🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഒമ്പതാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
അവര്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും (മത്തായി 2:13)
നിസ്സഹായവസ്ഥയില്‍ തിരുകുടുംബത്തിന് താങ്ങായ വിശുദ്ധ യൗസേപ്പ് പിതാവ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
നമ്മുടെ ജീവിതലക്ഷ്യം ക്ഷണികമായ സുഖഭോഗങ്ങള്‍ ആസ്വദിക്കുകയല്ല, പ്രത്യുത നമ്മെത്തന്നെ പവിത്രീകരിച്ച് സാര്‍വ്വത്രികവും സനാതനവുമായ ജീവിതത്തിനുള്ള കളമൊരുക്കുക അഥവാ, ദൈവവുമായിട്ടുള്ള നിത്യസമാഗമം നടത്തുകയെന്നാണ് കുരിശ് നമ്മോട് പ്രസംഗിക്കുന്നത്. പലരും ജീവിത ക്ലേശങ്ങളില്‍ ഇതെല്ലാം വിസ്മരിച്ച് നിരാശരാകാറുണ്ട്. “നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു”
(കൊളോ: 1:24).
മിശിഹായുടെ പീഡാനുഭവം പരിത്രാണകര്‍മ്മത്തിനു മതിയാകാത്തതിനാലല്ല പ്രത്യുത, അവിടുത്തെ മൗതിക ശരീരത്തിലെ ഓരോ വ്യക്തിക്കും മിശിഹായുടെ പെസഹാ രഹസ്യത്തില്‍ പങ്കു ചേരേണ്ടതായിട്ടുണ്ട്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പും മിശിഹായോടു കൂടി അവിടുത്തെ സഹനത്തില്‍ പങ്കുചേര്‍ന്നു. ബത്ലഹെമിലെ ഏറ്റം ദരിദ്രമായ ജീവിതത്തില്‍, മിശിഹായുടെ സ്വയം ശൂന്യമാക്കലില്‍ അദ്ദേഹം ഭാഗഭാക്കായി. പൗരസ്ത്യ വിജ്ഞാനികള്‍ വന്ന്‍ ഈശോയേ ആരാധിച്ചപ്പോള്‍ വി. യൗസേപ്പിന് വളരെ വലിയ സന്തോഷം അനുഭവപ്പെട്ടിരിന്നു. എന്നാല്‍ ഈ സന്തോഷത്തിന് അധിക ദൈര്‍ഖ്യമില്ലായിരിന്നു.
ഹേറോദേസ് ദൈവകുമാരന്‍റെ ജീവനെ അപഹരിക്കാനുള്ള സന്നാഹങ്ങള്‍ ആരംഭിച്ചതായി അദ്ദേഹം കേട്ടപ്പാടെ മാര്‍ യൗസേപ്പ് പിതാവും കന്യകാമേരിയും ഈജിപ്തിലേക്ക് പലായനം ചെയ്യേണ്ടതായി വന്നു. സ്വന്തം നാടിനെയും, വീടിനെയും ബന്ധുമിത്രാദികളെയും, വേര്‍പെട്ട് വിദൂരവും അജ്ഞാതവുമായ ഒരു ദേശത്ത് യാതൊരു മുന്നറിയിപ്പും കൂടാതെ പ്രവാസജീവിതം അനുഷ്ഠിക്കേണ്ടി വരിക എത്ര ദുര്‍വഹമായിരിക്കും. യാത്രയ്ക്ക് വാഹനങ്ങള്‍ ഒന്നുമില്ല, മണലാരണ്യത്തിലൂടെയുള്ള പ്രയാണം, മാര്‍ഗ്ഗമധ്യേ വന്യമൃഗങ്ങളില്‍ നിന്നും തസ്ക്കര സംഘങ്ങളില്‍ നിന്നുമുള്ള ആക്രമണ ഭീഷണി…അങ്ങനെ പ്രതിബന്ധങ്ങള്‍ ഏറെ.
ഇപ്രകാരം വളരെ ക്ലേശങ്ങള്‍ സഹിച്ച് ഈജിപ്തില്‍ എത്തിച്ചേര്‍ന്ന തിരുക്കുടുംബത്തിന് ഹൃദ്യമായ സ്വാഗതമല്ല അവിടെ ലഭിച്ചത്. യഹൂദന്‍മാരെ സംശയദൃഷ്ടിയോടെയാണ് ഈജിപ്തുകാര്‍ വീക്ഷിച്ചത്. അപരിചിതരുടെ മധ്യത്തില്‍ സാമ്പത്തികമായ പരിമിതികളില്‍ സഹായഹസ്തം നീട്ടുന്നവര്‍ വളരെ വിരളമാണല്ലോ. പോരെങ്കില്‍ പരസ്നേഹം എന്നുള്ളത് എന്തെന്ന് ഗ്രഹിക്കാതിരുന്ന കാലത്ത് അവിടെയും വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ നിത്യവൃത്തിക്കായി സ്വീകരിച്ചത് തന്‍റെ ജോലി തന്നെയായിരിക്കണം. ഇപ്രകാരമുള്ള ക്ലേശപൂര്‍ണ്ണമായ സാഹചര്യത്തിലും നമ്മുടെ യൌസേപ്പ് പിതാവ് ദൈവത്തില്‍ സര്‍വ പ്രത്യാശയുമര്‍പ്പിച്ചു കൊണ്ട് ജീവിച്ചു.
ലോകപരിത്രാതാവിനോടു കൂടിയുള്ള ജീവിതം ഒരു പുതിയ യുഗത്തിന്‍റെ ഉദയം കുറിച്ചു. സംശയ ദൃഷ്ടിയോടു കൂടി വീക്ഷിച്ചവര്‍ തിരുക്കുടുംബത്തിന്‍റെ ജീവിതരീതിയില്‍ അത്ഭുതപ്പെട്ടിട്ടുണ്ടാകണം. എന്നെ അനുഗമിക്കുകയും തന്നെത്തന്നെ പരിത്യജിക്കുകയും ചെയ്യാത്തവന് എന്‍റെ ശിഷ്യനായിരിക്കാന്‍ സാധിക്കുകയില്ലയെന്ന് യേശു പറഞ്ഞിട്ടുണ്ടല്ലോ. നമ്മുടെ ജീവിതവും പ്രവര്‍ത്തനങ്ങളും മറ്റുള്ളവരുടെ മുന്‍പില്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കുന്നതായി മാറണം. മാര്‍ യൗസേപ്പിന് യാതനകള്‍ അനുഭവിക്കുന്നവരോടു വലിയ കാരുണ്യം ഉണ്ട്.
സംഭവം
🔶🔶🔶
മാനുഷികമായ രീതിയില്‍ അസംഭവ്യമാണെന്നു കരുതുന്ന പലതും ദൈവസഹായം കൊണ്ടു സാധിക്കാറുണ്ട്. ഒരിക്കല്‍ ഒരു ഇടത്തരം കുടുംബത്തില്‍ നടന്ന സംഭവങ്ങള്‍ താഴെ ചേര്‍ക്കുന്നു. ആ വീട്ടിലെ പട്ടിയെ ഒരു പേ നായ് കടിച്ചു. അതോടെ ആ പട്ടിയും ഒരു പേപ്പട്ടിയായി മാറി. പട്ടിക്ക് പേ ഇളകിയെന്നറിഞ്ഞതോടെ വീട്ടിലുള്ളവരെല്ലാം ഭയവിഹ്വലരായി. ഭ്രാന്തന്‍ നായ് വീട്ടിലും പരിസരത്തും ചുറ്റിനടന്ന് വളര്‍ത്തു മൃഗങ്ങളെയെല്ലാം കടിച്ചു. കുടുംബനായകന്‍ ദൂരെയുള്ള ജോലിസ്ഥലത്താണ്. അയാളുടെ ഭാര്യ ഭയന്നു വിറച്ചു മുറിക്കുള്ളില്‍ കയറി. കുറേനേരം വീട്ടിലും മുറ്റത്തുമായി ഓടി നടന്നശേഷം പട്ടി പുരയിടത്തിലേക്കിറങ്ങി. അതാ ആ വീട്ടിലെ മൂന്നും അഞ്ചും വയസ്സുള്ള കുട്ടികള്‍ കളിച്ചു കൊണ്ടിരിക്കുന്നു.
പേപ്പട്ടി അവരുടെ അടുത്തെത്തിയാല്‍ അപകടവും. ആ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ യാതൊരു മാര്‍ഗവും ഇല്ല. നിമിഷങ്ങള്‍ മാത്രം. അരുമക്കുഞ്ഞുങ്ങളെ ഭ്രാന്തന്‍ നായ് കടിക്കുന്നത് സ്വന്തം അമ്മ നോക്കി നില്‍ക്കണം. വേദനയും സംഭ്രാന്തിയും കൊണ്ട് നിറഞ്ഞ ഹൃദയത്തോടെ ആ സ്ത്രീ വിളിച്ചു പറഞ്ഞു: “തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പേ, എന്‍റെ കുഞ്ഞുങ്ങളെ കാത്തുകൊള്ളേണമേ.” പിഞ്ചു കുഞ്ഞുങ്ങളെ കടിക്കുവാന്‍ വന്ന നായ് കുരച്ചുകൊണ്ട് അവരെ സമീപിച്ചെങ്കിലും ഒരു നിമിഷം അവരുടെ അടുക്കല്‍ നിന്നിട്ട് എവിടേയ്ക്കോ ഓടി മറഞ്ഞു. മാര്‍ യൗസേപ്പിന് നന്ദി അര്‍പ്പിച്ചുകൊണ്ട് ആ സ്ത്രീ സ്വന്തം മക്കളെ വാരിപ്പുണര്‍ന്നു.
ജപം
🔶🔶
ഭക്തവത്സലനായ മാര്‍ യൗസേപ്പേ, അങ്ങ് ജീവിതത്തില്‍ അനേകം യാതനകള്‍ അനുഭവിച്ചതിനാല്‍ ജീവിത ക്ലേശങ്ങള്‍ അനുഭവിക്കുന്നവരോട് അതീവ കാരുണ്യമുള്ളവനാണല്ലോ. ഞങ്ങള്‍ വിപത്തുകള്‍ നേരിടുമ്പോള്‍ വിഗതധൈര്യരാകാതെ പ്രശാന്തതയോടെ അതിനെ അഭിമുഖീകരിക്കുവാന്‍ വേണ്ട ധൈര്യവും ശക്തിയും നല്‍കണമേ. വിശുദ്ധി പ്രാപിക്കുവാന്‍ സഹനം എത്ര ആവശ്യമാണെന്ന് മനസ്സിലാക്കി അവയെ അഭിമുഖീകരിക്കുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. പ്രിയ പിതാവേ, അങ്ങയുടെ മാതൃക ഞങ്ങള്‍ സഹനത്തില്‍ അനുകരിക്കുവാന്‍ പരിശ്രമിക്കുന്നതാണ്. ഞങ്ങളുടെ ബലഹീനതയെ പരിഹരിക്കണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,
( മിശിഹായെ… )
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
( ഞങ്ങളെ അനുഗ്രഹിക്കണമേ )
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶
ദുഃഖിതരുടെ ആലംബമേ, ഞങ്ങളെ സമാശ്വസിപ്പിക്കണമേ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
⚜️⚜️⚜️⚜️ March 0️⃣9️⃣⚜️⚜️⚜️
റോമിലെ വിശുദ്ധ ഫ്രാന്‍സെസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
റോമിലെ ‘ഒബ്ലാട്ടി ഡി ടോര്‍ ഡെ സ്പെച്ചി’ (Oblati di Tor de Specchi) എന്ന സ്ഥാപനത്തിന്റെ സ്ഥാപകയായിരുന്നു വിശുദ്ധ ഫ്രാന്‍സെസ്. ഉന്നതകുല ജാതയും സമ്പന്നയുമായിരുന്ന വിശുദ്ധ, തന്റെ ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്ന്‍ തന്റെ സ്വത്തു മുഴുവന്‍ ഉപേക്ഷിക്കുകയും പരിപൂര്‍ണ്ണ ദാരിദ്ര്യത്തില്‍ ജീവിക്കുകയും ചെയ്തു. തന്റെ കാവല്‍ മാലാഖയുമായി ചിരപരിചിതമായ സംഭാഷണത്തിനുള്ള സവിശേഷ വരം വിശുദ്ധക്ക് സ്വര്‍ഗ്ഗത്തില്‍ നിന്നും ലഭിച്ചിരുന്നു. വിശുദ്ധ ഫ്രാന്‍സെസയുടെ ജീവിതത്തെ കുറിച്ച് വായിക്കുന്ന ഒരാള്‍ക്ക്, ഭൗതീകലോകത്തിലുമധികമായി ആത്മീയലോകത്താണ് അവള്‍ ജീവിച്ചിരുന്നതെന്ന വസ്തുതയാണ് മനസ്സിലാക്കുവാന്‍ സാധിക്കുക. വാസ്തവത്തില്‍ അതായിരുന്നു അവളുടെ ജീവിതത്തിന്റെ സവിശേഷതയും. വിശുദ്ധരും അനുഗ്രഹീതരുമായ ആത്മാക്കളുമായി വിശുദ്ധ അടുത്ത ബന്ധം പുലര്‍ത്തിയിരിന്നു.
കന്യകയായിരുന്നപ്പോഴത്തേതും, അമ്മയായിരുന്നപ്പോഴത്തേതും, ആത്മീയജീവിതം നയിച്ചപ്പോഴത്തേതുമായ വിശുദ്ധ ഫ്രാന്‍സെസിന്റെ ജീവിതത്തിലെ മൂന്ന്‍ ഘട്ടങ്ങളിലും പ്രത്യേകപദവിയുള്ള മൂന്ന്‍ മാലാഖമാര്‍ വിശുദ്ധയെ അകമ്പടി സേവിച്ചിരിന്നു. നരകത്തിന്റെ കടന്നാക്രമണങ്ങളില്‍ വീഴാതെ പടിപടിയായി അവള്‍ ആത്മീയ പൂര്‍ണ്ണതയിലേക്ക് ആനയിക്കപ്പെട്ടു. പകലും, രാത്രിയും തന്റെ കാവല്‍ മാലാഖ നിഗൂഡമായ ഒരു ദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നതായി വിശുദ്ധ കണ്ടു. മൂന്ന് ചെറിയ സ്വര്‍ണ്ണനിറമുള്ള നാരുകള്‍ കൊണ്ട് ആ മാലാഖ നിരന്തരമായി സ്വര്‍ണ്ണനിറമുള്ള നൂലുകള്‍ നെയ്യുകയും അത് തന്റെ കഴുത്തില്‍ ചുറ്റിയിട്ടിരിക്കുന്നതായും അവള്‍ കണ്ടു.
പിന്നീട് വളരെ ശ്രദ്ധയോടെ ഗോളാകൃതിയില്‍ ചുറ്റിയെടുക്കുന്നതായും വിശുദ്ധ കണ്ടു. വിശുദ്ധയുടെ മരണത്തിന് 6 മാസം മുന്‍പ് മാലാഖ തന്റെ ജോലി മാറ്റിയതായി വിശുദ്ധ കണ്ടു, നൂല് ഉണ്ടാക്കികൊണ്ടിരുന്ന ജോലി മാറ്റി, തന്റെ കയ്യിലുള്ള മനോഹരമായ നൂലുകള്‍ കൊണ്ട് വ്യത്യസ്ഥ വലിപ്പത്തിലുള്ള മൂന്ന്‍ ചവിട്ടുപായകള്‍ (Carpet) മാലാഖ നെയ്തു. ഈ ചവിട്ടുപായകള്‍, വിശുദ്ധ കന്യകയായിരുന്നപ്പോഴത്തേതും, അമ്മയായിരുന്നപ്പോഴത്തേതും, ആത്മീയജീവിതം നയിച്ചപ്പോഴത്തേതുമായ ജീവിത പ്രവര്‍ത്തികളെ പ്രതിനിധീകരിക്കുന്നു.
വിശുദ്ധ ഫ്രാന്‍സെസെയുടെ മരണത്തിനു കുറച്ച് മുന്‍പ്, മാലാഖ വളരെധൃതിയോട് കൂടിയായിരുന്നു തന്റെ ജോലി ചെയ്തിരുന്നതെന്ന് വിശുദ്ധ ശ്രദ്ധിച്ചു. മാത്രമല്ല മാലാഖയുടെ മുഖം മുന്‍പെങ്ങുമില്ലാത്ത വിധം സന്തോഷഭരിതമായിരുന്നു. അവസാന ചവിട്ടുപായ അതിനു വേണ്ടുന്ന നീളത്തില്‍ നെയ്തുകഴിഞ്ഞ അതേ നിമിഷം തന്നെ വിശുദ്ധയുടെ ആത്മാവ് നിത്യാനന്ദം പുല്‍കി.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ഫ്രോയിഡ് മോന്തിലെ ആന്‍റണി
2. യോര്‍ക്ക് ബിഷപ്പായ ബോസോ
3. പുവര്‍ക്ലെയറിലെ ബോളോഞ്ഞായിലെ കത്രീന
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🌻പ്രഭാത പ്രാർത്ഥന🌻
അവിടുന്ന് ഹൃദയം തകർന്നവരെ സുഖപ്പെടുത്തുകയും അവരുടെ മുറിവുകൾ വച്ചു കെട്ടുകയും ചെയ്യുന്നു.. (സങ്കീർത്തനം :147/3)
സ്നേഹസ്വരൂപനായ ദൈവമേ.. ഞങ്ങളുടെ ഹൃദയത്തുടിപ്പുകൾ പോലും അറിയുന്നവനായ അങ്ങയുടെ സന്നിധിയിൽ ഈ പ്രഭാതത്തിൽ ഞങ്ങളണയുമ്പോൾ മനമുരുകുന്ന ഞങ്ങളുടെ നെടുവീർപ്പുകളെയും.. അനുതാപാർദ്രമായ ഞങ്ങളുടെ നിശബ്ദതകളെയും പ്രാർത്ഥനയായി സമർപ്പിക്കാനുള്ള അനുഗ്രഹം യാചിക്കുന്നു.. ജീവിതത്തിന്റെ കാൽവരി യാത്രകളിൽ തനിച്ചാക്കപ്പെടുമ്പോഴും.. ചുറ്റുമുള്ളവരുടെ പരിഹാസങ്ങളിൽ മനം നീറുമ്പോഴും ഒന്നാശ്വസിപ്പിക്കപ്പെടാൻ കൊതിച്ചു കൊണ്ട് ഞങ്ങളും ചുറ്റിലും സ്നേഹിതരെ തിരയാറുണ്ട്..എന്നാൽ അവസാനം വരെ കൂടെയുണ്ടാവും എന്നുറപ്പു നൽകിയവരും.. ഹൃദയം പകുത്തു കൊടുത്തു സ്നേഹിച്ചവരുമെല്ലാം അവഗണനയുടെ മറ തീർത്തു കൊണ്ട് ഞങ്ങളിൽ നിന്നും ഒഴിഞ്ഞു മാറുമ്പോൾ തനിച്ചാക്കപ്പെട്ടതിന്റെ വേദനയല്ല.. സ്നേഹം നടിച്ചു കൊണ്ട് അവർ നേടിയെടുത്ത വിശ്വാസമാണ് ഞങ്ങളുടെ ഹൃദയധമനികളിൽ രക്തം വിയർക്കുന്നത്..
സ്നേഹ നാഥാ.. ലോകത്തിന്റെ പരിഹാസങ്ങൾക്കു നടുവിൽ തകർന്നടിയുമ്പോഴും.. സ്നേഹിതരുടെ തിരസ്കരണങ്ങളിൽ ഒറ്റപ്പെട്ടു പോകുമ്പോഴും ഞങ്ങൾക്കു വേണ്ടി തുറക്കപ്പെട്ട നിന്റെ തിരുവിലാവിനോട് ചേർന്നിരിക്കാനും.. നിന്റെ സ്നേഹസാനിധ്യത്താൽ ആശ്വസിപ്പിക്കപ്പെടാനും ഞങ്ങളെ അനുവദിക്കണമേ.. ജീവിതദു:ഖങ്ങളുടെ ഏകാന്ത നിമിഷങ്ങളിൽ ധൈര്യപ്പെടുത്തുകയും.. ഇടറി വീഴാതെ മുന്നോട്ടു നീങ്ങുവാനുള്ള ശക്തിയും കൃപയും നൽകി ഞങ്ങളെ അനുഗ്രഹിക്കുകയും.. ചെയ്യണമേ..
തിരുക്കുടുംബത്തിന്റെ കാവൽക്കാരാ.. ഞങ്ങളുടെ കുടുംബങ്ങളെ കാത്തു കൊള്ളണമേ.. ആമേൻ .
ജ്‌ഞാനം കരുണാമയമാണ്; എന്നാല്‍, ദൈവദൂഷണം പറയുന്നവനെ വെറുതെ വിടുകയില്ല. ദൈവം മനസ്‌സിന്റെ സൂക്‌ഷ്‌മ വ്യാപാരങ്ങളെ അറിയുന്നവനും ഹൃദയത്തെയഥാര്‍ഥമായി നിരീക്‌ഷിക്കുന്നവനും, നാവില്‍നിന്ന് ഉതിരുന്നത് കേള്‍ക്കുന്നവനും ആണ്.
ജ്‌ഞാനം 1 : 6
മകനേ, എന്റെ വാക്ക് നിന്റെ ഹൃദയത്തില്‍ പതിയട്ടെ;
അപ്പോള്‍ നിനക്കു ദീര്‍ഘായുസ്‌സുണ്ടാകും.
ഞാന്‍ ജ്‌ഞാനത്തിന്റെ വഴിനിന്നെ പഠിപ്പിച്ചു;
സത്യസന്‌ധതയുടെ പാതകളില്‍നിന്നെ നയിച്ചു.
നടക്കുമ്പോള്‍ നിന്റെ കാലിടറുകയില്ല.ഓടുമ്പോള്‍ വീഴുകയുമില്ല.
സുഭാഷിതങ്ങള്‍ 4 : 10-12
ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്‌ത്രമോ ഭക്‌ഷണമോ ഇല്ലാതെ കഴിയുമ്പോള്‍
യാക്കോബ് 2 : 15
നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം?
യാക്കോബ് 2 : 16
പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്.
യാക്കോബ് 2 : 17
എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍ കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍ വഴി എന്റെ വിശ്വാസം നിന്നെ കാണിക്കാം.
യാക്കോബ് 2 : 18
ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്‌ക്കുകയും ചെയ്യുന്നു.
യാക്കോബ് 2 : 19
മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?
യാക്കോബ് 2 : 20


Leave a comment