Holy Mass Readings Malayalam, Saint John Bosco / Monday of week 4 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥

31 Jan 2022

Saint John Bosco, Priest 
on Monday of week 4 in Ordinary Time

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

ദൈവമേ, യുവജനങ്ങളുടെ പിതാവും ഗുരുനാഥനുമായി
വൈദികനായ വിശുദ്ധ ജോണ്‍ ബോസ്‌കോയെ അങ്ങ് നിയോഗിച്ചുവല്ലോ.
ഈ വിശുദ്ധന്റെ സ്‌നേഹാഗ്നിയാല്‍ ഉജ്ജ്വലിച്ച്,
ആത്മാക്കളെ തേടാനും അങ്ങയെമാത്രം ശുശ്രൂഷിക്കാനും
ഞങ്ങള്‍ പ്രാപ്തരാകാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 സാമു 15:13-14,30,16:5-13
അബ്‌സലോമിന്റെ മുമ്പില്‍ നിന്ന് നമുക്ക് ഓടി രക്ഷപ്പെടാം. കര്‍ത്താവ് കല്പിച്ചതുകൊണ്ടത്രേ ഷിമെയി ശപിക്കുന്നത്.

അക്കാലത്ത്, ഇസ്രായേല്യര്‍ അബ്‌സലോമിനോടു കൂറു പ്രഖ്യാപിച്ചിരിക്കുന്നു എന്ന് ഒരു ദൂതന്‍ ദാവീദിനെ അറിയിച്ചു. അപ്പോള്‍ ദാവീദ് ജറുസലേമില്‍ തന്നോടു കൂടെയുള്ള അനുചരന്മാരോടു പറഞ്ഞു: നമുക്ക് ഓടി രക്ഷപെടാം. അല്ലെങ്കില്‍, നമ്മില്‍ ആരും അബ്‌സലോമിന്റെ കൈയില്‍ നിന്നു രക്ഷപെടുകയില്ല; വേഗമാകട്ടെ; അവന്‍ നമ്മെ പിന്തുടര്‍ന്നു നശിപ്പിക്കുകയും നഗരത്തിലുള്ള സകലരെയും കൊന്നുകളയുകയും ചെയ്യും.
ദാവീദ് നഗ്നപാദനായി, തല മൂടി കരഞ്ഞുകൊണ്ട്, ഒലിവുമലയുടെ കയറ്റം കയറി. അവനോടുകൂടെയുള്ളവരെല്ലാം തല മൂടിയിരുന്നു. അവരും കരഞ്ഞുകൊണ്ട് അവനെ പിന്തുടര്‍ന്നു.
ദാവീദ്‌ രാജാവ് ബഹൂറിമില്‍ എത്തിയപ്പോള്‍ സാവൂളിന്റെ ബന്ധുവായ ഗേരയുടെ മകന്‍ ഷിമെയി ശാപം ചൊരിഞ്ഞുകൊണ്ട് പുറപ്പെട്ടു വന്നു. അവന്‍ ദാവീദിന്റെയും ദാസന്മാരുടെയും നേരേ കല്ലെറിയാന്‍ തുടങ്ങി. അനുചരന്മാരും അംഗരക്ഷകന്മാരും രാജാവിന്റെ ഇടത്തും വലത്തും നിന്നു. ഷിമെയി ശപിച്ചു പറഞ്ഞു: കൊലപാതകീ, നീചാ, കടന്നുപോകൂ. സാവൂളിന്റെ സ്ഥാനത്തു വാഴുന്ന നീ അവന്റെ കുടുംബാംഗങ്ങളെ കൊന്നതിനു കര്‍ത്താവു പ്രതികാരം ചെയ്തിരിക്കുന്നു. കര്‍ത്താവ് നിന്റെ മകന്‍ അബ്‌സലോമിനു രാജത്വം നല്‍കിയിരിക്കുന്നു. നിന്റെ നാശമടുത്തു. നീ രക്തം ചൊരിഞ്ഞവനാണ്.
അപ്പോള്‍, സെരൂയയുടെ മകന്‍ അബിഷായി പറഞ്ഞു: ഈ ചത്ത പട്ടി എന്റെ യജമാനനായ രാജാവിനെ ശപിക്കുന്നുവോ? ഞാന്‍ അവന്റെ തല വെട്ടിക്കളയട്ടെ? എന്നാല്‍, രാജാവു പറഞ്ഞു: സെരൂയപുത്രന്മാരേ നിങ്ങള്‍ക്ക് എന്തുകാര്യം? ദാവീദിനെ ശപിക്കുക എന്നു കര്‍ത്താവ് കല്‍പിച്ചിട്ടാണ് അവനതു ചെയ്യുന്നതെങ്കില്‍ അരുതെന്നു പറയുവാന്‍ ആര്‍ക്കു കഴിയും? ദാവീദ് അബിഷായിയോടും തന്റെ ദാസന്മാരോടും പറഞ്ഞു: ഇതാ, എന്റെ മകന്‍ തന്നെ എന്നെ കൊല്ലാന്‍ ശ്രമിക്കുന്നു. ഈ ബഞ്ചമിന്‍ വംശജന്‍ ഇങ്ങനെ ചെയ്യുന്നതില്‍ പിന്നെ എന്തദ്ഭുതം? അവനെ വെറുതെ വിട്ടേക്കൂ, അവന്‍ ശപിക്കട്ടെ. കര്‍ത്താവ് കല്‍പിച്ചതുകൊണ്ടത്രേ അവന്‍ ശപിക്കുന്നത്. കര്‍ത്താവ് എന്റെ കഷ്ടത കണ്ട് അവന്റെ ശാപത്തിനു പകരം എന്നെ അനുഗ്രഹിച്ചേക്കും. അങ്ങനെ, ദാവീദും കൂടെയുള്ളവരും യാത്ര തുടര്‍ന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 3:1-2,3-4,5-6

