പുതുഞായറോ, വെളുത്ത ഞായറോ അതോ ദൈവകരുണയുടെ തിരുനാളോ?

പുതുഞായറോ, വെളുത്ത ഞായറോ അതോ ദൈവകരുണയുടെ തിരുനാളോ?

ഈസ്റ്റർ കഴിഞ്ഞുള്ള ഞായറാഴ്ച്ചയെ (രണ്ടാം ഞായർ) പുതുഞായർ എന്നും വിളിക്കുന്നു. ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷപ്പെടലും വി തോമാശ്ളീഹായുടെ സാക്ഷ്യവുമാണ് വിഷയം. തോമാശ്ലീഹായുടെ പാദസ്പർശനമേറ്റ പ്രശസ്തമായ മലയാറ്റൂർ തിരുനാൾ മുതൽ മറ്റു പലയിടങ്ങളിലെയും തിരുനാളുകൾ വരെയായി വിവിധ സഭകളിൽ ഈ ദിവസവും ഈ തിരുനാളും ആഘോഷിക്കപ്പെടുന്നു. ലത്തീൻ- സിറോമലബാർ റീത്തുകളിൽ ഒരേ സുവിശേഷമാണ് അന്ന് കുർബാനയിൽ വായിക്കുന്നത്. അനുസ്മരിക്കുന്നതും ഒരേ വിഷയം.

ഈസ്റ്ററിന്റെ രണ്ടാം ഞായറാഴ്ചയെ “വെളുത്ത ഞായറാഴ്ച” എന്നും വിളിക്കുന്നു. പരമ്പരാഗതമായി ഈസ്റ്റർ രാത്രിയിൽ പുതുതായി മാമോദീസ സ്വീകരിച്ച ക്രിസ്ത്യാനികൾ ഈ ഞായറാഴ്ച വെള്ള വസ്ത്രത്തിൽ ദേവാലയത്തിൽ എത്തിയിരുന്നു. ഈ പാരമ്പര്യം കൊണ്ടാണ് ഇസ്റ്ററിന്റെ രണ്ടാം ഞായറിന് വെളുത്ത ഞായറാഴ്ച എന്ന പേര് ലഭിച്ചത്.

ലോകത്തിന്റെ പല ഭാഗങ്ങളിലും വെള്ള ഞായറാഴ്ച ആദ്യ വിശുദ്ധ കുർബാന ആഘോഷിക്കുന്ന പാരമ്പര്യം ക്രമേണ ആരംഭിച്ചു. പലയിടങ്ങളിലും (രാജ്യങ്ങളിലും) അതിന്നും തുടരുന്നു. ആദ്യ കുർബാന സ്വീകരിക്കുന്നവർ ഈ ഞായറാഴ്ച വെള്ളവസ്ത്രം ധരിച്ച് വന്നിരുന്നു. ഇന്നും ഈസ്റ്റർ കഴിഞ്ഞുള്ള ഞായർ വെളുത്ത ഞായർ ആണ്; പല രാജ്യങ്ങളിലും ആദ്യകുർബാന കൊടുക്കുന്ന ഞായറും.

ജൂബിലി വർഷം 2000 മുതൽ ഈസ്റ്ററിന്റെ രണ്ടാം ഞായറാഴ്ചയെ ദൈവകരുണയുടെ ഞായറാഴ്ച എന്നും വിളിക്കുന്നു. ദൈവകാരുണ്യത്തിന്റെ തിരുനാൾ എന്ന ആശയം ഉടലെടുത്തത്, അത്തരമൊരു ദർശനം ഉണ്ടായി എന്ന് കരുതപ്പെടുന്ന/അവകാശപ്പെടുന്ന സീസ്റ്റർ ഫൗസ്റ്റീനയുടെ സാക്ഷ്യത്തിൽ നിന്നാണ്. ക്രാക്കാവോയിലെ ആർച്ചുബിഷപ്പായിരുന്ന ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2000-ൽ പോളണ്ടിലെ ക്രാക്കാവ്കാരിയായ സീ. ഫൗസ്റ്റീനയെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന വേളയിൽ കത്തോലിക്കാ സഭയിൽ ദൈവകരുണയുടെ തിരുനാളായികൂടി ഇസ്റ്ററിന്റെ രണ്ടാം ഞായറാഴ്ച നിശ്ചയിച്ചു.

സി ഫൗസ്റ്റീനയുടെ ദർശനം പോലെ ഒരുപാടുപേർക്ക് പല പല ദർശനങ്ങൾ കിട്ടിയിട്ടുള്ളതായി അവകാശങ്ങളുണ്ടെന്നും അവയിൽ ചിലതൊക്കെമാത്രം സഭ ആദരിച്ചിട്ടുണ്ടെന്നും ഇത്തരുണത്തിൽ മനസിലാക്കണം. അത്തരം ആദരിക്കപ്പെട്ട ദർശനമാണ് ഫൗസ്റ്റീനയുടെ ദർശനവും സി ഫൗസ്റ്റീനാ തന്റെ ദർശനം വിവരിച്ചതനുസരിച്ചു ഒരു കലാകാരൻ വരച്ച ക്രിസ്തുവിന്റെ ദൈവകരുണയുടെ ചിത്രവും. ദർശനത്തോട് അധികമൊന്നും നീതി പുലർത്താൻ ചിത്രത്തിനായില്ല എന്ന് സി. ഫൗസ്റ്റീനാ തന്നെ പറയുന്നുണ്ട്. (സി. ഫൗസ്റ്റീനയുടെ മഠവും കബറിടവും ഞാൻ സന്ദർശിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഒറിജിനൽ വേർഷൻ കണ്ടിട്ടുണ്ട്.)

സഭ പുതിയ തിരുനാളുകൾ പ്രഖ്യാപിക്കുമ്പോൾ ചിലപ്പോഴത് പഴയൊരു തിരുനാളിന്റെ ദിവസമായെന്നുവരാം. കാരണം ഒരു വർഷത്തിന് പുതിയ ഒരു ദിനംകൂടി കൂട്ടാൻ സഭാക്കാകില്ല. പുതിയൊരു തിരുനാൾ പ്രഖ്യാപിച്ചു എന്നുകരുതി പഴയ തിരുനാൾ മറ്റൊരു ദിവസത്തേക്ക് മാറ്റിവച്ചിട്ടില്ലെങ്കിൽ പഴയ തിരുനാൾ പഴയതുപോലെതന്നെ തുടർന്നും ആചരിക്കാനും ആഘോഷിക്കാനുമുള്ള നിർദേശം നിലനിൽക്കുന്നു. പുതുഞായറിന്റെ അഥവാ വെളുത്ത ഞായറിന്റെ തിരുനാൾ അത്തരമൊരു തിരുനാളാണ്. കൂട്ടത്തിൽ പുതിയ തിരുനാളും അനുസ്മരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ഏതെങ്കിലും പ്രത്യേക കാരണങ്ങളാൽ ചിലയിടങ്ങളിൽ ഊന്നൽ മാറിമറിഞ്ഞു എന്നും വരാം. (ഉദാഹരണത്തിന് ക്രാക്കവോയിലെ സി ഫൗസ്റ്റീന ജീവിച്ചു മരിച്ച മഠത്തിൽ.) എന്നാലത് സാധാരണമല്ല. പഴയ തിരുനാളിന്റെ പ്രൗഢി ഏതെങ്കിലും രീതിയിൽ കുറയണമെന്നല്ല അന്ന് പുതിയൊരു തിരുനാൾ കൂടി പ്രഖ്യാപിക്കുന്നതിന് അർത്ഥം.

ജോസഫ് പാണ്ടിയപ്പള്ളിൽ

Advertisements

Leave a comment