🌹 🌹 🌹 🌹 🌹 🌹 🌹
24 Dec 2021
Christmas Day – Vigil Mass
Liturgical Colour: White.
Readings for the Vigil Mass, celebrated during the night before Christmas Day:
സമിതിപ്രാര്‍ത്ഥന
ദൈവമേ, പരിപാവനമായ ഈ രാത്രി
സത്യപ്രകാശ പ്രചുരിമയാല്‍ അങ്ങ് പ്രഭാപൂരിതമാക്കിയല്ലോ.
ഭൂമിയില്‍ അവിടത്തെ പ്രകാശത്തിന്റെ
രഹസ്യങ്ങള്‍ അറിഞ്ഞ ഞങ്ങള്‍
സ്വര്‍ഗത്തില്‍ അവിടത്തെ സന്തോഷത്തിലും
നിര്‍വൃതിയടയാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ഏശ 9:1-7
നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു.
അന്ധകാരത്തില്‍ കഴിഞ്ഞ ജനം മഹത്തായ ഒരു പ്രകാശം കണ്ടു;
കൂരിരുട്ടിന്റെ ദേശത്തു വസിച്ചിരുന്നവരുടെമേല്‍ പ്രകാശം ഉദിച്ചു.
അങ്ങ് ജനതയെ വര്‍ധിപ്പിച്ചു; അവര്‍ക്ക് അത്യധികമായ ആനന്ദം നല്‍കി.
വിളവെടുപ്പില്‍ സന്തോഷിക്കുന്നവരെ പോലെയും
കവര്‍ച്ചവസ്തു പങ്കുവയ്ക്കുമ്പോള്‍ ആനന്ദിക്കുന്നവരെ പോലെയും
അവര്‍ അങ്ങേ മുന്‍പില്‍ ആഹ്‌ളാദിക്കുന്നു.
അവന്‍ വഹിച്ചിരുന്ന നുകവും
അവന്റെ ചുമലിലെ ദണ്ഡും മര്‍ദകന്റെ വടിയും
മിദിയാന്റെ നാളിലെന്നപോലെ അങ്ങ് തകര്‍ത്തുകളഞ്ഞിരിക്കുന്നു.
അട്ടഹാസത്തോടെ മുന്നേറുന്ന യോദ്ധാവിന്റെ ചെരിപ്പും
രക്തം പുരണ്ട വസ്ത്രവും വിറകുപോലെ അഗ്‌നിയില്‍ ദഹിക്കും;
എന്തെന്നാല്‍, നമുക്ക് ഒരു ശിശു ജനിച്ചിരിക്കുന്നു.
നമുക്ക് ഒരു പുത്രന്‍ നല്‍കപ്പെട്ടിരിക്കുന്നു.
ആധിപത്യം അവന്റെ ചുമലിലായിരിക്കും;
വിസ്മയനീയനായ ഉപദേഷ്ടാവ്, ശക്തനായ ദൈവം,
നിത്യനായ പിതാവ്, സമാധാനത്തിന്റെ രാജാവ്
എന്ന് അവന്‍ വിളിക്കപ്പെടും.
ദാവീദിന്റെ സിംഹാസനത്തിലും അവന്റെ രാജ്യത്തിലും
അവന്റെ ആധിപത്യം നിസ്സീമമാണ്;
അവന്റെ സമാധാനം അനന്തവും.
നീതിയിലും ധര്‍മത്തിലും എന്നേക്കും അതു സ്ഥാപിച്ചു പരിപാലിക്കാന്‍തന്നെ.
സൈന്യങ്ങളുടെ കര്‍ത്താവിന്റെ തീക്ഷ്ണത ഇതു നിറവേറ്റും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 96:1-2,2-3,11-12,13
ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.
കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍,
ഭൂമി മുഴുവന്‍ കര്‍ത്താവിനെ പാടിസ്തുതിക്കട്ടെ!
കര്‍ത്താവിനെ പാടിപ്പുകഴ്ത്തുവിന്‍.
അവിടുത്തെ നാമത്തെ വാഴ്ത്തുവിന്‍;
ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.
അവിടുത്തെ രക്ഷയെ പ്രതിദിനം പ്രകീര്‍ത്തിക്കുവിന്‍.
ജനതകളുടെയിടയില്‍ അവിടുത്തെ മഹത്വം പ്രഘോഷിക്കുവിന്‍;
ജനപദങ്ങളുടെയിടയില്‍ അവിടുത്തെ
അദ്ഭുത പ്രവൃത്തികള്‍ വര്‍ണിക്കുവിന്‍.
ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.
ആകാശം ആഹ്ളാദിക്കട്ടെ; ഭൂമി ആനന്ദിക്കട്ടെ;
സമുദ്രവും അതിലുള്ളവയും ആര്‍പ്പുവിളിക്കട്ടെ!
വയലും അതിലുള്ളവയും ആഹ്ളാദിക്കട്ടെ!
അപ്പോള്‍ കര്‍ത്താവിന്റെ സന്നിധിയില്‍
വനവൃക്ഷങ്ങള്‍ ആനന്ദഗീതം ഉതിര്‍ക്കും.
ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.
എന്തെന്നാല്‍, അവിടുന്നു വരുന്നു;
അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു:
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ സത്യത്തോടും കൂടെ വിധിക്കും.
ഇന്ന് നമുക്ക് ഒരു രക്ഷകന്‍, കര്‍ത്താവായ യേശുക്രിസ്തു ജനിച്ചിരിക്കുന്നു.
രണ്ടാം വായന
തീത്തോ 2:11-14
എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു.
എല്ലാ മനുഷ്യരുടെയും രക്ഷയ്ക്കായി ദൈവത്തിന്റെ കൃപ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. നിര്‍മതത്വവും ലൗകികമോഹങ്ങളും ഉപേക്ഷിക്കാനും ഈ ലോകത്തില്‍ സമചിത്തതയും നീതിനിഷ്ഠയും ദൈവഭക്തിയുമുള്ള ജീവിതം നയിക്കാനും അതു നമ്മെ പരിശീലിപ്പിക്കുന്നു. അതേസമയം, നമ്മുടെ മഹോന്നതനായ ദൈവത്തിന്റെയും രക്ഷകനായ യേശുക്രിസ്തുവിന്റെയും മഹത്വം പ്രത്യക്ഷമാകുമ്പോള്‍ കൈവരാന്‍പോകുന്ന അനുഗ്രഹപൂര്‍ണമായ പ്രത്യാശയെ നാം കാത്തിരിക്കുകയും ചെയ്യുന്നു. യേശുക്രിസ്തു എല്ലാ തിന്മകളിലുംനിന്നു നമ്മെ മോചിപ്പിക്കുന്നതിനും, സത്പ്രവൃത്തികള്‍ ചെയ്യുന്നതില്‍ തീക്ഷ്ണതയുള്ള ഒരു ജനതയെ തനിക്കുവേണ്ടി ശുദ്ധീകരിക്കുന്നതിനുമായി നമ്മെപ്രതി തന്നെത്തന്നെ ബലിയര്‍പ്പിച്ചു.
കർത്താവിന്റെ വചനം.
സുവിശേഷ പ്രഘോഷണവാക്യം
ലൂക്ക: 2/10.
അല്ലേലൂയ! അല്ലേലൂയ!
ഇതാ, സകലജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിൻ്റെ സദ് വാർത്ത ഞാൻ നിങ്ങളെ അറിയിക്കുന്നു. ദാവീദിൻ്റെ പട്ടണത്തിൽ നിങ്ങൾക്കായി ഒരു രക്ഷകൻ, കർത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 2:1-14
നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു.
അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്റ്റസ് സീസറില്‍ നിന്ന് കല്‍പന പുറപ്പെട്ടു. ക്വിരിനിയോസ് സിറിയായില്‍ ദേശാധിപതി ആയിരിക്കുമ്പോള്‍ ആദ്യത്തെ ഈ പേരെഴുത്തു നടന്നു. പേരെഴുതിക്കാനായി ഓരോരുത്തരും താന്താങ്ങളുടെ നഗരത്തിലേക്കു പോയി. ജോസഫ് ദാവീദിന്റെ കുടുംബത്തിലും വംശത്തിലും പെട്ടവനായിരുന്നതിനാല്‍, പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍ നിന്നു യൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത്ലെഹെമിലേക്ക് ഗര്‍ഭിണിയായ ഭാര്യ മറിയത്തോടുകൂടെ പോയി. അവിടെയായിരിക്കുമ്പോള്‍ അവള്‍ക്കു പ്രസവസമയമടുത്തു. അവള്‍ തന്റെ കടിഞ്ഞൂല്‍ പുത്രനെ പ്രസവിച്ചു. അവനെ പിള്ളക്കച്ച കൊണ്ടു പൊതിഞ്ഞ് പുല്‍ത്തൊട്ടിയില്‍ കിടത്തി. കാരണം, സത്രത്തില്‍ അവര്‍ക്കു സ്ഥലം ലഭിച്ചില്ല.
ആ പ്രദേശത്തെ വയലുകളില്‍, ആടുകളെ രാത്രി കാത്തുകൊണ്ടിരുന്ന ഇടയന്മാര്‍ ഉണ്ടായിരുന്നു. കര്‍ത്താവിന്റെ ദൂതന്‍ അവരുടെ അടുത്തെത്തി. കര്‍ത്താവിന്റെ മഹത്വം അവരുടെമേല്‍ പ്രകാശിച്ചു. അവര്‍ വളരെ ഭയപ്പെട്ടു. ദൂതന്‍ അവരോടു പറഞ്ഞു: ഭയപ്പെടേണ്ടാ. ഇതാ, സകല ജനത്തിനും വേണ്ടിയുള്ള വലിയ സന്തോഷത്തിന്റെ സദ്വാര്‍ത്ത ഞാന്‍ നിങ്ങളെ അറിയിക്കുന്നു. ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു, ഇന്നു ജനിച്ചിരിക്കുന്നു. ഇതായിരിക്കും നിങ്ങള്‍ക്ക് അടയാളം: പിള്ളക്കച്ചകൊണ്ട് പൊതിഞ്ഞ്, പുല്‍ത്തൊട്ടിയില്‍ കിടത്തിയിരിക്കുന്ന ഒരു ശിശുവിനെ നിങ്ങള്‍ കാണും. പെട്ടെന്ന്, സ്വര്‍ഗീയ സൈന്യത്തിന്റെ ഒരു വ്യൂഹം ആ ദൂതനോടുകൂടെ പ്രത്യക്ഷപ്പെട്ട് ദൈവത്തെ സ്തുതിച്ചുകൊണ്ട് പറഞ്ഞു:
അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം!
ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്കു സമാധാനം!
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ ദിനത്തിന്റെ ആഘോഷത്തിന്റെ കാണിക്ക
അങ്ങേയ്ക്ക് പ്രീതികരമായി ഭവിക്കട്ടെ.
അങ്ങനെ, പരിപാവനമായ ഈ കൈമാറ്റത്തിലൂടെ
അങ്ങയോടു കൂടെ ആയിരിക്കുന്ന ഞങ്ങളുടെ സ്വത്വം
അങ്ങേ സാദൃശ്യത്തില്‍ കാണപ്പെടാന്‍ അനുഗ്രഹിക്കണമേ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
യോഹ 1:14
വചനം മാംസമായി; അവന്റെ മഹത്ത്വം ഞങ്ങള്‍ ദര്‍ശിച്ചു.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
ഞങ്ങളുടെ രക്ഷകന്റെ ജനനം ആഘോഷിക്കുന്നതില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
ഉചിതമായ ജീവിതശൈലിവഴി
അവിടന്നുമായി ഐക്യത്തിലെത്തിച്ചേരാന്‍ അര്‍ഹരാകട്ടെ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന അവിടന്ന്
ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 🌹 🌹 🌹 🌹 🌹 🌹


Leave a comment