Gospel of St. Mark Chapter 5 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 5

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.
(മത്തായി 8 : 28 – 8 : 34 ) (ലൂക്കാ 8 : 26 – 8 : 39 )

1 അവര്‍ കടലിന്റെ മറുകരയില്‍ ഗെരസേനറുടെ നാട്ടിലെത്തി.2 അവന്‍ വഞ്ചിയില്‍നിന്ന് ഇറങ്ങിയ ഉടനെ, അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ശവകുടീരങ്ങള്‍ക്കിടയില്‍നിന്ന് എതിരേ വന്നു.3 ശവകുടീരങ്ങള്‍ക്കിടയില്‍ താമസിച്ചിരുന്ന അവനെ ചങ്ങലകൊണ്ടുപോലും ബന്ധിച്ചിടാന്‍ കഴിഞ്ഞിരുന്നില്ല.4 പലപ്പോഴും അവനെ കാല്‍വിലങ്ങുകളാലും ചങ്ങലകളാലും ബന്ധിച്ചിരുന്നെങ്കിലും, അവന്‍ ചങ്ങലകള്‍ വലിച്ചുപൊട്ടിക്കുകയും കാല്‍വിലങ്ങുകള്‍ തകര്‍ത്തുകളയുകയും ചെയ്തിരുന്നു. അവനെ ഒതുക്കിനിര്‍ത്താന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.5 രാപകല്‍ അവന്‍ കല്ലറകള്‍ക്കിടയിലും മലകളിലും ആയിരുന്നു. അവന്‍ അലറിവിളിക്കുകയും കല്ലുകൊണ്ടു തന്നെത്തന്നെ മുറിപ്പെടുത്തുകയും ചെയ്തിരുന്നു.6 അകലെവച്ചുതന്നെ അവന്‍ യേശുവിനെക്കണ്ട്, ഓടിവന്ന് അവനെ പ്രണമിച്ചു.7 ഉച്ചത്തില്‍നില വിളിച്ചുകൊണ്ട് അവന്‍ പറഞ്ഞു: മഹോന്നതനായ ദൈവത്തിന്റെ പുത്രാ, യേശുവേ, അങ്ങ് എന്റെ കാര്യത്തില്‍ എന്തിന് ഇടപെടുന്നു? ദൈവത്തെക്കൊണ്ട് ആണയിട്ട് ഞാന്‍ അങ്ങയോട് അപേക്ഷിക്കുന്നു: അങ്ങ് എന്നെ പീഡിപ്പിക്കരുതേ!8 കാരണം, അശുദ്ധാത്മാവേ, ആ മനുഷ്യനില്‍നിന്നു പുറത്തുവരൂ എന്ന് യേശു ആജ്ഞാപിച്ചിരുന്നു.9 നിന്റെ പേരെന്താണ്? യേശു ചോദിച്ചു. അവന്‍ പറഞ്ഞു: എന്റെ പേര് ലെഗിയോണ്‍; ഞങ്ങള്‍ അനേകം പേരുണ്ട്.10 തങ്ങളെ ആ നാട്ടില്‍നിന്നു പുറത്താക്കരുതേ എന്ന് അവന്‍ കേണപേക്ഷിച്ചു.11 വലിയ ഒരു പന്നിക്കൂട്ടം മലയരികില്‍ മേയുന്നുണ്ടായിരുന്നു.12 ഞങ്ങളെ ആ പന്നിക്കൂട്ടത്തിലേക്കയയ്ക്കുക, ഞങ്ങള്‍ അവയില്‍ പ്രവേശിച്ചുകൊള്ളട്ടെ എന്ന് അവര്‍ അപേക്ഷിച്ചു.13 അവന്‍ അനുവാദം നല്‍കി. അശുദ്ധാത്മാക്കള്‍ പുറത്തുവന്ന്, പന്നിക്കൂട്ടത്തില്‍ പ്രവേശിച്ചു. ഏകദേശം രണ്ടായിരം പന്നികളുണ്ടായിരുന്നു. അവ കിഴുക്കാംതൂക്കായ തീരത്തിലൂടെ പാഞ്ഞുചെന്ന് കടലില്‍ മുങ്ങിച്ചത്തു.14 പന്നികളെ മേയിച്ചുകൊണ്ടിരുന്നവര്‍ ഓടിപ്പോയി നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും വിവര മറിയിച്ചു. സംഭവിച്ചതെന്തെന്നു കാണാന്‍ ജനങ്ങള്‍ വന്നുകൂടി.15 അവര്‍ യേശുവിന്റെ അടുത്തെത്തി, ലെഗിയോന്‍ ആവേ ശിച്ചിരുന്ന പിശാചുബാധിതന്‍ വസ്ത്രം ധരിച്ച്, സുബോധത്തോടെ അവിടെയിരിക്കുന്നതു കണ്ടു. അവര്‍ ഭയപ്പെട്ടു.16 പിശാചുബാധിതനും പന്നികള്‍ക്കും സംഭവിച്ചതു കണ്ടവര്‍ അക്കാര്യങ്ങള്‍ ജനങ്ങളോടു പറഞ്ഞു.17 തങ്ങളുടെ പ്രദേശം വിട്ടുപോകണമെന്ന് അവര്‍ യേശുവിനോട് അപേക്ഷിച്ചു.18 അവര്‍ വഞ്ചിയില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, പിശാചു ബാധിച്ചിരുന്ന മനുഷ്യന്‍ അവനോടുകൂടെ പോകുന്നതിന് അനുവാദം ചോദിച്ചു.19 എന്നാല്‍, യേശു അനുവദിച്ചില്ല. അവന്‍ പറഞ്ഞു: നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്കു പോവുക. കര്‍ത്താവു നിനക്കുവേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ നിന്നോടു കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക.20 അവന്‍ പോയി, യേശു തനിക്കു വേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അദ്ഭു തപ്പെട്ടു.

