🔵🔵🔵🔵🔵🔵🔵🔵🔵🔵🔵_____________
🌺🕯🕯 ….✝🍛🍸🙏🏼….🕯🕯🌺
ദിവ്യബലി വായനകൾ – ലത്തീൻക്രമം
_____________
🔵 വ്യാഴം, 1/7/2021
Thursday of week 13 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
ദൈവമേ, ദത്തെടുപ്പിന്റെ കൃപയാല്‍
ഞങ്ങളെ പ്രകാശത്തിന്റെ മക്കളാക്കാന്‍ അങ്ങ് തിരുവുള്ളമായല്ലോ.
പാപാന്ധകാരത്തിന്റെ അധീനതയില്‍പ്പെടാതെ
സുവ്യക്തസത്യത്തിന്റെ പ്രഭയില്‍
എന്നും ഞങ്ങള്‍ പ്രശോഭിച്ചു നില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഉത്പ 22:1-19
നമ്മുടെ ഗോത്രപിതാവായ അബ്രാഹത്തിന്റെ ബലി.
അക്കാലത്ത്, ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. നീ സ്‌നേഹിക്കുന്ന നിന്റെ ഏക മകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാ ദേശത്തേക്കു പോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം. അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന്‍ ഇസഹാക്കിനെയും കൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞ സ്ഥലത്തേക്കു പുറപ്പെട്ടു. മൂന്നാം ദിവസം അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ അകലെ ആ സ്ഥലം കണ്ടു. അവന്‍ വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങള്‍ ഇവിടെ നില്‍ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചുവരാം. അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന്‍തന്നെ എടുത്തു. അവര്‍ ഒരുമിച്ചു മുമ്പോട്ടു നടന്നു. ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവന്‍ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ? അവന്‍ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവംതന്നെ തരും. അവരൊന്നിച്ചു മുമ്പോട്ടു പോയി.
ദൈവം പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി. മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു. തത്ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്ന് അബ്രാഹം, അബ്രാഹം എന്നുവിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു. കുട്ടിയുടെമേല്‍ കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല. അബ്രാഹം തലപൊക്കി നോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍ കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവന്‍ അതിനെ മകനുപകരം ദഹനബലിയര്‍പ്പിച്ചു. അബ്രാഹം ആ സ്ഥലത്തിനു യാഹ്‌വെയിരെ എന്നു പേരിട്ടു. കര്‍ത്താവിന്റെ മലയില്‍ അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നുവെന്ന് ഇന്നുവരെയും പറയപ്പെടുന്നു.
കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചുപറഞ്ഞു: കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍ മടിക്കായ്കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു: ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആകാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരി പോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗരകവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും. നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. അബ്രാഹം എഴുന്നേറ്റ് തന്റെ വേലക്കാരുടെ അടുത്തേക്കു ചെന്നു. അവരൊന്നിച്ച് ബേര്‍ഷെബയിലേക്കു തിരിച്ചുപോയി. അബ്രാഹം ബേര്‍ഷെബയില്‍ പാര്‍ത്തു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
ആദ്യ സങ്കീര്‍ത്തനം USA ഒഴികെയുള്ള രാജ്യങ്ങളില്‍ ഉപയോഗിക്കുന്നു. രണ്ടാം സങ്കീര്‍ത്തനം USAയില്‍ മാത്രം ഉപയോഗിക്കുന്നു.
സങ്കീ 116:1-2,3-4,5-6,8-9
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.
ഞാന്‍ കര്‍ത്താവിനെ സ്‌നേഹിക്കുന്നു,
എന്റെ പ്രാര്‍ഥനയുടെ സ്വരം അവിടുന്നു ശ്രവിച്ചു.
അവിടുന്ന് എനിക്കു ചെവിചായിച്ചുതന്നു,
ഞാന്‍ ജീവിതകാലം മുഴുവന്‍ അവിടുത്തെ വിളിച്ചപേക്ഷിക്കും.
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.
മരണക്കെണി എന്നെ വലയംചെയ്തു;
പാതാളപാശങ്ങള്‍ എന്നെ ചുറ്റി;
ദുരിതവും തീവ്രവേദനയും എന്നെ ഗ്രസിക്കുന്നു.
ഞാന്‍ കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിച്ചു;
കര്‍ത്താവേ, ഞാന്‍ യാചിക്കുന്നു;
എന്റെ ജീവന്‍ രക്ഷിക്കണമേ!
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.
കര്‍ത്താവു കരുണാമയനും നീതിമാനും ആണ്;
നമ്മുടെ ദൈവം കൃപാലുവാണ്.
എളിയവരെ കര്‍ത്താവു പരിപാലിക്കുന്നു;
ഞാന്‍ നിലംപറ്റിയപ്പോള്‍ അവിടുന്ന് എന്നെ രക്ഷിച്ചു.
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.
അവിടുന്ന് എന്റെ പ്രാണനെ മരണത്തില്‍ നിന്നും
ദൃഷ്ടികളെ കണ്ണീരില്‍ നിന്നും
കാലുകളെ ഇടര്‍ച്ചയില്‍ നിന്നും മോചിപ്പിച്ചിരിക്കുന്നു.
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍
കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.
ഞാന്‍ ജീവിക്കുന്നവരുടെ നാട്ടില്‍ കര്‍ത്താവിന്റെ മുന്‍പില്‍ വ്യാപരിക്കും.
സുവിശേഷ പ്രഘോഷണവാക്യം
……….
……….
……….
സുവിശേഷം
മത്താ 9:1-8
മനുഷ്യര്‍ക്ക് ഇത്തരത്തിലുള്ള അധികാരം കൊടുത്ത ദൈവത്തെ സ്തുതിച്ചു.
അക്കാലത്ത്, യേശു തോണിയില്‍ കയറി കടല്‍ കടന്ന് സ്വന്തം പട്ടണത്തിലെത്തി. അവര്‍ ഒരു തളര്‍വാതരോഗിയെ ശയ്യയോടെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു. അവരുടെ വിശ്വാസംകണ്ട് അവന്‍ തളര്‍വാതരോഗിയോട് അരുളിച്ചെയ്തു: മകനേ, ധൈര്യമായിരിക്കുക; നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു. അപ്പോള്‍ നിയമജ്ഞരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: ഇവന്‍ ദൈവദൂഷണം പറയുന്നു. അവരുടെ വിചാരങ്ങള്‍ ഗ്രഹിച്ച യേശു ചോദിച്ചു: നിങ്ങള്‍ ഹൃദയത്തില്‍ തിന്മ വിചാരിക്കുന്നതെന്ത്? ഏതാണ് എളുപ്പം, നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ? ഭൂമിയില്‍ പാപങ്ങള്‍ ക്ഷമിക്കാന്‍ മനുഷ്യപുത്രന് അധികാരമുണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിനാണിത്. അനന്തരം, അവന്‍ തളര്‍വാതരോഗിയോടു പറഞ്ഞു: എഴുന്നേറ്റ് നിന്റെ ശയ്യയുമെടുത്ത് വീട്ടിലേക്കു പോവുക. അവന്‍ എഴുന്നേറ്റ് വീട്ടിലേക്കു പോയി. ഇതുകണ്ട് ജനക്കൂട്ടം ഭയചകിതരായി. മനുഷ്യര്‍ക്ക് ഇത്തരം അധികാരം നല്‍കിയ ദൈവത്തെ മഹത്വപ്പെടുത്തി.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, അങ്ങേ രഹസ്യങ്ങളുടെ ഫലം
കനിവാര്‍ന്ന് അങ്ങ് ഉളവാക്കുന്നുവല്ലോ.
അങ്ങനെ, ഞങ്ങളുടെ ശുശ്രൂഷകള്‍,
വിശുദ്ധമായ ഈ കാഴ്ചദ്രവ്യങ്ങള്‍ക്കു
യോജിച്ചതാക്കി തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 103:1
എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക;
എന്റെ അന്തരംഗമേ, അവിടത്തെ വിശുദ്ധനാമം പുകഴ്ത്തുക.
Or:
യോഹ 17:20-21
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
അവരും നമ്മില്‍ ഒന്നായിരിക്കുന്നതിനും അങ്ങനെ,
അവിടന്ന് എന്നെ അയച്ചുവെന്ന് ലോകം വിശ്വസിക്കുന്നതിനും വേണ്ടി
പിതാവേ, ഞാന്‍ അങ്ങയോട് പ്രാര്‍ഥിക്കുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങളര്‍പ്പിക്കുകയും
ഉള്‍ക്കൊളളുകയും ചെയ്ത ഈ ദിവ്യബലി,
ഞങ്ങള്‍ക്ക് ജീവന്‍ നല്കുന്നതാകട്ടെ.
അങ്ങനെ, അങ്ങയോടുള്ള നിരന്തര സ്‌നേഹത്താല്‍ ഒന്നായിത്തീര്‍ന്ന്
എന്നും നിലനില്ക്കുന്ന ഫലം ഞങ്ങള്‍ പുറപ്പെടുവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🔵


Leave a comment