കര്‍ത്താവേ എഴുന്നേല്‍ക്കണമേ! എന്നെ രക്ഷിക്കണമേ!

കര്‍ത്താവേ, എന്റെ ശത്രുക്കള്‍ അസംഖ്യമാണ്;
അനേകര്‍ എന്നെ എതിര്‍ക്കുന്നു.
ദൈവം അവനെ സഹായിക്കുകയില്ല എന്നു
പലരും എന്നെക്കുറിച്ചു പറയുന്നു.

കര്‍ത്താവേ എഴുന്നേല്‍ക്കണമേ! എന്നെ രക്ഷിക്കണമേ!

കര്‍ത്താവേ, അങ്ങാണ്
എന്റെ രക്ഷാകവചവും എന്റെ മഹത്വവും;
എന്നെ ശിരസ്സുയര്‍ത്തി നിറുത്തുന്നതും അവിടുന്നുതന്നെ.
ഉച്ചത്തില്‍ ഞാന്‍ കര്‍ത്താവിനെ വിളിച്ചപേക്ഷിക്കുന്നു;
തന്റെ വിശുദ്ധപര്‍വതത്തില്‍ നിന്ന്
അവിടുന്ന് എനിക്ക് ഉത്തരമരുളുന്നു.

കര്‍ത്താവേ എഴുന്നേല്‍ക്കണമേ! എന്നെ രക്ഷിക്കണമേ!

ഞാന്‍ ശാന്തമായി കിടന്നുറങ്ങുന്നു,
ഉണര്‍ന്നെഴുന്നേല്‍ക്കുന്നു;
എന്തെന്നാല്‍, ഞാന്‍ കര്‍ത്താവിന്റെ കരങ്ങളിലാണ്.
എനിക്കെതിരേ പാളയമടിച്ചിരിക്കുന്ന പതിനായിരങ്ങളെ
ഞാന്‍ ഭയപ്പെടുകയില്ല.

കര്‍ത്താവേ എഴുന്നേല്‍ക്കണമേ! എന്നെ രക്ഷിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവേ, അങ്ങേ വചനമാണ് സത്യം; സത്യത്താൽ ഞങ്ങളെ വിശുദ്ധീകരിക്കേണമേ.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 5:1-20
അശുദ്ധാത്മാവേ, ആ മനുഷ്യനില്‍ നിന്നു പുറത്തുവരൂ.

അക്കാലത്ത്, യേശുവും ശിഷ്യന്മാരും കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി. അവന്‍ വഞ്ചിയില്‍ നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍ നിന്ന് എതിരേ വന്നു. ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല. പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല. രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു.
അകലെവച്ചുതന്നെ അവന്‍ യേശുവിനെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു. ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ! കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനില്‍ നിന്നു പുറത്തുവരൂ എന്ന് യേശു ആജ്ഞാപിച്ചിരുന്നു. നിന്റെ പേരെന്താണ്? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്. തങ്ങളെ ആ നാട്ടില്‍ നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു.
വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു. ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു. അവന്‍ അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു. പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഓടിപ്പോയി നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വിവരമറിയിച്ചു. സംഭവിച്ചതെന്തെന്നു കാണാന്‍ ജനങ്ങള്‍ വന്നുകൂടി. അവര്‍ യേശുവിന്റെ അടുത്തെത്തി, ലെഗിയോന്‍ ആവേശിച്ചിരുന്ന പിശാചുബാധിതന്‍ വസ്ത്രം ധരിച്ച്, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു. പിശാചുബാധിതനും പന്നികള്‍ക്കും സംഭവിച്ചതു കണ്ടവര്‍ അക്കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു. തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവര്‍ യേശുവിനോട് അപേക്ഷിച്ചു.
അവര്‍ വഞ്ചിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, പിശാചു ബാധിച്ചിരുന്ന മനുഷ്യന്‍ അവനോടുകൂടെ പോകുന്നതിന് അനുവാദം ചോദിച്ചു. എന്നാല്‍, യേശു അനുവദിച്ചില്ല. അവന്‍ പറഞ്ഞു: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. കര്‍ത്താവു നിനക്കുവേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ നിന്നോടു കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക. അവന്‍ പോയി, യേശു തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അദ്ഭുതപ്പെട്ടു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ വിശുദ്ധ N ന്റെ സ്മരണയ്ക്കായി
അങ്ങേ അള്‍ത്താരയില്‍ കൊണ്ടുവന്നിരിക്കുന്ന
കാണിക്കകള്‍ സ്വീകരിക്കണമേ.
ഈ ദിവ്യരഹസ്യങ്ങള്‍വഴി
അദ്ദേഹത്തിന് മഹത്ത്വം അങ്ങു നല്കിയപോലെ,
ഞങ്ങള്‍ക്കു പാപമോചനവും നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.


ദിവ്യകാരുണ്യപ്രഭണിതം

cf. മത്താ 24:46-47

കര്‍ത്താവ് വരുമ്പോള്‍ ജാഗരൂകനായി
കാണപ്പെടുന്ന ഭൃത്യന്‍ അനുഗൃഹീതന്‍;
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു:
അവിടന്ന് അവനെ തന്റെ വസ്തുക്കളുടെയെല്ലാം
മേല്‌നോട്ടക്കാരനായി നിയോഗിക്കും.


Or:
ലൂക്കാ 12: 42

യഥാസമയം ആവശ്യമായ ഭക്ഷണം കൊടുക്കേണ്ടതിന്
കര്‍ത്താവ് തന്റെ കുടുംബത്തിനുമേല്‍ നിയമിച്ചവന്‍
വിശ്വസ്തനും വിവേകിയുമായ ഭൃത്യനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
വിശുദ്ധ N ന്റെ തിരുനാള്‍ ആഘോഷിക്കുന്ന എല്ലാവരിലും
സ്വര്‍ഗീയവിരുന്ന് ഉന്നതത്തില്‍ നിന്നുള്ള ശക്തി
ദൃഢീകരിക്കുകയും വര്‍ധിപ്പിക്കുകയും ചെയ്യട്ടെ.
അങ്ങനെ, വിശ്വാസദാനം അതിന്റെ സമഗ്രതയില്‍
ഞങ്ങള്‍ കാത്തുസൂക്ഷിക്കുകയും
വെളിപ്പെടുത്തപ്പെട്ട രക്ഷാമാര്‍ഗത്തിലൂടെ
ചരിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s