⚜️⚜️⚜️⚜️ June 27 ⚜️⚜️⚜️⚜️
വേദപാരംഗതനായ
അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
കിഴക്കന്‍ സഭയിലെ ഒരു പ്രധാനപ്പെട്ട സഭയായിരുന്ന അലെക്സാണ്ട്രിയായിലെ പാത്രിയാര്‍ക്കീസായിരുന്നു വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകവ്യക്തിത്വത്തെ നിരാകരിക്കുന്ന നെസ്റ്റോരിയൂസ് മത വിരുദ്ധവാദത്തെ പ്രതിരോധിച്ചിരുന്ന ഒരു മഹാനായ വിശ്വാസ സംരക്ഷകനായിരുന്നു വിശുദ്ധ സിറിള്‍. 431-ലെ എഫേസൂസ് സമിതിയില്‍ പാപ്പായുടെ പ്രതിനിധിയായി അദ്ധ്യക്ഷം വഹിക്കുകയും, വിശുദ്ധന്റെ പ്രേരണയാല്‍ ദൈവപുത്രനായ യേശു ഒരേസമയം ദൈവവും, മനുഷ്യനുമാണെന്നും, യേശുവിന്റെ മാതാവായിരുന്ന കന്യകാ മറിയം ശരിക്കും ദൈവ മാതാവാണെന്നുമുള്ള സിദ്ധാന്തങ്ങളെ വ്യക്തമാക്കപ്പെട്ടു.
444-ലാണ് വിശുദ്ധ സിറിള്‍ മരണപ്പെടുന്നത്. സഭയിലെ ഏറ്റവും വലിയ വേദപാരംഗതന്‍മാരില്‍ ഒരാളായി തിരുസഭ വിശുദ്ധനെ ആദരിക്കുന്നു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തെ ആസ്പദമാക്കിയുള്ള വിശുദ്ധന്റെ വ്യഖ്യാന രചന നമുക്ക് ലഭിച്ചിട്ടുള്ള വളരെ അമൂല്യമായ പ്രമാണങ്ങളില്‍ ഒന്നാണ്.
തിരുസഭയിലെ മഹാന്‍മാരായ ഗ്രീക്ക് പിതാക്കന്‍മാരില്‍ ഒരാളാണ് വിശുദ്ധ സിറിള്‍. ക്രിസ്തുവിന്റെ ഏകത്വത്തെ നിരാകരിച്ച നെസ്റ്റോരിയൂസിനെതിരെ പോരാടുവാനായി ദൈവം അയച്ച ഒരു പരിചയും, വീരനുമായിരുന്നു വിശുദ്ധന്‍. ഈ മതവിരുദ്ധവാദം വിജയിക്കുകയായിരുന്നുവെങ്കില്‍ പരിശുദ്ധ കന്യകാമാതാവിനെ ദൈവമാതാവ് എന്ന് വിളിക്കുവാന്‍ സാധിക്കുമായിരുന്നില്ല.
വിശുദ്ധ അത്തനാസിയൂസിനും, വിശുദ്ധ ഓഗസ്റ്റിനേയും ഒഴിച്ച് നിര്‍ത്തിയാല്‍ വിശുദ്ധ സിറിളിന് തുല്ല്യനായ മറ്റൊരു യാഥാസ്ഥിതിക വാദിയെ തിരുസഭാ ചരിത്രത്തില്‍ കാണുവാന്‍ കഴിയുകയില്ല. 431-ലെ എഫേസൂസിലെ സഭാ സമ്മേളനത്തിന്റെ കാര്യക്ഷമമായ മേല്‍നോട്ടമായിരുന്നു വിശുദ്ധന്റെ ഏറ്റവും വലിയ നേട്ടം.
ആ സമ്മേളനത്തിന്റെ ആത്മാവ് വിശുദ്ധനായിരുന്നു. സെലസ്റ്റിന്‍ പാപ്പാ വിശുദ്ധനെയായിരുന്നു ആ സമ്മേളനത്തിലെ തന്റെ പ്രതിനിധിയായി നിയോഗിച്ചിരുന്നത്. ഈ സമ്മേളനത്തില്‍ രണ്ട് പ്രധാനപ്പെട്ട സിദ്ധാന്തങ്ങള്‍ വിശദീകരിക്കപ്പെട്ടു. യേശുവില്‍ ഒരു വ്യക്തിത്വമാണ് ഉള്ളതെന്ന സിദ്ധാന്തവും, മറിയം ‘ദൈവമാതാവ്’ (Theotokos) എന്ന് വിളിക്കപ്പെടുവാന്‍ അര്‍ഹയാണെന്ന സിദ്ധാന്തവുമായിരുന്നു അവ. രണ്ടാമത്തെ പ്രമാണത്തെ വിജയകരമായി അംഗീകരിപ്പിച്ചു എന്നതാണ് വിശുദ്ധനെ ആദരണീയനാക്കുന്ന വിശേഷണങ്ങളില്‍ ഒന്ന്.
വിശുദ്ധന്റെ രചനകളിലെ അഗാധതയും, വ്യക്തതയും കാരണം ഗ്രീക്ക് കാര്‍ വിശുദ്ധനെ ‘പിതാക്കന്‍മാരുടെ മുദ്ര’ എന്നാണു വിളിച്ചിരുന്നത്. 32 വര്‍ഷത്തോളം റോമിലെ മെത്രാനായിരുന്നതിന് ശേഷം 444-ലാണ് വിശുദ്ധന്‍ മരണപ്പെടുന്നത്, എഫേസൂസ് സമിതിയില്‍ വെച്ച് പരിശുദ്ധ മാതാവിന് നല്‍കിയ ആദരവിന്റെ ഏറ്റവും ആദരണീയമായ സ്മാരകമായി സെന്റ് മേരി മേജര്‍ ബസിലിക്കാ നിലകൊള്ളുന്നു. ആ പുണ്യഭൂമിയിലേക്കുള്ള പ്രവേശന കവാടത്തില്‍ യേശുവിന്റേയും, മറിയത്തിന്റേയും ജീവിതത്തിലെ പ്രാധാന സംഭവങ്ങളെ മോസൈക്കില്‍ ചിത്രീകരിച്ചിട്ടുണ്ട്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. സെസരേയായിലെ അനെക്തൂസ്
2. അരിയാല്‍ദൂസ്
3. പൗലോസ്ശ്ലീഹായുടെ ശിഷ്യനായിരുന്ന ക്രെഷന്‍സ്
4. നോള ബിഷപ്പായിരുന്ന ദെയോദാത്തൂസ്
5. കയാസ്സോയിലെ അഞ്ചാമത്തെ ബിഷപ്പായിരുന്ന ആരഗണിലെ ഫെര്‍ഡിനന്‍റ്
6. ചിനോണിലെ ജോണ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോയുടെ തിരുഹൃദയത്തിന്റെ വണക്കമാസം: ജൂണ്‍ 2⃣7⃣
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഈശോമിശിഹായുടെ ദിവ്യഹൃദയം നമ്മുടെ ജീവിതകാലത്തില്‍ ആശ്വാസമായിരിക്കുന്നു
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു വിശ്വസ്തനായ സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമെന്നും ഇങ്ങനെ ഒരുത്തനെ കണ്ടെത്തുന്നവന്‍ ഭാഗ്യവാനെന്നും റൂഹാദക്കുദശായായ സര്‍വ്വേശ്വരന്‍ തന്നെ അരുളിച്ചെയ്യുന്നു. ഒരുത്തമ സ്നേഹിതന്‍ തന്‍റെ സഖിയുടെ സകല ഭാഗ്യങ്ങളിലും സന്തോഷിക്കുകയും അവന് നേരിടുന്ന സകല സങ്കടങ്ങളിലും പീഡകളിലും അവനെപ്പോലെതന്നെ ഖേദിക്കുകയും അവനെ സകല ഞെരുക്കങ്ങളിലും ആശ്വസിപ്പിക്കുകയും ചെയ്യുന്നു എന്നു തന്നെയല്ല; തന്‍റെ സ്നേഹിതന് ഏതെല്ലാം വിധത്തിലുള്ള ഭാഗ്യവും നന്മയും ബഹുമതിയും സിദ്ധിപ്പാന്‍ പാടുണ്ടോ ആയത് തനിക്കുതന്നെ ലഭിക്കുന്നതുപോലെ വിചാരിക്കയും അവ അവനു സിദ്ധിക്കുന്നതിനായി പ്രയത്നിക്കയും ചെയ്യുന്നു. ഇപ്രകാരമുള്ള ഒരു സ്നേഹിതനെ കണ്ടെത്തുവാന്‍ പ്രയാസമാണെന്നാണ് വേദാഗമം സാക്ഷിക്കുന്നത്.
നീ ഒരു സ്നേഹിതനെ കണ്ടെത്തിയിരിക്കുന്നു എന്നു വിചാരിക്കുക. ഇയാളുമായുള്ള സ്നേഹബന്ധം പൊട്ടിപ്പോകുന്നതിനു എത്രനേരം വേണ്ടിയിരിക്കുന്നു? ഏറെനാള്‍ ഒരാത്മാവു പോലെ ജീവിച്ചിരുന്നതിന്‍റെ ശേഷം രസിക്കാത്ത ഒരു വചനം. നിസ്സാരമായ സംശയം അല്ലെങ്കില്‍ ഒരു ഉപചാരവചനം പറയുവാന്‍ വിട്ടുപോയ കാരണത്താല്‍ അവര്‍ ഇരുവരും ഒരിക്കലും തമ്മില്‍ യോജിക്കാതെയും മഹാശത്രുക്കളെപ്പോലെയും ആയിത്തീര്‍ന്നതായ സംഭവങ്ങള്‍ ദുര്‍ലഭമെന്നു നീ വിചാരിക്കുന്നുവോ? സ്നേഹബന്ധം തീര്‍ന്നുപോയാല്‍ പിന്നീട് എന്തെല്ലാം പ്രതിവിധി ചെയ്താലും അത് പൂര്‍വ്വസ്ഥിതി പ്രാപിക്കുക അസാദ്ധ്യമായ ഒരു സംഗതിയാണ്. എന്നാല്‍ എല്ലാ പ്രകാരത്തിലും ഒരു ഉത്തമനായ ഒരു സ്നേഹിതനെ കണ്ടെത്തിയെന്ന് നീ വിശ്വസിച്ചാലും. ഈ നിന്‍റെ ഉത്തമസ്നേഹിതന്‍ എപ്പോഴും നിന്‍റെകൂടെ ഉണ്ടായിരിക്കുമോ? എല്ലാവിധത്തിലും നിന്നെ സഹായിപ്പാന്‍ ശക്തനാകുമോ? എല്ലാ നാഴികകളിലും വിനാഴികകളിലും നിന്‍റെ ദുഃഖങ്ങളെയും അരിഷ്ടതകളെയും കണ്ടു ഗ്രഹിച്ചു അവയ്ക്കു തക്ക ആശ്വാസം വരുത്തുവാനും ഗുണദോഷങ്ങള്‍ പറഞ്ഞു തരുവാനും സാദ്ധ്യമാകുമോ? നീ എന്തു പറയുന്നു?
എത്ര ഉത്തമനായ സ്നേഹിതനെ നീ കണ്ടുപിടിച്ചാലും ഇഹലോക സ്നേഹബന്ധം ഒരാളുടെ മരണത്തോടെ അവസാനിക്കുന്നു. പിന്നീടു നീ ഇപ്രകാരം എത്ര സ്നേഹിതരെ നേടിയാലും ഇതുപോലെതന്നെ അവസാനിക്കുകയും ചെയ്യും. എന്നുതന്നെയുമല്ല; ഇഹലോക സ്നേഹം കാലംകൊണ്ടു തീര്‍ന്നുപോകുന്നു. മനുഷ്യനില്‍ ശരണപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാകുന്നു ഇന്നു വേദാഗമ വാക്യവും നീ ഓര്‍ത്തു കൊള്ളുക. എന്നാല്‍ മിശിഹായുടെ ദിവ്യഹൃദയത്തെ സ്നേഹിച്ച് നിന്‍റെ ഉത്തമ സുഹൃത്തായി തെരഞ്ഞെടുത്താല്‍ ഒരിക്കലും നിനക്കിപ്രകാരം സംഭവിക്കുന്നതല്ല. ഈശോയെ ഏതെല്ലാം പ്രകാരത്തില്‍ ഉപദ്രവിച്ചാലും നീ മനസ്താപപ്പെടുന്നുവെങ്കില്‍ മിശിഹായുടെ ദിവ്യഹൃദയം നിന്‍റെ പാപങ്ങളെ ഒരിക്കലും ഓര്‍മ്മിക്കുന്നതല്ല. അവിടുന്ന്‍ സര്‍വ്വശക്തനും സകല നന്മസ്വരൂപിയുമായിരിക്കുന്നതിനാല്‍ നിന്നെ എല്ലാ പ്രകാരത്തിലും സഹായിപ്പാനും നിനക്കു സകല നന്മകളും ചെയ്യാനും സന്നദ്ധനായിരിക്കുന്നു. മനുഷ്യപുത്രരോടുകൂടെ ഇടവിടാതെ ലോകാവസാനം വരെ ഉണ്ടായിരിക്കുമെന്ന് അരുളിച്ചെയ്തിരിക്കയില്‍ ഈശോ എല്ലാ നാഴികകളിലും വിനാഴികകളിലും നിന്നെ സഹായിക്കുകയും നിന്നെ ഒരു ഉത്തമ സ്നേഹിതനെപ്പോലെ സ്നേഹിക്കുകയും ചെയ്യുന്നു. എപ്പോള്‍ നീ ദിവ്യസ്നേഹിതനെ ഉപേക്ഷിക്കുമോ ആ വിനാഴികയില്‍ മാത്രമേ അവിടുന്നു നിന്‍റെ സ്നേഹബന്ധത്തില്‍ നിന്നു പിരിയുകയുള്ളൂ. നിന്നില്‍ നിന്നു പിരിഞ്ഞാലും നിനക്കു നന്മ ചെയ്യുന്നതിനും നിന്‍റെ സ്നേഹബന്ധത്തിലേക്ക് വരുന്നതിനും ഇടവിടാതെ ആഗ്രഹിക്കുക. നിന്‍റെ ഹൃദയത്തിന്‍റെ വാതുക്കല്‍ മുട്ടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു.
അതിനാല്‍ എന്‍റെ ആത്മാവേ! നിന്നെ ഇടവിടാതെ സഹായിപ്പാനും നിന്‍റെ സകല പ്രയാസങ്ങളിലും പീഡകളിലും നീ ആശ്വാസം കണ്ടെത്തുവാനും നിന്‍റെ ജീവിതത്തില്‍ നേരിടുവാന്‍ പാടുള്ള സകല അപകടങ്ങളില്‍ നിനും ജയം പ്രാപിപ്പാനും വേണ്ടി നിന്‍റെ ഉത്തമ സ്നേഹിതനും ആശ്രയവും ശരണവും സമസ്തവുമായ ഈശോയുടെ ആരാധനയ്ക്കു പാത്രമായ ദിവ്യഹൃദയത്തെ നീ സ്വീകരിക്കുക. അപ്പോള്‍ ഈ ദിവ്യഹൃദയം ഈ ജീവിതകാലത്തില്‍ നിനക്ക് ആശ്വാസം നല്‍കും.
ജപം
❤️❤️
കൃപനിറഞ്ഞ ഈശോയെ! സകല സ്നേഹിതന്മാരിലും വച്ച് ഉത്തമ സ്നേഹിതാ! സര്‍വ്വനന്മകളുടെയും സമാധാനത്തിന്‍റെയും ഇരിപ്പിടമേ! കണ്ണുനീരുകളുടെ സ്ഥലമായിരിക്കുന്ന ഈ ലോകത്തില്‍ മനുഷ്യര്‍ക്കുള്ള ഏക സങ്കേതമേ! പരീക്ഷകളിലും ഞെരുക്കങ്ങളിലും ഉള്‍പ്പെട്ടിരിക്കുന്നവരുടെ ആശ്വാസമേ! സകല ജനങ്ങളുടെയും പിതാവേ! അങ്ങയെ ഞാന്‍ ആരാധിക്കുന്നു. പൂര്‍ണ്ണഹൃദയത്തോടു കൂടെ സ്നേഹിക്കുന്നു. ഹാ! എന്‍റെ കര്‍ത്താവേ!ഇന്നാള്‍വരെയും എന്‍റെ ആശ്വാസവും സ്നേഹവും ലോകസ്നേഹിതന്‍മാരിലും സൃഷ്ടികളിലും ഞാന്‍ വച്ചുപോയി എന്നതു വാസ്തവം തന്നെ. കൃപനിറഞ്ഞ ഈശോയുടെ ദിവ്യഹൃദയമേ! ഇനിമേലില്‍ എന്‍റെ സ്നേഹം മുഴുവനും എന്‍റെ ആശ്വാസവും ശരണവും അങ്ങേ പരിശുദ്ധ ഹൃദയത്തിലായിരിക്കുവാന്‍ അങ്ങുതന്നെ എനിക്ക് കൃപ ചെയ്തരുളണമേ.
പ്രാര്‍ത്ഥന
❤️❤️❤️❤️
കര്‍ത്താവേ, അങ്ങേ മണവാട്ടിയായ തിരുസ്സഭയ്ക്കു പൂര്‍ണ്ണസ്വാതന്ത്ര്യം കൊടുത്തരുളേണമേ. ഞങ്ങളുടെ പിതാവായ പരിശുദ്ധ പാപ്പായെ സംരക്ഷിക്കണമേ. എല്ലാവരും അങ്ങേ ഏക സത്യസഭയെ അറിഞ്ഞ് ഏക ഇടയന്‍റെ കീഴാകുന്നതിന് വേഗത്തില്‍ ഇടവരുത്തണമേ! നിര്‍ഭാഗ്യ പാപികളുടെമേല്‍ കൃപയായിരിക്കേണമേ. അനുഗ്രഹത്തിന്‍റെ അമ്മയായ മറിയമേ, ദിവ്യഹൃദയത്തിന്‍ നാഥേ! ഞാന്‍ അപേക്ഷിക്കുന്നതും ആഗ്രഹിക്കുന്നതുമായ സകല വരങ്ങളും അങ്ങേ ശക്തമായ മദ്ധ്യസ്ഥതയില്‍ ശരണപ്പെട്ട് അങ്ങു വഴിയായി ലഭിക്കുമെന്ന് പൂര്‍ണ്ണമായി ഉറച്ചിരിക്കുന്നു. ആമ്മേന്‍.
3 സ്വര്‍ഗ്ഗ. 3 നന്മ. 3 ത്രി.
സാധുശീലനും ഹൃദയ എളിമയുള്ളവനുമായ ഈശോയെ! ഞങ്ങളുടെ ഹൃദയവും അങ്ങേ ഹൃദയം പോലെ ആക്കണമേ.
ഈശോമിശിഹായുടെ തിരുഹൃദയ ലുത്തിനിയ
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
കര്‍ത്താവേ! അനുഗ്രഹിക്കണമേ .
മിശിഹായേ! അനുഗ്രഹിക്കണമേ.
കര്‍ത്താവേ! അനുഗ്രഹിക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
മിശിഹായേ! ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
ആകാശങ്ങളിലിരിക്കുന്ന ബാവാതമ്പുരാനേ,
ഭൂലോകരക്ഷിതാവായ പുത്രന്‍ തമ്പുരാനേ,
റൂഹാദക്കുദശാ തമ്പുരാനേ,
ഏകസ്വരൂപമായിരിക്കുന്ന ശുദ്ധ ത്രിത്വമേ,
നിത്യപിതാവിന്‍ കുമാരനായ ഈശോയുടെ തിരുഹൃദയമേ,
(ഞങ്ങളെ അനുഗ്രഹിക്കണമേ)
കന്യാസ്ത്രീ മാതാവിന്‍റെ തിരുവുദരത്തില്‍ പരിശുദ്ധാരൂപിയാല്‍ ഉരുവാക്കപ്പെട്ട ഈശോയുടെ തിരുഹൃദയമേ,
ദൈവവചനത്തോടു കാതലായ വിധത്തില്‍ ഒന്നിച്ചിരിക്കുന്ന ഈശോയുടെ തിരുഹൃദയമേ,
അനന്തമഹിമയുള്ള ഈശോയുടെ തിരുഹൃദയമേ,
ദൈവത്തിന്‍റെ പരിശുദ്ധ ആലയമായ ഈശോയുടെ തിരുഹൃദയമേ,
അത്യുന്നതന്‍റെ കൂടാരമായ ഈശോയുടെ തിരുഹൃദയമേ ,
ദൈവഭവനവും മോക്ഷവാതിലുമായ ഈശോയുടെ തിരുഹൃദയമേ,
ജ്വലിച്ചെരിയുന്ന സ്നേഹാഗ്നിച്ചൂളയായ ഈശോയുടെ തിരുഹൃദയമേ,
നീതിയുടെയും സ്നേഹത്തിന്‍റെയും നിധിയായ ഈശോയുടെ തിരുഹൃദയമേ,
നന്മയും, സ്നേഹവും നിറഞ്ഞ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യങ്ങളുടെയും ആഴമായ ഈശോയുടെ തിരുഹൃദയമേ,
സകല പുകഴ്ചയ്ക്കും എത്രയും യോഗ്യമായ ഈശോയുടെ തിരുഹൃദയമേ,
സകല പുണ്യവാന്‍മാരുടെയും ആനന്ദമായ ഈശോയുടെ തിരുഹൃദയമേ,
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പാപങ്ങള്‍ പൊറുക്കണമേ.
—ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ.
— ഭൂലോക പാപങ്ങളെ നീക്കിക്കളയുന്ന ദിവ്യചെമ്മരിയാട്ടിന്‍ കുട്ടി,
കര്‍ത്താവേ! ഞങ്ങളെ അനുഗ്രഹിക്കണമേ.
പ്രാര്‍ത്ഥിക്കാം
❤️❤️❤️❤️❤️❤️
സര്‍വശക്തനുമായ നിത്യനുമായ സര്‍വ്വേശ്വരാ! അങ്ങേ എത്രയും പ്രിയമുള്ള പുത്രന്‍റെ തിരുഹൃദയത്തേയും പാപികളുടെ പേര്‍ക്കായി അദ്ദേഹം അങ്ങേയ്ക്കു കാഴ്ച വെച്ച സ്തുതികളെയും പാപപരിഹാരങ്ങളെയും ഓര്‍ത്തു അങ്ങേ കൃപയെ യാചിക്കുന്നവര്‍ക്കു ദൈവമായ റൂഹാദക്കൂദശായുടെ ഐക്യത്തില്‍ നിത്യമായി നിന്നോടുകൂടെ ജീവിച്ചു വാഴുന്ന അങ്ങേ പുത്രനായ ഈശോമിശിഹായുടെ നാമത്തില്‍ കൃപയുള്ളവനായി പൊറുതി നല്‍കിയരുളണമേ. ആമ്മേന്‍.
സുകൃതജപം
❤️❤️❤️❤️❤️
എന്‍റെമേലുള്ള സ്നേഹത്താല്‍ എരിയുന്ന ഈശോയുടെ തിരുഹൃദയമേ! അങ്ങേ മേലുള്ള സ്നേഹത്താല്‍ എരിയുന്നതിന് എനിക്ക് കൃപ ചെയ്തരുളണമേ.
സല്‍ക്രിയ
❤️❤️❤️❤️
ഈശോമിശിഹായുടെ ദിവ്യഹൃദയത്തെ സന്ദര്‍ശിച്ചു സംഭാഷണം നടത്തുക.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
യഷുറൂണ്‍, നിന്റെ ദൈവത്തെപ്പോലെ ആരുമില്ല;
നിന്നെ സഹായിക്കാന്‍ അവിടുന്നു വിഹായസ്‌സിലൂടെ മഹത്വപൂര്‍ണനായി
മേഘത്തിന്‍മേല്‍ സഞ്ചരിക്കുന്നു.
നിയമാവര്‍ത്തനം 33 : 26
സമാധാനത്തിന്റെ ബന്‌ധത്തില്‍ ആത്‌മാവിന്റെ ഐക്യം നിലനിര്‍ത്താന്‍ ജാഗരൂകരായിരിക്കുവിന്‍.
എഫേസോസ് 4 : 3
ദൈവമേ, എന്നെ കാത്തുകൊള്ളണമേ!
ഞാന്‍ അങ്ങയില്‍ ശരണംവച്ചിരിക്കുന്നു.
അവിടുന്നാണ് എന്റെ കര്‍ത്താവ്;
അങ്ങില്‍നിന്നല്ലാതെ എനിക്കു നന്‍മയില്ല എന്നു ഞാന്‍ കര്‍ത്താവിനോടു പറയും.
സങ്കീര്‍ത്തനങ്ങള്‍ 16 : 1-2


Leave a comment