Letter to the Romans Chapter 7 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 7 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 7

നിയമത്തില്‍നിന്നു മോചനം

1 സഹോദരരേ, നിയമത്തിന് ഒരുവന്റെ മേല്‍ അധികാരമുള്ളത് അവന്‍ ജീവിച്ചിരിക്കുന്ന കാലത്തുമാത്രമാണെന്ന് അറിഞ്ഞുകൂടേ? നിയമം അറിയാവുന്നവരോടാണല്ലോ ഞാന്‍ സംസാരിക്കുന്നത്.2 വിവാഹിതയായ സ്ത്രീ, ഭര്‍ത്താവു ജീവിച്ചിരിക്കുന്നിടത്തോളംകാലം, അവനോടു നിയമത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു. ഭര്‍ത്താവു മരിച്ചാല്‍ ഭര്‍ത്താവുമായി തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാകുന്നു.3 ഭര്‍ത്താവു ജീവിച്ചിരിക്കേ അന്യപുരുഷനോടു ചേര്‍ന്നാല്‍ അവള്‍ വ്യഭിചാരിണിയെന്നു വിളിക്കപ്പെടും. ഭര്‍ത്താവു മരിച്ചാല്‍ അവനുമായി തന്നെ ബന്ധിക്കുന്ന നിയമത്തില്‍നിന്ന് അവള്‍ സ്വതന്ത്രയാകും. പിന്നീടു മറ്റൊരു പുരുഷനെ വിവാഹം ചെയ്താല്‍ അവള്‍ വ്യഭിചാരിണിയാകുന്നില്ല.4 അതുപോലെ എന്റെ സഹോദരരേ, ക്രിസ്തുവിന്റെ ശരീരംമുഖേന നിയമത്തിനു നിങ്ങള്‍ മരിച്ചവരായി. ഇത് നിങ്ങള്‍ മരിച്ചവരില്‍നിന്നുയിര്‍പ്പിക്കപ്പെട്ടവന്റെ സ്വന്തമാകേണ്ടതിനും അങ്ങനെ നാം ദൈവത്തിനുവേണ്ടി ഫലം പുറപ്പെടുവിക്കേണ്ടതിനുമത്രേ.5 നാം ശാരീരികാഭിലാഷങ്ങള്‍ക്കനുസരിച്ചു ജീവിച്ചിരുന്നപ്പോള്‍ മരണത്തിനുവേണ്ടി ഫലങ്ങള്‍ പുറപ്പെടുവിക്കാന്‍ നിയമംവഴി പാപകരമായ ദുരാശകള്‍ നമ്മുടെ അവയവങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു.6 ഇപ്പോഴാകട്ടെ, നാം നമ്മെ അടിമപ്പെടുത്തിയിരുന്നതിനു മരിച്ച് നിയമത്തില്‍നിന്നു മോചിതരായി. ഇത് ആത്മാവിന്റെ പുതുമയില്‍, നിയമത്തിന്റെ പഴമയിലല്ല, നാം ശുശ്രൂഷ ചെയ്യുന്നതിനുവേണ്ടിയാണ്.

നിയമത്തിന്റെ സ്വാധീനം

7 ആകയാല്‍ നാം എന്താണു പറയേണ്ടത്? നിയമം പാപമാണെന്നോ? ഒരിക്കലുമല്ല. എങ്കിലും, നിയമമില്ലായിരുന്നെങ്കില്‍ ഞാന്‍ പാപമെന്തെന്ന് അറിയുമായിരുന്നില്ല. മോഹിക്കരുത് എന്നു നിയമം അനുശാസിക്കാതിരുന്നെങ്കില്‍, മോഹം എന്തെന്നു ഞാന്‍ അറിയുമായിരുന്നില്ല.8 എന്നാല്‍, പ്രമാണംവഴി അവസരം കണ്ടെത്തി പാപം എല്ലാവിധ മോഹവും എന്നില്‍ ജനിപ്പിച്ചു. നിയമത്തിന്റെ അഭാവത്തില്‍ പാപം നിര്‍ജീവമാണ്.9 ഒരു കാലത്ത് നിയമം കൂടാതെ ഞാന്‍ ജീവിച്ചു. എന്നാല്‍, പ്രമാണം വന്നപ്പോള്‍ പാപം സജീവമാവുകയും ഞാന്‍ മരിക്കുകയും ചെയ്തു.10 ഇങ്ങനെ ജീവനുവേണ്ടിയുള്ള പ്രമാണം എനിക്കു മരണമായിത്തീര്‍ന്നു.11 എന്തുകൊണ്ടെന്നാല്‍, പാപം കല്‍പനവഴി അവസരം കണ്ടെത്തി എന്നെ ചതിക്കുകയും അതുവഴി എന്നെ കൊല്ലുകയും ചെയ്തു.12 നിയമം വിശുദ്ധംതന്നെ; കല്‍പന വിശുദ്ധവുംന്യായ വും നല്ലതുമാണ്.

പാപത്തിന്റെ സ്വാധീനം

13 അപ്പോള്‍, നന്‍മയായിട്ടുള്ളത് എനിക്കു മരണമായിത്തീര്‍ന്നെന്നോ? ഒരിക്കലുമില്ല, പാപമാണു നന്‍മയായിട്ടുള്ളതിലൂടെ എന്നില്‍ മരണമുളവാക്കിയത്. ഇത്, പാപം പാപമായിട്ടുതന്നെ കാണപ്പെടുന്നതിനും കല്‍പനവഴി പൂര്‍വാധികം പാപകരമായിത്തീരുന്നതിനും വേണ്ടിയാണ്.14 നിയമം ആത്മീയമാണെന്നു നാമറിയുന്നു. ഞാന്‍ പാപത്തിന് അടിമയായി വില്‍ക്കപ്പെട്ട ജഡികനാണ്.15 ഞാന്‍ ചെയ്യുന്ന പ്രവൃത്തികള്‍തന്നെ എനിക്കു മനസ്‌സിലാകുന്നില്ല. എന്തെന്നാല്‍, ഞാന്‍ ഇച്ഛിക്കുന്നതല്ല, വെറുക്കുന്നതാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്.16 ഞാന്‍ ഇ ച്ഛിക്കാത്തതു പ്രവര്‍ത്തിക്കുന്നെങ്കില്‍ നിയമം നല്ലതാണെന്നു ഞാന്‍ സമ്മതിക്കുന്നു.17 എന്നാല്‍, ഇപ്പോള്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നതു ഞാനല്ല, എന്നില്‍ കുടികൊള്ളുന്ന പാപമാണ്.18 എന്നില്‍, അതായത്, എന്റെ ശരീരത്തില്‍, നന്‍മ വസിക്കുന്നില്ലെന്നു ഞാനറിയുന്നു. നന്‍മ ഇച്ഛിക്കാന്‍ എനിക്കു സാധിക്കും; എന്നാല്‍, പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല.19 ഇച്ഛിക്കുന്ന നന്‍മയല്ല, ഇ ച്ഛിക്കാത്ത തിന്‍മയാണു ഞാന്‍ പ്രവര്‍ത്തിക്കുന്നത്.20 ഞാന്‍ ഇച്ഛിക്കാത്തതു ഞാന്‍ ചെയ്യുന്നുവെങ്കില്‍, അതു ചെയ്യുന്നത് ഒരിക്കലും ഞാനല്ല, എന്നില്‍ വസിക്കുന്ന പാപമാണ്.21 അങ്ങനെ, നന്‍മ ചെയ്യാനാഗ്ര ഹിക്കുന്ന എന്നില്‍ത്തന്നെതിന്‍മയുണ്ട് എന്നൊരു തത്വം ഞാന്‍ കാണുന്നു.22 എന്റെ അന്തരംഗത്തില്‍ ഞാന്‍ ദൈവത്തിന്റെ നിയമമോര്‍ത്ത് ആഹ്ലാദിക്കുന്നു.23 എന്റെ അവയവങ്ങളിലാകട്ടെ, എന്റെ മനസ്‌സിന്റെ നിയമത്തോടു പോരാടുന്ന വേറൊരു നിയമം ഞാന്‍ കാണുന്നു. അത് എന്റെ അവയവങ്ങളിലുള്ള പാപത്തിന്റെ നിയമത്തിന് എന്നെ അടിമപ്പെടുത്തുന്നു.24 ഞാന്‍ ദുര്‍ഭഗനായ മനുഷ്യന്‍! മരണത്തിന് അധീനമായ ഈ ശരീരത്തില്‍നിന്ന് എന്നെ ആരു മോചിപ്പിക്കും?25 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവഴി ദൈവത്തിനു സ്‌തോത്രം! ചുരുക്കത്തില്‍, ഞാന്‍ എന്റെ മനസ്‌സുകൊണ്ടു ദൈവത്തിന്റെ നിയമത്തെ സേവിക്കുന്നു; എന്റെ ശരീരംകൊണ്ടു പാപത്തിന്റെ നിയമത്തെയും.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment