നോമ്പുകാല വചനതീർത്ഥാടനം – 01
ഉൽപ്പത്തി 5 : 24 “ഹെനോക്ക് ദൈവത്തിനു പ്രിയങ്കരനായി ജീവിച്ചു. പിന്നെ അവനെ കണ്ടിട്ടില്ല; ദൈവം അവനെ എടുത്തു.”
ആദാമിന്റെ ഏഴാം തലമുറയിൽപ്പെട്ട വ്യക്തിയായിരുന്നു ഹെ നോക്ക്. ദൈവത്താൽ പ്രത്യേകം അനുഗ്രഹിക്കപ്പെട്ട വ്യക്തിയുമായിരുന്നു. അദ്ദേഹത്തിനു മുമ്പും പിമ്പും ജീവിച്ചിരുന്ന ഒട്ടേറെപ്പേർ മരിച്ചപ്പോൾ ഹെനോക്ക് മാത്രം മരിക്കാതെ 365 വർഷക്കാലം ജീവിച്ചു എന്നാണ് വേദപുസ്തകം രേഖപ്പെടുത്തിയിരിക്കുന്നത്. എന്തുകൊണ്ടായിരി
ക്കാം ഇപ്രകാരം സംഭവിച്ചതു്? അദ്ദേഹം ദൈവത്തോടൊപ്പം നടന്നു. അത്രതന്നെ. “ദൈവത്തോടൊപ്പം നടക്കുക” എന്നു പറഞ്ഞാൽ വേദപുസ്തക ഭാഷയിൽ ദൈവത്തിനു പ്രിയങ്കരനായി ജീവിക്കുക എന്നതാണ്. നമ്മുടെ നോമ്പാചരണത്തിന്റെ ലക്ഷ്യംതന്നെ ദൈവത്തോടൊപ്പം നടക്കുക അല്ലെങ്കിൽ ദൈവത്തിനു പ്രിയങ്കരരായി ജീവിക്കുക എന്നതാണ്. മിക്ക പ്രവാചകൻ പറയുന്നു:” മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്നു നിനക്ക് കാണിച്ചു തന്നിട്ടുണ്ട്. നീതി പ്രവർത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയിൽ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കർത്താവ് നിന്നിൽനിന്ന് ആവശ്യപ്പെടുന്നത്?”(മിക്ക 6:8)
നമ്മളെല്ലാവരും ദൈവത്തിന് പ്രിയങ്കരരായി ജീവിക്കണമെന്നാണ് ദൈവത്തിന്റെ ആഗഹം. അപ്രകാരം ജീവിച്ചാൽ ഹെനോക്കിനെപ്പോലെ മരണമെന്തെന്നറിയാതെ ദൈവസന്നിധിയിലെത്താനും സൂര്യനെപ്പോലെ എന്നെന്നും മരണമില്ലാത്തവരായി ജീവിക്കാനും കഴിയുമെന്നുള്ളത് ഉറപ്പായ കാര്യമാണ്. അതുകൊണ്ടാണല്ലോ വി. യോഹന്നാൻ ഇപ്രകാരം എഴുതിവെച്ചത്: ” ഏക സത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ .”(John 17:3 ).
എങ്ങനെയാണ് ഹെനോക്ക് ദൈവത്തിന് പ്രിയങ്കരനായി അവിടുത്തോടൊപ്പം നടന്നത്? അറുപത്തിയഞ്ചു വർഷംവരെയുളള അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് വേദപുസ്തകം എന്തെങ്കിലും പറയുന്നതായി നാം വായിക്കുന്നില്ല. എന്നാൽ തന്റെ അറുപത്തഞ്ചാമത്തെ വയസ്സിൽ മെത്തുശെലഹ് എന്നു പേരായ മകനുണ്ടായതോടുകൂടിയാണ് ദൈവത്തോടൊപ്പമുളള നടത്തം ആരംഭിച്ചത്. ചുരുക്കം പറഞ്ഞാൽ തന്റെ പിതൃത്വാനുഭവത്തിലൂടെയാണ് ഹെനോക്ക് ദൈവത്തിന്റെ സ്നേഹം, കരുതൽ, ദീർഘക്ഷമ, ദയ എന്നിവയുടെ അനുഭവത്തിലേക്ക് കടന്നുവന്നത്. കുടുംബത്തിലെ പിതൃപുത്രബന്ധത്തിന്റെ ഊഷ്മളതയിൽ നിന്നാണ് ദൈവത്തോടുളള ആഴമായ കൂട്ടായ്മയിലേക്ക് കടന്നുവരാൻ അദ്ദേഹത്തിന് സാധിച്ചത്. ഈ കൂട്ടായ്മ ഒരു യാഥാർത്ഥ്യമാകുമ്പോഴാണ് നമ്മൾ ദൈവാനുഗ്രഹത്തിന് അർഹരായിത്തീരുന്നത്.
രണ്ടാമത് നമ്മൾ മനസ്സിലാക്കേണ്ടത്, ദുഷ്ടത നിറഞ്ഞ ഒരു കാലഘട്ടത്തിലാണ് ഹെനോക്ക് ദൈവത്തിന് പ്രിയങ്കരനായി ജീവിച്ചതും അവിടുത്തോടൊപ്പം സഞ്ചരിച്ചതും. പ്രതികൂല സാഹചര്യങ്ങളിൽ ദൈവത്തോടുളള കൂട്ടായ്മയിൽ ജീവിച്ച് നന്മയുടെ പ്രകാശം പരത്തുവാൻ അദ്ദേഹത്തിനു സാധിച്ചു നമുക്ക്ചുറ്റും അഴിമതിയും അക്രമവും കൈക്കൂലിയും ചൂഷണവുമെല്ലാം അരങ്ങു തകർക്കുമ്പോൾ അതിനെതിരെ പോരാടുക അസാധ്യമെന്നാണ് പലരും ചിന്തിച്ചുപോകുന്നത്. എന്നാൽ അനീതി പെരുകുമ്പോഴാണ് ഒരു ക്രൈസ്തവന്റെ ജീവിതം തെളിമയാെടെ ശോഭിക്കേണ്ടത്.
മൂന്നാമത്, വെറും സാധാരണ ജീവിതം നയിച്ചു കൊണ്ടാണ് ഹെനോക്ക് ദൈവത്തോടുകൂടി നടന്നത്. തനിക്ക് ഒരു മകനുണ്ടായതിന്റെ പേരിൽ അയാൾ തന്റെ സാധാരണ ജീവിതം ഉപേക്ഷിച്ചിട്ട് സന്യാസവ്രതം സ്വീകരിച്ചില്ല. ദൈവത്തോടൊപ്പം കൂട്ടായ്മയിൽ ജീവിക്കുന്നതിന് ലോക വ്യാപാരങ്ങളിൽനിന്നും കുടുംബപരമായ കാര്യങ്ങളിൽനിന്നും ഒഴിഞ്ഞു നില്ക്കണമെന്നുള്ളതു് തെറ്റായ ചിന്താഗതിയാണെന്ന് ഹെനോക്ക് നമ്മെ പഠിപ്പിക്കുന്നു. ജീവിതത്തിൽ അസാധാരണമായ കാര്യങ്ങൾ ചെയ്യുന്നതിലല്ല സാധാരണകാര്യങ്ങൾ അസാധാരണമായ വിധത്തിൽ ചെയ്യുന്നതിലാണ് ഒരു ക്രിസ്ത്യാനിയുടെ ജീവിത ശ്രേഷ്ഠത അടങ്ങിയിരിക്കുന്നത്. അതുകൊണ്ട് സാധാരണ ജീവിതത്തിലെ രീതികൾ തന്നെ അനുവർത്തിച്ചു കൊണ്ട് ദൈവത്തോടൊപ്പം ഹെനോക്കിനെപ്പോലെ നമുക്ക് സഞ്ചരിക്കാം. ദൈവത്തോടൊപ്പമുള്ള ജീവിതത്തിൽനിന്ന് നമ്മെ പിന്തിരിപ്പിക്കുന്ന പാപങ്ങളെക്കുറിച്ച് അനുതാപാർദ്രമായ ഹൃദയത്തോടെ മന:സ്തപിച്ച് മാനസാന്തരത്തിന്റെ മാർഗ്ഗങ്ങളിലൂടെ സഞ്ചരിക്കാം. പ്രാർത്ഥനയും ഉപവാസവും ജീവകാരുണ്യ പ്രവൃത്തികളും അതിനായി നമുക്ക് പ്രയോജനപ്പെടുത്താം.
ഫാ. ആന്റണി പൂതവേലിൽ 02.03.2022

Leave a comment