നോമ്പുകാല
വചനതീർത്ഥയാത്ര-9
1 കോറിന്തോസ് 13 : 1
” ഞാൻ മനുഷ്യരുടെയും ദൈവദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്ക് സ്നേഹമില്ലെങ്കിൽ ഞാൻ മുഴങ്ങുന്ന ചേങ്ങലയോ ചിലമ്പുന്ന കൈത്താളമോ ആണ്.”
വേദപുസ്തക പശ്ചാത്തലത്തിൽ ക്രിസ്തീയസ്നേഹമെന്താണെന്നും അതിന്റെ മാനദണ്ഡമെന്തായിരിക്കണമെന്നും ഏറെ ആധികാരികമായി വി.പൗലോസ് ശ്ലീഹ പഠിപ്പിക്കുകയാണ്. ജീവിതത്തിൽ നമ്മൾ കണ്ടുമുട്ടുന്നതോ പരിചയപ്പെടുന്നതോ ആയ പല കാര്യങ്ങളിൽ നമുക്ക് ഏറെ ഇഷ്ടപ്പെടുന്നതിനോട് നിരന്തരം പുലർത്തുന്ന ആഭിമുഖ്യവും അനുകൂല ഭാവവുമാണ് സ്നേഹമെന്ന് പൊതുവെ പറയാം. എന്നാൽ ക്രൈസ്തവമായ കാഴ്ചപ്പാടിൽ സ്നേഹത്തിന് ഇതിൽനിന്നു വ്യത്യസ്തമായ അർത്ഥമാണുള്ളത്. സ്നേഹിക്കപ്പെടുന്നയാളിന്റെ ആകർഷണീയതയിൽ നിന്ന് രൂപം കൊള്ളുന്നതല്ല ക്രിസ്തീയസ്നേഹം . സ്നേഹിക്കപ്പെടുന്നവരുടെ യോഗ്യതയോ അയോഗ്യതയോ കണക്കിലെടുക്കാതെകണ്ട് ചൊരിയുന്ന സ്നേഹമാണത്. സ്നേഹിക്കുന്നയാളിന്റെ സ്വഭാവത്തിൽനിന്നാണത് വരുന്നത്. ഈ സ്നേഹത്തിന്റെ അത്യുദാത്തമായ മാതൃകയും മാനദണ്ഡവും കുരിശിലെ യേശുവിന്റെ ബലിയർപ്പണമാണ്. ഇക്കാര്യം മനസ്സിൽ സൂക്ഷിച്ചുകൊണ്ടാണ് പൗലോസ് ശ്ലീഹ റോമക്കാർക്ക് എഴുതിയത്,”നാം പാപികളായിരിക്കെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചു. അങ്ങനെ നമ്മോടുള്ള തന്റെ സ്നേഹം ദൈവം പ്രകടമാക്കിയിരിക്കുന്നു”.(റോമ 5 : 8) ക്രിസ്തീയസ്നേഹം പ്രാവർത്തികമാക്കുമ്പോൾ സ്നേഹിക്കപ്പെടുന്നയാളിന്റെ നേട്ടമല്ലാതെ നമ്മൾ നമുക്കായി ഒന്നും പ്രതീക്ഷിക്കാതെയാവണം സ്നേഹിക്കാൻ ശ്രമിക്കേണ്ടത്. ഇത്തരത്തിലുള്ള സ്നേഹത്തെക്കുറിച്ചാണ് അപ്പസ്തോലൻ വാചാലനാകുന്നത്. ക്രിസ്തീയ സ്നേഹത്തിൽ വേരുപാകാതെ നമ്മൾ എന്തെല്ലാം ചെയ്തുകൂട്ടിയാലും അതെല്ലാം നിഷ്ഫലമായിത്തീരുകയേയുള്ളൂ. ഭൂമിയിലും ആകാശത്തിലുമുള്ള ഏതു ഭാഷയിലെയും ആകർഷകമായ വാക്കുകൾകൊണ്ട് ആരെത്തന്നെ വശീകരിച്ചാലും അതെല്ലാം സ്നേഹത്താൽ പ്രചോദിതമല്ലെങ്കിൽ നമ്മുടേത് ചേങ്ങലയുടെ യോ കൈത്താളത്തിന്റെയോ സ്വരം മാത്രമായി അവശേഷിക്കും. ആത്മീയദാനങ്ങളെല്ലാം വിലയുള്ളതാണെങ്കിലും ഈ ദാനങ്ങൾ ഉപയോഗിക്കുന്നവർ സ്നേഹമില്ലാതെ പെരുമാറുമ്പോഴാണ് അവരുടെ പ്രയത്നം നിഷ്ഫലമായിത്തീരുന്നത്. ക്രിസ്തുവിനെപ്പോലെ സ്നേഹത്തിനായി ജീവിതം മുഴുവൻ സമർപ്പിക്കാൻ സന്നദ്ധമാകുമ്പോഴാണ് നമുക്ക് ലഭിച്ച വരങ്ങളും ദാനങ്ങളും ഫലവത്തായി മാറുക. അപ്പോൾ ദൈവസന്നിധിയിൽ നമ്മൾ സ്വീകാര്യരാവുകയും ചെയ്യും. ക്രിസ്തുവിനെപ്പോലെ വ്യവസ്ഥയില്ലാതെ മറ്റുളളവരെ സ്നേഹിക്കാനുളള ശീലം ആർജ്ജിച്ചെടുക്കാനുളള അവസരമാണ് നോമ്പുകാലമെന്നത് വിസ്മരിക്കാതിരിക്കാം.
ഫാ.ആന്റണി പൂതവേലിൽ
10.03.2022

Leave a comment