March Devotion, March 05

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: അഞ്ചാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അവനോടു പറഞ്ഞു: ദാവീദിന്റെ പുത്രനായ ജോസഫ്, മറിയത്തെ ഭാര്യയായി സ്വീകരിക്കാന്‍ ശങ്കിക്കേണ്ടാ. അവള്‍ ഗര്‍ഭം ധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍നിന്നാണ്‌
(മത്തായി 1:20).

വി. യൗസേപ്പ് പ.കന്യകയുടെ വിരക്തഭര്‍ത്താവ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

ദൈവം പരിശുദ്ധ കന്യകയെ അനാദിയിലെ തന്നെ തെരഞ്ഞെടുത്ത് അവളെ ദൈവമാതൃപദത്തിലേക്കുയര്‍ത്തി. ദൈവജനനിയുടെ മഹത്വത്തിനെല്ലാം നിദാനം അവളുടെ ദൈവമാതൃത്വമാണ്. മനുഷ്യന്‍റെ ബുദ്ധിക്കഗ്രാഹ്യമായ അനേകം ദാനങ്ങളാല്‍ ദൈവം തന്‍റെ ദിവ്യജനനിയെ അലങ്കരിച്ചു. അത്കൊണ്ട് തന്നെ സകല സൃഷ്ടികളിലും നിന്ന് വേറിട്ട ഒരാളാണ് പ.കന്യക. ദൈവമാതാവിന്‍റെ വിരക്തഭര്‍ത്താവായി ദൈവം തെരഞ്ഞെടുത്ത വി. യൗസേപ്പിനും തത്തുല്യമായ ഒരു സ്ഥാനമുണ്ടെന്നുള്ളത് നാം അംഗീകരിച്ചേ മതിയാവൂ. ഭാര്യാഭര്‍ത്താക്കന്‍മാര്‍ പരസ്പര പൂരകങ്ങളാണ്. ഭാര്യയുടെ ഗുണങ്ങളിലും സമ്പത്തിലും മറ്റ് നന്മകളിലും ഭര്‍ത്താവിനും അവകാശം സിദ്ധിക്കുന്നുണ്ട്.

അതിനാല്‍ സര്‍വഗുണഗണങ്ങളാലും സമ്പൂര്‍ണ്ണമായ പരിശുദ്ധ ജനനിയുടെ ഭര്‍ത്താവായ വി.യൗസേപ്പിനും പ. കന്യകയുടെ എല്ലാ നന്മകളിലും ദാനങ്ങളിലും ഭാഗഭാഗിത്വം വഹിക്കുന്നുണ്ടെന്ന് അനുമാനിക്കാം. ഒരു രാജാവ്‌ തന്‍റെ പുത്രിക്ക് വിവാഹാലോചന നടത്തുമ്പോള്‍ പുത്രിക്ക് ഏറ്റവും അനുരൂപനായ ഒരു വരനെ കണ്ടുപിടിക്കുവാന്‍ പരിശ്രമിക്കുന്നു. സമ്പത്ത്, സൗകുമാര്യം, സ്വഭാവഗുണം മുതലായവയിലെല്ലാം മികച്ച ഒരു വ്യക്തിയേ അദ്ദേഹം തിരഞ്ഞെടുക്കുകയുള്ളൂ. രാജാധിരാജനും സര്‍വഗുണ സമ്പൂര്‍ണ്ണനുമായ ദൈവം മറിയത്തിന് അനുരൂപനായ വരനായി വി.യൗസേപ്പിനെ തെരഞ്ഞെടുക്കുകയും സകല സല്‍ഗുണങ്ങളാലും അലങ്കരിക്കുകയും ചെയ്തു.

തന്നിമിത്തം ദൈവജനനിയായ പ. കന്യകാമറിയം കഴിഞ്ഞാല്‍ വി. യൗസേപ്പിന് സകല‍ വിശുദ്ധന്മാരിലും ഉന്നതസ്ഥാനം അര്‍ഹിക്കുന്നുവെന്ന് മനസ്സിലാക്കാം. പ. കന്യകയുമായിട്ടുള്ള നിരന്തര സഹവാസം വി. യൗസേപ്പിന്‍റെ വിശുദ്ധിയെ കൂടുതല്‍ പരിപോഷിപ്പിച്ചു. വിവാഹ ജീവിതത്തില്‍ ഭാര്യയ്ക്ക് ഭര്‍ത്താവിന്‍റെ വിശുദ്ധീകരണത്തിലും, ഭര്‍ത്താവിനു ഭാര്യയുടെ വിശുദ്ധീകരണത്തിലും, ഭാര്യാഭര്‍ത്താക്കന്‍മാര്‍ രണ്ടുപേരും കൂടി സന്താനങ്ങളുടെ വിശുദ്ധീകരണത്തിലും ശ്രദ്ധ പതിക്കുവാനുള്ള ഒരഭിഷേകമാണ് സ്വീകരിക്കുന്നത്.

ദൈവമാതാവായ പ. കന്യകയെ ഒരു പ്രാവശ്യം കാണുന്നതു തന്നെ വളരെ വലിയ വിശുദ്ധിക്ക് നിദാനമാണ്. വി. യൗസേപ്പ് ദൈവജനനിയുമായി നിത്യസഹവാസത്തില്‍ കഴിയുകയും സഹകരിച്ച് പ്രവര്‍ത്തിക്കുകയും സേവനമര്‍പ്പിക്കുകയും ചെയ്തപ്പോള്‍ അത് എത്രമാത്രം അദ്ദേഹത്തിന്‍റെ വിശുദ്ധിയെ പരിപോഷിപ്പിച്ചു എന്ന്‍ നമ്മുക്ക് ചിന്തിച്ചാല്‍ മനസ്സിലാകും. “മുല്ലപ്പൂമ്പൊടിയേറ്റു കിടക്കും കല്ലിനുമുണ്ടാമൊരു സൗരഭ്യം.” എന്ന കവിവാക്യം എത്ര അര്‍ത്ഥപൂര്‍ണ്ണമാണ്. പ.കന്യകയോടുള്ള സാമീപ്യം വി. യൗസേപ്പിനെ യോഗീയാക്കി തീര്‍ത്തു. ഭാര്യാഭര്‍തൃബന്ധം തിരുസഭയും ക്രിസ്തുവും തമ്മിലുള്ള ബന്ധത്തിന്‍റെ ഒരു പ്രതീകമാണെന്ന് അപ്പസ്തോലനായ പൌലൊസ് എഫേസൂസുകാര്‍ക്കു എഴുതിയ ലേഖനത്തില്‍ അനുസ്മരിപ്പിക്കുന്നു.

സംഭവം
🔶🔶🔶🔶

1962-ല്‍ ഛാന്ദാമിഷന്‍ പ. സിംഹാസനം കേരള സഭയെ ഏല്‍പ്പിച്ചു. ഈ മിഷന്‍ രൂപതയുടെ ആദ്യകാലത്ത് അവിടെ ജോലി ചെയ്തിരുന്ന ഒരു മലയാളി വൈദികനുണ്ടായ അനുഭവമാണിത്. ഛാന്ദായിലെ കാകസ നഗറില്‍ നിന്നു മാര്‍ യൗസേപ്പിതാവിന്‍റെ ഉത്തമഭക്തനായ അദ്ദേഹം ഒരു ഗ്രാമത്തിലേക്ക് പോകുകയായിരുന്നു. ക്രിസ്തുമത വിരോധികളായ ചില വര്‍ഗീയ ഭ്രാന്തന്‍മാരുടെ താവളത്തിലാണ് അദ്ദേഹം ചെന്നുപെട്ടത്. സംസാരത്തിലും പെരുമാറ്റത്തിലും നിന്ന്‍ അദ്ദേഹം ഒരു ക്രൈസ്തവനാണെന്ന് അവര്‍ മനസ്സിലാക്കി. വിരോധികള്‍, സ്നേഹഭാവത്തില്‍ അടുത്തുകൂടി. സമയം സന്ധ്യ. ഉടനെ അവിടം വിട്ട് പോകരുതെന്നും പോയാല്‍ വലിയ അപകടം വരാന്‍ ഇടയുണ്ടെന്നും പറഞ്ഞു. അവര്‍ അദ്ദേഹത്തെ ഒരു വീട്ടിലേക്ക് നയിച്ചു. സംശയത്തിന് ഇടവരാത്തവിധം അവര്‍ മിക്കവാറും തന്നെ പുറത്തേക്ക് പോയി. കുറച്ചു സമയം കഴിഞ്ഞ് അദ്ദേഹത്തിന് ചില സംശയങ്ങള്‍ തോന്നിത്തുടങ്ങി.

ഈ അവസരത്തില്‍ തന്നെ രക്ഷിക്കുവാന്‍ കഴിവുള്ളതായി മാര്‍ യൗസേപ്പ് മാത്രമേയുള്ളൂ എന്ന ശരണത്തോടെ അദ്ദേഹം പ്രാര്‍ത്ഥിച്ചു. അതാ, ഒരു മനുഷ്യന്‍ അദ്ദേഹത്തിന്‍റെ സമീപത്തു വന്നു അയാള്‍ പറഞ്ഞു: നിങ്ങള്‍ അകപ്പെട്ടിരിക്കുന്നത് മതവൈരികളുടെ താവളത്തിലാണ്. വേഗം രക്ഷപെടുക. “ആ മനുഷ്യന്‍റെ വാക്കുകളില്‍ വൈദികന് വിശ്വാസം തോന്നി. പക്ഷേ രക്ഷപെട്ടു പോകാന്‍ കൈയില്‍ പണമില്ല. ആ മനുഷ്യന്‍ 50 രൂപ വൈദികന്‍റെ കൈയില്‍ ഏല്‍പ്പിച്ചിട്ടു പറഞ്ഞു: എത്രയും വേഗം ഒരു ടാക്സിയില്‍ കയറി അടുത്തുള്ള പട്ടണത്തിലേക്കു പുറപ്പെടുക. ഞാന്‍ വിദ്യാഭ്യാസം ചെയ്തത് ഒരു കത്തോലിക്കാ കോളേജിലാണ്. നിങ്ങളെ ഈ അവസരത്തില്‍ രക്ഷപെടുത്തേണ്ടത് എന്‍റെ കടമയാണ് എന്നു ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം ആ മനുഷ്യനോടു പണം വാങ്ങി ടാക്സി കാര്‍ പിടിച്ച് അടുത്തുള്ള നഗരത്തിലേക്ക് പോയി. കാറില്‍ കയറുമ്പോള്‍ തന്നെ ആദ്യം സ്വീകരിച്ചവര്‍ മദ്യപിച്ച് കൊലയായുധങ്ങളുമായി വിശ്രമിച്ച് വീടിനെ സമീപിക്കുന്നത് വൈദികന്‍ കണ്ടു. തന്‍റെ ജീവിതത്തിന്‍റെ നിര്‍ണ്ണായക നിമിഷത്തില്‍ തന്നെ സഹായിച്ച മാര്‍ യൗസേപ്പിനെ അദ്ദേഹം സ്തോത്രം ചെയ്തു.

ജപം
🔶🔶

മഹാത്മാവായ മാര്‍ യൗസേപ്പേ, പരിശുദ്ധ ദൈവജനനിയുടെ വിരക്തഭര്‍ത്താവായി ദൈവം അങ്ങയെ തെരഞ്ഞെടുത്തതുമൂലം അങ്ങേയ്ക്ക് ലഭിച്ചിരിക്കുന്ന മഹത്വം എത്ര അഗ്രാഹ്യമാണ്. ഞങ്ങള്‍ അതില്‍ സന്തോഷിക്കുന്നു. അങ്ങ് ആവശ്യപ്പെടുന്നതെല്ലാം നല്‍കുവാന്‍ സ്വര്‍ഗ്ഗരാജ്ഞി ഒരര്‍ത്ഥത്തില്‍ കടപ്പെടുന്നു. ആയതിനാല്‍ അങ്ങേ മക്കളായ ഞങ്ങള്‍ക്ക് ആവശ്യമായ എല്ലാ അനുഗ്രഹങ്ങളും അവിടുത്തെ പ്രിയ പത്നിയായ പ. കന്യകയോട്‌ അപേക്ഷിച്ച് ഞങ്ങള്‍ക്ക് നല്‍കേണമേ. പ. കന്യകാമറിയത്തെയും അങ്ങയെയും സ്നേഹിക്കുവാനും അനുസരിക്കുവാനും ഞങ്ങളെ സഹായിക്കണമേ. നിങ്ങളുടെ സുകൃത മാതൃക ഞങ്ങള്‍ക്ക് വിശുദ്ധമായ ജീവിതം നയിക്കുന്നതിനുള്ള പ്രചോദനമാകട്ടെ

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,

( മിശിഹായെ… )

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

( ഞങ്ങളെ അനുഗ്രഹിക്കണമേ )

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶
തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പേ ഞങ്ങളുടെ കുടുംബങ്ങളെ സദാ പരിപാലിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

⚜️⚜️⚜️⚜️ March 0️⃣5️⃣⚜️⚜️⚜️⚜️
കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

1654-ലെ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ദിവസം നേപ്പിള്‍സിലെ ഇസിക്കിയ ദ്വീപിലായിരുന്നു കുരിശിന്റെ വിശുദ്ധ ജോണ്‍ ജോസഫ് ജനിച്ചത്. തന്റെ ചെറുപ്പകാലം മുതലേതന്നെ വിശുദ്ധന്‍ നന്മ ചെയ്യുന്നതില്‍ ഒരു മാതൃക പുരുഷനായിരുന്നു. വിശുദ്ധന് പതിനാറ് വയസ്സായപ്പോള്‍ അദ്ദേഹം കഠിനമായ നിബന്ധനകളുള്ള ഫ്രാന്‍സിസ്കന്‍ സഭയില്‍ അംഗമായി. തന്റെ സഭയെ ഉന്നതിയിലേക്ക് നയിക്കുവാനുള്ള വിശുദ്ധന്റെ പ്രവര്‍ത്തനങ്ങള്‍ മൂലം മൂന്ന്‍ വര്‍ഷങ്ങള്‍ക്കുള്ളില്‍ ഒരു ആശ്രമം സ്ഥാപിക്കുക എന്ന ദൗത്യത്തോടെ വിശുദ്ധന്‍ പിഡ്മോണ്ടിലേക്കയക്കപ്പെട്ടു. ആശ്രമത്തിന്റെ നിര്‍മ്മാണ ജോലികളില്‍ വിശുദ്ധന്‍ തന്റെ സഹായം നല്‍കുകയും, അവിടെ പരിപൂര്‍ണ്ണ നിശബ്ദതയും, സന്യാസപരമായ അന്തരീക്ഷം നിലനിര്‍ത്തുകയും ചെയ്തു.

ഒരിക്കല്‍ ജോണ്‍ ആശ്രമത്തിലെ ദേവാലയത്തില്‍ പ്രാര്‍ത്ഥനാനിരതനായിരിക്കുന്ന സമയത്ത്, അദ്ദേഹം ഒരു പ്രത്യേക ആനന്ദനിര്‍വൃതിയിലാവുകയും നിലത്തു നിന്നും ഉയരുന്നതായും കാണപ്പെട്ടു. പിന്നീട് തന്റെ മേലധികാരികകളുടെ ആവശ്യപ്രകാരം വിശുദ്ധന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ച് ഒരു പുരോഹിതനായി തീര്‍ന്നു. പ്രാര്‍ത്ഥനയിലും, നിശബ്ദതയിലും ഊന്നല്‍ നല്‍കികൊണ്ടുള്ള ജീവിതമായിരിന്നു വിശുദ്ധന്‍റേത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട തന്റെ മാതാവിന്റെ നല്ല മരണത്തിനു വേണ്ട പ്രാര്‍ത്ഥനാസഹായം വിശുദ്ധന്‍ നല്‍കി. പിന്നീട് തന്റെ മാതാവിന്റെ ആത്മശാന്തിക്കായി അദ്ദേഹം ദിവ്യബലി അര്‍പ്പിച്ചു കഴിഞ്ഞപ്പോള്‍ ആത്മാവ് സ്വര്‍ഗ്ഗത്തിലേക്കെടുക്കപ്പെടുന്നതായി വിശുദ്ധന്‍ ദര്‍ശിച്ചു.

തന്റെ മേലധികാരികളുടെ സഹായത്തോടെ അദ്ദേഹം മറ്റൊരു സന്യാസിനീ മഠം കൂടി സ്ഥാപിക്കുകയും അതിനുവേണ്ട ആശ്രമ നിയമങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ക്രമേണ ജോണ്‍ അവിടത്തെ സന്യാസികളുടെ ജീവിതരീതിയില്‍ വളരെയേറെ ചുറുചുറുക്കുമുള്ള ഒരു ഗുരുവായി മാറി. കുറച്ചുകാലങ്ങള്‍ക്ക് ശേഷം, ക്ലെമന്റ് ഒമ്പതാമനാല്‍ പതിനെട്ടാം നൂറ്റാണ്ടില്‍ സ്ഥാപിതമായ നേപ്പിള്‍സ് പ്രൊവിന്‍സിലെ പ്രൊവിന്‍ഷ്യാളായി വിശുദ്ധന്‍ നിയമിതനായി .

പരമാധികാരിയായിരുന്ന മാര്‍പാപ്പാ ഇതേ സഭയുടെ സ്പെയിനിലുണ്ടായിരുന്ന ശാഖ വിഭജിച്ചാണ് ഇറ്റലിയില്‍ ശാഖ സ്ഥാപിച്ചത്. ഇതിനായി വിശുദ്ധന്‍ വളരെയേറെ പ്രയത്നിച്ചിരുന്നു. ഇത്തരം സുവിശേഷ ദൗത്യങ്ങള്‍ക്കു വേണ്ടി വിശുദ്ധന് നിരവധി കഷ്ടതകള്‍ സഹിക്കേണ്ടതായി വന്നിരുന്നു. പ്രത്യേകിച്ച് പലരുടേയും തെറ്റിദ്ധാരണകള്‍ വഴിയായി ഒരുപാട് മാനസിക വിഷമം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.

എന്നിരുന്നാലും താന്‍ ഏറ്റെടുത്ത ദൗത്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതില്‍ നിന്നും വിശുദ്ധനെ തടയുവാന്‍ ഇത്തരം കഷ്ടതകള്‍ക്കൊന്നിനും കഴിഞ്ഞില്ല. വിശുദ്ധ പീറ്റര്‍ അല്‍ക്കാന്‍ടാരായാല്‍ ഫ്രാന്‍സിസ്കന്‍ സന്യാസിമാര്‍ക്ക് പകര്‍ന്ന് നല്കപ്പെട്ട പ്രാര്‍ത്ഥനാപരവും, അനുതാപപരവുമായ ജീവിതത്തെ കുറിച്ച് വിശുദ്ധന്‍ തന്റെ ശിഷ്യന്‍മാരേ വീണ്ടും വീണ്ടും പറഞ്ഞു മനസ്സിലാക്കി. ആശ്രമത്തിലെ ശിഷ്യന്മാര്‍ക്ക് മുന്നില്‍ എളിമ, മതപരമായ അച്ചടക്കം തുടങ്ങിയ ഏറ്റവും ഉന്നതമായ നന്മകളുടെ ഒരു മാതൃകയായിരുന്നു വിശുദ്ധന്‍. വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളുടെ പ്രതിഫലമായി നിരവധി വരദാനങ്ങള്‍കൊണ്ട് ദൈവം വിശുദ്ധനെ അനുഗ്രഹിച്ചു. പ്രവചന വരവും, അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള കഴിവും ഇവയില്‍ ഉള്‍പ്പെടുന്നു.

വിശുദ്ധന് എണ്‍പതു വയസ്സു പ്രായമുള്ളപ്പോള്‍ 1734 മാര്‍ച്ച് 5ന് നേപ്പിള്‍സിലെ മഠത്തില്‍ വെച്ച് സന്നിപാതം പിടിപ്പെട്ട് അദ്ദേഹം കര്‍ത്താവില്‍ അന്ത്യനിദ്രപ്രാപിച്ചു. വിശുദ്ധന്റെ മരണശേഷം നടന്നിട്ടുള്ള നിരവധി അത്ഭുതങ്ങള്‍ അദ്ദേഹത്തിന്റെ ദിവ്യത്വത്തേയും, മഹത്വത്തേയും സ്ഥിരീകരിക്കുന്നു. 1839-ല്‍ ഗ്രിഗറി പതിനാറാമന്‍ മാര്‍പാപ്പാ ജോണ്‍ ജോസഫിനെ വിശുദ്ധനായി പ്രഖ്യാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. സേസരയായിലെ എവുബ്ലൂസ്

2. കാറോണ്‍

3. അയര്‍ലന്‍റിലെ ഒസ്സോറി ബിഷപ്പായ കാര്‍ത്തേജു സീനിയര്‍

4. അയര്‍ലന്‍റിലെ കിയാറാന്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

പ്രഭാത പ്രാർത്ഥന…
🙏🙏🙏

“നിന്റെ കാൽ വഴുതി വീഴാൻ അവിടുന്ന് സമ്മതിക്കുകയില്ല. നിന്നെ കാക്കുന്നവൻ ഉറക്കം തൂങ്ങുകയില്ല. ഇസ്രായേലിന്റെ പരിപാലകൻ മയങ്ങുകയില്ല ഉറങ്ങുകയില്ല കർത്താവാണ് നിന്റെ കാവൽക്കാരൻ.” (സങ്കീ. 121:3-4)
അനുനിമിഷം ഞങ്ങളെ വഴിനടത്തുന്ന നല്ല പിതാവേ , അങ്ങെന്റെ ജീവിതത്തിലെ നല്ല കാവൽക്കാരനാന്നെന്ന് തിരിച്ചറിയുവാനുള്ള പരിശുദ്ധാന്മാവിന്റെ ജ്ഞാനം നൽകേണമേ ഞാൻ ഇരിക്കുന്നതും എഴുന്നേൽക്കുന്നതും എന്റെ വിചാരങ്ങൾ പോലും അവിടുന്ന് അകലെ നിന്നും മനസിലാക്കുന്നു എന്നു ഞാൻ അറിയുന്നു. ആയതിനാൽ ഞങ്ങളുടെ ജീവിതത്തിലെ പാപ അവസ്ഥയിൽ നിന്നും അകന്നു മാറുവാനുള്ള കൃപ നൽകണമേ. ജീവിതത്തിൽ പലപ്പോഴും ദൈവത്തിന്റെ സ്നേഹവും സംരക്ഷണവും മറന്ന നിമിഷങ്ങളെ ഓർത്തു മാപ്പ് ചോദിക്കുന്നു. ദുഃഖ ദുരിതങ്ങളിൽ ദൈവത്തിന്റെ സാന്നിധ്യം അനുഭവിച്ചു കൊണ്ടു ജീവിതത്തിൽ മുന്നേറുവാനുള്ള ശക്തി നല്കണമേ. ഞങ്ങളുടെ ഉദ്യമങ്ങളെ ആശിർവദിക്കുകയും, ഞങ്ങളുടെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കത്തുകൊള്ളുകയും ചെയ്യണമേ. മുൻപിലും പിൻപിലും അവിടുന്ന് ഞങ്ങൾക്ക് കാവൽ നിൽകണമേ. പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ ഈ ദിവസം അമ്മയുടെ മാദ്ധ്യസ്ഥ ശക്തിയാൽ അനുഗ്രഹപ്രദമാക്കണമേ.
ആമ്മേൻ

Advertisements

ആത്‌മനിയന്ത്രണമില്ലാത്ത മനുഷ്യന്‍കോട്ടകളില്ലാത്തനഗരംപോലെയാണ്‌.
സുഭാഷിതങ്ങള്‍ 25 : 28

എന്നെക്കുറിച്ചുള്ള തന്റെ നിശ്‌ചയംകര്‍ത്താവു നിറവേറ്റും; കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്‌;
അങ്ങയുടെ സൃഷ്‌ടിയെ ഉപേക്‌ഷിക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 138 : 8

ദൈവമാണു നമ്മുടെ അഭയവും ശക്‌തിയും;
കഷ്‌ടതകളില്‍ അവിടുന്നുസുനിശ്‌ചിതമായ തുണയാണ്‌.
സങ്കീര്‍ത്തനങ്ങള്‍ 46 : 1

ഭൂമി ഇളകിയാലും പര്‍വതങ്ങള്‍സമുദ്രമധ്യത്തില്‍ അടര്‍ന്നു പതിച്ചാലും നാം ഭയപ്പെടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 46 : 2

ജലം പതഞ്ഞുയര്‍ന്നിരമ്പിയാലും
അതിന്റെ പ്രകമ്പനംകൊണ്ടുപര്‍വതങ്ങള്‍ വിറകൊണ്ടാലും
നാം ഭയപ്പെടുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 46 : 3

ദൈവത്തിന്റെ നഗരത്തെ,
അത്യുന്നതന്റെ വിശുദ്‌ധ നിവാസത്തെ,
സന്തുഷ്‌ടമാക്കിക്കൊണ്ട്‌ ഒഴുകുന്നഒരു നദിയുണ്ട്‌.
സങ്കീര്‍ത്തനങ്ങള്‍ 46 : 4

ആ നഗരത്തില്‍ ദൈവം വസിക്കുന്നു;
അതിന്‌ ഇളക്കം തട്ടുകയില്ല;
അതിരാവിലെ ദൈവം അതിനെ സഹായിക്കും.
സങ്കീര്‍ത്തനങ്ങള്‍ 46 : 5

ജനതകള്‍ ക്രോധാവിഷ്‌ടരാകുന്നു;
രാജ്യങ്ങള്‍ പ്രകമ്പനം കൊള്ളുന്നു;
അവിടുന്നു ശബ്‌ദമുയര്‍ത്തുമ്പോള്‍ഭൂമി ഉരുകിപ്പോകുന്നു.
സങ്കീര്‍ത്തനങ്ങള്‍ 46 : 6

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment