The Book of Acts Chapter 17 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 17 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 17

തെസലോനിക്കായില്‍

1 അവര്‍ ആംഫീപോളിസ്, അപ്പളോണിയാ എന്നീ സ്ഥലങ്ങളിലൂടെയാത്ര ചെയ്ത് തെസലോനിക്കായില്‍ എത്തി. അവിടെ യഹൂദരുടെ ഒരു സിനഗോഗ് ഉണ്ടായിരുന്നു.2 പൗലോസ് പതിവനുസരിച്ച് അവിടെച്ചെന്നു മൂന്നു സാബത്തുകളില്‍, വിശുദ്ധഗ്രന്ഥത്തെ ആധാരമാക്കി അവരോടു സംവാദത്തിലേര്‍പ്പെട്ടു.3 ക്രിസ്തു പീഡനം സഹിക്കുകയും മരിച്ചവരില്‍നിന്ന് ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുക ആവശ്യമായിരുന്നുവെന്ന് അവന്‍ വിശദീകരിക്കുകയും തെളിയിക്കുകയും ചെയ്തു. അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ മുമ്പില്‍ പ്രഘോഷിക്കുന്ന ഈ യേശു തന്നെയാണ്ക്രിസ്തു.4 അവരില്‍ ചിലര്‍ ബോധ്യം വന്ന് പൗലോസിന്റെയും സീലാസിന്റെയും കൂടെച്ചേര്‍ന്നു. ദൈവഭക്തരായ അനേകം ഗ്രീക്കുകാരും നിരവധി കുലീനവനിതകളും അപ്രകാരം ചെയ്തു.5 എന്നാല്‍, യഹൂദര്‍ അസൂയപ്പെട്ട് ചില നീചന്‍മാരെ ഒരുമിച്ചുകൂട്ടി നഗരത്തെ ഇളക്കി. അവര്‍ ജാസന്റെ ഭവനത്തില്‍ തള്ളിക്കയറുകയും അപ്പസ്‌തോലന്‍മാരെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറക്കിക്കൊണ്ടുവരുന്നതിന് പരിശ്രമിക്കുകയും ചെയ്തു.6 അവരെ കണ്ടെത്താന്‍ കഴിയാതെ വന്നപ്പോള്‍ ജാസനെയും ചില സഹോദരന്‍മാരെയും നഗരാധിപന്‍മാരുടെ അടുക്കല്‍ വലിച്ചിഴച്ചുകൊണ്ടുവന്ന് അവര്‍ വിളിച്ചുപറഞ്ഞു: ലോകത്തെ തലകീഴ്മറിച്ച ഈ മനുഷ്യര്‍ ഇതാ, ഇവിടെയും വന്നിരിക്കുന്നു.7 ജാസന്‍ ഇവര്‍ക്ക് ആതിഥ്യം നല്‍കി. യേശുവെന്ന മറ്റൊരു രാജാവിന്റെ പേരു പറഞ്ഞുകൊണ്ട് ഇവരെല്ലാവരും സീസറിന്റെ കല്‍പനകള്‍ക്കെതിരായി പ്രവര്‍ത്തിക്കുന്നു.8 ഇതുകേട്ട്, നഗരാധിപന്‍മാരും ജനക്കൂട്ടവും അസ്വസ്ഥരായി.9 അവര്‍ ജാസാനെയും മറ്റുള്ളവരെയും ജാമ്യത്തില്‍ വിട്ടയച്ചു.

ബെറോയായില്‍

10 രാത്രിയായപ്പോള്‍ സഹോദരന്‍മാര്‍പെട്ടെന്നു പൗലോസിനെയും സീലാസിനെയും ബെറോയായിലേക്ക് അയച്ചു.
അവര്‍ അവിടെ എത്തി. യഹൂദരുടെ സിനഗോഗിലേക്കു പോയി.

11 ഈ സ്ഥലത്തെ യഹൂദര്‍ തെസലോനിക്കായിലുള്ളവരെക്കാള്‍ മാന്യന്‍മാരായിരുന്നു. ഇവര്‍ അതീവ താത്പര്യത്തോടെ വചനം സ്വീകരിച്ചു. അവര്‍ പറഞ്ഞതു സത്യമാണോയെന്ന് അ റിയുവാന്‍ വിശുദ്ധഗ്രന്ഥങ്ങള്‍ അനുദിനം പരിശോധിക്കുകയും ചെയ്തിരുന്നു.12 അവരില്‍ പലരും വിശ്വാസം സ്വീകരിച്ചു; കൂടാതെ ഗ്രീക്കുകാരില്‍ ബഹുമാന്യരായ പല സ്ത്രീകളും പുരുഷന്‍മാരും.13 പൗലോസ്‌ബെറോയായിലും ദൈവവചനം പ്രസംഗിച്ചുവെന്നു തെസലോനിക്കാക്കാരായ യഹൂദര്‍ അറിഞ്ഞപ്പോള്‍ അവര്‍ അവിടെയുമെത്തി ജനങ്ങളെ പ്രകോപിപ്പിക്കുകയും ഇളക്കിവിടുകയും ചെയ്തു.14 ഉടന്‍തന്നെ സഹോദരര്‍ പൗലോസിനു കടല്‍ത്തീരംവരെ ചെന്നെത്തുന്നതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്ത് അവനെയാത്രയാക്കി. എന്നാല്‍, സീലാസും തിമോത്തേയോസും അവിടെത്തന്നെതാമസിച്ചു.15 പൗലോസിന്റെ കൂടെപ്പോയിരുന്നവര്‍ അവനെ ആഥന്‍സില്‍ കൊണ്ടുചെന്നാക്കി. സീലാസും തിമോത്തേയോസും കഴിയുന്നതുംവേഗം തന്റെ അടുക്കല്‍ എത്തിച്ചേരണമെന്ന അവന്റെ നിര്‍ദേശവുമായി അവര്‍ തിരിച്ചുപോന്നു.

ആഥന്‍സില്‍

16 പൗലോസ് അവരെയും പ്രതീക്ഷിച്ച് ആഥന്‍സില്‍ താമസിക്കവേ, നഗരം മുഴുവന്‍ വിഗ്രഹങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നതുകണ്ട് അവന്റെ മനസ്‌സില്‍ വലിയ ക്‌ഷോഭമുണ്ടായി.17 അതിനാല്‍, സിനഗോഗില്‍ വച്ചു യഹൂദന്‍മാരുമായും മറ്റു ഭക്തജനങ്ങളുമായും, പൊതുസ്ഥലത്തുവച്ച് എല്ലാദിവസവും അവിടെ കൂടിയിരുന്നവരുമായും അവന്‍ വാദപ്രതിവാദം നടത്തി.18 ചില എപ്പിക്കൂരിയന്‍ ചിന്തകരും സ്‌റ്റോയിക് ചിന്തകരും അവനോടു തര്‍ക്കിച്ചു. ചിലര്‍ പറഞ്ഞു: ഈ വിഡ്ഢി എന്തു പറയാനാണ് ഭാവിക്കുന്നത്? ഇവന്‍ വിദേശദേവതകളുടെ പ്രചാരകനാ ണെന്നു തോന്നുന്നു എന്ന് മറ്റുള്ളവര്‍ പറഞ്ഞു. അവന്‍ യേശുവിനെക്കുറിച്ചും പുന രുത്ഥാനത്തെക്കുറിച്ചും പ്രസംഗിച്ചിരുന്നു.19 അവര്‍ അവനെ പിടിച്ച് അരെയോപ്പാഗസില്‍ കൊണ്ടുചെന്നു നിറുത്തിയിട്ടു ചോദിച്ചു: നീ അവതരിപ്പിക്കുന്ന ഈ പുതിയ പ്രബോധനം എന്താണെന്നു ഞങ്ങള്‍ക്കു പറഞ്ഞുതരാമോ?20 വിചിത്രമായ കാര്യങ്ങളാണല്ലോ നീ സംസാരിക്കുന്നത്; ഇവയുടെ അര്‍ഥമെന്തെന്ന് ഞങ്ങള്‍ക്ക് അറിയണമെന്നുണ്ട്.21 എല്ലാ ആഥന്‍സുകാര്‍ക്കും അവിടെ താമസിച്ചിരുന്ന വിദേശികള്‍ക്കും പുതിയ പുതിയ കാര്യങ്ങളെക്കുറിച്ചു പറയുന്നതിനുംകേള്‍ക്കുന്നതിനുമല്ലാതെ മറ്റൊന്നിനും സമയം ഉണ്ടായിരുന്നില്ല.

അരെയോപ്പാഗസിലെ പ്രസംഗം

22 അരെയോപ്പാഗസിന്റെ മധ്യത്തില്‍ നിന്നുകൊണ്ട് പൗലോസ് ഇപ്രകാരം പ്രസംഗിച്ചു: ആഥന്‍സ് നിവാസികളേ, എല്ലാ വിധത്തിലും മതനിഷ്ഠയുള്ളവരാണ് നിങ്ങള്‍ എന്നു ഞാന്‍ മനസ്‌സിലാക്കുന്നു.23 ഞാന്‍ ഇതിലെ കടന്നുപോയപ്പോള്‍ നിങ്ങളുടെ ആരാധനാവസ്തുക്കളെ നിരീക്ഷിച്ചു. അജ്ഞാതദേവന് എന്ന് എഴുതിയിട്ടുള്ള ഒരു ബലിപീഠം ഞാന്‍ കണ്ടു. നിങ്ങള്‍ ആരാധിക്കുന്ന ആ അജ്ഞാതനെക്കുറിച്ചു തന്നെയാണ് ഞാന്‍ നിങ്ങളോടു പ്രസംഗിക്കുന്നത്.24 പ്രപഞ്ചത്തെയും അതിലുള്ള സകലത്തെയും സൃഷ്ടിച്ചവനും സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവുമായ ദൈവം മനുഷ്യനിര്‍മിതമായ ആലയങ്ങളിലല്ല വ സിക്കുന്നത്.25 അവിടുത്തേക്ക് എന്തെങ്കിലും ആവശ്യമുണ്ടായിട്ടല്ല മനുഷ്യകരങ്ങളില്‍നിന്ന് അവിടുന്നു ശുശ്രൂഷ സ്വീകരിക്കുന്നത്. കാരണം, അവിടുന്നുതന്നെയാണ് എല്ലാവര്‍ക്കും ജീവനും ശ്വാസവും മറ്റു സക ലതും പ്രദാനംചെയ്യുന്നത്.26 ഭൂമുഖം മുഴുവന്‍ വ്യാപിച്ചുവസിക്കാന്‍വേണ്ടി അവിടുന്ന് ഒരുവനില്‍നിന്ന് എല്ലാ ജനപദങ്ങളെയും സൃഷ്ടിച്ചു; അവര്‍ക്കു വിഭിന്നകാലങ്ങളും വാസഭൂമികളും നിശ്ചയിച്ചുകൊടുത്തു.27 ഇത് അവര്‍ ദൈവത്തെ അന്വേഷിക്കുന്നതിനും ഒരുപക്‌ഷേ, അനുഭവത്തിലൂടെ അവിടുത്തെ കണ്ടെത്തുന്നതിനും വേണ്ടിയാണ്. എങ്കിലും, അവിടുന്ന് നമ്മിലാരിലും നിന്ന് അകലെയല്ല.28 എന്തെന്നാല്‍, അവിടുന്നില്‍ നാം ജീവിക്കുന്നു; ചരിക്കുന്നു; നിലനില്‍ക്കുന്നു. നാം അവിടുത്തെ സന്താനങ്ങളാണ് എന്ന് നിങ്ങളുടെതന്നെ ചില കവികള്‍ പറഞ്ഞിട്ടുണ്ടല്ലോ.29 നാം ദൈവത്തിന്റെ സന്താനങ്ങളാകയാല്‍ മനുഷ്യന്റെ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന് സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ് ദൈവരൂപമെന്ന് വിചാരിക്കരുത്.30 അജ്ഞതയുടെ കാലഘട്ടങ്ങളെ ദൈവം കണക്കിലെടുത്തില്ല. എന്നാല്‍, ഇപ്പോള്‍ എല്ലായിടത്തുമുള്ള സകല ജനങ്ങളും പശ്ചാത്തപിക്കണമെന്ന് അവിടുന്ന് ആജ്ഞാപിക്കുന്നു.31 എന്തെന്നാല്‍, താന്‍ നിയോഗിച്ചിരിക്കുന്ന ഒരു മനുഷ്യന്‍ വഴി ലോകത്തെ മുഴുവന്‍ നീതിയോടെ വിധിക്കാന്‍ അവിടുന്ന് ഒരു ദിവസം നിശ്ചയിച്ചിരിക്കുന്നു. ആ മനുഷ്യനെ മരിച്ചവരില്‍നിന്ന് ഉയര്‍പ്പിച്ചുകൊണ്ട് അവിടുന്ന് ഇതിന് ഉറപ്പു നല്‍കിയിട്ടുമുണ്ട്.32 മരിച്ചവരുടെ പുനരുത്ഥാനത്തെപ്പറ്റി കേട്ടപ്പോള്‍ ചിലര്‍ അവനെ പരിഹസിച്ചു. എന്നാല്‍, ചിലര്‍ പറഞ്ഞു: ഇവയെക്കുറിച്ച് നിന്നില്‍നിന്നു ഞങ്ങള്‍ പിന്നീടൊരിക്കല്‍ കേട്ടുകൊള്ളാം.33 അങ്ങനെ പൗലോസ് അവരുടെയിടയില്‍ നിന്നു പോയി.34 എന്നാല്‍, കുറെയാളുകള്‍ അവനോടു ചേര്‍ന്ന് വിശ്വാസം സ്വീകരിച്ചു. അരയോപ്പാഗസുകാരന്‍ ഡയനീഷ്യസും ദമാറിസ് എന്നു പേരുള്ള സ്ത്രീയും മറ്റു ചിലരും അക്കൂട്ടത്തിലുണ്ടായിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment