Letter to the Romans Chapter 9 | റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 9 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ റോമാക്കാർക്ക് എഴുതിയ ലേഖനം, അദ്ധ്യായം 9

ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ്.

1 ഞാന്‍ ക്രിസ്തുവിനെ മുന്‍നിര്‍ത്തി സ ത്യം പറയുന്നു; വ്യാജം പറയുകയല്ല. എന്റെ മനസ്‌സാക്ഷിയും പരിശുദ്ധാത്മാവിനാല്‍ പ്രചോദിതമായി എനിക്കു സാക്ഷ്യം നല്‍കുന്നു.2 എനിക്കു ദുഃഖവും ഹൃദയത്തില്‍ അടങ്ങാത്ത വേദനയുമുണ്ട്.3 വംശമുറയനുസരിച്ചുതന്നെ എനിക്കുറ്റവരായ സഹോദരങ്ങള്‍ക്ക് ഉപകരിക്കുമെങ്കില്‍ ശപിക്കപ്പെട്ടവനും ക്രിസ്തുവില്‍നിന്നു വിച്‌ഛേദിക്കപ്പെട്ട വനുമാകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.4 അവര്‍ ഇസ്രായേല്‍മക്കളാണ്. പുത്രസ്ഥാനവും മഹത്വവും ഉടമ്പടികളും നിയമത്തിന്റെ അവകാശവും ശുശ്രൂഷയും വാഗ്ദാനങ്ങളും അവരുടേതാണ്.5 പൂര്‍വപിതാക്കന്‍മാരും അവരുടേത്; ക്രിസ്തുവും വംശമുറയ്ക്ക് അവരില്‍നിന്നുള്ളവന്‍തന്നെ. അവന്‍ സര്‍വാധിപനായ ദൈവവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമാണ്, ആമേന്‍.6 ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. എന്തെന്നാല്‍, ഇസ്രായേല്‍ വംശജരെല്ലാം ഇസ്രായേല്‍ക്കാരല്ല.7 അബ്രാഹത്തിന്റെ സന്തതിയായതുകൊണ്ട് അവരെല്ലാം മക്കളായിരിക്കണമെന്നില്ല. ഇസഹാക്കുവഴിയുള്ളവരായിരിക്കും നിന്റെ സന്തതികളായി അറിയപ്പെടുക.8 അതായത്, വംശ മുറയ്ക്കുള്ള മക്കളല്ല ദൈവത്തിന്റെ മക്കള്‍; പ്രത്യുത, വാഗ്ദാനപ്രകാരം ജനിച്ചവ രാണുയഥാര്‍ഥ മക്കളായി കണക്കാക്കപ്പെടുന്നത്.9 വാഗ്ദാനം ഇതാണ്: ഒരു നിശ്ചിതസമയത്തു ഞാന്‍ വരും. അന്നു സാറായ്ക്ക് ഒരു മകന്‍ ഉണ്ടായിരിക്കും.10 മാത്രമല്ല, നമ്മുടെ പൂര്‍വപിതാവായ ഇസഹാക്ക് എന്ന ഒരേ ആളില്‍നിന്നു റെബേക്കായും കുട്ടികളെ ഗര്‍ഭംധരിച്ചു.11 എന്നാല്‍, അവര്‍ ജനിക്കുകയോ, നന്‍മയോ തിന്‍മയോ ആയി എന്തെങ്കിലും പ്രവര്‍ത്തിക്കുകയോ ചെയ്യുന്നതിനുമുമ്പുതന്നെ അവള്‍ക്ക് ഇപ്രകാരം അറിയിപ്പുണ്ടായി: ജ്യേഷ്ഠന്‍ അനുജന്റെ സേവ കനായിരിക്കും. ദൈവത്തിന്റെ തെരഞ്ഞെടുപ്പിന്റെ ലക്ഷ്യം12 പ്രവൃത്തികള്‍മൂലമല്ല, അവിടുത്തെ വിളിമൂലം തുടര്‍ന്നുപോകേണ്ട തിനാണ് ഇതു സംഭവിച്ചത്.13 യാക്കോബിനെ ഞാന്‍ സ്‌നേഹിച്ചു. ഏസാവിനെയാകട്ടെ ഞാന്‍ വെറുത്തു എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്.14 അപ്പോള്‍ നാം എന്തുപറയണം? ദൈവത്തിന്റെ ഭാഗത്ത് അനീതിയുണ്ടെന്നോ? ഒരിക്കലും അല്ല.15 എനിക്കു ദയ തോന്നുന്നവരോടു ഞാന്‍ ദയ കാണിക്കും; എനിക്ക് അനുകമ്പ തോന്നുന്നവരോട് അനുകമ്പയും എന്ന് അവിടുന്നു മോശയോട് അ രുളിച്ചെയ്യുന്നു.16 അതുകൊണ്ട്, മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം.17 വിശുദ്ധഗ്രന്ഥം ഫറവോയോടു പറയുന്നു: ഭൂമിയിലെങ്ങും എന്റെ നാമം ഉദ്‌ഘോഷിക്കപ്പെടുന്നതിനും എന്റെ ശക്തി നിന്നില്‍ വെളിപ്പെടുത്തുന്നതിനുംവേണ്ടിയാണ് നിന്നെ ഞാന്‍ ഉയര്‍ത്തിയത്.18 താന്‍ ഇച്ഛിക്കുന്നവരോട് അവിടുന്നു കരുണ കാണിക്കുന്നു; അതുപോലെ താന്‍ ഇച്ഛിക്കുന്നവരെ കഠിനഹൃദയരാക്കുകയും ചെയ്യുന്നു.

കോപവും കാരുണ്യവും.

19 അപ്പോള്‍ നിങ്ങള്‍ എന്നോടു ചോദിച്ചേക്കാം: അങ്ങനെയെങ്കില്‍, അവിടുന്ന് എന്തിനു മനുഷ്യനെ കുറ്റപ്പെടുത്തണം? അവിടുത്തെ ഹിതം ആര്‍ക്കു തടുക്കാന്‍ കഴിയും?20 ദൈവത്തോടു വാഗ്വാദം നടത്താന്‍മനുഷ്യാ, നീ ആരാണ്? നീ എന്തിനാണ് എന്നെ ഈ വിധത്തില്‍ നിര്‍മിച്ചത് എന്നു പാത്രം കുശവനോടു ചോദിക്കുമോ?21 ഒരേ കളിമണ്‍ പിണ്‍ഡത്തില്‍നിന്നു ശ്രേഷ്ഠമോ ഹീനമോ ആയ ഉപയോഗത്തിനുള്ള പാത്രങ്ങള്‍ നിര്‍മിക്കാന്‍ കുശവന് അവകാശമില്ലേ?22 ദൈവം തന്റെ ക്രോധം വെളിവാക്കാനും ശക്തി അറിയിക്കാനും ആഗ്രഹിച്ചുകൊണ്ട് നശിപ്പിക്കപ്പെടാന്‍വേണ്ടി നിര്‍മിച്ച ക്രോധ പാത്രങ്ങളോടു വലിയ ക്ഷമ കാണിച്ചെങ്കില്‍ അതിലെന്ത്?23 അത്, താന്‍മഹത്വത്തിനായി മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന കൃപാപാത്രങ്ങള്‍ക്കുവേണ്ടിയുള്ള തന്റെ മഹത്വത്തിന്റെ സമ്പത്ത് വെളിപ്പെടുത്താന്‍വേണ്ടിയാണ്.24 യഹൂദരില്‍നിന്നു മാത്രമല്ല, വിജാതീയരില്‍നിന്നുകൂടിയും വിളിക്കപ്പെട്ട നമ്മളും ആ പാത്രങ്ങളില്‍പ്പെടുന്നു.25 അവിടുന്നു ഹോസിയാവഴി അരുളിച്ചെയ്യുന്നതുപോലെ, എന്റെ ജനമല്ലാത്തവരെ എന്റെ ജനം എന്ന് ഞാന്‍ വിളിക്കും; പ്രിയപ്പെട്ടവ ളല്ലാത്തവളെ പ്രിയപ്പെട്ടവളെന്നും.26 നിങ്ങള്‍ എന്റെ ജനമല്ല എന്ന് അവരോടു പറയപ്പെട്ട അതേ സ്ഥലത്തുവച്ചു ജീവിക്കുന്ന ദൈവത്തിന്റെ മക്കള്‍ എന്ന് അവര്‍ വിളിക്കപ്പെടും.27 ഇസ്രായേലിനെക്കുറിച്ച് ഏശയ്യായും വിലപിക്കുന്നു: ഇസ്രായേല്‍ മക്കളുടെ സം ഖ്യ കടലിലെ മണല്‍പോലെയാണെന്നിരിക്കിലും, അവരില്‍ ഒരുചെറിയഭാഗം മാത്രമേ രക്ഷിക്കപ്പെടുകയുള്ളു.28 എന്തെന്നാല്‍, കര്‍ത്താവ് ഭൂമിയുടെമേലുള്ള വിധി അന്തിമമായി ഉടന്‍തന്നെ നിര്‍വഹിക്കും.29 ഏശയ്യാ പ്രവചിച്ചിട്ടുള്ളതുപോലെ, സൈന്യങ്ങളുടെ കര്‍ത്താവു നമുക്കു മക്കളെ അവശേഷിപ്പിച്ചില്ലായിരുന്നെങ്കില്‍, നമ്മള്‍ സോദോം പോലെ ആയിത്തീരുമായിരുന്നു; ഗൊമോറായ്ക്കു സദൃശരാവുകയുംചെയ്യുമായിരുന്നു.

വിജാതീയര്‍ പ്രാപിച്ച നീതി.

30 അപ്പോള്‍ നമ്മള്‍ എന്തു പറയണം? നീതി അന്വേഷിച്ചു പോകാതിരുന്ന വിജാതീയര്‍ നീതി, അതായത് വിശ്വാസത്തിലുള്ള നീതി, പ്രാപിച്ചു എന്നുതന്നെ.31 നിയമത്തിലധിഷ്ഠിതമായ നീതി അന്വേഷിച്ചുപോയ ഇസ്രായേലാകട്ടെ, ആ നിയമം നിറവേറ്റുന്നതില്‍ വിജയിച്ചില്ല.32 എന്തുകൊണ്ട്? അവര്‍ വിശ്വാസത്തിലൂടെയല്ല പ്രവൃത്തികളിലൂടെയാണ് അന്വേഷിച്ചത്. ഇടര്‍ച്ചയുടെ പാറമേല്‍ അവര്‍ തട്ടിവീണു.33 ഇതാ! തട്ടിവീഴ്ത്തുന്ന കല്ലും ഇടര്‍ച്ചയ്ക്കുള്ള പാറയും സീയോനില്‍ ഞാന്‍ സ്ഥാപിക്കുന്നു. അവനില്‍ വിശ്വസിക്കുന്നവര്‍ക്കു ലജ്ജിക്കേണ്ടിവരുകയില്ല എന്ന് എഴുതപ്പെട്ടിരിക്കുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment