കുർബാന ഇല്ലാതാകാൻ കാരണം…
(കടപ്പാട് : വാട്ട്സ്അപ്പ്)
എന്തുകൊണ്ടായിരിക്കും ഈ നാളുകളിൽ ക്രൈസ്തവ ദൈവാലയങ്ങളിൽ പരിശുദ്ധകുർബാന അർപ്പിക്കുന്നതിന് മുടക്കു വരാൻ കാരണം? മറ്റെല്ലാ വ്യാപാരങ്ങളും ഒരു മുടക്കവും കൂടാതെ നടക്കുമ്പോൾ, എന്തുകൊണ്ടായിരിക്കും ക്രൈസ്തവദൈവാലയങ്ങൾ എല്ലാ ദിവസവും അടഞ്ഞുകിടക്കുന്നത്? മറ്റെല്ലാ ദിവസവും അവധിയെടുക്കുന്ന കൊറോണ വൈറസ്, ഞായറാഴ്ചകളിൽ പുറത്തുവന്ന് ദൈവാലയപരിസരങ്ങളിൽ വച്ച് നാട്ടുകാരെ ആക്രമിക്കുന്നതുകൊണ്ടാണോ?
കുർബാനകൾ ഇല്ലാതാകുന്നതിൻറെ കാരണം തിരയുന്നതിനു മുൻപേ ഇന്നു രാവിലെ പങ്കെടുത്ത ഒരു ഓൺലൈൻ കുർബാനയെക്കുറിച്ച് സൂചിപ്പിക്കട്ടെ. യൂട്യൂബിൽ കുർബാന നടക്കുമ്പോൾ അതിൻറെ ചാറ്റ് ബോക്സിൽ ലൈവ് ആയി നിയോഗങ്ങൾ വന്നുകൊണ്ടിരിക്കുന്നു. ചില സാമ്പിൾ നിയോഗങ്ങൾ ഇതാ.
-തലമുടി കൊഴിച്ചിൽ മാറാൻ, താരൻ മാറിക്കിട്ടാൻ, മുടി നരയ്ക്കാതിരിക്കാൻ
-ഒരു വ്യക്തി ( പേരും കൊടുത്തിട്ടുണ്ട്) എടുത്തുകൊണ്ടുപോയ സ്വർണ്ണവും പണവും തിരികെക്കിട്ടാൻ
-മകൻ ഡ്രൈവിംഗ് ടെസ്റ്റ് പാസ്സാവാൻ
-ഭർത്താവിനു കൂടുതൽ ശമ്പളം കിട്ടാൻ
-കൂടുതൽ കച്ചവടവും കൂടുതൽ ലാഭവും കിട്ടാൻ
-വീടുപണി തീരാൻ
– കടബാധ്യത മാറാൻ
– 33 ദിവസത്തിനുള്ളിൽ ഒമാനിൽ, അതും സലാലയിൽ തന്നെ ജോലി കിട്ടാൻ
– ഭർത്താവിനു ഫെബ്രുവരിയിൽ ലീവ് കിട്ടി നാട്ടിൽ വരാൻ
-പ്രൊമോഷൻ കിട്ടാൻ
– കല്യാണം നടക്കാൻ
– നീരിറക്കം മാറാൻ
-സൗദിയിൽ നിന്നു തിരിച്ചുവന്ന്, കല്യാണം കഴിച്ച്, യൂറോപ്പിലോ അമേരിക്കയിലോ സെറ്റിൽ ചെയ്യാൻ
-മോനു പഠിക്കാനുള്ള ബുദ്ധി കിട്ടാൻ
-വിദേശത്തുപോകാനുള്ള വിസ കിട്ടാൻ
-ഒരു പൈസയും മുടക്കാതെ വിസയും ഫ്രീ ടിക്കറ്റും കിട്ടാൻ
-ഒമാനിലെ സ്വദേശിവൽക്കരണം നിർത്തലാക്കാൻ
-റെയിൽവേ മേൽപാലം എത്രയും വേഗം വരാനും റെയിൽവേ നല്ല വിലയ്ക്ക് സ്ഥലം എടുക്കാനും ആ പണം കൊണ്ട് പുതിയ വീട് വാങ്ങാനും
-കടയിൽ നല്ല തിരക്കുണ്ടാകാൻ.
ഈ ലിസ്റ്റ് ഇനിയും നീണ്ടുപോകും. കേരളത്തിലെ ക്രിസ്ത്യാനികളിൽ അനേകർ ഇന്നു പരിശുദ്ധ കുർബാനയർപ്പിക്കുന്നത് ഇതുപോലുള്ള കാര്യങ്ങൾക്കു വേണ്ടിയാണ്. കുർബാനയർപ്പിച്ച അച്ചനാണെങ്കിൽ ഈ പറഞ്ഞ പല നിയോഗങ്ങളും പ്രത്യേകം എടുത്തുപറഞ്ഞു സമർപ്പിക്കുന്നുമുണ്ട്! ഇതുപോലുള്ള കാര്യങ്ങൾക്കുവേണ്ടിയാണ് കുർബാന അർപ്പിക്കുന്നതെങ്കിൽ ആ കുർബാന ഇല്ലാതായാൽ എന്തെങ്കിലും കുഴപ്പമുണ്ടോ?
കർത്താവ് കുരിശിൽ ബലിയായിത്തീർന്നതിൻറെ അനുസ്മരണവും പുനരവതരണവും ആണല്ലോ ഓരോ കുർബാനയും. കാൽവരിയിലെ ബലി നമ്മുടെ തലവേദന മാറ്റാനായിരുന്നോ? അതോ വിസ കിട്ടാൻ വേണ്ടിയോ, അതോ നല്ല ജോലിയും ശമ്പളവും പ്രൊമോഷനും കിട്ടാനോ? അതോ റെയിൽവേ മേൽപാലം പണിയാനോ?
ദൈവം നല്കിയിട്ടുള്ളതിൽ വച്ച് ഏറ്റവും മഹത്തരമായ ഒരു കാര്യമാണ് പരിശുദ്ധകുർബാന. അത് ഇതുപോലുള്ള നിസാരകാര്യങ്ങൾ നേടിയെടുക്കാൻ വേണ്ടിയല്ല ദൈവം തന്നത്. യേശുക്രിസ്തുവിൻറെ കാൽവരി ബലിയിൽ പങ്കെടുത്ത് അവിടുത്തെ തിരുശരീരവും തിരുരക്തവും സ്വീകരിക്കാനും പാപമോചനം നേടി നിത്യജീവൻ പ്രാപിക്കാനും വേണ്ടിയാണ്. നിർഭാഗ്യവശാൽ ചാറ്റ് ബോക്സിൽ വന്ന നിയോഗങ്ങളിൽ ആത്മീയം എന്നു പറയാവുന്നവ വിരലിലെണ്ണാവുന്നവ മാത്രം. തൊണ്ണൂറു ശതമാനത്തിനു മുകളിൽ നിയോഗങ്ങളും ഭൗതികനേട്ടങ്ങൾക്കു വേണ്ടിയായിരുന്നു.
ഇതാണു കേരളത്തിലെ ക്രിസ്ത്യാനിയുടെ വിശ്വാസത്തിൻറെ നിലവാരം. ഇതാണു കേരളത്തിലെ ക്രിസ്ത്യാനിക്കു പരിശുദ്ധകുർബാന യെക്കുറിച്ചുള്ള ബോധ്യം. ഇങ്ങനെയൊരു ജനതയ്ക്കുവേണ്ടി ഇനിയും കുർബാനകൾ അർപ്പിക്കപ്പെടേണ്ടതുണ്ടോ? കർത്താവിൻറെ ബലിയെ ഇത്ര നിസാരമായി കാണുന്ന ഒരു ജനത്തിനുവേണ്ടി കർത്താവ് ഇനിയും കരങ്ങൾ വിരിച്ചുപിടിക്കണമോ?
‘നിന്നിൽ സംഭവിച്ച അത്ഭുതങ്ങൾ ടയിറിലും സീദോനിലും സംഭവിച്ചിരുന്നെങ്കിൽ അവ എത്ര പണ്ടേ ചാക്കുടുത്ത് ചാരം പൂശി അനുതപിക്കുമായിരുന്നു’ എന്ന് ഈശോ പറഞ്ഞതു കൊറാസിനെയും ബെത് സെയ്ദായെയും കുറിച്ചായിരുന്നു. അതിൻറെ ആയിരമിരട്ടി അത്ഭുതങ്ങൾ കേരളമണ്ണിൽ നടന്നുകഴിഞ്ഞു. എന്നിട്ടും യഥാർഥ വിശ്വാസമെന്തെന്നു മനസിലാക്കാത്ത കേരളത്തിലെ ക്രിസ്ത്യാനികൾ ചൊറിയും ചിരങ്ങും മാറാനുള്ള കുറുക്കുവഴിയാണു കുർബാന എന്നു കരുതുന്നു.
കുങ്കുമത്തിൻറെ ഗുണമോ വിലയോ അറിയാത്ത കഴുത കുങ്കുമം ചുമന്നുകൊണ്ടുനടക്കുന്നതുപോലെ, ക്രൈസ്തവവിശ്വാസത്തിൻറെ ശ്രേഷ്ഠതയോ മഹത്വമോ അറിയാതെ നാം ക്രിസ്ത്യാനികൾ എന്ന പേരും വഹിച്ചുകൊണ്ട് നടക്കുന്നു. ഇങ്ങനെയൊരു ജനത്തിന് എന്തിനാണ് കുർബാന?
ഇതിനിടയിലും പരിശുദ്ധ കുർബാനയുടെ വില അറിയുന്ന കുറച്ചുപേരുണ്ട്. അത്ഭുതപ്പെടേണ്ട, അവർക്കു കുർബാന കിട്ടുന്നുമുണ്ട്. അടച്ചിട്ട ദൈവാലയത്തിനുള്ളിൽ പരിശുദ്ധ കുർബാന അർപ്പിക്കപ്പെടുമ്പോൾ പള്ളിയ്ക്കു പുറത്തുനിന്ന് ആത്മനാ അതിൽ പങ്കെടുക്കുന്നവർ. അഞ്ചും പത്തും ഇരുപതും അൻപതും കിലോമീറ്ററുകൾ യാത്ര ചെയ്തു കുർബാനയിൽ പങ്കെടുക്കുന്നവർ. അതിരാവിലെയും രാത്രി ഏറെ വൈകിയും ഏതെങ്കിലും ആശ്രമത്തിലോ കോൺവെൻറിലോ രഹസ്യമായി അർപ്പിക്കപ്പെടുന്ന ബലികളിൽ പങ്കെടുക്കുന്നവർ.
അവർക്കുവേണ്ടിയെങ്കിലും വീണ്ടും പരിശുദ്ധ കുർബാനകൾ അർപ്പിക്കപ്പെടട്ടെ എന്നു പ്രാർത്ഥിക്കാം.


Leave a comment