2 Corinthians Chapter 11 | 2 കോറിന്തോസ്, അദ്ധ്യായം 11 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 11

കപട അപ്പസ്‌തോലന്‍മാര്‍

1 അല്പം ഭോഷത്തം സംസാരിക്കുന്നത് നിങ്ങള്‍ സഹിക്കുമെന്നു പ്രതീക്ഷിക്കുന്നു. നിങ്ങള്‍ ഇപ്പോള്‍ത്തന്നെ എന്നോടു സഹിഷ്ണുത കാണിക്കുന്നുണ്ടല്ലോ.2 എനിക്കു നിങ്ങളോടു ദൈവികമായ അസൂയ തോന്നുന്നു. എന്തെന്നാല്‍, നിര്‍മലയായ വധു വിനെ അവളുടെ ഭര്‍ത്താവിന് എന്നതുപോലെ, നിങ്ങളെ ക്രിസ്തുവിനു സമര്‍പ്പിക്കേണ്ടതിന് ക്രിസ്തുവുമായി നിങ്ങളുടെ വിവാഹനിശ്ചയം ഞാന്‍ നടത്തി.3 എന്നാല്‍, സര്‍പ്പം ഹവ്വായെ തന്ത്രപൂര്‍വം ചതിച്ചതുപോലെ, നിങ്ങളുടെ ചിന്തകള്‍ ക്രിസ്തുവിലുള്ള ലാളിത്യത്തിലും വിശുദ്ധിയിലുംനിന്നു വ്യതിചലിപ്പിക്കപ്പെടുമോ എന്നു ഞാന്‍ ഭയപ്പെടുന്നു.4 എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.5 ഈ അപ്പസ്‌തോലപ്രമാണികളെക്കാള്‍ ഒട്ടും കുറഞ്ഞവനല്ല ഞാന്‍ എന്നാണ് എന്റെ വിശ്വാസം.6 എനിക്കു പ്രസംഗചാതുര്യം കുറവായിരിക്കാം. എങ്കിലും അറിവില്‍ ഞാന്‍ പിന്നോക്കമല്ല. എല്ലാകാര്യങ്ങളിലും എല്ലാവിധത്തിലും ഇതു ഞങ്ങള്‍വെളിപ്പെടുത്തിയിട്ടുണ്ടല്ലോ.7 ദൈവത്തിന്റെ സുവിശേഷം പ്രതിഫലംകൂടാതെ പ്രസംഗിച്ചുകൊണ്ടു നിങ്ങളുടെ ഉത്കര്‍ഷത്തിനുവേണ്ടി ഞാന്‍ എന്നെത്തന്നെതാഴ്ത്തിയത് തെറ്റാണോ?8 നിങ്ങളെ ശുശ്രൂഷിക്കുന്നതിനുവേണ്ടി മറ്റു സഭകളില്‍നിന്നു സഹായം സ്വീകരിച്ചുകൊണ്ടു ഞാന്‍ അവരെ കവര്‍ച്ചചെയ്യുകയായിരുന്നു.9 ഞാന്‍ നിങ്ങളുടെകൂടെ ആയിരിക്കുമ്പോള്‍ എനിക്കു ഞെരുക്കം ഉണ്ടായെങ്കിലും ആരെയും ഞാന്‍ ബുദ്ധിമുട്ടിച്ചില്ല. മക്കെദോനിയായില്‍നിന്നു വന്ന സഹോദരന്‍മാരാണ് എന്റെ ആവശ്യങ്ങള്‍ നിറവേറ്റിത്തന്നത്. അതിനാല്‍ നിങ്ങളെ ഒരുപ്രകാരത്തിലും ബുദ്ധിമുട്ടിക്കാതിരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചു; മേലിലും ശ്രദ്ധിക്കും.10 ക്രിസ്തുവിന്റെ സത്യം എന്നിലുള്ളതുകൊണ്ട് എന്റെ ഈ പ്രശംസ അക്കായിയാപ്രദേശങ്ങളില്‍ കേള്‍ക്കപ്പെടാതിരിക്കുകയില്ല.11 എന്തുകൊണ്ട്? ഞാന്‍ നിങ്ങളെ സ്‌നേഹിക്കാത്തതുകൊണ്ടോ? അങ്ങനെയല്ലെന്നു ദൈവത്തിനറിയാം.12 ഞാന്‍ ഇപ്പോള്‍ ചെയ്യുന്നത് തുടര്‍ന്നും ചെയ്യും. അങ്ങനെ തങ്ങളുടെ പ്രേഷിതവേല ഞങ്ങളുടേതുപോലെതന്നെയാണെന്നു വന്‍പു പറയുന്നവരുടെ അവകാശവാദം ഞങ്ങള്‍ ഖണ്‍ഡിക്കുകയും ചെയ്യും.13 അത്തരക്കാര്‍ കപടനാട്യക്കാരായ അപ്പസ്‌തോലന്‍മാരും വഞ്ചകരായ ജോലിക്കാരും ക്രിസ്തുവിന്റെ അപ്പസ്‌തോലന്‍മാരായി വ്യാജവേ ഷം ധരിച്ചവരുമാണ്.14 അദ്ഭുതപ്പെടേണ്ടാ, പിശാചുപോലും പ്രഭാപൂര്‍ണനായ ദൈവ ദൂതനായി വേഷംകെട്ടാറുണ്ടല്ലോ.15 അതിനാല്‍, അവന്റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അ തിലെന്തദ്ഭുതം? അവരുടെ പരിണാമം അവരുടെ പ്രവൃത്തികള്‍ക്കനുസൃതമായിരിക്കും.

അപ്പസ്‌തോലന്റെ സഹനം

16 എന്നെ ഭോഷനായി ആരും കരുതരുതെന്ന് ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. അഥവാ, നിങ്ങള്‍ കരുതുകയാണെങ്കില്‍ എനിക്കും അല്‍പം ആത്മപ്രശംസ ചെയ്യേണ്ടതിന് എന്നെ ഭോഷനായിത്തന്നെ സ്വീകരിക്കുവിന്‍.17 കര്‍ത്താവിന്റെ അധികാരത്തോടെയല്ല, പ്രത്യുത ആത്മപ്രശംസയിലുള്ള ഈ ദൃഢവിശ്വാസത്തോടെ, ഒരു ഭോഷനെപ്പോലെയാണു ഞാന്‍ സംസാരിക്കുന്നത്.18 പലരും ലൗകികകാര്യങ്ങളെപ്പറ്റി പ്രശംസിക്കാറുള്ളതുപോലെ ഞാനും പ്രശംസിക്കും.19 ബുദ്ധിമാന്‍മാരായ നിങ്ങള്‍ വിഡ്ഢികളോടു സന്തോഷപൂര്‍വം സഹിഷ്ണുത കാണിക്കാറുണ്ടല്ലോ!20 എന്തെന്നാല്‍, നിങ്ങളെ അടിമകളാക്കുകയും കൊള്ളയടിക്കുകയും ചൂഷണംചെയ്യുകയും അഹങ്കരിക്കുകയും നിങ്ങളുടെ മുഖത്തടിക്കുകയും ചെയ്യുന്നവരോടു നിങ്ങള്‍ സഹിഷ്ണുത പുലര്‍ത്തുന്നുണ്ടല്ലോ.21 അതിനൊന്നും ഞങ്ങള്‍ക്കു ശക്തിയില്ലായിരുന്നെന്നു ലജ്ജയോടെ പറഞ്ഞുകൊള്ളട്ടെ. ആരെങ്കിലും പ്രശംസിക്കാന്‍ ധൈര്യപ്പെടുന്ന എന്തിനെക്കുറിച്ചും പ്രശംസിക്കാന്‍ ഞാനും ധൈര്യപ്പെടും എന്ന് ഒരുഭോഷനെപ്പോലെ ഞാന്‍ പറയുന്നു.22 അവര്‍ ഹെബ്രായരാണോ? ഞാനും അതേ. അവര്‍ ഇസ്രായേല്‍ക്കാരാണോ? ഞാനും അതേ. അവര്‍ അബ്രാഹത്തിന്റെ സന്തതികളാണോ? ഞാനും അതേ.23 അവര്‍ ക്രിസ്തുവിന്റെ ദാസന്‍മാരാണോ? ഉന്മത്തനെപ്പോലെ ഞാനും പറയുന്നു, ഞാന്‍ കുറെക്കൂടെ മെച്ചപ്പെട്ട ദാസനാണ്. അവരെക്കാള്‍ വളരെയേറെ ഞാന്‍ അധ്വാനിച്ചു; വളരെക്കൂടുതല്‍ കാരാഗൃഹവാസമനുഭവിച്ചു; എണ്ണമറ്റവിധം പ്രഹരമേറ്റു; പല തവണമരണവക്ത്രത്തിലകപ്പെട്ടു.24 അഞ്ചുപ്രാവശ്യം യഹൂദരുടെ കൈകളില്‍നിന്ന് ഒന്നുകുറയെ നാല്‍പത് അടിവീതം ഞാന്‍ കൊണ്ടു.25 മൂന്നു പ്രാവശ്യം വടികൊണ്ട് അടിക്കപ്പെട്ടു. ഒരിക്കല്‍ കല്ലെറിയപ്പെട്ടു. മൂന്നു പ്രാവശ്യം കപ്പലപകടത്തില്‍പെട്ടു. ഒരു രാത്രിയും ഒരു പകലും കടലില്‍ ഒഴുകിനടന്നു.26 തുടരെത്തുടരെയുള്ളയാത്രകള്‍ക്കിടയില്‍, നദികളില്‍വച്ചും കൊള്ളക്കാരില്‍നിന്നും സ്വന്തക്കാരില്‍നിന്നും വിജാതീയരില്‍നിന്നും എനിക്ക് അപകടങ്ങളുണ്ടായി. നഗരത്തില്‍വച്ചും വിജനപ്രദേശത്തുവച്ചും കടലില്‍വച്ചും അപകടങ്ങളില്‍ അകപ്പെട്ടു. വ്യാജസഹോദരരില്‍നിന്നുള്ള അപ കടങ്ങള്‍ക്കും ഞാന്‍ അധീനനായി.27 കഠിനാധ്വാനത്തിലും വിഷമസന്ധികളിലും നിരവധി രാത്രികളിലെ ജാഗരണത്തിലും വിശപ്പിലും ദാഹത്തിലും പലപ്പോഴും ഉപവാസത്തിലും തണുപ്പിലും നഗ്‌നതയിലും ഞാന്‍ ജീവിച്ചു.28 ഇവയ്‌ക്കെല്ലാം പുറമേ, സകല സഭകളെയുംകുറിച്ചുള്ള എന്റെ ഉത്കണ്ഠ അനുദിനം എന്നെ അലട്ടിക്കൊണ്ടുമിരിക്കുന്നു.29 ആരു ബലഹീനനാകുമ്പോഴാണ് ഞാന്‍ ബലഹീനനാകാതിരിക്കുന്നത്? ആരുതെറ്റുചെയ്യുമ്പോഴാണ് എന്റെ ഹൃദയം കത്തിയെരിയാത്തത്?30 എനിക്കു പ്രശംസിക്കണമെന്നുണ്ടെങ്കില്‍ എന്റെ ബലഹീനതകളെക്കുറിച്ചായിരിക്കും ഞാന്‍ പ്രശംസിക്കുക.31 ഞാന്‍ വ്യാജം പറയുകയല്ലെന്നു കര്‍ത്താവായ യേശുവിന്റെ ദൈവവും പിതാവും എന്നേക്കും വാഴ്ത്തപ്പെട്ടവനുമായ ദൈവം അറിയുന്നു.32 ദമാസ്‌ക്കസില്‍വച്ച് എന്നെ പിടികൂടുന്നതിനുവേണ്ടി അരേത്താസ് രാജാവിന്റെ ദേശാധിപതി ദമാസ്‌ക്കസ് നഗരത്തിനു കാവലേര്‍പ്പെടുത്തി.33 എന്നാല്‍, മതിലിലുള്ള ഒരു കിളിവാതിലിലൂടെ കുട്ടയില്‍ ഞാന്‍ താഴേക്കിറക്കപ്പെട്ടു. അങ്ങനെ അവന്റെ കൈകളില്‍നിന്നു ഞാന്‍ രക്ഷപെട്ടു.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment