The Book of Acts Chapter 8 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 8 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 8

സാവൂള്‍ സഭയെ പീഡിപ്പിക്കുന്നു.

1 സാവൂള്‍ ഈ വധത്തെ അനുകൂലിച്ചു. അന്ന് ജറുസലെമിലെ സഭയ്‌ക്കെതിരായി വലിയ പീഡനം നടന്നു. അപ്പസ്‌തോലന്‍മാരൊഴികേ മറ്റെല്ലാവരുംയൂദയായുടെയും സമരിയായുടെയും ഗ്രാമങ്ങളിലേക്കു ചിതറിപ്പോയി.2 വിശ്വാസികള്‍ സ്‌തേഫാനോസിനെ സംസ്‌കരിച്ചു. അവനെച്ചൊല്ലി അവര്‍ വലിയ വിലാപം ആചരിച്ചു.3 എന്നാല്‍, സാവൂള്‍ സഭയെ നശിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. അവന്‍ വീടുതോറും കയറിയിറങ്ങി സ്ത്രീപുരുഷന്‍മാരെ വലിച്ചിഴച്ചുകൊണ്ടുവന്ന് തടവിലാക്കി.

സുവിശേഷം സമരിയായില്‍.

4 ചിതറിക്കപ്പെട്ടവര്‍, വചനം പ്രസംഗിച്ചുകൊണ്ടു ചുറ്റിസഞ്ചരിച്ചു.5 പീലിപ്പോസ് സമരിയായിലെ ഒരു നഗരത്തില്‍ചെന്ന് അവിടെയുള്ളവരോടു ക്രിസ്തുവിനെപ്പറ്റി പ്രഘോഷിച്ചു.6 പീലിപ്പോസിന്റെ വാക്കുകള്‍ കേള്‍ക്കുകയും അവന്‍ പ്രവര്‍ത്തിച്ച അടയാളങ്ങള്‍ കാണുകയും ചെയ്ത ജനക്കൂട്ടം അവന്‍ പറഞ്ഞകാര്യങ്ങള്‍ ഏകമനസ്‌സോടെ ശ്ര ദ്ധിച്ചു.7 എന്തെന്നാല്‍, അശുദ്ധാത്മാക്കള്‍ തങ്ങള്‍ ആവേശിച്ചിരുന്നവരെ വിട്ട് ഉച്ചത്തില്‍ നിലവിളിച്ചുകൊണ്ടു പുറത്തുപോയി. അനേകം തളര്‍വാതരോഗികളും മുടന്തന്‍മാരും സുഖം പ്രാപിച്ചു.8 അങ്ങനെ ആ നഗരത്തില്‍ വലിയ സന്തോഷമുണ്ടായി.9 മാന്ത്രികവിദ്യ നടത്തിക്കൊണ്ടിരുന്ന ശിമയോന്‍ എന്നൊരുവന്‍ ആ നഗരത്തിലുണ്ടായിരുന്നു. അവന്‍ വലിപ്പം ഭാവിച്ച് സമരിയാദേശത്തെ വിസ്മയിപ്പിച്ചു.10 ചെറിയവര്‍ മുതല്‍ വലിയവര്‍ വരെ എല്ലാവരും അവന്‍ പറയുന്നത് കേട്ടിരുന്നു. അവര്‍ പറഞ്ഞു: മഹാശക്തി എന്നു വിളിക്കപ്പെടുന്ന ദൈവ ശക്തിതന്നെയാണ് ഈ മനുഷ്യന്‍.11 ദീര്‍ഘകാലമായി മാന്ത്രികവിദ്യകള്‍കൊണ്ട് അവരെ വിസ്മയിപ്പിച്ചിരുന്നതിനാലാണ് എല്ലാവരും അവനെ ശ്രദ്ധിച്ചുപോന്നത്.12 എന്നാല്‍, ദൈവരാജ്യത്തെക്കുറിച്ചും യേശുക്രിസ്തുവിന്റെ നാമത്തെക്കുറിച്ചും പീലിപ്പോസ് പ്രസംഗിച്ചപ്പോള്‍ സ്ത്രീ പുരുഷഭേദമെന്യേ എല്ലാവരും വിശ്വസിച്ചു ജ്ഞാനസ്‌നാനം സ്വീകരിച്ചു.13 ശിമയോന്‍പോലും വിശ്വസിച്ചു. അവന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച് പീലിപ്പോസിന്റെ കൂടെച്ചേര്‍ന്നു. സംഭവിച്ചുകൊണ്ടിരുന്ന അടയാളങ്ങളും വലിയ അദ്ഭുതപ്രവൃത്തികളും കണ്ട് അവന്‍ ആ ശ്ചര്യഭരിതനായി.14 സമരിയാക്കാര്‍ ദൈവവചനം സ്വീകരിച്ചുവെന്നു കേട്ടപ്പോള്‍ ജറുസലെമിലുള്ള അപ്പസ്‌തോലന്‍മാര്‍ പത്രോസിനെയുംയോഹന്നാനെയും അവരുടെയടുത്തേക്ക് അയച്ചു.15 അവര്‍ ചെന്ന് അവിടെയുള്ളവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കേണ്ടതിന് അവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു.16 കാരണം, അതുവരെ പരിശുദ്ധാത്മാവ് അവരിലാരുടെയും മേല്‍ വന്നിരുന്നില്ല. അവര്‍ കര്‍ത്താവായ യേശുവിന്റെ നാമത്തില്‍ ജ്ഞാന സ്‌നാനം സ്വീകരിക്കുക മാത്രമേ ചെയ്തിരുന്നുള്ളു.17 പിന്നീട്, അവരുടെമേല്‍ അവര്‍കൈകള്‍ വച്ചു; അവര്‍ പരിശുദ്ധാത്മാവിനെ സ്വീകരിക്കുകയും ചെയ്തു.18 അപ്പസ്‌തോലന്‍മാരുടെ കൈവയ്പുവഴി പരിശുദ്ധാത്മാവ് നല്‍കപ്പെട്ടതു കണ്ടപ്പോള്‍ ശിമയോന്‍ അവര്‍ക്കു പണം നല്‍കിക്കൊണ്ടു19 പറഞ്ഞു. ഞാന്‍ ആരുടെമേല്‍ കൈകള്‍വച്ചാലും അവര്‍ക്കു പരിശുദ്ധാത്മാവിനെ ലഭിക്കത്തക്കവിധം ഈ ശക്തി എനിക്കും തരുക.20 പത്രോസ് പറഞ്ഞു: നിന്റെ വെ ള്ളിത്തുട്ടുകള്‍ നിന്നോടുകൂടെ നശിക്കട്ടെ! എന്തെന്നാല്‍, ദൈവത്തിന്റെ ദാനം പണം കൊടുത്തു വാങ്ങാമെന്നു നീ വ്യാമോഹിച്ചു.21 നിനക്ക് ഈ കാര്യത്തില്‍ ഭാഗഭാഗിത്വമോ അവകാശമോ ഉണ്ടായിരിക്കുകയില്ല. കാരണം, നിന്റെ ഹൃദയം ദൈവസന്നിധിയില്‍ ശുദ്ധമല്ല.22 അതിനാല്‍, നിന്റെ ഈ ദുഷ്ട തയെക്കുറിച്ചു നീ അനുതപിക്കുകയും കര്‍ത്താവിനോടു പ്രാര്‍ഥിക്കുകയും ചെയ്യുക. ഒരു പക്‌ഷേ, നിന്റെ ഈ ദുഷ്ടവിചാരത്തിനു മാപ്പു ലഭിക്കും.23 നീ കടുത്ത വിദ്വേഷത്തിലും അനീതിയുടെ ബന്ധനത്തിലുമാണെന്നു ഞാന്‍ മനസ്‌സിലാക്കുന്നു.24 ശിമയോന്‍മറുപടി പറഞ്ഞു: നിങ്ങള്‍ പറഞ്ഞതൊന്നും എനിക്കു സംഭവിക്കാതിരിക്കാന്‍ എനിക്കുവേണ്ടി നിങ്ങള്‍ കര്‍ത്താവിനോടു പ്രാര്‍ഥിക്കുക.25 അവര്‍ കര്‍ത്താവിന്റെ വചനത്തിനു സാക്ഷ്യം നല്‍കുകയും അതു പ്രഘോഷിക്കുകയും ചെയ്ത തിനുശേഷം ജറുസലെമിലേക്കു മടങ്ങി. അങ്ങനെ, അവര്‍ സമരിയാക്കാരുടെ പല ഗ്രാമങ്ങളിലും സുവിശേഷം അറിയിച്ചു.

പീലിപ്പോസും എത്യോപ്യാക്കാരനും.

26 കര്‍ത്താവിന്റെ ഒരു ദൂതന്‍ പീലിപ്പോസിനോടു പറഞ്ഞു: എഴുന്നേറ്റ് തെക്കോട്ടു നടന്ന്, ജറുസലെമില്‍നിന്നു ഗാസായിലേക്കുള്ള പാതയില്‍ എത്തുക. അത് ഒരു വിജനമായ പാതയായിരുന്നു.27 അവന്‍ എഴുന്നേറ്റുയാത്ര തിരിച്ചു. അപ്പോള്‍ എത്യോപ്യാക്കാരനായ ഒരു ഷണ്‍ഡന്‍, എത്യോപ്യാരാജ്ഞിയായ കന്‍ദാക്കെയുടെ ഭണ്‍ഡാരവിചാരിപ്പുകാരന്‍, ജറുസലെമില്‍ ആരാധിക്കാന്‍ പോയിട്ടു തിരിച്ചുവരുകയായിരുന്നു.28 രഥത്തിലിരുന്ന് അവന്‍ ഏശയ്യായുടെപ്രവചനം വായിച്ചുകൊണ്ടിരുന്നു.29 ആത്മാവു പീലിപ്പോസിനോടു പറഞ്ഞു: ആ രഥത്തെ സമീപിച്ച്, അതിനോടു ചേര്‍ന്നു നടക്കുക.30 പീലിപ്പോസ് അവന്റെ യടുക്കല്‍ ഓടിയെത്തി; അവന്‍ ഏശയ്യായുടെ പ്രവചനം വായിക്കുന്നതുകേട്ട്, ചോദിച്ചു: വായിക്കുന്നതു നിനക്കു മനസ്‌സിലാകുന്നുണ്ടോ?31 അവന്‍ പ്രതിവചിച്ചു: ആരെങ്കിലും വ്യാഖ്യാനിച്ചുതരാതെ എങ്ങനെയാണു ഞാന്‍ മന സ്‌സിലാക്കുക? രഥത്തില്‍ക്കയറി തന്നോടുകൂടെയിരിക്കാന്‍ പീലിപ്പോസിനോട് അവന്‍ അപേക്ഷിച്ചു.32 അവന്‍ വായിച്ചുകൊണ്ടിരുന്ന വിശുദ്ധഗ്രന്ഥഭാഗം ഇതാണ്: കൊലയ്ക്കുകൊണ്ടുപോകുന്ന ആടിനെപ്പോലെയും രോമം കത്രിക്കുന്നവന്റെ മുമ്പില്‍ മൂകനായി നില്‍ക്കുന്ന ആട്ടിന്‍കുട്ടിയെപോലെയും അവന്‍ തന്റെ വായ് തുറന്നില്ല.33 അപമാനിതനായ അവന് നീതി നിഷേധിക്കപ്പെട്ടു. അവന്റെ പിന്‍തലമുറയെപ്പറ്റി ആരു വിവരിക്കും? എന്തെന്നാല്‍, ഭൂമിയില്‍നിന്ന് അവന്റെ ജീവന്‍ അപഹരിക്കപ്പെട്ടു.34 ഷണ്‍ഡന്‍ പീലിപ്പോസിനോടു ചോദിച്ചു: ആരെക്കുറിച്ചാണ് പ്രവാചകന്‍ ഇതു പറയുന്നത്? തന്നെക്കുറിച്ചുതന്നെയോ അതോ മറ്റൊരാളെക്കുറിച്ചോ?35 അപ്പോള്‍ പീലിപ്പോസ് സംസാരിക്കാന്‍ തുടങ്ങി. ഷണ്‍ഡന്‍ വായിച്ചവിശുദ്ധഗ്രന്ഥഭാഗത്തുനിന്ന് ആരംഭിച്ച്, അവനോട് യേശുവിന്റെ സുവിശേഷംപ്രസംഗിച്ചു.36 അവര്‍ പോകുമ്പോള്‍ ഒരു ജലാശയത്തിങ്കലെത്തി. അപ്പോള്‍ ഷണ്‍ഡന്‍ പറഞ്ഞു:37 ഇതാ വെള്ളം; എന്നെ ജ്ഞാനസ്‌നാനപ്പെടുത്തുന്നതിന് എന്തെങ്കിലും തടസ്സമുണ്ടോ?38 രഥം നിര്‍ത്താന്‍ അവന്‍ ആജ്ഞാപിച്ചു. അവര്‍ ഇരുവരും വെള്ളത്തിലിറങ്ങി. പീലിപ്പോസ് ഷണ്‍ഡന് സ്‌നാനം നല്‍കി.39 അവര്‍ വെള്ളത്തില്‍നിന്നു കയറിയപ്പോള്‍ കര്‍ത്താവിന്റെ ആത്മാവ് പീലിപ്പോസിനെ സംവഹിച്ചുകൊണ്ടുപോയി. ഷണ്‍ഡന്‍ അവനെ പിന്നീടു കണ്ടില്ല. സന്തോഷഭരിതനായി അവന്‍ യാത്ര തുടര്‍ന്നു.40 താന്‍ അസോത്തൂസില്‍ എത്തിയതായി പീലിപ്പോസ് കണ്ടു. എല്ലാ നഗരങ്ങളിലും ചുറ്റിസഞ്ചരിച്ച് സുവിശേഷം പ്രസംഗിച്ച് അവന്‍ കേസറിയായില്‍ എത്തി.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment