പുലർവെട്ടം 516

{പുലർവെട്ടം 516}

 
പ്രളയമായിരുന്നു മനുഷ്യൻ്റെ പ്രാചീന ഭയങ്ങളിലൊന്ന്. അതുകൊണ്ടാണ് ഓരോ പുരാതന സംസ്കാരത്തിലും വിശദാംശങ്ങളിൽ ചെറിയ ഏറ്റക്കുറച്ചിലുകളോടെ ഇത്രയും പ്രളയവർത്തമാനങ്ങൾ അവശേഷിക്കുന്നത്. ഹെബ്രായലോകത്ത് അത് നോഹയുടെ കാലത്തെ ദുര്യോഗമായിട്ടാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. ഇത്തിരിപ്പോന്ന കരയെ പലമടങ്ങുകളായി അതിനെ വലം ചുറ്റിയിരുന്ന കടൽ ആർത്തലച്ചു വന്ന് കീഴ്പ്പെടുത്തി. തീപ്പെട്ടിക്കൂടിനേക്കാൾ ചെറിയ ഒരു നൗകയിൽ ഒരേയൊരു കുടുംബവും അവരോടൊപ്പം നിലനിൽക്കണമെന്ന് ദൈവം ആഗ്രഹിച്ച എല്ലാ ജീവജാലങ്ങളുടെയും ഒരു ജോഡി ഇണകളുമുണ്ട്.
 
നോഹ ഒരു പ്രാവിനെ ജാലകത്തിലൂടെ മഴ ഇനിയും തോർന്നിട്ടില്ലാത്ത ആകാശത്തിലേക്ക് പറത്തി വിടുകയാണ്. അന്തിയിൽ ആ പ്രാവ് തിരിച്ചു വന്നു. അതിൻ്റെ കൊക്കിൽ ഒരു ഒലിവിലയുണ്ടായിരുന്നു.
 
നാളെ നല്ലതായിരിക്കുമെന്ന്, എവിടെയോ ചില തളിർപ്പുകൾ ഇനിയും അവശേഷിക്കുന്നുണ്ടെന്ന് കാതോട്കാത് മന്ത്രിക്കുന്നവരൊക്കെ ജലമാകുന്ന ഒരു കാലത്തിന് മീതേ ഒലിവിലകളുമായി നമ്മളെ സന്ദർശിക്കാനെത്തുന്നവരാണ്.
 
തോളോളം വെള്ളത്തിൽ മുങ്ങിനിൽക്കുന്നത് മാത്രമല്ല പ്രളയം. ചെറുതും വലുതുമായ എല്ലാ നിസ്സഹായതയിലും കലിപൂണ്ട ജലരാശിയുടെ ഇരമ്പലുണ്ട്.
 
– ബോബി ജോസ് കട്ടികാട്
Advertisements

പുലർവെട്ടം / Pularvettom, Morning Reflection / Meditational Morning Message Series by Fr Bobby Jose Kattikadu OFM Cap. Source: – Official Facebook Page: https://www.facebook.com/pularvettam.book/

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

One response to “പുലർവെട്ടം 516”

Leave a comment