രക്തസ്രാവക്കാരി; ജായ്‌റോസിന്റെ മകള്‍.
(മത്തായി 9 : 18 – 9 : 26 ) (ലൂക്കാ 8 : 40 – 8 : 56 )

21 യേശു വീണ്ടും വഞ്ചിയില്‍ മറുകരയെത്തിയപ്പോള്‍ ഒരു വലിയ ജനക്കൂട്ടം അവനുചുറ്റും കൂടി. അവന്‍ കടല്‍ത്തീരത്തു നില്‍ക്കുകയായിരുന്നു.22 അപ്പോള്‍, സിനഗോഗധികാരികളില്‍ ഒരുവനായ ജായ് റോസ് അവിടെ വന്നു. അവന്‍ യേശുവിനെക്കണ്ട് കാല്‍ക്കല്‍ വീണ് അപേക്ഷിച്ചു:23 എന്റെ കൊച്ചുമകള്‍ മരിക്കാറായിക്കിടക്കുന്നു. അങ്ങു വന്ന്, അവളുടെമേല്‍ കൈ കള്‍വച്ച്, രോഗം മാറ്റി അവളെ ജീവിപ്പിക്കണമേ!24 യേശു അവന്റെ കൂടെപോയി.

വലിയൊരു ജനക്കൂട്ടം തിങ്ങിഞെരുങ്ങി പിന്തുടര്‍ന്നു.

25 പന്ത്രണ്ടു വര്‍ഷമായി രക്തസ്രാവമുള്ള ഒരു സ്ത്രീ ഉണ്ടായിരുന്നു.26 പല വൈദ്യന്‍മാരുടെ അടുത്തു പോയി വളരെ കഷ്ടപ്പെടുകയും കൈവശമുള്ളതെല്ലാം ചെലവഴിക്കുകയും ചെയ്തിട്ടും അവളുടെ സ്ഥിതി മെച്ചപ്പെടുകയല്ല, കൂടുതല്‍ മോശമാവുകയാണു ചെയ്തത്.27 അവള്‍ യേശുവിനെക്കുറിച്ചു കേട്ടിരുന്നു. ജനക്കൂട്ടത്തിനിടയിലൂടെ അവള്‍ അവന്റെ പിന്നില്‍ചെന്ന്, വസ്ത്രത്തില്‍ സ്പര്‍ശിച്ചു.28 അവന്റെ വസ്ത്രത്തില്‍ ഒന്നു തൊട്ടാല്‍ മാത്രം മതി, ഞാന്‍ സുഖം പ്രാപിക്കും എന്ന് അവള്‍ വിചാരിച്ചിരുന്നു.29 തത്ക്ഷണം അവളുടെ രക്തസ്രാവം നിലച്ചു. താന്‍ രോഗവിമുക്തയായിരിക്കുന്നുവെന്ന് അവള്‍ക്കു ശരീരത്തില്‍ അനുഭവപ്പെട്ടു.30 യേശുവാകട്ടെ, തന്നില്‍നിന്നു ശക്തി പുറപ്പെട്ടെന്ന് അറിഞ്ഞ്, പെട്ടെന്നു ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞു ചോദിച്ചു: ആരാണ് എന്റെ വസ്ത്രത്തില്‍ സ്പര്‍ശിച്ചത്?31 ശിഷ്യന്‍മാര്‍ അവനോടു പറഞ്ഞു: ജനം മുഴുവന്‍ നിനക്കുചുറ്റും തിക്കിക്കൂടുന്നതു കാണുന്നില്ലേ?32 എന്നിട്ടും, ആരാണ് എന്നെ സ്പര്‍ശിച്ചത് എന്നു നീ ചോദിക്കുന്നുവോ? ആരാണ് അതു ചെയ്തതെന്നറിയാന്‍ അവന്‍ ചുറ്റും നോക്കി.33 ആ സ്ത്രീ തനിക്കു സംഭവിച്ച തറിഞ്ഞ് ഭയന്നുവിറച്ച് അവന്റെ കാല്‍ക്കല്‍ വീണ് സത്യം തുറന്നുപറഞ്ഞു.34 അവന്‍ അവളോടു പറഞ്ഞു: മകളേ, നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു; സമാധാനത്തോടെ പോവുക; വ്യാധിയില്‍നിന്നു വിമുക്തയായിരിക്കുക.35 യേശു സംസാരിച്ചുകൊണ്ടിരിക്കെ, സിനഗോഗധികാരിയുടെ വീട്ടില്‍നിന്ന് ചിലര്‍വന്നു പറഞ്ഞു: നിന്റെ മകള്‍ മരിച്ചു; ഗുരുവിനെ ഇനിയും എന്തിനു ബുദ്ധിമുട്ടിക്കുന്നു?36 അതുകേട്ട് യേശു സിനഗോഗധികാരിയോടു പറഞ്ഞു: ഭയപ്പെടേണ്ടാ, വിശ്വസിക്കുകമാത്രം ചെയ്യുക.37 പത്രോസും യാക്കോബും യാക്കോബിന്റെ സഹോദരന്‍ യോഹന്നാനുമൊഴികെ മറ്റാരും തന്നോടുകൂടെ പോരാന്‍ അവന്‍ അനുവദിച്ചില്ല.38 അവര്‍ സിനഗോഗധികാരിയുടെ വീട്ടിലെത്തി. അവിടെ ആളുകള്‍ വലിയ ബഹളം വയ്ക്കുന്നതും ഉച്ചത്തില്‍ കരയുന്നതും അലമുറയിടുന്നതും അവന്‍ കണ്ടു.39 അകത്തു പ്രവേശിച്ച് അവന്‍ അവരോടു പറഞ്ഞു: എന്തിനാണു നിങ്ങള്‍ ബഹളം വയ്ക്കുകയും വിലപിക്കുകയും ചെയ്യുന്നത്? കുട്ടി മരിച്ചിട്ടില്ല, ഉറങ്ങുകയാണ്.40 അവര്‍ അവനെ പരിഹസിച്ചു. അവനാകട്ടെ, അവരെ എല്ലാവരെയും പുറത്താക്കി. അനന്തരം പെണ്‍കുട്ടിയുടെ മാതാപിതാക്കന്‍മാരെയും തന്റെ കൂടെയുണ്ടായിരുന്നവരെയും കൂട്ടിക്കൊണ്ട് അവളെ കിടത്തിയിരുന്നിടത്തേക്ക് അവന്‍ ചെന്നു.41 അവന്‍ അവളുടെ കൈയ്ക്കുപിടിച്ചുകൊണ്ട്, ബാലികേ, എഴുന്നേല്‍ക്കൂ എന്നര്‍ഥമുള്ള തലീത്താ കും എന്നുപറഞ്ഞു.42 തത് ക്ഷണം ബാലിക എഴുന്നേറ്റു നടന്നു. അവള്‍ക്കു പന്ത്രണ്ടു വയസ്‌സു പ്രായമുണ്ടായിരുന്നു. അവര്‍ അത്യന്തം വിസ്മയിച്ചു.43 ആരും ഈ വിവരം അറിയരുത് എന്ന് യേശു അവര്‍ക്കു കര്‍ശനമായ ആജ്ഞ നല്‍കി. അവള്‍ക്കു ഭക്ഷണം കൊടുക്കാന്‍ അവന്‍ നിര്‍ദേശിച്ചു.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment