The Book of Acts Chapter 24 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 24 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 24

കുറ്റാരോപണം

1 അഞ്ചുദിവസം കഴിഞ്ഞ് പ്രധാനപുരോഹിതനായ അനനിയാസ് ഏതാനും ജനപ്രമാണികളോടും അഭിഭാഷകനായ തെര്‍ത്തുളൂസിനോടുംകൂടെ അവിടെയെത്തി. അവര്‍ ദേശാധിപതിയുടെ മുമ്പാകെ പൗലോസിനെതിരായി പരാതിപ്പെട്ടു.2 അവനെ കൊണ്ടുവന്നപ്പോള്‍, തെര്‍ത്തുളൂസ് ഇങ്ങനെ കുറ്റാരോപണം തുടങ്ങി:3 അഭിവന്ദ്യനായ ഫെലിക്‌സേ, നിന്റെ ഭരണത്തില്‍ ഞങ്ങള്‍ വളരെ സമാധാനം അനുഭവിക്കുന്നുവെന്നതും നിന്റെ പരിപാലനംവഴി ഈ ദേശത്തു പല പരിഷ്‌കാരങ്ങളും നടപ്പാക്കപ്പെട്ടിരിക്കുന്നുവെന്നതും ഞങ്ങള്‍ എല്ലായിടത്തും എല്ലായ്‌പോഴും കൃതജ്ഞ താപൂര്‍വ്വം അംഗീകരിക്കുന്നു.4 നിന്നെ അധികം ബുദ്ധിമുട്ടിക്കണമെന്നു ഞാനാഗ്രഹിക്കുന്നില്ല. ഞങ്ങള്‍ ചുരുക്കത്തില്‍ പറയുന്ന ഇക്കാര്യം ദയാപൂര്‍വം കേള്‍ക്കണം.5 ഈ മനുഷ്യന്‍ ശല്യക്കാരനും ലോകം മുഴുവനുമുള്ള യഹൂദരുടെയിടയില്‍ ഒരു പ്രക്‌ഷോഭകാരിയും ആണെന്നു ഞങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു. ഇവന്‍ നസറായപക്ഷത്തിന്റെ പ്രമുഖനേതാവുമാണ്. 6 ദേവാലയംപോലും അശുദ്ധമാക്കാന്‍ ഇവന്‍ ശ്രമിക്കുകയുണ്ടായി.7 എന്നാല്‍, ഞങ്ങള്‍ ഇവനെ പിടികൂടി.8 നീ തന്നെ ഇവനെ വിസ്തരിക്കുന്നപക്ഷം, ഇവനെതിരായുള്ള ഞങ്ങളുടെ ഈ ആരോപണങ്ങളെക്കുറിച്ച് ഇവനില്‍നിന്നുതന്നെനിനക്കു ബോധ്യമാകുന്നതാണ്.9 ഇതെല്ലാം ശരിയാണെന്നു പറഞ്ഞുകൊണ്ട് യഹൂദരും കുറ്റാരോപണത്തില്‍ പങ്കുചേര്‍ന്നു.

ഫെലിക്‌സിന്റെ മുമ്പില്‍

10 സംസാരിക്കാന്‍ ദേശാധിപതി ആംഗ്യം കാണിച്ചപ്പോള്‍ പൗലോസ് പറഞ്ഞു: വളരെ വര്‍ഷങ്ങളായി നീ ഈ ജനതയുടെന്യായാധിപന്‍ ആണെന്ന് മനസ്‌സിലാക്കിക്കൊണ്ട്, എന്റെ മേലുള്ള കുറ്റാരോപണങ്ങള്‍ക്കു ഞാന്‍ സന്തോഷപൂര്‍വം സമാധാനം പറഞ്ഞുകൊള്ളട്ടെ.11 നിനക്കുതന്നെ മനസ്‌സിലാക്കാവുന്നതുപോലെ, ജറുസലെമില്‍ ഞാന്‍ ആരാധനയ്ക്കുപോയിട്ട് പന്ത്രണ്ടു ദിവസത്തിലധികമായിട്ടില്ല.12 ഞാന്‍ ദേവാലയത്തിലോ സിനഗോഗുകളിലോ നഗരത്തിലെവിടെയെങ്കിലുമോവച്ച് ആരോടെങ്കിലും തര്‍ക്കിക്കുന്നതായോ ജനങ്ങളെ സംഘ ടിപ്പിക്കാന്‍ ശ്രമിക്കുന്നതായോ അവര്‍ കണ്ടിട്ടില്ല.13 ഇപ്പോള്‍ എനിക്കെതിരായി കൊണ്ടുവരുന്ന ആരോപണങ്ങള്‍ തെളിയിക്കാനും അവര്‍ക്കു സാധിക്കുകയില്ല.14 എന്നാല്‍, നിന്റെ മുമ്പില്‍ ഇതു ഞാന്‍ സമ്മതിക്കുന്നു: അവര്‍ ഒരു മതവിഭാഗം എന്നു വിളിക്കുന്ന മാര്‍ഗമനുസരിച്ച് ഞങ്ങളുടെ പിതാക്കന്‍മാരുടെ ദൈവത്തെ ഞാന്‍ ആരാധിക്കുന്നു. നിയമത്തിലും പ്രവചനഗ്രന്ഥങ്ങളിലും എഴുതപ്പെട്ടിരിക്കുന്നവയെല്ലാം ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.15 നീതിമാന്‍മാര്‍ക്കും നീതിരഹിതര്‍ക്കും പുനരുത്ഥാനമുണ്ടാകുമെന്നാണ് ദൈവത്തിലുള്ള എന്റെ പ്രത്യാശ. ഇവരും ഇതുതന്നെ പ്രത്യാശിക്കുന്നവരാണ്.16 ദൈവത്തിന്റെയും മനുഷ്യരുടെയും നേര്‍ക്ക് എല്ലായ്‌പോഴും, നിഷ്‌കളങ്കമായ മനസ്‌സാക്ഷി പുലര്‍ത്താന്‍ ഞാന്‍ അത്യന്തം ശ്രദ്ധാലുവാണ്.17 വളരെ വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ വന്നത് എന്റെ ജനത്തിന് ദാനധര്‍മങ്ങള്‍ എത്തിക്കാനും കാഴ്ചകള്‍ സമര്‍പ്പിക്കാനുമാണ്.18 ഞാന്‍ അതു നിര്‍വഹിക്കുന്നതിനിടയില്‍ ശുദ്ധീകരണം കഴിഞ്ഞ് ദേവാലയത്തിലായിരിക്കുമ്പോഴാണ് ഇവര്‍ എന്നെ കണ്ടത്. എന്റെ കൂടെ ജനക്കൂട്ടമൊന്നും ഇല്ലായിരുന്നു; ബ ഹളമൊന്നും ഉണ്ടായതുമില്ല.19 എന്നാല്‍, അവിടെ ഏഷ്യാക്കാരായ ചില യഹൂദന്‍മാരുണ്ടായിരുന്നു. അവര്‍ക്ക് എന്റെ പേരില്‍ എന്തെങ്കിലും പരാതിയുണ്ടായിരുന്നെങ്കില്‍ അവര്‍ നിന്റെ മുമ്പിലെത്തി അതു സമര്‍പ്പിക്കേണ്ടതായിരുന്നു.20 അല്ലെങ്കില്‍ ഞാന്‍ ആലോചനാസംഘത്തിന്റെ മുമ്പാകെ നിന്നപ്പോള്‍ എന്തു കുറ്റമാണ് എന്നില്‍ കണ്ടതെന്ന് ഈ നില്‍ക്കുന്നവര്‍ പറയട്ടെ.21 മരിച്ചവരുടെ പുനരുത്ഥാനം സംബന്ധിച്ചാണ് ഇന്ന് നിങ്ങളുടെ മുമ്പില്‍ ഞാന്‍ വിസ്തരിക്കപ്പെടുന്നത് എന്ന് അവരുടെ നടുക്കുനിന്നപ്പോള്‍ വിളിച്ചു പറഞ്ഞതൊഴികെ മറ്റൊരു കുറ്റവും ഞാന്‍ ചെയ്തിട്ടില്ല.22 മാര്‍ഗത്തെക്കുറിച്ചു കൂടുതല്‍ നന്നായി അറിയാമായിരുന്ന ഫെലിക്‌സാകട്ടെ, സഹസ്രാധിപനായ ലീസിയാസ് വന്നിട്ട് നിങ്ങളുടെ കാര്യം ഞാന്‍ തീരുമാനിക്കാം എന്നു പറഞ്ഞുകൊണ്ട് വിസ്താരം മറ്റൊര വസരത്തിലേക്കു മാറ്റിവച്ചു.23 അവനെ തടവില്‍ സൂക്ഷിക്കണമെന്നും, എന്നാല്‍ കുറെയൊക്കെസ്വാതന്ത്ര്യം അനുവദിക്കണമെന്നും സ്വന്തക്കാരിലാരെയും അവനെ പരിചരിക്കുന്നതില്‍നിന്നു തടയരുതെന്നും അവന്‍ ശതാധിപനു കല്‍പന കൊടുത്തു.

ഫെലിക്‌സിന്റെ തടങ്കലില്‍

24 കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഫെലിക്‌സ്, യഹൂദയായ ഭാര്യ ദ്രൂസില്ലായോടൊപ്പം വന്ന് പൗലോസിനെ വിളിപ്പിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തെക്കുറിച്ച് അവനില്‍നിന്നു കേട്ടു.25 അവന്‍ നീതിയെക്കുറിച്ചും ആത്മനിയന്ത്രണത്തെക്കു റിച്ചും വരാനിരിക്കുന്നന്യായവിധിയെക്കുറിച്ചും സംസാരിച്ചപ്പോള്‍ ഫെലിക്‌സ് ഭയപ്പെട്ട് ഇങ്ങനെ പറഞ്ഞു: തത്കാലം നീ പൊയ്‌ക്കൊള്ളുക. ഇനിയും എനിക്കു സമയമുള്ളപ്പോള്‍ നിന്നെ വിളിപ്പിക്കാം.26 എന്നാല്‍ അതേസമയം, പൗലോസില്‍നിന്ന് കൈക്കൂലി കിട്ടുമെന്ന് അവന്‍ പ്രതീക്ഷിച്ചു. അതിനാല്‍, പലപ്പോഴും അവന്‍ പൗലോസിനെ വരുത്തി സംസാരിച്ചിരുന്നു.27 രണ്ടു വര്‍ഷം കഴിഞ്ഞ്, ഫെലിക്‌സിന്റെ പിന്‍ഗാമിയായി പോര്‍സിയൂസ്‌ഫേസ്തൂസ് വന്നു. യഹൂദരോട് ആനുകൂല്യം കാണിക്കാനാഗ്രഹിച്ചതിനാല്‍ ഫെലിക്‌സ് പൗലോസിനെ തടവുകാരനായിത്തന്നെ വിട്ടിട്ടുപോയി.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment