ങേ തിരുഹൃദയത്തിന് എന്നും അനുരൂപമായി തീരുകയും ചെയ്യും..

ഈശോയുടെ ദിവ്യഹൃദയമേ.. അങ്ങിൽ മാത്രം എന്റെ ഭാഗ്യം മുഴുവൻ കണ്ടെത്തുവാൻ കൃപ ചെയ്യണമേ.. ആമേൻ.

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment