2 Corinthians Chapter 13 | 2 കോറിന്തോസ്, അദ്ധ്യായം 13 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 13

മുന്നറിയിപ്പുകള്‍

1 മൂന്നാം പ്രാവശ്യമാണു ഞാന്‍ നിങ്ങളെ സന്ദര്‍ശിക്കാന്‍ പോകുന്നത്. രണ്ടോ മൂന്നോ സാക്ഷികളുടെ മൊഴിയിന്‍മേല്‍ ഏതു കാര്യവും സ്ഥിരീകരിക്കേണ്ടിയിരിക്കുന്നു.2 നേരത്തേ പാപം ചെയ്തവര്‍ക്കും മറ്റെല്ലാവര്‍ക്കും ഞാന്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്റെ രണ്ടാം സന്ദര്‍ശനവേളയില്‍ ഞാന്‍ ചെയ്തതുപോലെ ഇപ്പോള്‍ എന്റെ അസാന്നിധ്യത്തിലും അവര്‍ക്കു ഞാന്‍ താക്കീതു നല്‍കുന്നു. ഞാന്‍ വീണ്ടും വന്നാല്‍ അവരെ വെറുതെ വിടുകയില്ല.3 ക്രിസ്തു എന്നിലൂടെ സംസാരിക്കുന്നു എന്നതിനു തെളിവാണല്ലോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. നിങ്ങളോട് ഇടപെടുന്നതില്‍ അവന്‍ ദുര്‍ബലനല്ല, ശക്തനാണ്.4 അവന്‍ ബലഹീനതയില്‍ ക്രൂശിക്കപ്പെട്ടു. എന്നാല്‍, ദൈവത്തിന്റെ ശക്തിയാല്‍ ജീവിക്കുന്നു. ക്രിസ്തുവില്‍ ഞങ്ങളും ബലഹീനരാണ്. എന്നാല്‍, നിങ്ങളോടു പെരുമാറുമ്പോഴാകട്ടെ ഞങ്ങള്‍ അവനോടുകൂടെ ദൈവത്തിന്റെ ശക്തികൊണ്ടു ജീവിക്കും.5 നിങ്ങള്‍ നിങ്ങളുടെ വിശ്വാസത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് പരിശോധിക്കുവിന്‍; നിങ്ങളെത്തന്നെ പരീക്ഷിച്ചറിയുവിന്‍. യേശുക്രിസ്തു നിങ്ങളിലുണ്ട് എന്നു നിങ്ങള്‍ക്കു ബോധ്യമായിട്ടില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും പരീക്ഷയില്‍ പരാജയപ്പെട്ടിരിക്കുന്നു.6 ഞങ്ങള്‍ പരാജയപ്പെട്ടിട്ടില്ലെന്ന് നിങ്ങള്‍ ഗ്രഹിക്കും എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു.7 എന്നാല്‍, നിങ്ങള്‍ തിന്‍മപ്രവര്‍ത്തിക്കരുതേ എന്നാണ് ദൈവത്തോടുള്ള ഞങ്ങളുടെ പ്രാര്‍ഥന. ഞങ്ങള്‍ പരീക്ഷയില്‍ വിജയിച്ചവരായി കാണപ്പെടണമെന്നില്ല; ഞങ്ങള്‍ പരാജിതരായി കാണപ്പെട്ടാലും നിങ്ങള്‍ നന്‍മപ്രവര്‍ത്തിക്കണം.8 സത്യത്തിനുവേണ്ടിയല്ലാതെ സത്യത്തിനെതിരായി ഒന്നുംചെയ്യുക ഞങ്ങള്‍ക്കു സാധ്യമല്ല.9 ഞങ്ങള്‍ ബലഹീനരും നിങ്ങള്‍ ബലവാന്‍മാരും ആയിരിക്കുമ്പോള്‍ ഞങ്ങള്‍ സന്തോഷിക്കുന്നു. നിങ്ങളുടെ പുനരുദ്ധാരണത്തിനുവേണ്ടിയാണ് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നത്.10 ഞാന്‍ വരുമ്പോള്‍ കാര്‍ക്കശ്യത്തോടെ അധികാരം പ്രയോഗിക്കാതിരിക്കേണ്ടതിന്, നിങ്ങളില്‍നിന്ന് അകലെയായിരിക്കുമ്പോള്‍ ഇതെഴുതുന്നു. കര്‍ത്താവ് എന്നെ അധികാരപ്പെടുത്തിയിരിക്കുന്നതു നിങ്ങളെ വളര്‍ത്തിയെടുക്കാനാണ്; നശിപ്പിക്കാനല്ല.

അഭിവാദനങ്ങള്‍

11 അവസാനമായി, സഹോദരരേ, സന്തോഷിക്കുവിന്‍. നിങ്ങളെത്തന്നെ നവീകരിക്കുവിന്‍. എന്റെ ആഹ്വാനം സ്വീകരിക്കുവിന്‍. ഏകമനസ്‌കരായിരിക്കുവിന്‍. സമാധാനത്തില്‍ ജീവിക്കുവിന്‍. സ്‌നേഹത്തിന്റെയും ശാന്തിയുടെയും ദൈവം നിങ്ങളോടുകൂടെയുണ്ടായിരിക്കും.12 വിശുദ്ധ ചുംബനം കൊണ്ട് അന്യോന്യം അഭിവാദനം ചെയ്യുവിന്‍.13 വിശുദ്ധരെല്ലാവരും നിങ്ങളെ അഭിവാദനംചെയ്യുന്നു.14 കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപയും ദൈവത്തിന്റെ സ്‌നേഹവും പരിശുദ്ധാത്മാവിന്റെ സഹവാസവും നിങ്ങളേവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment