🔥 🔥 🔥 🔥 🔥 🔥 🔥
15 Feb 2022
Tuesday of week 6 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 31:3-4
എന്നെ രക്ഷിക്കാനായി
അങ്ങ് എന്റെ സംരക്ഷകനായ ദൈവവും അഭയകേന്ദ്രവുമാകണമേ.
എന്തെന്നാല്‍, അങ്ങ് എനിക്ക് വാനവിതാനവും അഭയവുമാകുന്നു.
അങ്ങേ നാമത്തെപ്രതി അങ്ങ് എനിക്ക് നായകനും
എന്നെ പരിപോഷിപ്പിക്കുന്നവനുമായിരിക്കും.
സമിതിപ്രാര്‍ത്ഥന
ദൈവമേ, സംശുദ്ധതയും ആത്മാര്‍ഥതയും നിറഞ്ഞ ഹൃദയങ്ങളില്‍
വസിക്കുമെന്ന് അങ്ങ് അരുള്‍ചെയ്തിട്ടുണ്ടല്ലോ.
അങ്ങു വസിക്കാന്‍ തിരുമനസ്സാകുന്ന,
ഇപ്രകാരമുള്ളവരെ പോലെയാകാന്‍
അങ്ങേ കൃപയാല്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
യാക്കോ 1:12-18
അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.
പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും. പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല. ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്. ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ച പ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു. എന്റെ പ്രിയസഹോദരരേ, നിങ്ങള്‍ക്കു മാര്‍ഗഭ്രംശം സംഭവിക്കരുത്. ഉത്തമവും പൂര്‍ണവുമായ എല്ലാ ദാനങ്ങളും ഉന്നതത്തില്‍ നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍ നിന്നു വരുന്നു. തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന് സത്യത്തിന്റെ വചനത്താല്‍, നമുക്കു ജന്മം നല്‍കാന്‍ അവിടുന്നു തിരുമനസ്സായി.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 94:12-13a,14-15,18-19
കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും
നിയമം പഠിപ്പിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
അവിടുന്ന് അവനു ക്ഷടകാലങ്ങളില്‍ വിശ്രമം നല്‍കുന്നു,
ദുഷ്ടനെ പിടികൂടാന്‍ കുഴികുഴിക്കുന്നതുവരെ.
കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവു തന്റെ ജനത്തെ പരിത്യജിക്കുകയില്ല;
അവിടുന്നു തന്റെ അവകാശത്തെ ഉപേക്ഷിക്കുകയില്ല.
വിധികള്‍ വീണ്ടും നീതിപൂര്‍വകമാകും;
പരമാര്‍ഥ ഹൃദയമുള്ളവര്‍ അതു മാനിക്കും.
കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
എന്റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ വിചാരിച്ചപ്പോഴേക്കും
കര്‍ത്താവേ, അങ്ങേ കാരുണ്യം എന്നെ താങ്ങിനിര്‍ത്തി.
എന്റെ ഹൃദയത്തിന്റെ ആകുലതകള്‍ വര്‍ധിക്കുമ്പോള്‍
അങ്ങ് നല്‍കുന്ന ആശ്വാസം എന്നെ ഉന്മേഷവാനാക്കുന്നു.
കര്‍ത്താവേ, അവിടുന്നു ശിക്ഷിക്കുകയും നിയമം പഠിപ്പിക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ! അല്ലേലൂയ!
ദൈവമേ, അങ്ങേ പുത്രൻ്റെ വാക്കുകൾ കേൾക്കാൻ ഞങ്ങളുടെ ഹൃദയം തുറക്കേണമേ.
അല്ലേലൂയ!
സുവിശേഷം
മാര്‍ക്കോ 8:14-21
ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍.
അക്കാലത്ത്, ശിഷ്യന്മാര്‍ അപ്പം എടുക്കാന്‍ മറന്നുപോയിരുന്നു. വഞ്ചിയില്‍ അവരുടെ പക്കല്‍ ഒരപ്പം മാത്രമേ ഉണ്ടായിരുന്നുള്ളു. യേശു മുന്നറിയിപ്പു നല്‍കി: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. ഫരിസേയരുടെയും ഹേറോദേസിന്റെയും പുളിപ്പിനെക്കുറിച്ച് കരുതലോടെയിരിക്കുവിന്‍. അവന്‍ ഇങ്ങനെ പറഞ്ഞത്, തങ്ങളുടെ പക്കല്‍ അപ്പം ഇല്ലാത്തതുകൊണ്ടാണെന്ന് അവര്‍ പരസ്പരം പറഞ്ഞു. ഇതു മനസ്സിലാക്കിയ യേശു അവരോടു പറഞ്ഞു: നിങ്ങള്‍ക്ക് അപ്പമില്ലാത്തതിനെക്കുറിച്ച് എന്തിനു തര്‍ക്കിക്കുന്നു? ഇനിയും നിങ്ങള്‍ മനസ്സിലാക്കുകയും ഗ്രഹിക്കുകയും ചെയ്യുന്നില്ലേ? നിങ്ങളുടെ ഹൃദയങ്ങള്‍ മന്ദീഭവിച്ചിരിക്കുന്നുവോ? കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ലേ? ചെവിയുണ്ടായിട്ടും നിങ്ങള്‍ കേള്‍ക്കുന്നില്ലേ? നിങ്ങള്‍ ഓര്‍മിക്കുന്നില്ലേ? അഞ്ചപ്പം ഞാന്‍ അയ്യായിരം പേര്‍ക്കായി ഭാഗിച്ചപ്പോള്‍ ശേഷിച്ച കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട നിറച്ചെടുത്തു? പന്ത്രണ്ട് എന്ന് അവര്‍ പറഞ്ഞു. ഏഴപ്പം നാലായിരം പേര്‍ക്കു വീതിച്ചപ്പോള്‍ മിച്ചം വന്ന കഷണങ്ങള്‍ നിങ്ങള്‍ എത്ര കുട്ട എടുത്തു? ഏഴ് എന്ന് അവര്‍ മറുപടി പറഞ്ഞു. അവന്‍ ചോദിച്ചു: എന്നിട്ടും നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ?
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, ഈ അര്‍പ്പണം ഞങ്ങളെ ശുദ്ധീകരിക്കുകയും
നവീകരിക്കുകയും ചെയ്യണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ തിരുമനസ്സ് നിറവേറ്റുന്നവര്‍ക്ക്
അത് നിത്യമായ പ്രതിഫലത്തിന് നിദാനമായി തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
cf. സങ്കീ 78:29-30
അവര്‍ ഭക്ഷിച്ചു തൃപ്തരായി,
അവര്‍ ആഗ്രഹിച്ചത് കര്‍ത്താവ് അവര്‍ക്കു നല്കി.
അവരുടെ ആഗ്രഹത്തില്‍ അവര്‍ നിരാശരായില്ല.
Or:
യോഹ 3:16
അവനില്‍ വിശ്വസിക്കുന്ന ആരും നശിച്ചുപോകാതെ
നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി,
തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം
ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയഭോജനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ഞങ്ങള്‍ യഥാര്‍ഥത്തില്‍ ജീവിക്കുന്ന അതേ ഭോജനം
എന്നും തേടുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment