2 Corinthians Chapter 1 | 2 കോറിന്തോസ്, അദ്ധ്യായം 1 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 1

അഭിവാദനം

1 ദൈവതിരുമനസ്‌സാല്‍ യേശുക്രിസ്തുവിന്റെ അപ്പസ്‌തോലനായ പൗലോസും സഹോദരന്‍ തിമോത്തേയോസും കോറിന്തോസിലുള്ള ദൈവത്തിന്റെ സഭയ്ക്കും അക്കായിയായിലെങ്ങുമുള്ള വിശുദ്ധര്‍ക്കും എഴുതുന്നത്.2 നമ്മുടെ പിതാവായ ദൈവത്തില്‍നിന്നും കര്‍ത്താവായ യേശുക്രിസ്തുവില്‍നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും.

സഹനത്തിലൂടെ സമാശ്വാസം

3 നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ദൈവവും പിതാവും, കരുണയുടെ പിതാവും സകല സമാശ്വാസത്തിന്റെയും ദൈവവുമായവന്‍ വാഴ്ത്തപ്പെട്ടവനാകട്ടെ!4 ദൈവം ഞങ്ങള്‍ക്കു നല്‍കുന്ന സാന്ത്വനത്താല്‍ ഓരോ തരത്തിലുള്ള വ്യഥകളനുഭ വിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ ഞങ്ങള്‍ ശക്തരാകേണ്ടതിനും, ഞങ്ങള്‍ ദൈവത്തില്‍നിന്ന് അനുഭവിക്കുന്ന അതേ ആശ്വാസംതന്നെ അവരും അനുഭവിക്കേണ്ടതിനും അവിടുന്നു ഞങ്ങളെ എല്ലാ ക്‌ളേശങ്ങളിലും സമാശ്വസിപ്പിക്കുന്നു.5 ക്രിസ്തുവിന്റെ സഹനങ്ങളില്‍ ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നതുപോലെ ക്രിസ്തുവിലൂടെ സമാശ്വാസത്തിലും ഞങ്ങള്‍ സമൃദ്ധമായി പങ്കുചേരുന്നു.6 ഞങ്ങള്‍ ക്ലേശങ്ങളനുഭവിക്കുന്നെങ്കില്‍ അതു നിങ്ങളുടെ സമാശ്വാസത്തിനും രക്ഷയ്ക്കും വേണ്ടിയാണ്; ഞങ്ങള്‍ക്ക് ആ ശ്വാസം ലഭിക്കുന്നെങ്കില്‍ അതു നിങ്ങളുടെ ആശ്വാസത്തിനുവേണ്ടിയാണ്, ഞങ്ങള്‍ സ ഹിക്കുന്ന പീഡകള്‍തന്നെ നിങ്ങളും ക്ഷമയോടെ സഹിക്കുന്നതിന് നിങ്ങള്‍ക്കു ശക്തി ലഭിക്കുന്നതിനുവേണ്ടിയാണ്.7 ഞങ്ങള്‍ക്കു നിങ്ങളില്‍ ഉറച്ച പ്രത്യാശയുണ്ട്. ഞങ്ങളുടെക്ലേശങ്ങളില്‍ നിങ്ങള്‍ പങ്കുചേരുന്നതുപോലെ ഞങ്ങളുടെ സമാശ്വാസത്തിലും നിങ്ങള്‍ പങ്കുചേരും എന്നു ഞങ്ങള്‍ക്കറിയാം.8 സഹോദരരേ, ഏഷ്യയില്‍ ഞങ്ങള്‍ അനുഭവിച്ച ക്ലേശങ്ങളെപ്പറ്റി നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു. മര ണഭയം ഉണ്ടാകത്തക്കവിധം അത്രമാത്രം കഠിനമായും ദുസ്‌സഹമായും ഞങ്ങള്‍ പീഡിപ്പിക്കപ്പെട്ടു.9 മാത്രമല്ല, ഞങ്ങള്‍ മരണശിക്ഷയ്ക്കു വിധിക്കപ്പെട്ടിരിക്കുന്നെന്നു ഞങ്ങള്‍ക്കു തോന്നി. എന്നാല്‍, ഇത് ഞങ്ങള്‍ ഞങ്ങളില്‍തന്നെ ആശ്രയിക്കാതെ, മരിച്ചവരെ ഉയിര്‍പ്പിക്കുന്ന ദൈവത്തില്‍ ആശ്രയിക്കുന്നതിനുവേണ്ടിയായിരുന്നു.10 അത്ര ഗൗരവമേറിയ ഒരു വിപത്തില്‍നിന്നു ദൈവം ഞങ്ങളെ രക്ഷിച്ചു; തുടര്‍ന്നും രക്ഷിക്കും; രക്ഷിക്കുമെന്ന് ഞങ്ങള്‍ അവനില്‍ പ്രത്യാശിക്കുകയും ചെയ്യുന്നു.11 ഞങ്ങള്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥനകള്‍വഴി നിങ്ങള്‍ ഞങ്ങളെ സഹായിക്കണം. അങ്ങനെ, അനേകരുടെ പ്രാര്‍ഥനയുടെ ഫലമായി ഞങ്ങള്‍ക്കു ലഭിച്ച അനുഗ്രഹത്തിന് അനേകമാളുകള്‍ ഞങ്ങളെപ്രതി സ്‌തോത്രമര്‍പ്പിക്കാന്‍ ഇടയാകട്ടെ.

സന്ദര്‍ശനം മാറ്റിവയ്ക്കുന്നു

12 ഞങ്ങള്‍ ലോകത്തില്‍, പ്രത്യേകിച്ചു നിങ്ങളുടെയിടയില്‍, വിശുദ്ധിയോടും പരമാര്‍ ഥതയോടുംകൂടെ വ്യാപരിച്ചു എന്ന മന സ്‌സാക്ഷിയാണ് ഞങ്ങളുടെ അഭിമാനം. അതു ഭൗതികജ്ഞാനത്താലല്ല, ദൈവകൃപയാലാണു സാധിച്ചത്.13 നിങ്ങള്‍ക്കു വായിക്കാനും മനസ്‌സിലാക്കാനും സാധിക്കുന്നതൊഴിച്ചു മറ്റൊന്നും ഞങ്ങള്‍ എഴുതുന്നില്ല.14 ഇപ്പോള്‍ നിങ്ങള്‍ ഞങ്ങളെ ഭാഗികമായി മനസ്‌സിലാക്കുന്നതുപോലെ, നമ്മുടെ കര്‍ത്താവായ യേശുവിന്റെ ദിനത്തില്‍ നിങ്ങള്‍ ഞങ്ങളുടെ അഭിമാനവും ഞങ്ങള്‍ നിങ്ങളുടെ അഭിമാനവുമാണെന്നു നിങ്ങള്‍ സമ്പൂര്‍ണമായും ഗ്രഹിക്കുമെന്നു ഞാന്‍ പ്രത്യാശിക്കുന്നു.15 ഈ വിശ്വാസത്തോടെയാണ്, നിങ്ങള്‍ക്കു വീണ്ടും കൃപ ലഭിക്കേണ്ടതിന് നിങ്ങളുടെ അടുത്തുവരാമെന്നു ഞാന്‍ നേരത്തെനിശ്ചയിച്ചത്.16 മക്കെദോനിയായ്ക്കുപോകുന്നവഴി നിങ്ങളെ സന്ദര്‍ശിക്കണമെന്നും, അവിടെനിന്നു നിങ്ങളുടെ അടുത്തു തിരിച്ചെത്തണമെന്നും അവിടെനിന്ന് നിങ്ങള്‍ എന്നെയൂദയായിലേക്കുയാത്രയയയ്ക്കണമെന്നും ആയിരുന്നു എന്റെ ആഗ്രഹം.17 എന്റെ ഈ തീരുമാനത്തില്‍ ഞാന്‍ ഉറപ്പില്ലാത്തവനായിരുന്നുവോ? ഒരേ സമയം അതേ എന്നും അല്ല എന്നും പറയാന്‍മുതിരുന്ന ലൗകികമനുഷ്യനെപ്പോലെയാണോ ഞാന്‍ പദ്ധതികള്‍ തയ്യാറാക്കുന്നത്?18 നിങ്ങളോടുള്ള ഞങ്ങളുടെ വാക്കുകള്‍ ഒരേ സമയം അതേ എന്നും അല്ല എന്നും ആയിരുന്നില്ല എന്നതിനു വിശ്വസ്തനായ ദൈവംസാക്ഷിയാണ്.19 എന്തുകൊണ്ടെന്നാല്‍, നിങ്ങളുടെയിടയില്‍ ഞങ്ങള്‍, ഞാനും സില്‍വാനോസും തിമോത്തേയോസും, പ്രസംഗിച്ച ദൈവപുത്രനായ യേശുക്രിസ്തു അതേയും അല്ലയും ആയിരുന്നില്ല. എല്ലായ്‌പോഴും അതേ തന്നെ ആയിരുന്നു.20 ദൈവത്തിന്റെ സകല വാഗ്ദാനങ്ങളും ക്രിസ്തുവില്‍ അതേ എന്നുതന്നെ. അതുകൊണ്ടുതന്നെയാണു ദൈവമഹത്വത്തിന് അവന്‍ വഴി ഞങ്ങള്‍ ആമേന്‍ പറയുന്നത്.21 ഞങ്ങളെ നിങ്ങളോടുകൂടെ ക്രിസ്തുവില്‍ സ്ഥാപിച്ചിരിക്കുന്നതും അഭിഷേകം ചെയ്തിരിക്കുന്നതും ദൈവമാണ്.22 അവിടുന്ന് നമ്മില്‍ തന്റെ മുദ്രപതിക്കുകയും അച്ചാരമായിട്ടു തന്റെ ആത്മാവിനെ നമ്മുടെ ഹൃദയങ്ങളിലേക്കു പകരുകയും ചെയ്തിരിക്കുന്നു.23 നിങ്ങളുടെ ഗുണത്തിനുവേണ്ടിയാണ് ഞാന്‍ കോറിന്തോസിലേക്കു വരാതിരുന്നത്. ഇതിന് എന്റെ ജീവനെച്ചൊല്ലി ദൈവത്തെ ഞാന്‍ സാക്ഷിയാക്കുന്നു.24 നിങ്ങളുടെ വിശ്വാസത്തിന്‍മേല്‍ ഞങ്ങള്‍ ആധിപത്യം പുലര്‍ത്തുന്നില്ല. നിങ്ങള്‍ വിശ്വാസസ്ഥിരതയുള്ളവരായതുകൊണ്ടു നിങ്ങളുടെ സന്തോ ഷത്തിനുവേണ്ടി ഞങ്ങള്‍ നിങ്ങളോടൊത്തു ജോലിചെയ്യുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment