പുതുഞായറും ദൈവ കരുണയുടെ ഞായറും

സീറോ മലബാർ സഭയിൽ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാളാണ് പുതുഞായർ. ഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആഘോഷിക്കുന്ന പുതു ഞായർ “മാർത്തോമ്മാ ശ്ലീഹായുടെ
വിശ്വാസ പ്രഖ്യാപനത്തിന്റെ ഞായർ” എന്നും അറിയപ്പെടുന്നു. അതിശ്രേഷ്‌ഠമായി ആചരിക്കപ്പെടുന്ന ഈ തിരുനാൾ അടുത്ത കാലത്ത് അവഗണിക്കപ്പെടുന്നുണ്ടോ എന്ന് ഒരു സംശയം. കഴിഞ്ഞ കുറെ വർഷങ്ങളിലെ പുതു ഞായർ ആചരണങ്ങൾ കണ്ടപ്പോഴും ഇനി വരുന്ന പുതുഞായറാഴ്ചയെക്കുറിച്ചുള്ള ചില സോഷ്യൽ മീഡിയാ വിവരണങ്ങൾ കാണുമ്പോഴും അങ്ങിനെ തോന്നുന്നു. അതിന് പല കാരണങ്ങൾ ഉണ്ടാകാം.

അതിലൊന്ന് റോമൻ കത്തോലിക്കാ സഭയുടെ അഥവാ ലത്തീൻ സഭയുടെ ആരാധന ക്രമ കലണ്ടറിൽ കാണുന്ന ദൈവകരുണയുടെ ഞായറുമായി (ഉയിർപ്പ് കഴിഞ്ഞു വരുന്ന ഞായർ) സീറോ മലബാർ സഭയിലെ പുതുഞായർ അനാവശ്യമായി കൂട്ടിക്കുഴയ്ക്കപ്പെടുന്നു എന്നതാണ്. അതുകൊണ്ടു ചില വിശദീകരണങ്ങൾ ആവശ്യമെന്ന് തോന്നി.

ഇത്തരത്തിലുള്ള അനാവശ്യ കൂട്ടിക്കുഴയ്ക്കലുകളും ആശയക്കുഴപ്പങ്ങളും ആരാധനാക്രമാനുഷ്‌ഠാനങ്ങളിൽ സംഭവിക്കാതിരിക്കണമെങ്കിൽ ഓരോ സഭയുടെയും പൈതൃകവും പാരമ്പര്യവും കൃത്യവും വ്യക്തവുമായി ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതുണ്ട്. അതോടൊപ്പം കത്തോലിക്കാ സഭയിൽ മാർപാപ്പയുടെ കടമയും കർത്തവ്യവും എന്താണെന്നു മനസിലാക്കുകയും വേണം.

ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ നാല് പ്രധാന ശുശ്രൂഷാ കർത്തവ്യങ്ങളാണ് അദ്ദേഹം ഏറ്റെടുക്കുന്നത്. അതായത് നാലു തരത്തിലാണ് മാർപാപ്പ തൻ്റെ ശുശ്രൂഷ സഭയിൽ നിർവ്വഹിക്കുന്നത്.

1) മാർപാപ്പ അഗോള കത്തോലിക്കാ സഭയുടെ തലവൻ.

24 വ്യക്തി സഭകളുടെ കൂട്ടായ്‌മയാണ് കത്തോലിക്കാ സഭ. ഇതിൽ ഏതെങ്കിലും ഒരു സഭ മറ്റൊന്നിനേക്കാൾ ചെറുതോ വലുതോ ആയി പരിഗണിക്കപ്പെടുന്നില്ല. അതായത്, കത്തോലിക്കാ സഭയിൽ 24 വ്യക്തി സഭകളും ഒരേ ദൗത്യ നിർവ്വഹണത്തിലാണ്. അവകാശത്തിലും കടമയിലും വ്യക്തി സഭകൾ എല്ലാം തുല്യവുമാണ്. ഈ സഭാ കൂട്ടായ്മയിൽ വലുപ്പ ചെറുപ്പമില്ലാതെ എല്ലാ സഭകളെയും സ്നേഹത്തിൽ ഒന്നിപ്പിച്ചു നിർത്തുന്ന ശുശ്രൂഷയാണ് മാർപാപ്പ സ്ഥാനത്തിൽ പ്രഥമമായിട്ടുള്ളത്. അതുകൊണ്ടാണ് ആദ്യ നൂറ്റാണ്ടുകളിൽ മാർപാപ്പ സ്ഥാനം “റീശ് പാത്രിയാർക്കീസ്” എന്നറിയപ്പെട്ടിരുന്നത്. “തുല്യരിൽ ഒന്നാമനായി” സ്നേഹത്തിലും ഐക്യത്തിലും സഹോദരങ്ങളെ ഉറപ്പിച്ചു നിർത്തുക എന്ന ദൗത്യമാണ് അദ്ദേഹത്തിനുള്ളത്. അതായത് പിതൃസഹചമായ വാത്സല്യത്തോടെ കേപ്പായ്ക്കടുത്ത നേതൃത്വ ശുശ്രൂഷ നയിക്കുക. തിരുത്തേണ്ടപ്പോൾ തിരുത്തി, തീരുമാനങ്ങൾ ഉചിത സമയത്ത് തന്നെ എടുത്ത്, അച്ചടക്കം ഉറപ്പുവരുത്തി സഭകളെ ഒന്നിച്ചു കൊണ്ടുപോവുക എന്ന ശുശ്രൂഷയാണിത്. ശക്തിയും ആധിപത്യവുമല്ല പ്രത്യുത ഇടയനെപ്പോലെ മുന്നിൽ നിന്ന് നയിക്കുക എന്നതാണ് പ്രധാനം.

2) മാർപാപ്പ റോമൻ കത്തോലിക്കാ സഭയുടെ തലവൻ

    റോമൻ കത്തോലിക്കാ സഭയെന്ന് പറയുമ്പോൾ ലത്തീന്‍ കത്തോലിക്കാ സഭയെ അഥവാ പാശ്ചാത്യ സഭയെയാണ് ഉദ്ദേശിക്കുക. പാശ്ചാത്യ സഭയുടെ പാത്രിയാർക്കീസ് കൂടിയാണ് മാർപാപ്പാ. പാശ്ചാത്യ സഭയുടെ തലവൻ എന്ന നിലയിൽ ആ സഭയുടെ ആരാധനക്രമത്തിന്റെ പ്രധാന സംരക്ഷകനും കാര്യസ്ഥനും മാർപാപ്പയാണ്. വ്യക്തമായ പഠനങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷം ലത്തീന്‍ സഭയുടെ ആരാധനാക്രമത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ മറ്റോ നടത്തുവാനുള്ള അവകാശം മാർപാപ്പയ്ക്ക് മാത്രമാണുള്ളത്. ഈ ശുശ്രൂഷ അദ്ദേഹം നിർവ്വഹിക്കുന്നത് വത്തിക്കാനിലെ Dicastery for Divine Worship and Discipline of the Sacraments എന്ന കോൺഗ്രിഗേഷൻ വഴിയാണ്.

    3) മാർപാപ്പാ റോമാ രൂപതയുടെ മെത്രാൻ

      മാർപാപ്പായായി തിരഞ്ഞെടുക്കപ്പെടുന്ന ആൾ റോമാ രൂപതയുടെ മെത്രാൻ എന്ന സ്ഥാനത്തേക്ക് കൂടിയാണ് തിരഞ്ഞെടുക്കപ്പെടുക.അതുകൊണ്ടാണ് മാർപാപ്പയെ “Bishop of Rome” എന്ന് വിളിക്കുന്നത്. റോമാ രൂപതയുടെ അനുദിന ഭരണ ചുമതല നിർവ്വഹിക്കാൻ ഒരു കർദ്ദിനാളിനെ വികാരി ജനറാളായി മാർപാപ്പാ നിയമിക്കുന്നു. ആവശ്യമനുസരിച്ച് മാർപാപ്പാ റോമാ രൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയുകയും വൈദികരെ കാണുകയും ചെയ്യാറുണ്ട്.

      4) മാർപാപ്പാ വത്തിക്കാൻ രാജ്യത്തിന്റെ തലവൻ

        മാർപാപ്പായായി തിരഞ്ഞെടുക്കപ്പെടുന്ന ആൾ വത്തിക്കാൻ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ തലവനും കൂടിയാണ്. വത്തിക്കാൻ Secretariat of State ആയി താൻ നിയമിക്കുന്ന ആൾ വഴിയാണ് മാർപാപ്പാ ഈ ദൗത്യം നിർവഹിക്കുന്നത്.

        ഈ നാല് ശുശ്രൂഷകളും മാർപ്പാപ്പാ നാല് വിധത്തിലാണ് നിർവഹിക്കുന്നത്. ഒന്ന് മറ്റൊന്നിനോട് കൂട്ടിക്കുഴയ്ക്കാതെ ഈ ശുശ്രൂഷ നിർവ്വഹിക്കാനുള്ള സംവിധാനവും മാർപാപ്പയ്ക്കുണ്ട്.

        മാർപാപ്പാ ഒരു കാര്യം പറയുമ്പോൾ അല്ലെങ്കിൽ ചില നിർദ്ദേശങ്ങൾ നൽകുമ്പോൾ അത് ആർക്കാണ് നൽകുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.

        വിശദമാക്കാം.

        കത്തോലിക്കാ സഭയുടെ തലവനും പിതാവുമെന്ന നിലയിൽ വിശ്വാസത്തെയും ധാർമികതെയും സംബന്ധിച്ച് മാർപാപ്പാ പഠിപ്പിക്കുമ്പോൾ കത്തോലിക്കാ കൂട്ടായ്‌മയിലെ എല്ലാ സഭകളും അത് ഒരുപോലെ സ്വീകരിക്കാൻ കടപ്പെട്ടവരാണ്.

        ഉദാ: വിശ്വാസ സത്യ പ്രഖ്യാപനങ്ങൾ

        സഭാ തലവനെന്ന നിലയിൽ വിശ്വാസ സത്യങ്ങൾ മാർപാപ്പാ പഠിപ്പിക്കുമ്പോൾ അത് അനുസരിക്കാനും പിന്തുടരാനും എല്ലാ സഭാംഗങ്ങൾക്കും കടമയുണ്ട്.

        എന്നാൽ റോമൻ കത്തോലിക്കാ സഭയുടെ അഥവാ ലത്തീൻ സഭയുടെ തലവനെന്ന നിലയിൽ ലത്തീൻ സഭയോട് മാത്രമായി മാർപാപ്പ പറയുന്ന കാര്യങ്ങൾ പൗരസ്ത്യ സഭയായ സീറോ മലബാർ സഭാംഗങ്ങൾക്ക് ബാധകമല്ല. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ഉയിർപ്പു തിരുനാൾ കഴിഞ്ഞുള്ള ഞായറാഴ്ച ലത്തീൻ സഭയിൽ ആചരിക്കുന്ന ദൈവകരുണയുടെ ഞായർ എന്ന തിരുനാൾ.

        വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പാ രണ്ടായിരാമാണ്ട് ഏപ്രിൽ 30 നു ഫൗസ്റ്റീന കൊവാൾസ്കയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. അന്ന് ഉയിർപ്പു തിരുനാൾ കഴിഞ്ഞുള്ള ഞായർ ആയിരുന്നു. ( വി. ഫൗസ്റ്റീനായാണ് പാശ്ചാത്യ സഭയിൽ
        ദൈവ കരുണയുടെ പ്രേഷിതയായി അറിയപ്പെടുന്നതും ഈ ഭക്തി പ്രചരിപ്പിച്ചതും.) അന്ന് മുതൽ റോമൻ കത്തോലിക്കാ സഭയുടെ അഥവാ ലത്തീൻ സഭയുടെ ആരാധനാക്രമ കലണ്ടറിൽ ഉയിർപ്പു ഞായർ കഴിഞ്ഞു വരുന്ന ഞായർ ദൈവകരുണയുടെ ഞായർ ആയി ജോൺ പോൾ രണ്ടാമൻ പാപ്പാ കൂട്ടിചേർക്കുകയും ചെയ്തു. അത് ലത്തീൻ സഭയുടെ ആരാധനക്രമ കലണ്ടറിൽ മാത്രം വരുത്തിയ ഒരു കൂട്ടിചേർക്കലായിരുന്നു. അതുവരെ ഈ ദിവസം ലത്തീൻ സഭയിൽ White Sunday (Dominica in Albis) എന്നും അറിയപ്പെട്ടിരുന്നു. “തോമാ ഞായർ” എന്ന പേര് ബൈസന്റൈൻ പാരമ്പര്യത്തിൽ കാണാം.

        ഉയിർപ്പു ഞായർ രാത്രി മാമ്മോദീസാ സ്വികരിച്ചവർ തങ്ങൾക്ക് ലഭിച്ച വെള്ള വസ്ത്രം ധരിച്ച് പള്ളിയിൽ വരുന്ന ദിവസമായതിനാലാവാം ഈ ഞായറിനെ വെളുത്ത ഞായർ, പുതുഞായർ എന്നൊക്കെ വിളിച്ചിരുന്നത്.

        എന്തായാലും ഏതാണ്ട് എല്ലാ ആരാധനാക്രമ പാരമ്പര്യങ്ങളിലും ഈ ദിവസത്തെ സുവിശേഷ വായന മാർത്തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം തന്നെയാണ്. (യോഹ: 20: 19- 29)

        സീറോ മലബാർ സഭാ പാരമ്പര്യത്തിൽ ഉയിർപ്പു കഴിഞ്ഞുള്ള ഞായർ തോമ്മാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന ദിവസമാണ്. ദുക്റാന തിരുനാൾ പോലെ പ്രാധാന്യത്തോടെ തോമ്മാശ്ലീഹായെ ഓർമ്മിക്കുന്ന ദിവസം. ഈ ഓർമ്മ കേവലം ഒരു വിശുദ്ധനെ അനുസ്മരിക്കുന്നത് പോലെയല്ല, പ്രത്യുത ഈ സഭയുടെ വിശ്വാസത്തിന്റെ ആഘോഷമാണ്. യോഹന്നാൻ ശ്ലീഹായുടെ സുവിശേഷമനുസരിച്ച് ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനം നടത്തുന്നത് തോമ്മാശ്ലീഹായാണ്. അതാണ് “മാർവാലാഹ്: എന്റെ കർത്താവും എന്റെ ദൈവവും”.

        കേപ്പാ ശ്ലീഹാ ഈശോയെ ദൈവപുത്രൻ എന്നു വിളിക്കുമ്പോൾ തോമ്മാശ്ലീഹാ ഈശോയെ കർത്താവും ദൈവവുമായി ഏറ്റുപറയുന്നു. പഴയ നിയമത്തിൽ യഹോവയ്‌ക്ക് കൊടുത്തിരുന്ന അതേ വിശേഷണങ്ങൾ “കർത്താവും ദൈവവും” എന്നത് ഈശോയ്ക്ക് നൽകി വെളിപാടിനെ ഊട്ടിയുറപ്പിക്കുകയാണ് തോമ്മാശ്ലീഹാ ചെയ്തത്.

        ഈ വിശ്വാസ പ്രഖ്യാപനത്തിന്റെ അടിത്തറയിലാണ് മാർത്തോമ്മാ നസ്രാണി സഭ പണിതുയർത്തപ്പെട്ടിരിക്കുന്നത്. ഈ സഭയുടെ പരി. കുർബാനയിലെയും
        യാമശുശ്രൂകളിലേയും കൂദാശകളിലെയുമൊക്കെ ഒട്ടുമിക്ക പ്രാർത്ഥനകളും ആരംഭിക്കുന്നത് തോമ്മാശ്ലീഹായുടെ ഈ വിശ്വാസ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ്. “മാർവാലാഹ്” ജപം അത്രമാത്രം ഈ സഭയുടെ ഹൃദയത്തുടിപ്പായി നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ്
        പുതു ഞായറാഴ്ചയെ “മാർവാലാഹ് ഞായർ” എന്നു കൂടി സഭയിൽ വിളിക്കുന്നത്.

        ഇത്രയും പ്രാധാന്യമുള്ള ദിവസത്തിന്റെ ആചരണവും ആഘോഷവും സഹോദരീ സഭയായ ലത്തീൻ സഭയിലെ ഒരു ആചരണവുമായി കൂട്ടിക്കുഴയ്‌ക്കേണ്ടതുണ്ടോ?
        തന്നെയുമല്ല, ലത്തീൻ ആരാധനക്രമ കലണ്ടറിൽ മാർപാപ്പാ വരുത്തുന്ന മാറ്റങ്ങൾ പൗരസ്ത്യ കത്തോലിക്കാ സഭയായ സീറോ മലബാർ സഭയ്ക്ക് എങ്ങിനെയാണ് ബാധകമാവുക?

        പെസഹാ വ്യാഴാഴ്‌ച്ച സ്ത്രീകളുടെ കാലു കഴുകാമെന്ന സാധ്യത ലത്തീൻ സഭയിൽ മാർപാപ്പാ നടപ്പിലാക്കിയത് ഇതുമായി ബന്ധപ്പെട്ട്‌ വിശകലനം ചെയ്യേണ്ടതുണ്ട്. മാർപാപ്പ ലത്തീൻ സഭയിൽ നടപ്പിലാക്കിയ ഒരു പുതിയ ക്രമമാണിത്. അത് പാപ്പാ ലത്തീൻ സഭയിൽ നടപ്പിലാക്കിയതുകൊണ്ട് സീറോ മലബാർ സഭയ്ക്ക് ബാധകമാകുന്നില്ല. അത് ബാധകമാകണമെങ്കിൽ സീറോ മലബാർ സൂനഹദോസ് പ്രസ്തുത വിഷയം പഠന വിഷയമാക്കുകയും ഈ പുതിയ ക്രമം സീറോ മലബാർ സഭയുടെ പാരമ്പര്യങ്ങളോട് ചേർന്ന് പോകുന്നതാണോ എന്ന് പരിശോധിക്കുകയും വേണം. ഈ ഒരു ബോധ്യമുള്ളതുകൊണ്ടാണല്ലോ സീറോ മലബാർ സഭയിൽ പെസഹാ വ്യാഴാഴ്ച്ച സ്ത്രീകളുടെ കാല് കഴുകേണ്ടതില്ല എന്ന് അന്നത്തെ മേജർ ആർച്ച് ബിഷപ്പ്
        മാർ ജോർജ്ജ് ആലഞ്ചേരി ഔദ്യോഗികമായി അറിയിച്ചതും (മാർച്ച് 29 – 2017).

        മാത്രമല്ല പൗരസ്ത്യ സഭകളുടെ ആരാധന ക്രമത്തിൽ ഒരു മാർപാപ്പയും അനാവശ്യ ഇടപെടലുകൾ നടത്താറില്ല. ആവശ്യമുള്ളപ്പോൾ ഇടപെടലുകൾ നടത്തുകയും ചെയ്യും.
        എറണാകുളം – അങ്കമാലി അതിരൂപതയിലെ ചില വൈദികർ സഭയുടെ പരി. കുർബാന അർപ്പണത്തിനെതിരായി നിലപാട് എടുത്തപ്പോൾ മാർപാപ്പാ തൻ്റെ സ്ഥാനത്തിന് ചേർന്ന അധികാരം ഉപയോഗിച്ചത് ഉദാഹരണമാണ്.

        കാരണം ഓരോ ആരാധനക്രമവും ആഗോളസഭയുടെ പൊതു പൈതൃകം കൂടിയാണ്. പക്ഷേ ഈ പൈതൃകത്തിൽ നിന്ന് മാറിപോകുന്ന നടപടികൾ പൗരസ്ത്യ സഭകൾ ചെയ്യുകയാണെങ്കിൽ മാർപാപ്പാമാർ ഇടപെടാറുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ സീറോ മലബാർ ആരാധനക്രമ ചരിത്രം തന്നെ അതിനുദാഹരണമാണ്. ഈ സഭയുടെ ആരാധനക്രമ പുനരുദ്ധാരണ കാലത്ത് പൈതൃകത്തോട് ചേർന്ന് നിൽക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകിയതും അതിനായി ശക്തമായ നടപടികൾ എടുത്തതും മാർപാപ്പാമാർ തന്നെയാണ്. കാരണം, ഓരോ സഭയുടെയും ആരാധനക്രമം ആഗോളസഭയുടെ പൊതു സ്വത്തും പൈതൃകവുമാണെന്ന ബോധ്യവും തിരിച്ചറിവും മാർപാപ്പാമാർക്ക് ഉണ്ട്. മാർപാപ്പാമാരുടെ ഈ തിരിച്ചറിവിന്റെ പകുതി പോലും പല സീറോ മലബാർ സഭാംഗങ്ങൾക്കും ഇല്ല എന്നുള്ളത് ഖേദകരമാണ്.

        കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ധ്യാനകേന്ദ്രങ്ങളും ധ്യാന ഗുരുക്കന്മാരും ഇത്തരം ഭക്താനുഷ്ഠാനങ്ങൾക്ക് പ്രചുര പ്രചാരം നൽകുന്നുണ്ട് എന്നതും ആശ്ചര്യപ്പെടുത്തുന്നതാണ്. പാശ്ചാത്യ സഭയിൽ രൂപം കൊള്ളുന്ന പല ഭക്താനുഷ്ഠാനങ്ങളും ഈ സഭയുടെ ചൈതന്യത്തോട് ചേരുന്നുണ്ടോ എന്നു പോലും നോക്കാതെ ഏറ്റെടുക്കുന്നവരാണ്‌ അവർ. കത്തോലിക്കാസഭ സഭകളുടെ കൂട്ടായ്മയാണ് എന്നും ഓരോ വ്യക്തി സഭയ്ക്കും അതിൻ്റേതായ പൈതൃകവും പാരമ്പര്യവും ആരാധനക്രമവും ഉണ്ട് എന്നുമുള്ള അടിസ്ഥാന വിശ്വാസപരിശീലനം ഓരോ ധ്യാനകേന്ദ്രങ്ങൾക്കും ധ്യാനഗുരുക്കന്മാർക്കും ലഭിക്കാൻ ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും ?

        വ്യക്തിപരമായ വെളിപാടുകൾക്ക് (Private Revelation ) ഇന്ന് വലിയ മാർക്കറ്റ് ആണല്ലോ…അതിൻ്റെ പേരിൽ പ്രത്യേക ശുശ്രൂഷകൾ, നൊവേനകൾ, പ്രാർത്ഥനകൾ, അനുഗ്രഹങ്ങൾ ഒക്കെ ഇന്ന് ലഭ്യമാണ്.

        ഈശോമിശിഹായിൽ പൂർത്തിയായതും ശ്ലീഹന്മാരാൽ കൈമാറ്റം ചെയ്യപ്പെട്ടതും സഭാപിതാക്കന്മാരാൽ വ്യാഖ്യാനിക്കപ്പെട്ടതും ആരാധനക്രമങ്ങളിൽ ആഘോഷിക്കപ്പെടുന്നതുമായ വെളിപാടിനെക്കാൾ വി. ഫൗസ്റ്റിനായ്ക്ക് ലഭിച്ചു എന്ന് പറയപ്പെടുന്ന വ്യക്തിപരമായ വെളിപാടിനാണ് ഇന്ന് സഭയിൽ പലരും പ്രാധാന്യം നൽകുന്നത് എന്നത് ഖേദകരമാണ്.

        കർത്താവിൻ്റെ രക്ഷാകര പദ്ധതിയുടെ ഭാഗമായ തിരുനാളുകൾക്കാണ് ആദിമ സഭ പ്രധാന്യം കൊടുത്തിരുന്നതും ആരാധനക്രമങ്ങളിൽ ആഘോഷിച്ചിരുന്നതും. ഓരോരോ കാലഘട്ടത്തിൽ ഉണ്ടാകുന്ന വ്യക്തിപരമായ വെളിപാടുകൾക്കും അതിൽ നിന്ന് രൂപപ്പെടുന്ന ഭക്താനുഷ്ഠാനങ്ങൾക്കും അമിതപ്രാധാന്യവും പ്രചരണവും കൊടുക്കുന്നത് സഭാപിതാക്കന്മാർ വ്യാഖ്യാനിച്ചു തന്ന സത്യവിശ്വാസത്തിൽ വെള്ളം ചേർക്കുന്നതും പുരാതന ആരാധനക്രമങ്ങളെ വികലമാക്കുന്നതുമാണ് എന്ന് പറയാതെ വയ്യ.

        പറഞ്ഞു വരുന്നത് മാർപാപ്പാമാർ പറയുന്നത് ഓരോ വ്യക്തി സഭയും ആ സഭയുടെ പൈതൃകത്തോട് ചേർത്തായിരിക്കണം മനസിലാക്കേണ്ടതും നടപ്പിലാക്കേണ്ടതും. റോമാ രൂപതയ്ക്കോ ലത്തീൻ സഭയ്ക്കോ മാത്രമായി മാർപാപ്പാ നൽകുന്ന നിർദേശങ്ങൾ സീറോ മലബാർ സഭയ്ക്ക് ബാധകമല്ല. വത്തിക്കാൻ രാജ്യത്തോട് പപ്പാ പറയുന്ന കാര്യങ്ങളും അങ്ങിനെ തന്നെ.

        ശരിയായ സഭാ പൈതൃക ബോധവും പഠനവും ഇല്ലെങ്കിൽ പാശ്ചാത്യ സഭയിലെ ഭക്താനുഷ്ഠാനങ്ങൾ കൊണ്ട് ഈ പൗരസ്ത്യ സഭ പൊറുതിമുട്ടും എന്ന് പറയാതെ വയ്യ (ഇപ്പോൾത്തന്നെ ഏറെക്കുറെ അങ്ങിനെ ആയി കഴിഞ്ഞു). കത്തോലിക്കനാകണമെങ്കിൽ റോമൻ സഭയുടെ ഭക്താനുഷ്ഠാനങ്ങൾ അനുഷ്‌ഠിക്കണമെന്ന് ചിന്തിക്കുന്ന ഒരു കൂട്ടരുണ്ട് . മാതൃ സഭയുടെ പൈതൃകവും പാരമ്പര്യവും “സുഖകരമല്ല” എന്നു ചിന്തിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ഇവരുടെയൊക്കെ ഇടയിൽ മാതൃ സഭയുടെ തനതായ തിരുനാൾ ആചരണങ്ങൾ വിസ്മരിക്കപ്പെട്ടു പോകുന്നതിൽ അത്ഭുതമില്ല. അതുകൊണ്ട് സഭാ സ്നേഹവും സമുദായ സ്നേഹവും വളർത്താനും പഠിപ്പിക്കാനും ജീവിക്കാനും സാധിക്കണം. അങ്ങനെ മാർത്തോമ്മാ നസ്രാണി സഭാ പൈതൃകത്തിൽ അഭിമാനവും ആനന്ദവും ഉള്ള ഒരു തലമുറ വളർന്നു വരട്ടെ എന്ന് പ്രാർത്ഥിക്കാം.

        Advertisements

        Leave a comment