The Book of Acts Chapter 6 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 6 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 6

ഏഴു ഡീക്കന്മാര്‍

1 ശിഷ്യരുടെ സംഖ്യ വര്‍ധിച്ചുകൊണ്ടിരുന്നു. അക്കാലത്ത്, പ്രതിദിനമുള്ള സഹായവിതരണത്തില്‍ തങ്ങളുടെ വിധവകള്‍ അവഗണിക്കപ്പെടുന്നുവെന്ന്ഗ്രീക്കുകാര്‍ ഹെബ്രായര്‍ക്കെതിരേ പിറുപിറുത്തു.2 അതുകൊണ്ട്, പന്ത്രണ്ടു പേര്‍ ശിഷ്യരുടെ സമൂഹത്തെ ഒന്നിച്ചുകൂട്ടിപ്പറഞ്ഞു: ഞങ്ങള്‍ ദൈവവചനശുശ്രൂഷയില്‍ ഉപേക്ഷ കാണിച്ച്, ഭക്ഷണമേശകളില്‍ ശുശ്രൂഷിക്കുന്നതു ശരിയല്ല.3 അതിനാല്‍ സഹോദരരേ, സുസമ്മത രും ആത്മാവും ജ്ഞാനവും കൊണ്ട് നിറഞ്ഞവരുമായ ഏഴുപേരെ നിങ്ങളില്‍നിന്നു കണ്ടുപിടിക്കുവിന്‍. ഞങ്ങള്‍ അവരെ ഈ ചുമതല ഏല്‍പിക്കാം.4 ഞങ്ങള്‍ പ്രാര്‍ഥനയിലും വചനശുശ്രൂഷയിലും നിരന്തരം വ്യാപരിച്ചുകൊള്ളാം.5 അവര്‍ പറഞ്ഞത് എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. അവര്‍ വിശ്വാസവും പരിശുദ്ധാത്മാവും നിറഞ്ഞസ്‌തേഫാനോസ്, പീലിപ്പോസ്, പ്രോക്കോറോസ്, നിക്കാനോര്‍, തീമോന്‍, പര്‍മേനാസ്, യഹൂദമതം സ്വീകരിച്ച അന്തിയോക്യാക്കാരന്‍ നിക്കൊളാവോസ് എന്നിവരെ തിരഞ്ഞെടുത്തു.6 അവരെ അപ്പസ്‌തോലന്‍മാരുടെ മുമ്പില്‍ നിറുത്തി. അവര്‍ പ്രാര്‍ഥിച്ചിട്ട് അവരുടെമേല്‍കൈകള്‍ വച്ചു.7 ദൈവവചനം പ്രചരിക്കുകയും ജറുസലെമില്‍ ശിഷ്യരുടെ എണ്ണം വളരെ വര്‍ധിക്കുകയും ചെയ്തു. പുരോഹിതന്‍മാരില്‍ വളരെപ്പേരും വിശ്വാസം സ്വീകരിച്ചു.

സ്‌തേഫാനോസിനെബന്ധിക്കുന്നു

8 സ്‌തേഫാനോസ് കൃപാവരവും ശക്തിയുംകൊണ്ടു നിറഞ്ഞ് പല അദ്ഭുതങ്ങളും വലിയ അടയാളങ്ങളും ജനമധ്യത്തില്‍ പ്രവര്‍ത്തിച്ചു.9 കിറേനേക്കാരും അലക്‌സാണ്‍ ഡ്രിയാക്കാരും കിലീക്യായിലും ഏഷ്യയിലും നിന്നുള്ളവരും ഉള്‍പ്പെട്ടിരുന്നതും, സ്വതന്ത്ര ന്‍മാരുടെ സിനഗോഗ് എന്നറിയപ്പെട്ടിരുന്നതുമായ സംഘത്തിലെ അംഗങ്ങള്‍ എഴുന്നേറ്റ് സ്‌തേഫാനോസിനോട് വാദപ്രതിവാദത്തിലേര്‍പ്പെട്ടു.10 എന്നാല്‍, അവന്റെ സംസാരത്തില്‍വെളിപ്പെട്ട ജ്ഞാനത്തോടും ആത്മാവിനോടും എതിര്‍ത്തു നില്‍ക്കാന്‍ അവര്‍ക്കു കഴിഞ്ഞില്ല.11 അതുകൊണ്ട്, അവര്‍ രഹസ്യമായി പ്രേരിപ്പിച്ചതനുസരിച്ച് ജനങ്ങളില്‍ ചിലര്‍ പറഞ്ഞു: അവന്‍ മോശയ്ക്കും ദൈവത്തിനും എതിരായി ദൂഷണം പറയുന്നതു ഞങ്ങള്‍ കേട്ടു.12 അവര്‍ ജനങ്ങളെയും ജനപ്രമാണികളെയും നിയമജ്ഞരെയും ഇളക്കുകയും അവനെ ബന്ധിച്ച്‌ന്യായാധിപസംഘത്തിന്റെ മുമ്പില്‍ കൊണ്ടുവരുകയും ചെയ്തു.13 കള്ളസാക്ഷികള്‍ എഴുന്നേറ്റുനിന്ന് പറഞ്ഞു: ഇവന്‍ ഈ വിശുദ്ധ സ്ഥലത്തിനും നിയമത്തിനും എതിരായി സംസാരിക്കുന്നതില്‍നിന്ന് ഒരിക്കലും വിരമിക്കുന്നില്ല.14 നസറായനായ യേശു ഈ സ്ഥലം നശിപ്പിക്കുകയും മോശ നമുക്കു നല്‍കിയിട്ടുള്ള ആചാരങ്ങള്‍ മാറ്റുകയും ചെയ്യുമെന്ന് ഇവന്‍പ്രസ്താവിക്കുന്നതു ഞങ്ങള്‍ കേട്ടു.15 സംഘത്തിലുണ്ടായിരുന്നവര്‍ അവന്റെ നേരേ സൂക്ഷിച്ചുനോക്കി. അവന്റെ മുഖം ഒരു ദൈവദൂതന്റെ മുഖം പോലെ കാണപ്പെട്ടു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment