നോമ്പുകാല വചനതീർത്ഥാടനം – 8
വി. യോഹന്നാൻ 3 : 8
” കാറ്റ് അതിനിഷ്ടമുള്ളിടത്തേക്ക് വീശുന്നു. അതിന്റെ ശബ്ദം നീ കേൾക്കുന്നു. എന്നാൽ, അതു് എവിടെനിന്ന് വരുന്നെന്നോ എവിടേക്ക് പോകുന്നെന്നോ നീ അറിയുന്നില്ല. ഇതുപോലെയാണ് ആത്മാവിൽനിന്ന് ജനിക്കുന്ന ഏവനും .”
ഫരിസേയ പ്രമുഖനായ നിക്കോദേമൂസുമായുളള സംഭാഷണമദ്ധ്യേ യേശു ദൈവദാനമായ പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ്. അദൃശ്യവസ്തുവായ കാറ്റിന്റെയും അദൃശ്യശക്തിയായ ആത്മാവിന്റെയും പ്രവർത്തനങ്ങളിൽ ഏറെ സമാനതകളുള്ളതായി കാണാം. കാറ്റിനെ ആർക്കും നിയന്ത്രിക്കാനോ സ്വന്തമാക്കാനോ സാധിക്കാത്തതുപോലെ ആത്മാവിന്റെ പ്രവർത്തനത്തെയും ഒരു ശക്തിക്കും കയ്യടക്കാനാവില്ല എന്ന സത്യം മനുഷ്യചരിത്രവും മതങ്ങളുടെ ചരിത്രവും നമ്മെ പഠിപ്പിക്കുന്നുണ്ട്. ഇവിടെ, തെരഞ്ഞെടുത്തപ്പെട്ട യഹൂദജനം യഹൂദനായി ജനിച്ചുവളർന്ന യേശുവിന്റെ പ്രബോധനം സ്വീകരിക്കാൻ വിസമ്മതിച്ചപ്പോൾ വിജാതീയരായ ശതാധിപനും കാനാൻകാരിയും സമറിയാക്കാരിയും സൗഖ്യം ലഭിച്ച കുഷ്ഠരോഗിയും സസന്തോഷമാണ് സ്വീകരിക്കാൻ തയ്യാറായത്. യേശുവിന്റെ സുവിശേഷത്തിന്റെ വശ്യശക്തിയിൽ ഗ്രീസിലെ തെസലോണിക്കയിൽ എത്തിച്ചേർന്ന വി.പൗലോസിനെയും സഹപ്രവർത്തകരെയും വിസ്മയഭരിതരാക്കിയത് അവിടത്തെ വിജാതീയ സമൂഹം അവർക്കു നൽകിയ സ്വീകരണവും യേശുവിന്റെ സുവിശേഷത്തിനു നൽകിയ അംഗീകാരവുമാണ്. ദൈവാത്മാവിന്റെ അദൃശ്യമെങ്കിലും അതിശക്തമായ പ്രവർത്തനത്തിന്റെ ഫലമായിട്ടായിരുന്നു വിജാതിയരുടെയിടയിൽ നിന്ന് ഇത്രമാത്രം ആദർശശുദ്ധിയുള്ള സമൂഹം സംജാതമായത്. ഇതെല്ലാം സൂചിപ്പിക്കുന്നത് മതത്തിന്റെ പേരിൽ ആരും നല്ലവരാകുന്നില്ലെന്നും മനുഷ്യന്റെ ഹൃദയവും നല്ല മനസ്സുമാണ് മതത്തിന് അർത്ഥവും അന്തസ്സും കൊടുക്കുന്നതെന്നുമാണ്.
നിക്കോദേമൂസുമായു ളള കൂടിക്കാഴ്ചയിൽ യഥാർത്ഥ വിശ്വാസത്തിന്റെ സ്വഭാവം എന്തെന്ന് യേശു വ്യക്തമാക്കുന്നുണ്ട്. ആത്മാവിലുള്ള സ്നാനമാണ് വിശ്വാസത്തിലേക്ക് കടന്നുവരുന്നതിനുള്ള വ്യവസ്ഥ. കാരണം, വിശ്വാസത്തിന്റെ വിത്തു് മനുഷ്യഹൃദയങ്ങളിൽ നിക്ഷേപിക്കുന്നതും നിലനിർത്തുന്നതും പരിപോഷിപ്പിക്കുന്നതും പരിശുദ്ധാത്മാവാണ്. എസക്കിയേൽ(36:26) പ്രവാചകൻവഴിയാണ് ദൈവം ഈ ദാനത്തെ തന്റെ ജനത്തിന് ആദ്യമായി വാഗ്ദാനം ചെയ്തത്. ഉള്ളിൽ വസിക്കുന്ന ദൈവാരൂപിയോട് വിധേയപ്പെട്ട് യേശു കാണിച്ചുതരുന്ന വെളിച്ചത്തിന്റെ മാർഗ്ഗത്തെ പിന്തുടരുമ്പോഴാണ് വിശ്വാസം ഒരുവനിൽ ഫലമണിയുന്നത്. നമ്മെത്തന്നെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനത്തിനു വിട്ടു കൊടുക്കുമ്പോൾ നമ്മൾ മാനസാന്തരത്തിനു വിധേയരായി ദൈവമക്കളുടെ പദവിയിലേക്ക് ഉയർത്തപ്പെടുന്നു. മാനസാന്തരത്തിന്റെ പുതു ജീവിതം സ്വായത്തമാക്കണമെങ്കിൽ ദൈവാരൂപിയുടെ നിറവിനായി നമ്മുടെ ഹൃദയങ്ങർക്ക് തുറവിയുണ്ടാകേണ്ടതുണ്ട്. നോമ്പുകാല പ്രാർത്ഥനകളും ത്യാഗപ്രവൃത്തികളും ആ തുറവിക്കുവേണ്ടിയുള്ള പരിശ്രമങ്ങളാവട്ടെ.
ഫാ. ആന്റണി പൂതവേലിൽ
09.03.2022


Leave a comment