2 Corinthians Chapter 5 | 2 കോറിന്തോസ്, അദ്ധ്യായം 5 | Malayalam Bible | POC Translation

വി. പൗലോസ് ശ്ലീഹ കോറിന്തോസുകാർക്ക് എഴുതിയ രണ്ടാം ലേഖനം, അദ്ധ്യായം 5

1 ഞങ്ങള്‍ വസിക്കുന്ന ഭൗമികഭവനം നശിച്ചുപോകുമെങ്കിലും കരങ്ങളാല്‍ നിര്‍മിത മല്ലാത്തതും ശാശ്വതവും ദൈവത്തില്‍നിന്നുള്ളതുമായ സ്വര്‍ഗീയഭവനം ഞങ്ങള്‍ക്കുണ്ടെന്നു ഞങ്ങള്‍ അറിയുന്നു.2 വാസ്തവത്തില്‍ ഞങ്ങള്‍ ഇവിടെ നെടുവീര്‍പ്പിടുകയും സ്വര്‍ഗീയവസതി ധരിക്കുവാന്‍ വെമ്പല്‍കൊള്ളുകയുമാണ്.3 അതു ധരിക്കുമ്പോള്‍ ഞങ്ങള്‍ നഗ്‌നരായി കാണപ്പെടുകയില്ല.4 ഈ കൂടാരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെയും ഞങ്ങള്‍ ഉത്കണ്ഠാകുലരായി നെടുവീര്‍പ്പിടുന്നു; മൃത്യുവശഗമായതു ജീവനാല്‍ ഗ്രസിക്കപ്പെടേണ്ടതിന് പഴയതു മാറ്റിക്കളയാനല്ല, പുതിയതു ധരിക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്.5 ഈ ലക്ഷ്യത്തിനായി ഞങ്ങളെ ഒരുക്കിയത് ആത്മാവിനെ അച്ചാരമായി ഞങ്ങള്‍ക്കു നല്‍കിയ ദൈവമാണ്.6 ഞങ്ങള്‍ക്ക് എല്ലായ്‌പോഴും നല്ല ധൈര്യമുണ്ട്. ഞങ്ങള്‍ ശരീരത്തില്‍ വസിക്കുന്നിടത്തോളം കാലം കര്‍ത്താവില്‍നിന്ന് അകലെയാണെന്നു ഞങ്ങള്‍ അറിയുന്നു.7 എന്തെന്നാല്‍, ഞങ്ങള്‍ നയിക്കപ്പെടുന്നത് വിശ്വാസത്താലാണ്, കാഴ്ചയാലല്ല. ഞങ്ങള്‍ക്കു നല്ല ധൈര്യമുണ്ട്.8 ശരീരത്തില്‍നിന്ന് അകന്നിരിക്കാനും കര്‍ത്താവിനോട് അടുത്തിരിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു.9 അടുത്തായാലും അകലെയായാലും അവിടുത്തെ പ്രസാദിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.10 എന്തുകൊണ്ടെന്നാല്‍, ഓരോരുത്തരും തങ്ങളുടെ ശാരീരികതയില്‍ ചെയ്തിട്ടുള്ള നന്‍മതിന്‍മ കള്‍ക്കു പ്രതിഫലം സ്വീകരിക്കുന്നതിന് നാമെല്ലാവരും ക്രിസ്തുവിന്റെന്യായാസനത്തിനു മുമ്പില്‍ വരണം.

അനുരഞ്ജനത്തിന്റെ ശുശ്രൂഷ

11 കര്‍ത്താവിനെ ഭയമുള്ളതുകൊണ്ടുതന്നെയാണു ഞങ്ങള്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. ഞങ്ങള്‍ എന്താണെന്നു ദൈവത്തിനറിയാം. അതു നിങ്ങള്‍ക്കും നന്നായി അറിയാമെന്നു ഞാന്‍ വിശ്വസിക്കുന്നു.12 ഞങ്ങള്‍ വീണ്ടും ഞങ്ങളെത്തന്നെ നിങ്ങളുടെ മുമ്പാകെ പുകഴ്ത്തുകയല്ല; പ്രത്യുത, ഹൃദയംനോക്കാതെ, മുഖം നോക്കി പ്രശംസിക്കുന്നവര്‍ക്ക് ഉത്തരം നല്‍കാന്‍ നിങ്ങള്‍ക്ക് കഴിയേണ്ടതിന് ഞങ്ങളെപ്പറ്റി അഭിമാനിക്കാന്‍ ഒര വസരം നല്‍കുകയാണ്.13 ഞങ്ങള്‍ ഉന്‍മത്തരാണെങ്കില്‍ അതു ദൈവത്തിനുവേണ്ടിയാണ്. ഞങ്ങള്‍ സമചിത്തരാണെങ്കില്‍ അതു നിങ്ങള്‍ക്കുവേണ്ടിയാണ്.14 ഒരുവന്‍ എല്ലാവര്‍ക്കുംവേണ്ടി മരിച്ചുവെന്നും അതിനാല്‍ എല്ലാവരും മരിച്ചുവെന്നും ഞങ്ങള്‍ക്കു ബോധ്യമുള്ളതിനാല്‍, ക്രിസ്തുവിന്റെ സ്‌നേഹം ഞങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്നു.15 ജീവിക്കുന്നവര്‍ ഇനിയും തങ്ങള്‍ക്കുവേണ്ടി ജീവിക്കാതെ, തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനുവേണ്ടി ജീവിക്കേണ്ടതിനാണ് അവിടുന്ന് എല്ലാവര്‍ക്കുംവേണ്ടി മരിച്ചത്.16 അതിനാല്‍, ഇപ്പോള്‍ മുതല്‍ ഞങ്ങള്‍ ആരെയും മാനുഷികമായ കാഴ്ചപ്പാടില്‍ വീക്ഷിക്കുന്നില്ല. ഒരിക്കല്‍ ഞങ്ങള്‍ മാനുഷികമായ കാഴ്ചപ്പാടില്‍ ക്രിസ്തുവിനെ വീക്ഷിച്ചിരുന്നെങ്കിലും ഇനിയൊരിക്കലും അങ്ങനെ ചെയ്യുകയില്ല.17 ക്രിസ്തുവില്‍ ആയിരിക്കുന്നവന്‍ പുതിയ സൃഷ്ടിയാണ്. പഴയതു കടന്നുപോയി. ഇതാ, പുതിയതു വന്നുകഴിഞ്ഞു.18 ഞങ്ങളെ ക്രിസ്തുവഴി തന്നോടു രമ്യതപ്പെടുത്തുകയും രമ്യതയുടെ ശുശ്രൂഷ ഞങ്ങള്‍ക്കു നല്‍കുകയും ചെയ്ത ദൈവത്തില്‍നിന്നാണ് ഇവയെല്ലാം.19 അതായത്, ദൈവം മനുഷ്യരുടെ തെ റ്റുകള്‍ അവര്‍ക്കെതിരായി പരിഗണിക്കാതെ രമ്യതയുടെ സന്‌ദേശം ഞങ്ങളെ ഭരമേല്‍പിച്ചുകൊണ്ട് ക്രിസ്തുവഴി ലോകത്തെ തന്നോടു രമ്യതപ്പെടുത്തുകയായിരുന്നു.20 ഞങ്ങള്‍ ക്രിസ്തുവിന്റെ സ്ഥാനപതികളാണ്. ഞങ്ങള്‍വഴി ദൈവം നിങ്ങളോട് അഭ്യര്‍ഥിക്കുന്നു: നിങ്ങള്‍ ദൈവത്തോടു രമ്യതപ്പെടുവിന്‍. ഇതാണ് ക്രിസ്തുവിന്റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോട് അപേക്ഷിക്കുന്നത്.21 എന്തെന്നാല്‍, അവനില്‍ നാമെല്ലാവരും ദൈവത്തിന്റെ നീതിയാകേണ്ടതിന്, പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപ മാക്കി.

Advertisements
Advertisements
Advertisements
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment