ദിവ്യകാരുണ്യ അത്ഭുതം: വിശുദ്ധ കുർബാനയെ വണങ്ങുന്ന കഴുത, വിശുദ്ധ അന്തോനീസിന്റെ ജീവിതത്തിൽനിന്ന്
ഞാനീ എഴുതാൻ പോകുന്നത് വളരെ ലളിതമായ ഒരു കാര്യമാണ്. പക്ഷെ ഇത് എഴുതിയാൽ ഒരുപക്ഷേ നിങ്ങളിൽ ആർക്കെങ്കിലും ഇത് ഉപകാരപ്പെടുമെന്ന് കരുതിയാണ് ഞാൻ കുറിക്കുന്നത്. എങ്കിലും ഞാൻ പറയട്ടെ ഒരുതരത്തിലുള്ള സഭാ പ്രബോധനങ്ങളെ കുറിച്ചോ വിശുദ്ധ ഗ്രന്ഥത്തെ കുറിച്ചുള്ള ഒരു പാണ്ഡിത്യമോ ഇല്ലാത്ത വെറും കഴിവുകെട്ട ഒരു മൃഗമാണ് നിങ്ങൾക്ക് ഇത് എഴുതുന്നത്.
അൾത്താരയിൽ എഴുന്നള്ളിച്ചു വച്ചിരിക്കുന്ന പരിശുദ്ധ കുർബാനയിൽ നോക്കി യേശുവിനെ സ്നേഹിക്കാൻ കഴിയാതെ പോയ അല്ലെങ്കിൽ യേശു നമ്മെ കാണുന്നുണ്ടോ കേൾക്കുന്നുണ്ടോ അവിടുത്തെ സജീവ സാന്നിധ്യം ഈ ദിവ്യകാരുണ്യത്തിൽ ഉണ്ടോ എന്നൊക്കെ ചിന്തിച്ചു പോയ നിമിഷങ്ങൾ നമ്മുടെ പലരുടെയും ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകാം. ഞാനും ഇതെല്ലാം നേരിട്ടിട്ടുണ്ട്. നിശ്ചലമായി നിന്നു പോയിട്ടുണ്ട് പല തവണ. ദിവ്യകാരുണ്യത്തിൽ വസിക്കുന്ന യേശുവിനെ സ്നേഹിക്കാൻ എന്താണ് എനിക്ക് കഴിയാതെ പോകുന്നതെന്ന് ഞാൻ ഓർക്കാറുണ്ട് ആ നിമിഷങ്ങളിൽ…ചുരുക്കി പറഞ്ഞാൽ ഒരു പൂർണ്ണത ഇല്ലാത്ത അവസ്ഥ. അപ്പോൾ തോന്നും നമ്മെ ദൈവം ശ്രവിക്കുന്നില്ല എന്ന്. ഇത് വെറും തോന്നൽ ആണെങ്കിലും ചില സമയങ്ങളിൽ മാനുഷീക ചിന്തകൾ അത്തരം സാഹചര്യങ്ങൾക്ക് വിധേയനാക്കിയിട്ടുണ്ട്. അഗതികളുടെ അമ്മയായ വിശുദ്ധ മദർ തെരേസാ പോലും ഇതുപോലെ ഒരു അവസ്ഥ അനുഭവിച്ചിട്ടുണ്ടെന്നു പറഞ്ഞാൽ നമുക്ക് വിശ്വസിക്കാൻ കഴിയുമോ….? മറ്റുള്ളവരിൽ യേശുവിനെ ദർശിച്ചു ജീവിച്ച മദറിന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ അവർ ദൈവത്തെ അന്വേഷിച്ചു ജീവിക്കുകയായിരുന്നു. ഇതെല്ലാം അവരുടെ എഴുത്തുകളിൽ നിന്നുമാണ് ലോകം അറിയുന്നത്. അന്ന് വരെ ഒരിക്കലും ചിന്തിക്കാൻ കഴിയാത്ത ഒരു കാര്യമായിരുന്നു മദറിന്റെ ജീവിതത്തിൽ ഇങ്ങനെ ഒരു ശൂന്യത അവർ അനുഭവിച്ചിരുന്നു എന്നത്. ഇതും ഒരു കൃപാവസ്ഥ തന്നെയാണ്. ദൈവത്തിന് വേണ്ടി ദാഹിച്ചു ദാഹജലത്തിന് വേണ്ടി അലയുന്ന ഒരു കുരുവിക്കുഞ്ഞിനെ പോലെ ദൈവമാകുന്ന ജലാശയത്തെ തേടി കണ്ടുപിടിക്കാൻ ശ്രമിക്കുന്ന ഒരാത്മാവിന്റെ കൃപാവസ്ഥ.
ദിവ്യകാരുണ്യത്തിൽ വസിക്കുന്ന യേശുവിനെ സ്നേഹിക്കാനും വലിയ വരപ്രസാദത്തിൽ നിന്നു അവിടുത്തെ ആശീർവാദം സ്വീകരിക്കുവാനും തീക്ഷണതയോടെ ദിവ്യകാരുണ്യത്തിൽ നോക്കി പ്രാർത്ഥിക്കുവാനും എന്നെ സഹായിച്ചത് പാദുവായിലെ വിശുദ്ധ അന്തോനീസാണ്. കേൾക്കുമ്പോൾ എനിക്ക് പ്രത്യക്ഷപ്പെട്ട് എന്നെ സഹായിച്ചു എന്ന് കരുതേണ്ടതില്ല. അദ്ദേഹത്തിന്റെ സഹായം ഞാനായിട്ട് തേടി പിടിച്ചതാണ്. ഒരിക്കൽ യൂട്യൂബിൽ വിശുദ്ധന്റെ കരങ്ങളിലൂടെ നടന്ന ദിവ്യകാരുണ്യ അത്ഭുതം അതായത് കഴുതയെ മുട്ടുകുത്തിച്ച ആ അത്ഭുതം ഒരു മനോഹരമായ ആനിമേഷൻ വീഡിയോ രൂപത്തിൽ ഞാൻ കാണുവാൻ ഇടയായി. അവിടുത്തെ നോക്കിയവർ പ്രകാശിതരായി അവർ ലജ്ജിതരാവുകയില്ല എന്ന സങ്കീർത്തന ഭാഗം ആലപിച്ചു കൊണ്ടാണ് വിശുദ്ധൻ ദിവ്യകാരുണ്യവുമായി കഴുതയുടെ മുന്നിലേക്ക് വന്നത് കാണിക്കുന്നത് ആ വീഡിയോയിൽ. സത്യം പറഞ്ഞാൽ ഞാൻ അത് കണ്ടു ഒരുപാട് കരഞ്ഞു. ഇതേ ഈശോയാണല്ലോ പരിശുദ്ധ കുർബാനയായി എന്റെ മുമ്പിൽ ഓരോ ദിനവും സന്നിഹിതനാവുന്നത് എന്ന് ഞാൻ ഓർത്തു ആ നിമിഷം. പിന്നീട് മുതൽ ദിവ്യകാരുണ്യം എഴുന്നള്ളിച്ചു വച്ചു കഴിയുമ്പോൾ ഞാൻ കണ്ട ഈ വീഡിയോ എന്റെ മനസ്സിലേക്ക് ഞാൻ കൊണ്ടുവരും. അപ്പോൾ കണ്ണു നിറയും. യേശുവിന് വേണ്ടി എന്റെ ഹൃദയം വല്ലാതെ തുടിക്കും. പരിശുദ്ധ കുർബാനയിൽ നിന്നും വലിയൊരു സമാശ്വാസം ഞാൻ അനുഭവിക്കുന്ന അവസ്ഥ അനുഭവപ്പെടാൻ തുടങ്ങി. ആ നിമിഷം ഞാൻ ഇങ്ങനെ പ്രാർത്ഥിക്കും ” ഈശോ നാഥാ ആ കഴുതയ്ക്കുണ്ടായ വിവേകം പാപിയായ എനിക്കും നൽകേണമേ. അങ്ങനെ നിന്റെ സജീവ സാന്നിധ്യത്തിൽ നിന്ന് നിന്നെ ഗാഢമായി സ്നേഹിച്ചു കൊണ്ട് ആത്മാർത്ഥ ഹൃദയത്തോടെ നിന്നെ ദർശിക്കുവാൻ എനിക്ക് നീ അനുഗ്രഹം നൽകണമേ.” ഇത് കഴിയുമ്പോൾ ഒരു പ്രകാശ വലയം എന്നെ പൊതിഞ്ഞു പിടിക്കുന്ന പോലെ എനിക്ക് തോന്നും. ഭാരമില്ലാത്ത ഒരു വസ്തുവിനെ പോലെ ഒരു പഞ്ഞി കഷ്ണം പോലെ എനിക്ക് എന്നെ തന്നെ അനുഭവപ്പെടും. ഞാൻ ആ വീഡിയോയുടെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു. ഇതുപോലെ ഒന്നു ചെയ്തു നോക്കു….വളരെ ഗുണം ചെയ്യുമെന്ന് തോന്നുന്നു.
ഈശോ മറിയം യൗസേപ്പേ ഞാൻ നിങ്ങളെ സ്നേഹിക്കുന്നു. ആത്മാക്കളെ രക്ഷിക്കേണമേ!
- Love Apostle