Gospel of St. Luke Chapter 6 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 6 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 6

സാബത്താചരണത്തെക്കുറിച്ചു തര്‍ക്കം

1 ഒരു സാബത്തുദിവസം യേശു ഗോതമ്പുവയലിലൂടെ കടന്നുപോകുമ്പോള്‍ അവന്റെ ശിഷ്യന്‍മാര്‍ കതിരുകള്‍ പറിച്ച് കൈകൊണ്ടു തിരുമ്മി തിന്നു.2 ഫരിസേയരില്‍ ചിലര്‍ ചോദിച്ചു: സാബത്തില്‍ നിഷിദ്ധമായത് നിങ്ങള്‍ ചെയ്യുന്നതെന്ത്?3 അവന്‍ മറുപടി പറഞ്ഞു: വിശന്നപ്പോള്‍ ദാവീദും അ നുചരന്മാരും എന്താണു ചെയ്തതെന്നു നിങ്ങള്‍ വായിച്ചിട്ടില്ലേ?4 അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, പുരോഹിതന്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും ഭക്ഷിക്കാന്‍ അനുവാദമില്ലാത്ത കാഴ്ചയപ്പം എടുത്തു ഭക്ഷിക്കുകയും കൂടെയുണ്ടായിരുന്നവര്‍ക്ക് കൊടുക്കുകയും ചെയ്തില്ലേ.5 അവന്‍ അവരോടു പറഞ്ഞു: മനുഷ്യപുത്രന്‍ സാബത്തിന്റെയും കര്‍ത്താവാണ്.

സാബത്തില്‍ രോഗശാന്തി

6 മറ്റൊരു സാബത്തില്‍ അവന്‍ ഒരു സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിക്കുകയായിരുന്നു. അവിടെ വലത്തുകൈ ശോഷിച്ച ഒരുവന്‍ ഉണ്ടായിരുന്നു.7 നിയമജ്ഞരും ഫരിസേയരും യേശുവില്‍ കുറ്റമാരോപിക്കാന്‍ പഴുതുനോക്കി, സാബത്തില്‍ അവന്‍ രോഗശാന്തി നല്‍കുമോ എന്നു ശ്രദ്ധിച്ചുകൊണ്ടിരുന്നു.8 അവന്‍ അവരുടെ വിചാരങ്ങള്‍ മനസ്‌സിലാക്കിയിട്ട്, കൈശോഷിച്ചവനോടു പറഞ്ഞു: എഴുന്നേറ്റ് നടുവില്‍ വന്നു നില്‍ക്കുക. അവന്‍ എഴുന്നേറ്റുനിന്നു.9 യേശു അവരോടു പറഞ്ഞു: ഞാന്‍ നിങ്ങളോടു ചോദിക്കുന്നു, സാബത്തില്‍ നന്‍മചെയ്യുന്നതോ തിന്‍മ ചെയ്യുന്നതോ ജീവനെ രക്ഷിക്കുന്നതോ നശിപ്പിക്കുന്നതോ ഏതാണ് അനുവദനീയം?10 അവിടെക്കൂടിയിരുന്ന എല്ലാവരുടെയും നേരേ നോക്കി ക്കൊണ്ട് അവന്‍ ആ മനുഷ്യനോടു പറഞ്ഞു: കൈനീട്ടുക. അവന്‍ കൈ നീട്ടി. അതു സുഖപ്പെട്ടു.11 അവര്‍ രോഷാകുലരായി, യേശുവിനോട് എന്താണു ചെയ്യേണ്ടതെന്നു പരസ്പരം ആലോചിച്ചു.

തെരഞ്ഞെടുക്കുന്നു

12 ആദിവസങ്ങളില്‍ അവന്‍ പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു.13 പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്‍മാരെ അടുത്തു വിളിച്ച് അവരില്‍നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പസ്‌തോലന്‍മാര്‍ എന്നു പേരു നല്‍കി.14 അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ,15 മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍,16 യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.

രോഗികളെ സുഖപ്പെടുത്തുന്നു.

17 അവന്‍ അവരോടുകൂടെ ഇറങ്ങി സമ തലത്തില്‍ വന്നുനിന്നു. ശിഷ്യന്‍മാരുടെ ഒരു വലിയ ഗണവും അവന്റെ വചനം ശ്ര വിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായിയൂദയാ, ജറുസലെം എന്നിവിടങ്ങളില്‍നിന്നും ടയിര്‍, സീദോന്‍, എന്നീ തീരപ്രദേശങ്ങളില്‍നിന്നും വന്നവലിയ ജനസ മൂഹവും അവിടെ ഒരുമിച്ചു കൂടി.18 അശുദ്ധാത്മാക്കളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു.19 ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.

സുവിശേഷഭാഗ്യങ്ങള്‍

20 അവന്‍ ശിഷ്യരുടെ നേരേ കണ്ണുകളുയര്‍ത്തി അരുളിച്ചെയ്തു: ദരിദ്രരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; ദൈവരാജ്യം നിങ്ങളുടേതാണ്.21 ഇപ്പോള്‍ വിശപ്പു സഹിക്കുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ തൃപ്തരാക്കപ്പെടും. ഇപ്പോള്‍ കരയുന്നവരേ, നിങ്ങള്‍ ഭാഗ്യവാന്‍മാര്‍; നിങ്ങള്‍ ചിരിക്കും.22 മനുഷ്യപുത്രന്‍ നിമിത്തം മനുഷ്യര്‍ നിങ്ങളെ ദ്വേഷിക്കുകയും പുറന്തള്ളുകയും അവഹേ ളിക്കുകയും നിങ്ങളുടെ പേരു ദുഷിച്ചതായിക്കരുതി തിരസ്‌കരിക്കുകയും ചെയ്യുമ്പോള്‍ നിങ്ങള്‍ ഭാഗ്യവാന്‍മാര്‍. 23 അപ്പോള്‍ നിങ്ങള്‍ ആഹ്ലാദിക്കുവിന്‍, സന്തോഷിച്ചു കുതിച്ചുചാടുവിന്‍; സ്വര്‍ഗത്തില്‍ നിങ്ങളുടെപ്രതിഫലം വലുതായിരിക്കും. അവരുടെ പിതാക്കന്‍മാര്‍ പ്രവാചകന്‍മാരോടും ഇപ്രകാരം തന്നെയാണ് പ്രവര്‍ത്തിച്ചത്.24 എന്നാല്‍, സമ്പന്നരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങളുടെ ആശ്വാസം നിങ്ങള്‍ക്കു ലഭിച്ചു കഴിഞ്ഞു. ഇപ്പോള്‍ സംതൃപ്തരായി കഴിയുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ക്കു വിശക്കും.25 ഇപ്പോള്‍ ചിരിക്കുന്നവരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ ദുഃഖിച്ചു കരയും.26 മനുഷ്യരെല്ലാം നിങ്ങളെ പ്രശംസിച്ചു സംസാരിക്കുമ്പോള്‍ നിങ്ങള്‍ക്കു ദുരിതം! അവരുടെ പിതാക്കന്‍മാര്‍ വ്യാജപ്രവാചകന്‍മാരോടും അങ്ങനെ തന്നെ ചെയ്തു.

തിന്‍മയെ നന്‍മകൊണ്ടു ജയിക്കുക

27 എന്റെ വാക്കു ശ്രവിക്കുന്ന നിങ്ങളോടു ഞാന്‍ പറയുന്നു, ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്കു നന്‍മചെയ്യുവിന്‍;28 ശപിക്കുന്നവരെ അനുഗ്രഹിക്കുവിന്‍; അധിക്‌ഷേപിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.29 ഒരു ചെകിട്ടത്ത് അടിക്കുവന് മറ്റേ ചെകിടുകൂടി കാണിച്ചു കൊടുക്കുക. മേലങ്കി എടുക്കുവനെ കുപ്പായംകൂടി എടുക്കുന്നതില്‍ നിന്നു തടയരുത്.30 നിന്നോടു ചോദിക്കുന്ന ഏതൊരുവനുംകൊടുക്കുക. നിന്റെ വസ്തുക്കള്‍ എടുത്തുകൊണ്ടുപോകുന്നവനോടു തിരിയെ ചോദിക്കരുത്.31 മറ്റുള്ളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിന്‍.32 നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിക്കുന്നതില്‍ എന്തുമേന്‍മയാണുള്ളത്? പാപികളും തങ്ങളെ സ്‌നേഹിക്കുന്നവരെ സ്‌നേഹിക്കുന്നുണ്ടല്ലോ.33 നിങ്ങള്‍ക്കു നന്‍മ ചെയ്യുന്നവര്‍ക്കു നിങ്ങള്‍ നന്‍മ ചെയ്യുന്നതില്‍ എന്തു മേന്‍മയാണുള്ളത്? പാപികളും അങ്ങനെ ചെയ്യുന്നുണ്ടല്ലോ.34 തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിച്ച് വായ്പ കൊടുക്കുന്നതില്‍ എന്തു മേന്‍മയാണുളളത്? കൊടുത്തിടത്തോളം തിരിച്ചു കിട്ടുമെന്ന പ്രതീക്ഷയില്‍ പാപികളും പാപികള്‍ക്കു വായ്പ കൊടുക്കുന്നില്ലേ?35 എന്നാല്‍, നിങ്ങള്‍ ശത്രുക്കളെ സ്‌നേഹിക്കുവിന്‍. തിരിച്ചു കിട്ടും എന്നു പ്രതീക്ഷിക്കാതെ മറ്റുള്ള വര്‍ക്കു നന്‍മചെയ്യുകയും വായ്പ കൊടുക്കുകയും ചെയ്യുവിന്‍. അപ്പോള്‍ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും, നിങ്ങള്‍ അത്യുന്നതന്റെ പുത്രന്‍മാരായിരിക്കുകയുംചെയ്യും. കാരണം, അവിടുന്നു നന്ദിഹീന രോടും ദുഷ്ടരോടും കരുണ കാണിക്കുന്നു.36 നിങ്ങളുടെ പിതാവ് കരുണയുള്ള വനായിരിക്കുന്നതുപോലെ നിങ്ങളും കരുണയുള്ളവരായിരിക്കുവിന്‍.

അന്യരെ വിധിക്കരുത്

37 നിങ്ങള്‍ വിധിക്കരുത്; നിങ്ങളും വിധിക്കപ്പെടുകയില്ല. കുറ്റാരോപണം നടത്ത രുത്; നിങ്ങളുടെമേലും കുറ്റം ആരോപിക്ക പ്പെടുകയില്ല, ക്ഷമിക്കുവിന്‍; നിങ്ങളോടും ക്ഷമിക്കപ്പെടും.38 കൊടുക്കുവിന്‍; നിങ്ങള്‍ക്കും കിട്ടും. അമര്‍ത്തിക്കുലുക്കി നിറച്ചളന്ന് അവര്‍ നിങ്ങളുടെ മടിയില്‍ ഇട്ടുതരും. നിങ്ങള്‍ അളക്കുന്ന അളവു കൊണ്ടുതന്നെ നിങ്ങള്‍ക്കും അളന്നു കിട്ടും.39 അവന്‍ ഒരു ഉപമയും അവരോടു പറഞ്ഞു: കുരുടനു കുരുടനെ നയിക്കുവാന്‍ സാധിക്കുമോ? ഇരുവരും കുഴിയില്‍ വീഴുകയില്ലേ?40 ശിഷ്യന്‍ ഗുരുവിനെക്കാള്‍ വലിയവനല്ല. എന്നാല്‍, എല്ലാം പഠിച്ചു കഴിയുമ്പോള്‍ അവന്‍ ഗുരുവിനെപ്പോലെ ആകും.41 നിന്റെ സഹോദരന്റെ കണ്ണിലെ കരട് നീ കാണുകയും സ്വന്തം കണ്ണിലെ തടിക്കഷണത്തെ ഗൗനിക്കാതിരിക്കുകയും ചെയ്യുന്നതെന്ത്?42 സ്വന്തം കണ്ണിലെ തടിക്കഷണം കാണാതിരിക്കേ, സഹോദരാ, നിന്റെ കണ്ണിലെ കരട് ഞാന്‍ എടുത്തു കളയട്ടെ എന്നു പറയാന്‍ നിനക്ക് എങ്ങനെ കഴിയും? കപടനാട്യക്കാരാ, ആദ്യമേ നിന്റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റുക. അപ്പോള്‍ നിന്റെ സഹോദരന്റെ കണ്ണിലെ കരട് എടുത്തുകളയാന്‍ കഴിയത്തക്കവിധം നിന്റെ കാഴ്ച തെളിയും.

ഫലത്തില്‍നിന്നു വൃക്ഷത്തെഅറിയുക.

43 നല്ല വൃക്ഷം ചീത്ത ഫലങ്ങള്‍ പുറ പ്പെടുവിക്കുന്നില്ല; ചീത്ത വൃക്ഷം നല്ല ഫലങ്ങളും.44 ഓരോ വൃക്ഷവും ഫലം കൊണ്ടു തിരിച്ചറിയപ്പെടുന്നു. മുള്‍ച്ചെടിയില്‍നിന്ന് അത്തിപ്പഴമോ ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴമോ ലഭിക്കുന്നില്ലല്ലോ.45 നല്ല മനുഷ്യന്‍ തന്റെ ഹൃദയത്തിലെ നല്ല നിക്‌ഷേപത്തില്‍നിന്നു നന്‍മ പുറപ്പെടുവിക്കുന്നു. ചീത്ത മനുഷ്യന്‍ തിന്‍മയില്‍ നിന്നു തിന്‍മ പുറപ്പെടുവിക്കുന്നു. ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്.

ഉറച്ച അടിസ്ഥാനം

46 നിങ്ങള്‍ എന്നെ കര്‍ത്താവേ, കര്‍ത്താവേ, എന്നു വിളിക്കുകയും ഞാന്‍ പറയുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാതിരിക്കുകയുംചെയ്യുന്നത് എന്തുകൊണ്ട്?47 എന്റെ അടുത്തുവന്ന് എന്റെ വചനംകേള്‍ക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുന്നവന്‍ ആര്‍ക്കു സദൃശനാണെന്ന് ഞാന്‍ വ്യക്തമാക്കാം.48 ആഴത്തില്‍ കുഴിച്ച് പാറമേല്‍ അടിസ്ഥാനമിട്ട് വീടു പണിത മനുഷ്യനോടു സദൃശനാണ് അവന്‍ . വെ ള്ളപ്പൊക്കമുണ്ടാവുകയും ഒഴുക്ക് അതിന്‍മേല്‍ ആഞ്ഞടിക്കുകയും ചെയ്തു. എന്നാല്‍ ആ വീടിനെ ഇളക്കാന്‍ കഴിഞ്ഞില്ല; എന്തെന്നാല്‍, അതു ബലിഷ്ഠമായി പണിയപ്പെട്ടിരുന്നു.49 വചനംകേള്‍ക്കുകയും എന്നാല്‍, അതനുസരിച്ചു പ്രവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്ന മനുഷ്യന്‍ ഉറപ്പില്ലാത്ത തറമേല്‍ വീടു പണിതവനു തുല്യന്‍. ജലപ്രവാഹം അതിന്‍മേല്‍ ആഞ്ഞടിച്ചു; ഉടനെ അതു നിലംപതിച്ചു. ആ വീടിന്റെ തകര്‍ച്ചവലുതായിരുന്നു.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Gospel of St. Luke
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment