🔥 🔥 🔥 🔥 🔥 🔥 🔥
10 Mar 2022
Thursday of the 1st week of Lent
Liturgical Colour: Violet.
പ്രവേശകപ്രഭണിതം
cf. സങ്കീ 5:2-3
കര്‍ത്താവേ, എന്റെ വാക്കുകള്‍ ചെവിക്കൊള്ളണമേ;
എന്റെ നിലവിളി മനസ്സിലാക്കണമേ.
എന്റെ രാജാവേ, എന്റെ ദൈവമേ,
എന്റെ പ്രാര്‍ഥനയുടെ സ്വരം ശ്രവിക്കണമേ.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, എപ്പോഴും നേരായവ ചിന്തിക്കാനും
കൂടുതല്‍ സന്നദ്ധതയോടെ പ്രവര്‍ത്തിക്കാനുമുള്ള ചൈതന്യം
ഞങ്ങള്‍ക്കു പ്രദാനം ചെയ്യണമേ.
അങ്ങനെ, അങ്ങയെക്കൂടാതെ അസ്തിത്വമില്ലാത്ത ഞങ്ങള്‍
അങ്ങയെ പിഞ്ചെന്ന് ജീവിക്കാന്‍ ശക്തരാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
എസ്തേ 4:17k-17m,17r-17t
കര്‍ത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ല.
എസ്‌തേര്‍ രാജ്ഞി മരണതുല്യമായ ഉത്കണ്ഠയ്ക്ക് അധീനയായി കര്‍ത്താവിങ്കലേക്ക് ഓടി. അവള്‍ ഇസ്രായേലിന്റെ ദൈവമായ കര്‍ത്താവിനോടു പ്രാര്‍ഥിച്ചു:
എന്റെ കര്‍ത്താവേ, അങ്ങ് മാത്രമാണു ഞങ്ങളുടെ രാജാവ്;
അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത
ഏകയായ എന്നെ സഹായിക്കണമേ!
അപകടം എന്റെ കൈപ്പാട്ടിലെത്തിയിരിക്കുന്നു.
കര്‍ത്താവേ, അങ്ങ് സകല ജനതകളിലും നിന്ന്
ഇസ്രായേലിനെ തിരഞ്ഞെടുത്തുവെന്നും,
ഞങ്ങളുടെ പിതാക്കന്മാരെ അവരുടെ
എല്ലാ പൂര്‍വികന്മാരിലും നിന്ന്
ഒരു ശാശ്വതാവകാശമായി തിരഞ്ഞെടുത്തുവെന്നും,
അവരോടു വാഗ്ദാനം ചെയ്തതെല്ലാം അങ്ങ് നിറവേറ്റിയെന്നും
ജനനം മുതല്‍ ഞാന്‍ കുടുംബഗോത്രത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ട്.
കര്‍ത്താവേ, അങ്ങ് ഇതെല്ലാം ഓര്‍ക്കണമേ;
ഞങ്ങളുടെ ഈ കഷ്ടദിനങ്ങളില്‍
അങ്ങ് അങ്ങയെ വെളിപ്പെടുത്തണമേ!
ദേവന്മാരുടെ രാജാവേ,
സകലാധികാരത്തിന്റെയും അധിപനേ,
എനിക്കു ധൈര്യം പകരണമേ.
സിംഹത്തിന്റെ മുന്‍പില്‍ എനിക്ക്
ഭാഷണചാതുര്യം നല്‍കണമേ;
ഞങ്ങള്‍ക്കെതിരേ പൊരുതുന്നവനെ വെറുക്കേണ്ടതിന്
അവനു മനംമാറ്റം വരുത്തണമേ!
ശത്രുവും അവനോടു ചേര്‍ന്നവരും നശിക്കട്ടെ.
ഞങ്ങളെ അങ്ങേ കരത്താല്‍ രക്ഷിക്കണമേ!
കര്‍ത്താവേ, അങ്ങല്ലാതെ മറ്റൊരു തുണയില്ലാത്ത
ഏകയായ എന്നെ സഹായിക്കണമേ!
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 138:1-2ab, 2cde-3, 7c-8
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ കര്‍ത്താവേ, അവിടുന്ന് എനിക്ക് ഉത്തരമരുളി.
കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ
അങ്ങേക്കു നന്ദിപറയുന്നു;
ദേവന്മാരുടെ മുന്‍പില്‍
ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
ഞാന്‍ അങ്ങേ വിശുദ്ധമന്ദിരത്തിനു നേരേ
ശിരസ്സു നമിക്കുന്നു;
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ കര്‍ത്താവേ, അവിടുന്ന് എനിക്ക് ഉത്തരമരുളി.
അങ്ങേ കാരുണ്യത്തെയും വിശ്വസ്തതയെയും
ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു;
അങ്ങേ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍
അവിടുന്ന് എനിക്ക് ഉത്തരമരുളി;
അവിടുന്ന് എന്റെ ആത്മാവില്‍
ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ കര്‍ത്താവേ, അവിടുന്ന് എനിക്ക് ഉത്തരമരുളി.
അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും.
എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റും;
കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്;
അങ്ങേ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ കര്‍ത്താവേ, അവിടുന്ന് എനിക്ക് ഉത്തരമരുളി.
സുവിശേഷ പ്രഘോഷണവാക്യം
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
ദൈവമേ, നിർമ്മലമായ ഒരു ഹൃദയം എന്നിൽ സൃഷ്ടിക്കണമേ! അങ്ങയുടെ രക്ഷയുടെ സന്തോഷം എനിക്കു വീണ്ടും തരണമേ!
കർത്താവായ യേശുവേ, അനന്തമഹിമയുടെ രാജാവേ, അങ്ങേയ്ക്കു സ്തുതി.
സുവിശേഷം
മത്താ 7:7-12
ചോദിക്കുന്ന ഏവനും ലഭിക്കുന്നു.
അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: ചോദിക്കുവിന്‍, നിങ്ങള്‍ക്കു ലഭിക്കും; അന്വേഷിക്കുവിന്‍, നിങ്ങള്‍ കണ്ടെത്തും; മുട്ടുവിന്‍, നിങ്ങള്‍ക്കു തുറന്നുകിട്ടും. ചോദിക്കുന്ന ഏവനും ലഭിക്കുന്നു; അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു; മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. മകന്‍ അപ്പം ചോദിച്ചാല്‍ കല്ലു കൊടുക്കുന്ന ആരെങ്കിലും നിങ്ങളില്‍ ഉണ്ടോ? അഥവാ, മീന്‍ ചോദിച്ചാല്‍ പാമ്പിനെ കൊടുക്കുമോ? മക്കള്‍ക്കു നല്ല വസ്തുക്കള്‍ കൊടുക്കണമെന്നു ദുഷ്ടരായ നിങ്ങള്‍ അറിയുന്നുവെങ്കില്‍, നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ്, തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയോ കൂടുതല്‍ നന്മകള്‍ നല്‍കും! മറ്റുള്ളവര്‍ നിങ്ങള്‍ക്കു ചെയ്തു തരണമെന്നു നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍ അവര്‍ക്കു ചെയ്യുവിന്‍. ഇതാണു നിയമവും പ്രവാചകന്മാരും.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, പ്രാര്‍ഥിക്കുന്നവരുടെ അപേക്ഷകളില്‍
അങ്ങു കാരുണ്യവാനായിരിക്കുകയും
അങ്ങേ ജനത്തിന്റെ കാഴ്ചകളും പ്രാര്‍ഥനകളും സ്വീകരിച്ച്
ഞങ്ങളേവരുടെയും ഹൃദയങ്ങള്‍ അങ്ങിലേക്ക് തിരിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
മത്താ 7:8
ചോദിക്കുന്ന ആര്‍ക്കും ലഭിക്കുന്നു;
അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു;
മുട്ടുന്നവനു തുറക്കപ്പെടുകയും ചെയ്യുന്നു.
ദിവ്യഭോജനപ്രാര്‍ത്ഥന
ഞങ്ങളുടെ കര്‍ത്താവായ ദൈവമേ,
ഞങ്ങളുടെ സമുദ്ധാരണത്തിന്റെ സംരക്ഷണത്തിനായി
അങ്ങു നല്കിയ പരമപരിശുദ്ധ രഹസ്യങ്ങള്‍
ഇപ്പോഴും വരുംകാലത്തും ഞങ്ങള്‍ക്ക്
ഔഷധമാക്കിത്തീര്‍ക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️


Leave a comment