Gospel of St. Mark Chapter 8 | വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 8 | Malayalam Bible | POC Translation

വി. മർക്കോസ് എഴുതിയ സുവിശേഷം, അദ്ധ്യായം 8

വീണ്ടും അപ്പം വര്‍ധിപ്പിക്കുന്നു
(മത്തായി 15 : 32 – 15 : 39 )

1 ആദിവസങ്ങളില്‍ വീണ്ടും ഒരു വലിയ ജനാവലി ഒന്നിച്ചുകൂടി. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമുണ്ടായിരുന്നില്ല. അവന്‍ ശിഷ്യന്‍മാരെ വിളിച്ചു പറഞ്ഞു:2 ഈ ജനക്കൂട്ടത്തോട് എനിക്ക് അനുകമ്പ തോന്നുന്നു. ഇവര്‍ മൂന്നു ദിവസമായി എന്നോടുകൂടെയാണ്. അവര്‍ക്കു ഭക്ഷിക്കാന്‍ ഒന്നുമില്ല.3 അവരെ വിശപ്പോടെ വീട്ടിലേക്കു പറഞ്ഞയച്ചാല്‍ വഴിയില്‍ തളര്‍ന്നുവീണേക്കും. ചിലര്‍ ദൂരെനിന്നു വന്നവരാണ്.4 ശിഷ്യന്‍മാര്‍ അവനോടുചോദിച്ചു: ഈ വിജനസ്ഥ ലത്ത് ഇവര്‍ക്കെല്ലാം അപ്പം കൊടുക്കുന്നതെങ്ങനെ?5 അവന്‍ ചോദിച്ചു: നിങ്ങളുടെ പക്കല്‍ എത്ര അപ്പമുണ്ട്? ഏഴ്എന്ന് അവര്‍ പറഞ്ഞു.6 അവന്‍ ജനക്കൂട്ടത്തോടു നിലത്തിരിക്കാന്‍ ആജ്ഞാപിച്ചു. പിന്നീട്, അവന്‍ ആ ഏഴപ്പം എടുത്ത്, കൃതജ്ഞതാസ്‌തോത്രം ചെയ്ത്, മുറിച്ചു ജനങ്ങള്‍ക്കു വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു. അവര്‍ അതു ജനങ്ങള്‍ക്കു വിളമ്പി.7 കുറെ ചെ റിയ മത്‌സ്യങ്ങളും അവരുടെ പക്കലുണ്ടായിരുന്നു. അവന്‍ അവയും ആശീര്‍വദിച്ചു; വിളമ്പാന്‍ ശിഷ്യന്‍മാരെ ഏല്‍പിച്ചു.8 ജനം ഭക്ഷിച്ചു തൃപ്തരായി. ശേഷിച്ച കഷണങ്ങള്‍ ഏഴു കുട്ട നിറയെ അവര്‍ ശേഖരിച്ചു.9 ഭക്ഷിച്ചവര്‍ ഏകദേശം നാലായിരം പേരുണ്ടായിരുന്നു.10 അവന്‍ അവരെ പറഞ്ഞയച്ചതിനുശേഷം ശിഷ്യന്‍മാരോടൊപ്പം ഒരു വഞ്ചിയില്‍ കയറി ദല്‍മാനൂത്താ പ്രദേശത്തേക്കു പോയി.

ഫരിസേയര്‍ അടയാളം ആവശ്യപ്പെടുന്നു.
(മത്തായി 16 : 1 – 16 : 4 )

11 ഫരിസേയര്‍ വന്ന് അവനുമായി തര്‍ക്കിക്കാന്‍ തുടങ്ങി. അവര്‍ അവനെ പരീക്ഷിച്ചുകൊണ്ട് സ്വര്‍ഗത്തില്‍നിന്ന് ഒരു അടയാളം ആവശ്യപ്പെട്ടു.12 അവന്‍ ആത്മാവില്‍ അഗാധമായി നെടുവീര്‍പ്പിട്ടുകൊണ്ടു പറഞ്ഞു: എന്തുകൊണ്ടാണ് ഈ തലമുറ അടയാളം അന്വേഷിക്കുന്നത്? സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഈ തല മുറയ്ക്ക് അടയാളം നല്‍കപ്പെടുകയില്ല.13 അവന്‍ അവരെ വിട്ട്, വീണ്ടും വഞ്ചിയില്‍ കയറി മറുകരയിലേക്കുപോയി.

ഫരിസേയരുടെ പുളിമാവ്.
(മത്തായി 16 : 5 – 16 : 12 )

14 ശിഷ്യന്‍മാര്‍ അപ്പം എടുക്കാന്‍മറന്നുപോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു.15 അവന്‍ മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയുംഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍.16 അവന്‍ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ പരസ് പരം പറഞ്ഞു.17 ഇതു മനസ്‌സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്‌സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്ദീഭവിച്ചിരിക്കുന്നുവോ?18 കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ?19 അഞ്ചപ്പം ഞാന്‍ അയ്യായിരംപേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷിച്ച കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ പറഞ്ഞു.20 ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ്എന്ന് അവര്‍ മറുപടി പറഞ്ഞു.21 അവന്‍ ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?

അന്ധനു കാഴ്ച

22 പിന്നീട് അവന്‍ ബേത്‌സയ്ദായിലെത്തി. കുറെപ്പേര്‍ ഒരു അന്ധനെ അവന്റെ യടുത്തു കൊണ്ടുവന്ന്, അവനെ സ്പര്‍ശിക്കണമെന്ന് യേശുവിനോട് അപേക്ഷിച്ചു.23 അവന്‍ അന്ധനെ കൈയ്ക്കുപിടിച്ച് ഗ്രാമത്തിനു വെളിയിലേക്കു കൊണ്ടുപോയി. അവന്റെ കണ്ണുകളില്‍ തുപ്പിയശേഷം അവന്റെ മേല്‍ കൈകള്‍ വച്ചുകൊണ്ടു ചോദിച്ചു: നീ എന്തെങ്കിലും കാണുന്നുണ്ടോ?24 നോക്കിയിട്ട് അവന്‍ പറഞ്ഞു: ഞാന്‍ മനുഷ്യരെ കാണുന്നുണ്ട്. അവര്‍ മരങ്ങളെപ്പോലിരിക്കുന്നു; നടക്കുന്നതായും കാണുന്നു.25 വീണ്ടും യേശു അവന്റെ കണ്ണുകളില്‍ കൈകള്‍ വച്ചു. അവന്‍ സൂക്ഷിച്ചു നോക്കി; കാഴ്ച തിരിച്ചുകിട്ടുകയുംചെയ്തു. അവന്‍ എല്ലാ വസ്തുക്കളും വ്യക്തമായി കണ്ടു.26 ഗ്രാമത്തില്‍ പ്രവേശിക്കുകപോലും ചെയ്യരുത് എന്നു പറഞ്ഞ് യേശു അവനെ വീട്ടിലേക്ക് അയച്ചു.

പത്രോസിന്റെ വിശ്വാസപ്രഖ്യാപനം.
(മത്തായി 16 : 13 – 16 : 20 ) (ലൂക്കാ 9 : 18 – 9 : 21 )

27 യേശുവും ശിഷ്യന്‍മാരും കേസറിയാഫിലിപ്പിയിലെ ഗ്രാമങ്ങളിലേക്കു പുറപ്പെട്ടു. വഴിമധ്യേ അവന്‍ ശിഷ്യന്‍മാരോടു ചോദിച്ചു: ഞാന്‍ ആരെന്നാണ് ആളുകള്‍ പറയുന്നത്?28 അവര്‍ പറഞ്ഞു: ചിലര്‍ സ്‌നാപകയോഹന്നാന്‍ എന്നും മറ്റുചിലര്‍ ഏലിയാ എന്നും, വേറെ ചിലര്‍ പ്രവാചകന്‍മാരില്‍ ഒരുവന്‍ എന്നും പറയുന്നു.29 അവന്‍ ചോദിച്ചു: എന്നാല്‍ ഞാന്‍ ആരെന്നാണ് നിങ്ങള്‍ പറയുന്നത്? പത്രോസ് മറുപടി പറഞ്ഞു: നീ ക്രിസ്തുവാണ്.30 തന്നെക്കുറിച്ച് ആരോടും പറയരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു.

പീഡാനുഭവവും ഉത്ഥാനവും – ഒന്നാം പ്രവചനം
(മത്തായി 16 : 21 – 16 : 28 ) (ലൂക്കാ 9 : 22 – 9 : 27 )

31 മനുഷ്യപുത്രന്‍ വളരെയേറെ സഹിക്കുകയും ജനപ്രമാണികള്‍, പ്രധാനപുരോഹിതന്‍മാര്‍, നിയമജ്ഞര്‍ എന്നിവരാല്‍ തിരസ്‌കരിക്കപ്പെടുകയും വധിക്കപ്പെടുകയും മൂന്നു ദിവസങ്ങള്‍ക്കുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യേണ്ടിയിരിക്കുന്നുവെന്ന് അവന്‍ അവരെ പഠിപ്പിക്കാന്‍ തുടങ്ങി. 32 അവന്‍ ഇക്കാര്യം തുറന്നുപറഞ്ഞു. അപ്പോള്‍, പത്രോസ് അവനെ മാറ്റിനിര്‍ത്തിക്കൊണ്ട് തടസ്‌സംപറയാന്‍ തുടങ്ങി. 33 യേശു പിന്‍തിരിഞ്ഞു നോക്കിയപ്പോള്‍ ശിഷ്യന്‍മാര്‍ നില്‍ക്കുന്നതു കണ്ട് പത്രോസിനെ ശാസിച്ചുകൊണ്ടു പറഞ്ഞു: സാത്താനേ, നീ എന്റെ മുമ്പില്‍നിന്നു പോകൂ. നിന്റെ ചിന്ത ദൈവികമല്ല, മാനുഷികമാണ്. 34 അവന്‍ ശിഷ്യന്‍മാരോടൊപ്പം ജനക്കൂട്ടത്തെയും തന്റെ അടുത്തേക്കു വിളിച്ചുവരുത്തി അവരോടു പറഞ്ഞു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. 35 സ്വന്തം ജീവന്‍ രക്ഷിക്കാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; ആരെങ്കിലും എനിക്കുവേണ്ടിയോ സുവിശേഷത്തിനുവേണ്ടിയോ സ്വന്തം ജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതിനെ രക്ഷിക്കും. 36 ഒരുവന്‍ ലോകം മുഴുവന്‍ നേടിയാലും തന്റെ ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അതുകൊണ്ട് അവന് എന്തു പ്രയോജനം? 37 മനുഷ്യന്‍ സ്വന്തം ആത്മാവിനു പകരമായി എന്തു കൊടുക്കും? 38 പാപം നിറഞ്ഞതും അവിശ്വസ്തവുമായ ഈ തലമുറയില്‍ എന്നെക്കുറിച്ചോ എന്റെ വചനങ്ങളെക്കുറിച്ചോ ലജ്ജിക്കുന്നവനെപ്പറ്റി മനുഷ്യപുത്രനും തന്റെ പിതാവിന്റെ മഹത്വത്തില്‍ പരിശുദ്ധ ദൂതന്‍മാരോടുകൂടെ വരുമ്പോള്‍ ലജ്ജിക്കും.

Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment