Letter to the Romans Chapter 13 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 13 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 13

അധികാരത്തോടു വിധേയത്വം

1 ഓരോരുത്തനും മേലധികാരികള്‍ക്കു വിധേയനായിരിക്കട്ടെ. എന്തെന്നാല്‍, ദൈവത്തില്‍ നിന്നല്ലാതെ അധികാരമില്ല. നിലവിലിരിക്കുന്ന അധികാരങ്ങള്‍ ദൈവത്താല്‍ സ്ഥാപിതമാണ്.2 തന്നിമിത്തം, അധികാരത്തെ ധിക്കരിക്കുന്നവന്‍ ദൈവിക സംവിധാനത്തെയാണ് ധിക്കരിക്കുന്നത്. ധിക്കരിക്കുന്നവന്‍ തങ്ങള്‍ക്കുതന്നെ ശിക്ഷാവിധി വരുത്തിവയ്ക്കും.3 സത്പ്രവൃത്തികള്‍ചെയ്യുന്നവര്‍ക്കല്ല, ദുഷ്പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കാണ് അധികാരികള്‍ ഭീഷണിയായിരിക്കുന്നത്. നിനക്ക് അധികാരിയെ ഭയപ്പെടാതെ കഴിയണമെന്നുണ്ടോ? എങ്കില്‍ നന്‍മ ചെയ്യുക; നിനക്ക് അവനില്‍നിന്നു ബഹുമതിയുണ്ടാകും.4 എന്തെന്നാല്‍, അവന്‍ നിന്റെ നന്‍മയ്ക്കുവേണ്ടി ദൈവത്തിന്റെ ശുശ്രൂഷകനാണ്. എന്നാല്‍, നീ തിന്‍മ പ്രവര്‍ത്തിക്കുന്നുവെങ്കില്‍ പേടിക്കണം. അവന്‍ വാള്‍ ധരിച്ചിരിക്കുന്നതു വെറുതേയല്ല. തിന്‍മ ചെയ്യുന്നവനെതിരായി ദൈവത്തിന്റെ ക്രോധം നടപ്പാക്കുന്ന ദൈവശുശ്രൂഷകനാണവന്‍.5 ആകയാല്‍, ദൈവത്തിന്റെ ക്രോധം ഒഴിവാക്കാന്‍വേണ്ടി മാത്രമല്ല, മനഃസാക്ഷിയെ മാനിച്ചും നിങ്ങള്‍ വിധേയത്വം പാലിക്കുവിന്‍.6 നിങ്ങള്‍ നികുതികൊടുക്കുന്നതും ഇതേ കാരണത്താല്‍ത്തന്നെ. എന്തെന്നാല്‍, അധികാരികള്‍ ഇക്കാര്യങ്ങളില്‍ നിരന്തരംശ്രദ്ധവയ്ക്കുന്ന ദൈവശുശ്രൂഷകരാണ്.7 ഓരോരുത്തര്‍ക്കും അവകാശപ്പെട്ടിരിക്കുന്നതു കൊടുക്കുവിന്‍. നികുതി അവകാശപ്പെട്ടവനു നികുതി; ചുങ്കം അവകാശപ്പെട്ടവനു ചുങ്കം; ആദരം അര്‍ഹിക്കുന്നവന് ആദരം; ബഹുമാനം നല്‍കേണ്ടവനു ബഹുമാനം.

സഹോദരസ്‌നേഹം

8 പരസ്പരം സ്‌നേഹിക്കുകയെന്നതൊഴികെ നിങ്ങള്‍ക്ക് ആരോടും ഒരു കടപ്പാടുമുണ്ടാകരുത്. എന്തെന്നാല്‍, അയല്‍ക്കാരനെ സ്‌നേഹിക്കുന്നവന്‍ നിയമം പൂര്‍ത്തീകരിച്ചുകഴിഞ്ഞു.9 വ്യഭിചാരം ചെയ്യരുത്, കൊല്ലരുത്, മോഷ്ടിക്കരുത്, മോഹിക്കരുത് എന്നിവയും മറ്റേതു കല്‍പനയും, നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെ സ്‌നേഹിക്കണം എന്ന ഒരു വാക്യത്തില്‍ സംഗ്രഹിച്ചിരിക്കുന്നു.10 സ്‌നേഹം അയല്‍ക്കാരന് ഒരു ദ്രോഹവും ചെയ്യുന്നില്ല. അതുകൊണ്ടു നിയമത്തിന്റെ പൂര്‍ത്തീകരണം സ്‌നേഹമാണ്.

പ്രകാശത്തിന്റെ ആയുധങ്ങള്‍

11 ഇതെല്ലാം ചെയ്യുന്നത് കാലത്തിന്റെ പ്രത്യേകത അറിഞ്ഞുകൊണ്ടുവേണം. നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ നമ്മള്‍ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അ ടുത്തെത്തിയിരിക്കുന്നു.12 രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം.13 പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോകലഹങ്ങളിലോ അ സൂയയിലോ വ്യാപരിക്കരുത്.14 പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍. ദുര്‍മോഹങ്ങളിലേക്കു നയിക്കത്തക്കവിധം ശരീരത്തെപ്പറ്റി ചിന്തിക്കാതിരിക്കുവിന്‍.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment