ആകാശ് ബഷീർ: പാക്കിസ്ഥാന്റെ രണ്ടാമത്തെ ദൈവദാസൻ!!
2022 ജനുവരി മുപ്പത്തിയൊന്നാം തീയതി പാക്കിസ്ഥാനിലെ കത്തോലിക്കാ സഭയ്ക്കു അഭിമാന നിമിഷമാണ്.
2015ൽ നടന്ന ചാവേറാക്രമണത്തിൽ നിന്ന് ക്രിസ്ത്യൻ വിശ്വാസികളെ രക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച ആകാശ് ബഷീർ എന്ന ഇരുപതുകാൻ ദൈവദാസ പദവിയിലേക്കു ഉയിർത്തപ്പെട്ടു.
2011- മാർച്ചുമാസം രണ്ടാം തീയതി തെഹരീക് ഇ താലിബാൻ എന്ന തീവ്രവാദി സംഘടന കൊലചെയ്ത ഷഹബാസ് ഭട്ടി എന്ന രാഷ്ട്രീയക്കാരനാണ് പാക്കിസ്ഥാനിലെ ആദ്യത്തെ ദൈവദാസൻ. 2016 മാർച്ചുമാസത്തിലാണ് ഷഹബാസിനെ ദൈവദാസ പദവിയിലേക്ക് ഉയർത്തിയത്.
ലാഹോറിലെ ഒരു ചെറിയ ഭവനത്തിലാണ് ആകാശ് ബഷീർ ജീവിച്ചിരുന്നത്. അവിടുത്തെ ഒരു സലേഷ്യൻ ടെക്നിക്കൽ സ്കൂളിൽ പഠനം ആരംഭിച്ച ബഷീറിനു ഗണിതശാസ്ത്രം വിഷമമുള്ള വിഷയമായിരുന്നതിനാൽ പഠനം പൂർത്തിയാക്കാനായില്ല. ബാലനായിരിക്കുമ്പോഴേ മറ്റുള്ളവരുടെ ജീവൻ രക്ഷിക്കുന്ന ഒരു വ്യക്തിയാകാനായിരുന്നു ആകാശിനു താൽപര്യം. സൈന്യത്തിൽ ചേരാൻ ഒരുപാടു ആഗ്രഹിച്ചെങ്കിലും അതിനുള്ള വിദ്യാഭ്യാസ യോഗ്യതയില്ലാതിരുന്നതിനാൽ ആ സ്വപ്നം പൂർത്തിയാക്കാൻ ബഷീറിനു കഴിഞ്ഞില്ല.
ലാളിത്യം മുഖമുദ്രയാക്കിയിരുന്ന ആകാശ് തന്റെ മാതാപിതാക്കളും സഹോദരങ്ങളും തന്നെക്കുറിച്ചു അഭിമാനിക്കുന്ന ഒരു ദിവസം വരുമെന്നു പലപ്പോഴും പറഞ്ഞിരുന്നതായി സഹോദരി സാക്ഷ്യപ്പെടുത്തുന്നു.
ക്രിസ്ത്യാനികൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു തുടങ്ങിയപ്പോൾ, ആകാശ് ഒരു ദൈവാലയത്തിലെ സുരക്ഷാ ഗാർഡായിൽ ജോലിയിൽ പ്രവേശിച്ചു. അപകടകരമായ ജോലിയാണ് തൻ്റേതെന്നും ഏതു സമയത്തും ആപത്തു സംഭവിച്ചേക്കാമെന്നും ആകാശിനറിയാമായിരുന്നു. ഒരിക്കൽ അവൻ്റെ അമ്മ ആശങ്ക പ്രകടിപ്പിച്ചപ്പോൾ, ആകാശിൻ്റെ പ്രതികരണം “ഞാൻ മരിച്ചാലും, ഒരുപാട് ജീവൻ രക്ഷിച്ചുകൊണ്ട് ഞാൻ മരിച്ചാൽ അത് നിങ്ങൾക്ക് അഭിമാനിക്കില്ലേ?” എന്നായിരുന്നു.
2015 മാർച്ച് 15 ഞായറാഴ്ച, ലാഹോറിലെ ക്രിസ്ത്യൻ മേഖലയായ യൗഹാനാബാദിലെ സെന്റ് ജോൺസിന് പള്ളിയിൽ സുരക്ഷാ ഡ്യൂട്ടിയിലായിരുന്നു ആകാശ്, സമീപത്തുള്ള ഒരു ആംഗ്ലിക്കൻ പള്ളിയിൽ ചാവേർ ബോംബർമാർ ആക്രമിച്ചതായി വാർത്ത പരുന്നു. സെന്റ് ജോൺസ് പള്ളിൽ വിശുദ്ധ കുർബാനയ്ക്കായി അന്നേ ദിനം ആയിരത്തിലധികം പേർ സന്നിഹിതരായിരുന്നു .
ആകശ് പള്ളിയുടെ മുൻഭാഗം സുരക്ഷിതമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ഒരാൾ പള്ളിയിലേക്കു ഓടുന്നതു അവൻ ശ്രദ്ധിച്ചു , അവനെ തടഞ്ഞു നിർത്തിയപ്പോൾ തന്റെ പക്കൽ ബോംബുണ്ടെന്നും ജീവൻ വേണമെങ്കിൽ മാറികൊള്ളണമെന്നും തീവ്രവാദി ഭീഷണി മുഴക്കി.
“ഞാൻ മരിക്കും, പക്ഷേ ഞാൻ നിന്ന അകത്തേക്ക് പോകാൻ അനുവദിക്കില്ല.” എന്നായിരുന്നു ആകാശിൻ്റെ മറുപടി.
.
അവൻ ചാവേറിനെ പിടികൂടി, തൽക്ഷണം ബോംബ് പൊട്ടിത്തെറിച്ചു രണ്ടുപേരും മൃതിയടഞ്ഞു.
“ഇത് ഞങ്ങൾക്കു ലഭിച്ച വലിയ ബഹുമതിയാണ്. പാക്കിസ്ഥാനിലെ ക്രൈസ്തവ വിശ്വാസത്തിൻ്റെ ശക്തിയെയാണ് ആകാശ് സൂചിപ്പിക്കുന്നത് ” എന്നായിരുന്നു ദൈവദാസൻ എന്ന പദവിയെക്കുറിച്ചുള്ള ബഷീറിന്റെ പിതാവിൻ്റെ അഭിപ്രായം.
സെൻ്റ് ജോൺസ് പള്ളിക്ക് പുറത്തു ഇന്നു കാവൽ നിൽക്കുന്ന ആകാശിന്റെ ഇളയ സഹോദരൻ അർസലൻ ആണ്. ഇളയ മകനെ ആകാശിനു മരണം സമ്മാനിച്ച ജോലിക്കു പറഞ്ഞു വിടുമ്പോൾ വിഷമമില്ലേ എന്നു അമ്മയോടു ചോദിക്കുമ്പോൾ “ഞങ്ങളുടെ പുത്രന്മാർ സഭയെ സേവിക്കുന്നതിൽ നിന്ന് ഞങ്ങൾക്ക് തടയാനാവില്ല.” എന്നായിരുന്നു ആ ധീരവനിതയുടെ മറുപടി.
ആകാശിൻ്റെ മരണം കുടുംബത്തിനു തീരാ നഷ്ടമാണങ്കിലും അവരുടെ സന്തോഷം സങ്കടത്തേക്കാൾ വലുതാണന്നു അമ്മ സാക്ഷ്യപ്പെടുത്തുന്നു : “ആകാശ് കർത്താവിന്റെ പാതയിൽ മരിക്കുകയും പുരോഹിതനെയും വിശ്വാസികളെയും രക്ഷിച്ച ഒരു എളിയ കുട്ടിയായിരുന്നു. ആളുകൾ അവനെ സ്നേഹിക്കുന്നു. ആകാശ് ഇതിനകം ഞങ്ങളുടെ വിശുദ്ധനാണ്.”
ഫാ. ജയ്സൺ കുന്നേൽ mcbs
02/02/2022
Advertisements

Advertisements

Leave a comment