The Book of Acts Chapter 2 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 2 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 2

പരിശുദ്ധാത്മാവിന്റെ ആഗമനം

1 പന്തക്കുസ്താദിനം സമാഗതമായപ്പോള്‍ അവരെല്ലാവരും ഒരുമിച്ചുകൂടിയിരിക്കുകയായിരുന്നു.2 കൊടുങ്കാറ്റടിക്കുന്നതുപോലുള്ള ഒരു ശബ്ദം പെട്ടെന്ന് ആകാശത്തുനിന്നുണ്ടായി. അത് അവര്‍ സമ്മേളിച്ചിരുന്ന വീടുമുഴുവന്‍ നിറഞ്ഞു.3 അഗ്‌നിജ്വാലകള്‍പോലുള്ള നാവുകള്‍ തങ്ങളോരോരുത്തരുടെയുംമേല്‍ വന്നു നില്‍ക്കുന്നതായി അവര്‍ കണ്ടു.4 അവരെല്ലാവരും പരിശുദ്ധാത്മാവിനാല്‍ നിറഞ്ഞു. ആത്മാവുകൊടുത്ത ഭാഷണവരമനുസരിച്ച് അവര്‍ വിവിധ ഭാഷകളില്‍ സംസാരിക്കാന്‍ തുടങ്ങി.5 ആകാശത്തിന്‍കീഴുള്ള സകല ജനപദങ്ങളിലും നിന്നു വന്ന ഭക്തരായ യഹൂദര്‍ ജറുസലെമില്‍ ഉണ്ടായിരുന്നു.6 ആരവം ഉണ്ടായപ്പോള്‍ ജനം ഒരുമിച്ചുകൂടുകയും തങ്ങളോരോരുത്തരുടെയും ഭാഷകളില്‍ അപ്പസ്‌തോലന്‍മാര്‍ സംസാരിക്കുന്നതുകേട്ട് അദ്ഭുതപ്പെടുകയുംചെയ്തു.7 അവര്‍ വിസ്മയഭരിതരായി പറഞ്ഞു: ഈ സംസാരിക്കുന്നവരെല്ലാവരും ഗലീലിയരല്ലേ?8 നാമെല്ലാവരും താന്താങ്ങളുടെ മാതൃഭാഷയില്‍ ശ്രവിക്കുന്നതെങ്ങനെ?9 പാര്‍ത്തിയാക്കാരുംമേദിയാക്കാരും എലാമിയാക്കാരും മെസെപ്പൊട്ടാമിയന്‍ നിവാസികളുംയൂദയായിലും കപ്പദോക്കിയായിലും പോന്തസിലും ഏഷ്യയിലും താമസിക്കുന്നവരും10 ഫ്രീജിയായിലും പാംഫീലിയായിലും ഈജിപ്തിലും കിറേനേയുടെ ലിബിയാപ്രദേശങ്ങളിലും നിവസിക്കുന്നവരും റോമായില്‍നിന്നുള്ള സന്ദര്‍ശകരും യഹൂദരും യഹൂദമതം സ്വീകരിച്ചവരും11 ക്രേത്യരും അറേബ്യരും ആയ നാമെല്ലാം, ദൈവത്തിന്റെ അദ്ഭുതപ്രവൃത്തികള്‍ അവര്‍ വിവരിക്കുന്നതു നമ്മുടെ മാതൃഭാഷകളില്‍ കേള്‍ക്കുന്നല്ലോ.12 ഇതിന്റെ യെല്ലാം അര്‍ഥമെന്ത് എന്ന് പരസ്പരംചോദിച്ചുകൊണ്ട് എല്ലാവരും വിസ്മയിക്കുകയും പരിഭ്രമിക്കുകയും ചെയ്തു.13 എന്നാല്‍, മറ്റു ചിലര്‍ പരിഹസിച്ചു പറഞ്ഞു: പുതുവീഞ്ഞു കുടിച്ച് അവര്‍ക്കു ലഹരിപിടിച്ചിരിക്കുകയാണ്.

പത്രോസിന്റെ പ്രസംഗം

14 എന്നാല്‍, പത്രോസ് മറ്റു പതിനൊന്നുപേരോടുമൊപ്പം എഴുന്നേറ്റുനിന്ന് ഉച്ചസ്വരത്തില്‍ അവരോടു പറഞ്ഞു: യഹൂദജനങ്ങളേ, ജറുസലെമില്‍ വസിക്കുന്നവരേ, ഇതു മനസ്‌സിലാക്കുവിന്‍; എന്റെ വാക്കുകള്‍ശ്രദ്ധിക്കുവിന്‍.15 നിങ്ങള്‍ വിചാരിക്കുന്നതുപോലെ ഇവര്‍ ലഹരി പിടിച്ചവരല്ല. കാരണം, ഇപ്പോള്‍ ദിവസത്തിന്റെ മൂന്നാംമണിക്കൂറല്ലേ ആയിട്ടുള്ളൂ?16 മറിച്ച്, ജോയേല്‍ പ്രവാചകന്‍ പറഞ്ഞതാണിത് :17 ദൈവം അരുളിച്ചെയ്യുന്നു: അവസാനദിവസങ്ങളില്‍ എല്ലാ മനുഷ്യരുടെയുംമേല്‍ എന്റെ ആത്മാവിനെ ഞാന്‍ വര്‍ഷിക്കും. നിങ്ങളുടെ പുത്രന്‍മാരും പുത്രിമാരും പ്രവചിക്കും; നിങ്ങളുടെയുവാക്കള്‍ക്കു ദര്‍ശനങ്ങളുണ്ടാകും; നിങ്ങളുടെവൃദ്ധന്‍മാര്‍ സ്വപ്നങ്ങള്‍ കാണും.18 എന്റെ ദാസന്‍മാരുടെയും ദാസികളുടെയുംമേല്‍ ഞാന്‍ എന്റെ ആത്മാവിനെ വര്‍ഷിക്കും; അവര്‍ പ്രവചിക്കുകയും ചെയ്യും.19 ആകാശത്തില്‍ അദ്ഭുതങ്ങളും ഭൂമിയില്‍ അടയാളങ്ങളും ഞാന്‍ കാണിക്കും- രക്തവും അ ഗ്‌നിയും ധൂമപടലവും.20 കര്‍ത്താവിന്റെ മഹനീയവും പ്രകാശപൂര്‍ണവുമായ ദിനം വരുന്നതിനുമുമ്പ് സൂര്യന്‍ അന്ധകാരമായും ചന്ദ്രന്‍ രക്തമായും മാറും.21 കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്നവര്‍ രക്ഷപ്രാപിക്കും.22 ഇസ്രായേല്‍ ജനങ്ങളേ, ഈ വാക്കുകള്‍ കേള്‍ക്കുവിന്‍. നിങ്ങള്‍ക്കറിയാവുന്നതുപോലെ, ദൈവം, നസറായനായ യേശുവിനെ, താന്‍ അവന്‍ വഴി നിങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ച മഹത്തായ കാര്യങ്ങള്‍കൊണ്ടും തന്റെ അദ്ഭുത കൃത്യങ്ങളും അടയാളങ്ങളുംകൊണ്ടും നിങ്ങള്‍ക്കു സാക്ഷ്യപ്പെടുത്തിത്തന്നു.23 അവന്‍ ദൈവത്തിന്റെ നിശ്ചിത പദ്ധതിയും പൂര്‍വജ്ഞാനവുമനുസരിച്ചു നിങ്ങളുടെ കൈകളില്‍ ഏല്‍പിക്കപ്പെട്ടു. അധര്‍മികളുടെ കൈകളാല്‍ അവനെ നിങ്ങള്‍ കുരിശില്‍ തറച്ചുകൊന്നു.24 എന്നാല്‍, ദൈവം അവനെ മൃത്യുപാശത്തില്‍നിന്നു വിമുക്തനാക്കി ഉയിര്‍പ്പിച്ചു. കാരണം, അവന്‍ മരണത്തിന്റെ പിടിയില്‍ കഴിയുക അസാധ്യമായിരുന്നു.25 ദാവീദ് അവനെക്കുറിച്ചു പറഞ്ഞിരിക്കുന്നു: ഞാന്‍ കര്‍ത്താവിനെ എപ്പോഴും കണ്‍മുമ്പില്‍ ദര്‍ശിച്ചിരുന്നു. ഞാന്‍ പതറിപ്പോകാതിരിക്കാന്‍ അവിടുന്ന് എന്റെ വലത്തുവശത്തുണ്ട്.26 എന്റെ ഹൃദയം സന്തോഷിച്ചു; എന്റെ നാവു സ്‌തോത്രമാലപിച്ചു; എന്റെ ശരീരം പ്രത്യാശയില്‍ നിവസിക്കും.27 എന്തെന്നാല്‍, എന്റെ ആത്മാവിനെ അവിടുന്നു പാതാളത്തില്‍ ഉപേക്ഷിക്കുകയില്ല. അവിടുത്തെ പരിശുദ്ധന്‍ ജീര്‍ണിക്കാന്‍ അവിടുന്ന് അനുവദിക്കുകയുമില്ല.28 ജീവന്റെ വഴികള്‍ അവിടുന്ന് എനിക്കു കാണിച്ചുതന്നു. തന്റെ സാന്നിധ്യത്താല്‍ അവിടുന്ന് എന്നെ സന്തോഷഭരിതനാക്കും.29 സഹോദരരേ, ഗോത്രപിതാവായ ദാവീ ദിനെക്കുറിച്ചു നിങ്ങളോടു ഞാന്‍ വ്യക്തമായിപ്പറഞ്ഞുകൊള്ളട്ടെ. അവന്‍ മരിക്കുകയും സംസ്‌കരിക്കപ്പെടുകയും ചെയ്തു. അവന്റെ ശവകുടീരം ഇന്നും നമ്മുടെയിടയില്‍ ഉണ്ടല്ലോ.30 അവന്‍ പ്രവാചകനായിരുന്നു; തന്റെ അനന്തരഗാമികളില്‍ ഒരാളെ തന്റെ സിംഹാസനത്തില്‍ ഉപവിഷ്ടനാക്കും എന്നു ദൈവം അവനോടു ചെയ്ത ശപഥം അവന്‍ അറിയുകയും ചെയ്തിരുന്നു.31 അതുകൊണ്ടാണ്, അവന്‍ പാതാളത്തില്‍ ഉപേക്ഷിക്കപ്പെട്ടില്ല; അവന്റെ ശരീരം ജീര്‍ണിക്കാന്‍ ഇടയായതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനത്തെ മുന്‍കൂട്ടി ദര്‍ശിച്ചുകൊണ്ട് അവന്‍ പറഞ്ഞത്.32 ആ യേശുവിനെ ദൈവം ഉയിര്‍പ്പിച്ചു. ഞങ്ങളെല്ലാവരും അതിനു സാക്ഷികളാണ്.33 ദൈവത്തിന്റെ വലത്തുഭാഗത്തേക്ക് ഉയര്‍ത്തപ്പെടുകയും പിതാവില്‍നിന്നു പരിശുദ്ധാത്മാവിന്റെ വാഗ്ദാനം സ്വീകരിക്കുകയും ചെയ്ത അവന്‍ ഈ ആത്മാവിനെ വര്‍ഷിച്ചിരിക്കുന്നു. അതാണു നിങ്ങളിപ്പോള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നത്.34 ദാവീദ് സ്വര്‍ഗത്തിലേക്ക് ആരോഹണം ചെയ്തില്ല. എങ്കിലും അവന്‍ പറയുന്നു:35 കര്‍ത്താവ് എന്റെ കര്‍ത്താവിനോടു പറഞ്ഞു, ഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്ത് ഉപവിഷ്ടനാവുക.36 അതിനാല്‍, നിങ്ങള്‍ കുരിശില്‍ തറച്ച യേശുവിനെ ദൈവം, കര്‍ത്താവും ക്രിസ്തുവുമാക്കി ഉയര്‍ത്തി എന്ന് ഇസ്രായേല്‍ ജനം മുഴുവനും വ്യക്തമായി അറിയട്ടെ.

