Letter to the Romans Chapter 10 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 10 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 10

നിയമത്തിന്റെ പരിപൂര്‍ത്തി

1 സഹോദരരേ, എന്റെ ഹൃദയപൂര്‍വ കമായ ആഗ്രഹവും ഇസ്രായേലിനുവേണ്ടി ദൈവത്തോടുള്ള എന്റെ പ്രാര്‍ഥനയും അവര്‍ രക്ഷിക്കപ്പെടണം എന്നതാണ്.2 അവര്‍ക്കു ദൈവത്തെക്കുറിച്ചു തീക്ഷ്ണതയുണ്ടെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു; ആ തീക്ഷ്ണത ശരിയായ അറിവിന്റെ അടിസ്ഥാനത്തിലല്ലെന്നേയുള്ളൂ.3 എന്നാല്‍, ദൈവത്തിന്റെ നീതിയെക്കുറിച്ച് അവര്‍ അജ്ഞരാകകൊണ്ടും തങ്ങളുടെ തന്നെ നീതി സ്ഥാപിക്കാന്‍ വ്യഗ്രത കാണിക്കുന്നതുകൊണ്ടും ദൈവനീതിക്ക് അവര്‍ കീഴ്‌വഴങ്ങിയില്ല.4 വിശ്വസിക്കുന്ന ഏതൊരുവനും നീതീകരിക്കപ്പെടുന്നതിന് ക്രിസ്തു നിയമത്തെ പൂര്‍ത്തീകരിച്ചിരിക്കുന്നു.

എല്ലാവര്‍ക്കും രക്ഷ

5 നിയമാധിഷ്ഠിതമായ നീതി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അതുമൂലം ജീവന്‍ ലഭിക്കും എന്നു മോശ എഴുതുന്നു.6 വിശ്വാസാധിഷ്ഠിതമായ നീതിയാകട്ടെ ഇങ്ങനെ പറയുന്നു: ക്രിസ്തുവിനെ താഴേക്കു കൊണ്ടുവരാന്‍ സ്വര്‍ഗത്തിലേക്ക് ആരു കയറും എന്നു നീ ഹൃദയത്തില്‍ പറയരുത്.7 അഥവാ ക്രിസ്തുവിനെ മരിച്ചവരില്‍നിന്ന് ഉയര്‍ത്താന്‍ പാതാ ളത്തിലേക്ക് ആര് ഇറങ്ങും എന്നും പറയരുത്.8 എന്നാല്‍ പിന്നെ, എന്താണു പറയുന്നത്? വചനം നിനക്കു സമീപസ്ഥമാണ്. നിന്റെ അധരത്തിലും നിന്റെ ഹൃദയത്തിലും അതുണ്ട് – ഞങ്ങള്‍ പ്രസംഗിക്കുന്ന വിശ്വാസത്തിന്റെ വചനം തന്നെ.9 ആകയാല്‍, യേശു കര്‍ത്താവാണ് എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവ രില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും.10 എന്തുകൊണ്ടെന്നാല്‍, മനുഷ്യന്‍ ഹൃദയംകൊണ്ട് വിശ്വസിക്കുകയും തന്‍മൂലം നീതീകരിക്കപ്പെടുകയും ചെയ്യുന്നു. അവന്‍ അധരംകൊണ്ട് ഏറ്റുപറയുകയും തന്‍മൂലം രക്ഷപ്രാപിക്കുകയും ചെയ്യുന്നു.11 അവനില്‍ വിശ്വസിക്കുന്ന ഒരുവനും ലജ്ജിക്കേണ്ടിവരുകയില്ല എന്നാണല്ലോ വിശുദ്ധഗ്ര ന്ഥം പറയുന്നത്.12 യഹൂദനും ഗ്രീക്കുകാരനും തമ്മില്‍ വ്യത്യാസമില്ല. ഒരുവന്‍ തന്നെയാണ് എല്ലാവരുടെയും കര്‍ത്താവ്. തന്നെ വിളിച്ചപേക്ഷിക്കുന്ന എല്ലാവരുടെയും മേല്‍ അവിടുന്നു തന്റെ സമ്പത്തു വര്‍ഷിക്കുന്നു.13 എന്തെന്നാല്‍, കര്‍ത്താവിന്റെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷപ്രാപിക്കും.

പ്രഘോഷണവും വിശ്വാസവും

14 എന്നാല്‍, തങ്ങള്‍ വിശ്വസിച്ചിട്ടില്ലാത്ത ഒരുവനെ അവര്‍ എങ്ങനെ വിളിച്ചപേക്ഷിക്കും? ഒരിക്കലും കേട്ടിട്ടില്ലാത്തവനില്‍ എങ്ങനെ വിശ്വസിക്കും? പ്രസംഗകനില്ലാതെ എങ്ങനെ കേള്‍ക്കും?15 അയയ്ക്കപ്പെടുന്നില്ലെങ്കില്‍ എങ്ങനെ പ്രസംഗിക്കും? സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങള്‍ എത്ര സുന്ദരം! എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.16 എന്നാല്‍, എല്ലാവരും സുവിശേഷം അനുസരിച്ചില്ല. കര്‍ത്താവേ, ഞങ്ങളുടെ സന്‌ദേശം കേട്ടിട്ട് വിശ്വസിച്ചവന്‍ ആരാണ്? എന്ന് ഏശയ്യാ ചോദിക്കുന്നുണ്ടല്ലോ.17 ആ കയാല്‍ വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്.18 എന്നാല്‍, അവര്‍കേട്ടിട്ടില്ലേ എന്നു ഞാന്‍ ചോദിക്കുന്നു. തീര്‍ച്ചയായും ഉണ്ട്. എന്തെന്നാല്‍, അവരുടെ ശബ്ദം ഭൂമി മുഴുവനിലും വ്യാപിച്ചിരിക്കുന്നു; അവരുടെ വചനങ്ങള്‍ ലോകത്തിന്റെ സീമകള്‍വരെയും.19 ഞാന്‍ വീണ്ടുംചോദിക്കുന്നു, ഇസ്രായേല്‍ ഇതു ഗ്രഹിച്ചില്ലയോ? മുമ്പേതന്നെ മോശ ഇങ്ങനെ പറയുന്നു: ഒരു ജനതയല്ലാത്തവരോടു നിങ്ങളില്‍ ഞാന്‍ അസൂയ ജനിപ്പിക്കും. ബുദ്ധിയില്ലാത്ത ഒരു ജനത്തെക്കൊണ്ടു നിങ്ങളെ ഞാന്‍ പ്രകോപിപ്പിക്കും.20 ഏശയ്യായും ധൈര്യപൂര്‍വം പറയുന്നു: എന്നെ തേടാത്തവര്‍ എന്നെ കണ്ടെത്തി; എന്നെപ്പറ്റി അന്വേഷിക്കാത്ത വര്‍ക്ക് ഞാന്‍ എന്നെ വെളിപ്പെടുത്തി.21 ഇസ്രായേലിനെപ്പററിയാകട്ടെ, അവന്‍ പറയുന്നത് ഇങ്ങനെയാണ്: അനുസരണമില്ലാത്തവരും ധിക്കാരികളുമായ ഒരു ജനത്തിനുനേരെ ദിവസം മുഴുവനും ഞാന്‍ എന്റെ കരങ്ങള്‍ നീട്ടി.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment