പുലർവെട്ടം 501

{പുലർവെട്ടം 501}

 
ഇടയൻ: ഞാൻ എന്റെ ആട്ടിൻ പറ്റങ്ങളെ ആലയിലാക്കി – മഴമേഘങ്ങളേ, ഇനി ആവോളം ചെയ്തുകൊള്ളുക.
ബുദ്ധൻ : എനിക്ക് ആടില്ല ആലയുമില്ല – മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക.
ഇടയൻ : എനിക്കായ് ചൂടുള്ള അത്താഴം കാത്തിരിപ്പുണ്ട് – മഴമേഘങ്ങളേ, ആവോളം ചെയ്തുകൊള്ളുക.
ബുദ്ധൻ : ഈ രാത്രിയിൽ പട്ടിണിയാണെൻ്റെ അത്താഴം – മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക.
ഇടയൻ : എനിക്ക് സുന്ദരിയായ ഭാര്യയുണ്ട് – ഈ രാത്രിയിൽ ഞാൻ അവളോടൊപ്പം ഉറങ്ങും, മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക.
ബുദ്ധൻ : സ്വന്തം ആത്മാവിനോടുതന്നെ രമിക്കുവാൻ ഞാൻ എന്റെ മനസ്സിനെ പഠിപ്പിച്ചിട്ടുണ്ട് – മഴമേഘങ്ങളേ, ആവോളം പെയ്തുകൊള്ളുക.”
 
നികോസ് കസൻദ്സാക്കിസിൻ്റെ സോർബ ദ ഗ്രീക്കിൽ നിന്നാണ് അതീവ സൗന്ദര്യമുള്ള ഈ സംഭാഷണം നാം വായിച്ചെടുക്കുന്നത്. വളരെക്കുറച്ച് കാര്യങ്ങളിലേക്ക് ജീവിതം ചുരുങ്ങുന്നതിൻ്റെ അഴകാണ് ബുദ്ധ പ്രസരിപ്പിക്കുന്നത്. ശങ്കരാചാര്യരുടെ കൗപീനപഞ്ചകത്തിൽ കുറിച്ചിട്ടുള്ളത്പോലെ ഒരു ചെറുതുണ്ടം വസ്ത്രത്തിലേക്ക് ജീവിതത്തെ ചുരുക്കിയെഴുതിയവർക്ക് പ്രലോഭനീയമായ ഒരു ചാരുതയുണ്ട്.
 
പ്രതിദിന അപ്പത്തെക്കുറിച്ചാണ് നമ്മൾ സംസാരിച്ചുകൊണ്ടിരുന്നത്. ജീവിക്കാനായി ഏറ്റവും കുറച്ചുകാര്യങ്ങൾ മാത്രം മതിയെന്ന ബോധത്തിലേക്കുള്ള ക്ഷണമാണ് കർത്തൃപ്രാർത്ഥനയിലെ ആ പരാമർശം. മനുഷ്യോചിതമായി ജീവിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളാണ് അന്നന്നുവേണ്ട ആഹാരം എന്ന വാക്കിന്റെ സൂചന. കുഞ്ഞുങ്ങൾ വിശന്ന് കരയരുത്. പാർക്കുന്ന പുര ഈ മഴയത്ത് ചോരരുത്. പത്രക്കാരന് കൊടുക്കാനുള്ള വരിസംഖ്യ മുടങ്ങരുത്. ഏറ്റവും ബേസിക് ആയ കാര്യങ്ങൾ മുടങ്ങരുതെന്ന് സാരം. ഭൗതിക വസ്തുക്കളെക്കുറിച്ചുള്ള ഒരു ദൈവികേച്ഛയുടെ ഭാഗമാണിത്. മരുഭൂമിക്കിടയിൽ ആകാശത്തുനിന്ന് മന്ന പൊഴിഞ്ഞിരുന്നൊരു കാലത്തിൽ കൃത്യമായ ഒരു നിർദ്ദേശം നൽകപ്പെട്ടിരുന്നു. ഒരു ദിവസത്തേക്ക് മാത്രം ആവശ്യമായ അപ്പം എടുക്കുക. കൂടുതൽ ശേഖരിച്ചവർക്ക് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായില്ല. അന്തിയിൽ എല്ലാം ഒരേപോലെ അനുഭവപ്പെട്ടു. തനിക്ക് അർഹതയുള്ളതിനേക്കാൾ കൂടുതലായി ഒരപ്പത്തുണ്ട് ഒരാളെടുക്കുമ്പോൾ മറ്റൊരാൾ പട്ടിണി കിടക്കുന്നു എന്ന ലളിതമായ അർത്ഥം മാത്രമല്ല, അയാളുടെ അപ്പം അപഹരിക്കപ്പെട്ടു എന്ന കഠിനമായ സാരവുമുണ്ട് അതിൽ.
 
ചുരുക്കത്തിൽ, ഞങ്ങളുടെ പ്രതിദിന അപ്പം ചോദിക്കുക എന്നതിന് ഇങ്ങനെയൊക്കെയാണ് അർത്ഥധ്വനികൾ.
a) ആഡംബരങ്ങളല്ല അടിസ്ഥാന നിലനിൽപ്പാണ് പ്രധാനം.
b) മറ്റാരുടെയുമല്ല സത്യസന്ധമായും കഠിനാധ്വാനത്തിലൂടെയും ഞങ്ങൾ തേടുന്നതും കണ്ടെത്തുന്നതും
c) ഈ ദിവസമാണ് പ്രധാനം.നാളേയ്ക്ക് വേണ്ടി നിശ്ചയമായും എൻ്റെ കരുതലുണ്ടാകും.
d) വിൽക്കുകയോ കടം തരികയോ അല്ല ഉദാരമായി സമ്മാനിക്കുന്ന അവിടുത്തെ കരുണ
e) ഞങ്ങളുടെ അപ്പം-ഒരാളും വിശക്കാതിരിക്കാനുള്ള ഞങ്ങളുടെ ശ്രദ്ധ
f) ശരീരത്തിന് അപ്പം പോലെ എൻ്റെ ആന്തരിക അന്വേഷണങ്ങളെ ശമിപ്പിക്കാനുതകുന്ന പ്രകാശത്തിന്റെ അപ്പത്തുണ്ടുകൾ അനുദിനം നൽകി ഞങ്ങളുടെ നിലനില്പിനെ അർത്ഥപൂർണ്ണവും അഗാധവുമാക്കണമേ.
 
ആമേൻ.
 
– ബോബി ജോസ് കട്ടികാട്
Advertisements

Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap.
Source: – Official Facebook Page: https://www.facebook.com/pularvettam.book/

One thought on “പുലർവെട്ടം 501

Leave a comment