ആദ്യ ക്രൈസ്തവസമൂഹം

37 ഇതു കേട്ടപ്പോള്‍ അവര്‍ ഹൃദയം നുറുങ്ങി പത്രോസിനോടും മറ്റ് അപ്പസ്‌തോലന്‍മാരോടും ചോദിച്ചു: സഹോദരന്‍മാരേ, ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?38 പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്‌നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും.39 ഈ വാഗ്ദാനം നിങ്ങള്‍ക്കും നിങ്ങളുടെ സന്താനങ്ങള്‍ക്കും വിദൂരസ്ഥര്‍ക്കും നമ്മുടെ ദൈവമായ കര്‍ത്താവ് തന്റെ അടുക്കലേക്കു വിളിക്കുന്ന എല്ലാവര്‍ക്കും ഉള്ളതാണ്.40 അവന്‍ മറ്റു പല വചനങ്ങളാലും അവര്‍ക്കു സാക്ഷ്യം നല്‍കുകയും ഈ ദുഷിച്ച തലമുറയില്‍നിന്നു നിങ്ങളെത്തന്നെ രക്ഷിക്കുവിന്‍ എന്ന് ഉപദേശിക്കുകയുംചെയ്തു.41 അവന്റെ വചനം ശ്രവിച്ചവര്‍ സ്‌നാനം സ്വീകരിച്ചു. ആദിവസം തന്നെ മൂവായിരത്തോളം ആളുകള്‍ അവരോടു ചേര്‍ന്നു.42 അവര്‍ അപ്പസ്‌തോലന്‍മാരുടെപ്രബോധനം, കൂട്ടായ്മ, അപ്പംമുറിക്കല്‍, പ്രാര്‍ഥന എന്നിവയില്‍ സദാ താത്പര്യപൂര്‍വ്വം പങ്കുചേര്‍ന്നു.43 എല്ലാവരിലും ഭീതി ഉളവായി. അപ്പസ്‌തോലന്‍മാര്‍ വഴി പല അദ്ഭുതങ്ങളും അടയാളങ്ങളും സംഭവിച്ചു.44 വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു.45 അവര്‍ തങ്ങളുടെ സ്വത്തുക്കളും വസ്തുവകകളും വിറ്റ് ആവശ്യാനുസരണം എല്ലാവര്‍ക്കുമായി വീതിച്ചു.46 അവര്‍ ഏക മനസ്‌സോടെ താത്പര്യപൂര്‍വ്വം അനുദിനംദേവാലയത്തില്‍ ഒന്നിച്ചുകൂടുകയും ഭവനംതോറും അപ്പംമുറിക്കുകയും ഹൃദയലാളിത്യത്തോടും ആഹ്ലാദത്തോടും കൂടെ ഭക്ഷണത്തില്‍ പങ്കുചേരുകയും ചെയ്തിരുന്നു.47 അവര്‍ ദൈവത്തെ സ്തുതിക്കുകയും എല്ലാ മനുഷ്യരുടെയും സംപ്രീതിക്കു പാത്രമാവുകയും ചെയ്തു. രക്ഷപ്രാപിക്കുന്നവരെ കര്‍ത്താവ് അവരുടെ ഗണത്തില്‍ പ്രതിദിനം ചേര്‍ത്തുകൊണ്ടിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment