🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പത്താം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
“ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു”
(മത്തായി 1:24).
വിശുദ്ധ യൗസേപ്പ്-മാതൃകാ തൊഴിലാളി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പ് വിശ്വകര്‍മ്മാവിന്‍റെ ജോലിയാണ് നിര്‍വഹിച്ചിരുന്നത്. അദ്ദേഹം ദാവീദിന്‍റെ രാജവംശത്തിലാണ് ജനിച്ചതെങ്കിലും ഒരു ആശാരിയുടെ ജോലി ചെയ്യുന്നതിന് വൈമുഖ്യം കാണിച്ചില്ല. വി. യൗസേപ്പ് ജോലി ചെയ്തത് കേവലം സാമ്പത്തിക നേട്ടങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, പ്രത്യുത സ്വന്തം കുടുംബത്തിനു സേവനമര്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു.
മനുഷ്യന്‍റെ പരിത്രാണ പരിപാടിയില്‍ തൊഴിലിനും സ്ഥാനമുണ്ട്. അത് നമ്മെ മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ദൈവകുമാരനും അവിടുത്തെ വളര്‍ത്തു പിതാവും ഒരു തച്ചന്‍റെ ജോലി ചെയ്തത്. വേലയോടുള്ള നമ്മുടെ സമീപനവും വീക്ഷണവുമാണ് നമ്മുടെ ജീവിതത്തെ അര്‍ത്ഥപൂര്‍ണ്ണവും സൗഭാഗ്യദായകവുമാക്കിത്തീര്‍ക്കുന്നത്. ചിലര്‍ വേലയെ ദൈവമാക്കി പ്രതിഷ്ഠിക്കുന്നു. മനുഷ്യവ്യക്തിയുടെ മഹത്വമാണ് ഓരോ ജോലിയെയും ധന്യമാക്കുന്നത്. ക്രിസ്തുവിന്‍റെ ജീവിതമരണോത്ഥാനങ്ങളുടെ വെളിച്ചത്തില്‍ വേലയെ വിലയിരുത്തണം. നാം ചെയ്യുന്ന ഓരോ ജോലിയുടെയും സാമൂഹ്യമായ മൂല്യം കണക്കിലെടുക്കേണ്ടിയിരിക്കുന്നു. തൊഴിലാളികള്‍ക്ക് ന്യായമായ കൂലി കൊടുക്കേണ്ടതാവശ്യമാണ്. എന്നാല്‍ സംഘടിത തൊഴിലാളി വര്‍ഗ്ഗം തൊഴിലിനെ സമരായുധമായി ഉപയോഗിച്ച് അതിന്‍റെ മാഹാത്മ്യത്തെ നശിപ്പിച്ചു കളയരുത്. തൊഴിലാളികളും മുതലാളികളും തമ്മിലുള്ള ബന്ധം ക്രിസ്തീയമായ ഉപവിയില്‍ നയിക്കപ്പെടണം. അല്ലെങ്കില്‍ അസ്വസ്ഥതയും അസമാധാനവും വിപ്ലവവുമായിരിക്കും അനുഭവപ്പെടുക.
തൊഴിലാളികളും മുതലാളികളും ക്രിസ്തുവിന്‍റെ മൗതിക ശരീര നിര്‍മ്മിതിയിലാണ് ഏര്‍പ്പെട്ടിരിക്കുന്നത് എന്നുള്ള വസ്തുത നാം വിസ്മരിക്കരുത്. തിരുസഭ തൊഴിലാളികളുടെയും മുതലാളികളുടെയും മാതാവാണ്. രണ്ടു കൂട്ടരേയും സഭാമാതാവ് സ്നേഹപൂര്‍വ്വം അവരുടെ ചുമതലകള്‍ അനുസ്മരിപ്പിക്കുന്നുണ്ട്. ക്രിസ്തുവും അവിടുത്തെ വളര്‍ത്തു പിതാവും തൊഴിലാളികളായിരിക്കെ കത്തോലിക്കാ സഭയ്ക്ക് തൊഴിലാളികളെ വിസ്മരിക്കുവാന്‍ സാധിക്കുകയില്ല.
സംഭവം
🔶🔶🔶🔶
കത്തോലിക്കാ മതാന്തരീക്ഷത്തില്‍ വളര്‍ന്ന ഒരു യുവാവ് വിദ്യാഭ്യാസ യോഗ്യതകള്‍ പലതും കൈവരിച്ച ശേഷം വീട് വിട്ടിറങ്ങിപ്പോയി. അക്രമ പ്രവര്‍ത്തനങ്ങളില്‍ മുഴുകി വയനാടന്‍ മലകളില്‍ കഴിഞ്ഞിരിന്ന ഒരു സംഘവുമായി കൂട്ടുചേര്‍ന്ന്‍ വളരെ ഹീനമായ പല കൊലപാതകങ്ങള്‍ക്കും അയാള്‍ കൂട്ടുനിന്നു. ഈ യുവാവിന്‍റെ വീടിന്‍റെ സമീപത്തുള്ള ഒരു കുടുംബത്തില്‍ കവര്‍ച്ച നടത്തുവാന്‍ അക്രമസംഘം തീരുമാനിച്ചു. കവര്‍ച്ചയുടെ തലേദിവസം കവര്‍ച്ച ചെയ്യപ്പെടുന്ന കുടുംബത്തെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ശേഖരിക്കുവാന്‍ മേല്‍പ്പറഞ്ഞ യുവാവ് നിയുക്തനായി. അതനുസരിച്ച് അവന്‍ സ്വന്തം വീട്ടിലെത്തി. തന്‍റെ വീട്ടില്‍ അന്ന് വി. യൗസേപ്പ് പിതാവിന്‍റെ ഭക്തി ആചരിക്കുകയും ഈ പിതാവിന്‍റെ സ്തുതിക്കായി പാവപ്പെട്ട ഒരു കുടുംബത്തിന് അത്താഴം കൊടുക്കുകയും ചെയ്തിരുന്നു. ഈ കാഴ്ച കണ്ടപ്പോള്‍ ആ യുവാവിന്‍റെ മനസ്സലിഞ്ഞു. താനും കൂട്ടുകാരും പിറ്റേദിവസം ചെയ്യുവാന്‍ തുനിയുന്ന ഹീനമായ പ്രവൃത്തിയെക്കുറിച്ച് മനസ്താപമുണ്ടായി. അയാള്‍ കുടുംബാംഗങ്ങളുടെ മുമ്പാകെ, പിറ്റേന്ന് ചെയ്യുവാന്‍ തീരുമാനിച്ചിട്ടുള കാര്യമെല്ലാം വെളിപ്പെടുത്തി. ഇനിയൊരിക്കലും അക്രമാസക്തരായ തന്‍റെ കൂട്ടുകാരുടെ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയില്ലെന്ന് പ്രതിജ്ഞ ചെയ്തു. ആ യുവാവിനുണ്ടായ മന:പരിവര്‍ത്തനം വിശുദ്ധ യൗസേപ്പ് പിതാവിന്‍റെ മദ്ധ്യസ്ഥതയിലാണെന്ന് ആ കുടുംബത്തിലുള്ള എല്ലാവരും വിശ്വസിച്ചു.
ജപം
🔶🔶
ദൈവകുമാരന്‍റെ വളര്‍ത്തു പിതാവായ വിശുദ്ധ യൗസേപ്പേ, അങ്ങ് ഒരു ആശാരിയുടെ ജോലി ചെയ്തുകൊണ്ട് തിരുക്കുടുംബത്തെ പരിപാലിച്ചു വന്നല്ലോ. അതിലൂടെ തൊഴിലിന്‍റെ മാഹാത്മ്യവും രക്ഷാകര്‍മ്മത്തില്‍ തൊഴിലിനുള്ള സ്ഥാനവും ഞങ്ങള്‍ക്കു കാണിച്ചു തന്നു. ഞങ്ങളും ഞങ്ങളുടെ ജീവിതാന്തസ്സിന്‍റെ ചുമതലകളും ദൈവപരിപാലനയില്‍ നിങ്ങള്‍ക്കു ലഭിക്കുന്ന ജോലികളും തൊഴിലുകളും വിശ്വസ്തതാപൂര്‍വം നിര്‍വഹിച്ചു കൊണ്ട് ജീവിതം ധന്യമാക്കുവാനുള്ള അനുഗ്രഹം പ്രാപിച്ചു തരണമേ. ജോലികളിലുണ്ടാകുന്ന ബുദ്ധിമുട്ടുകളും ത്യാഗങ്ങളും ഞങ്ങള്‍ ദൈവതിരുമനസ്സിനോടു യോജിപ്പിച്ചുകൊണ്ട് സന്തോഷത്തോടെ സ്വീകരിക്കുന്നതാണ്.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,
( മിശിഹായെ… )
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
( ഞങ്ങളെ അനുഗ്രഹിക്കണമേ )
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶
തൊഴിലാളി മദ്ധ്യസ്ഥനായ വിശുദ്ധ യൗസേപ്പേ, ജോലിയുടെ മഹത്വം ഞങ്ങളെ പഠിപ്പിക്കണമേ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
⚜️⚜️⚜️⚜️ March 1️⃣0️⃣⚜️⚜️⚜️⚜️
സെബാസ്റ്റേയിലെ നാല്‍പ്പത് വിശുദ്ധ രക്തസാക്ഷികള്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
320-ല്‍ അര്‍മേനിയിലെ സെബാസ്റ്റേയില്‍ വാസമുറപ്പിച്ചിരുന്ന പടയാളികളായിരുന്നു ഈ നാല്‍പ്പതു രക്തസാക്ഷികളും. അവരുടെ സേനാവിഭാഗത്തോട് വിഗ്രഹങ്ങള്‍ക്ക് ബലിയര്‍പ്പിക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍, മാമോദീസ വഴി തങ്ങള്‍ സ്വീകരിച്ച വിശ്വാസത്തെ കൈവിടാന്‍ അവര്‍ വിസമ്മതിച്ചു. തങ്ങള്‍ക്കുണ്ടായിരുന്ന പ്രലോഭനങ്ങള്‍ക്ക് മറുപടിയായി അവര്‍ പറഞ്ഞതു ഇപ്രകാരമായിരിന്നു, “ഞങ്ങള്‍ ക്രിസ്ത്യാനികളാണ്” പ്രലോഭനങ്ങള്‍ക്കും, ഭീഷണികള്‍ക്കും അവരെ വശപ്പെടുത്തുവാന്‍ കഴിയാതെ വന്നപ്പോള്‍ അവരെ കുറച്ച് ദിവസങ്ങളോളം തടവില്‍ പാര്‍പ്പിക്കുകയും, പിന്നീട് ചങ്ങലകളാല്‍ ബന്ധിതരാക്കി കൊലക്കളത്തിലേക്ക് കൊണ്ട് പോവുകയും ചെയ്തു.
വളരെ കഠിനമായൊരു ശൈത്യകാലമായിരുന്നു അത്. ആ നാല്‍പ്പത് വിശുദ്ധരേയും വിവസ്ത്രരാക്കി കുളത്തിലെ തണുത്തുറഞ്ഞ് കട്ടയായ വെള്ളത്തിനു മുകളില്‍ തണുത്ത് മരവിച്ച് മരിക്കുന്നത് വരെ കിടത്തി. ആ നാല്‍പ്പത് രക്തസാക്ഷികളും തങ്ങളുടെ മരണത്തെക്കുറിച്ചോര്‍ത്തു ഒട്ടും തന്നെ നിരാശരായിരുന്നില്ല, മറിച്ച് യേശുവിനു വേണ്ടിയാണല്ലോ തങ്ങള്‍ മരിക്കുന്നതെന്നോര്‍ത്തുകൊണ്ടുള്ള സന്തോഷത്തോടെ അവര്‍ ഇപ്രകാരം പറഞ്ഞു: “ആഴത്തിലേക്കു ഇരച്ചിറങ്ങുന്ന ഈ തണുപ്പിനെ സഹിക്കുക ബുദ്ധിമുട്ടാണെന്ന കാര്യത്തില്‍ ഒട്ടുംതന്നെ സംശയമില്ല, എന്നാല്‍ ഈ മാര്‍ഗ്ഗത്തിലൂടെ ഞങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിലേക്ക് പോകുവാന്‍ സാധിക്കും; ഈ സഹനം വളരെ കുറച്ച് നേരത്തേക്ക് മാത്രമുള്ളതാണ്. എന്നാല്‍ സ്വീകരിക്കുവാനിരിക്കുന്ന മഹത്വം എന്നെന്നേക്കുമുള്ളതും. ഈ ക്രൂരമായ രാത്രി നമുക്ക് നിത്യമായ പരമാനന്ദം പ്രാപ്യമാക്കും. കര്‍ത്താവേ, ഞങ്ങള്‍ നാല്‍പ്പത് പേരും യുദ്ധത്തിലേക്ക് പ്രവേശിക്കുവാന്‍ പോവുകയാണ്; ഞങ്ങള്‍ക്ക് നാല്‍പ്പത് പേര്‍ക്കും നിത്യകിരീടം നല്‍കണമേ!”.
ആര്‍ക്കെങ്കിലും മനമാറ്റം ഉണ്ടായി യേശുവിനെ ഉപേക്ഷിക്കുവാന്‍ തയ്യാറാവുകയാണെങ്കില്‍ അവര്‍ക്കായി ചെറു ചൂടുവെള്ളം നിറച്ച തൊട്ടികളും അവിടെ ഉണ്ടായിരുന്നു. അവരില്‍ ഒരാള്‍ തണുപ്പ് സഹിക്കുവാന്‍ കഴിയാതെ തന്റെ വിശ്വാസം ഉപേക്ഷിച്ച് ചൂടുവെള്ളം നിറച്ച തൊട്ടിയില്‍ മുങ്ങുവാനായി പോയി. എന്നാല്‍ താപനിലയില്‍ പെട്ടെന്നുണ്ടായ വ്യതിയാനം മൂലം, നശ്വരവും അനശ്വരവുമായ ജീവിതം നഷ്ടപ്പെടുത്തി കൊണ്ട് അദ്ദേഹം മരണമടഞ്ഞു. ഇതുകണ്ട് അപ്പോഴും ജീവിച്ചിരിന്ന മറ്റ് രക്തസാക്ഷികള്‍ എന്തായാലും തങ്ങളുടെ വിശ്വാസത്തെ മുറുകെപ്പിടിക്കുവാന്‍ തീരുമാനിച്ചു.
ഉടന്‍തന്നെ വളരെ തിളക്കമാര്‍ന്ന ഒരു പ്രകാശത്താല്‍ അവിടെ മഞ്ഞ് മുഴുവനും മൂടപ്പെട്ടു; അവിടെ ഉണ്ടായിരിന്ന കാവല്‍ക്കാരില്‍ ഒരാളുടെ കാഴ്ച ശക്തമായ ആ പ്രകാശത്തില്‍ ഒന്നും കാണാനാകാത്ത വിധം മങ്ങി പോയി. അയാള്‍ തന്റെ കണ്‍പോളകള്‍ ബുദ്ധിമുട്ടി തുറന്ന് നോക്കിയപ്പോള്‍ നാല്‍പ്പത് മാലാഖമാര്‍ കൈകളില്‍ കിരീടങ്ങളും വഹിച്ചുകൊണ്ട് സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങി വരുന്നതായി അവര്‍ ദര്‍ശിച്ചു. അവര്‍ ആ കിരീടങ്ങള്‍ ആ നാല്‍പ്പത് രക്തസാക്ഷികളുടേയും തലയില്‍ അണിയിച്ചു.
എന്നാല്‍ നാല്‍പ്പതാമത്തെ മാലാഖ ആരുടെ തലയില്‍ കിരീടമണിയിക്കും എന്ന് സംശയത്താല്‍ നിന്നപ്പോള്‍, ഇതെല്ലാം കണ്ട ആ പടയാളി ക്രിസ്തുവില്‍ വിശ്വസിക്കുകയും, “ആ കിരീടം എനിക്കുള്ളതാണ്” എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് തന്റെ വസ്ത്രങ്ങള്‍ വലിച്ചെറിഞ്ഞു കളഞ്ഞു. തുടര്‍ന്നു മരിച്ചുപോയ വിശ്വാസി കിടന്ന സ്ഥലത്ത് പോയി കിടന്നുകൊണ്ട് ആ കാവല്‍ ഭടന്‍ ഇങ്ങനെ പറഞ്ഞു, “ഞാന്‍ ക്രിസ്ത്യാനിയാണ്”. അപ്രകാരം നാല്‍പ്പതെന്ന ആ സംഖ്യ പൂര്‍ത്തിയായി. തങ്ങളുടെ അവയവങ്ങള്‍ തണുത്ത് മരവിച്ചുകൊണ്ടിരുന്നപ്പോഴും അവര്‍ തങ്ങളുടെ വിശ്വാസം ഉപേക്ഷിച്ചില്ല, ക്രമേണ അവര്‍ ഓരോരുത്തരായി മരണത്തിന് കീഴടങ്ങി.
ആ നാല്‍പ്പത് പടയാളികളില്‍ മെലിട്ടണ്‍ എന്ന് പേരായ ഒരു യുവാവുമുണ്ടായിരുന്നു, അദ്ദേഹമായിരുന്നു കൂടുതല്‍ നേരം പിടിച്ചു നിന്നത്. ഉദ്യോഗസ്ഥര്‍ ശവശരീരങ്ങള്‍ നീക്കം ചെയ്യുവാനായി എത്തിയപ്പോള്‍ അവന്‍ അപ്പോഴും ശ്വസിക്കുന്നതായി അവര്‍ കണ്ടു. ദയതോന്നിയ അവര്‍, അവന്‍ പിന്നീട് തന്റെ വിശ്വാസം ഉപേക്ഷിക്കും എന്ന പ്രതീക്ഷയില്‍ അവനെ രക്ഷപ്പെടുത്തുവാന്‍ തീരുമാനിച്ചു. എന്നാല്‍ അവിടെ സന്നിഹിതയായിരുന്ന അവന്റെ മാതാവ്, തന്റെ മകന്‍ ആ രക്തസാക്ഷികളുടെ കൂട്ടത്തില്‍ നിന്നും വിട്ടുപോവുന്നതിനെ കുറിച്ച് ചിന്തിക്കുവാന്‍പോലും കഴിയാതെ അവനോടു പിടിച്ചുനില്‍ക്കുവാന്‍ അപേക്ഷിച്ചു. മറ്റുള്ള മൃതദേഹങ്ങള്‍ക്കൊപ്പം അവന്റെ ശരീരവും വണ്ടിയിലേക്ക് പിടിച്ചുകയറ്റുകയും ചെയ്തു.
ജീവിതത്തിലേക്ക് തിരിച്ചു വരുവാന്‍ അവന് ഒരടയാളം കാണിക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളു. എന്നാല്‍ അവന്‍ അതിനു മുതിര്‍ന്നില്ല. ആയതിനാല്‍ അവന്റെ ശരീരവും മറ്റുള്ളവരുടേതിനൊപ്പം അഗ്നിയിലേക്കെറിഞ്ഞു, അവരുടെ എല്ലുകള്‍ പിന്നീട് നദിയില്‍ വലിച്ചെറിഞ്ഞുവെങ്കിലും, അവ വെള്ളത്തിനു മീതെ പൊങ്ങിക്കിടക്കുകയും വിശ്വാസികള്‍ അവ ശേഖരിച്ചു സൂക്ഷിക്കുകയും ചെയ്തു.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. ഫ്രീജിയായിലെ അലക്സാണ്ടറും കായൂസും
2. അനസ്റ്റാസിയാ ബിസാന്‍സിയും
3. കന്‍റിഡൂസ്
4. കോര്‍ദാത്തൂസ്, ഡയനീഷ്യസ്, സിപ്രിയന്‍, അനെക്ത്തൂസ്, പോള്‍, ക്രെഷന്‍സ്
5. പാരീസിലെ ഡ്രൊക്തോവെയൂസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
നിന്റെ ദൃഷ്‌ടി അവക്രമായിരിക്കട്ടെ;നിന്റെ നോട്ടം മുന്‍പോട്ടു മാത്രമായിരിക്കട്ടെ.
നീ നടക്കുന്ന വഴികള്‍ ഉത്തമമെന്ന് ഉറപ്പിക്കുക;
അപ്പോള്‍ അവ സുരക്‌ഷിതമായിരിക്കും.
വലത്തോട്ടോ ഇടത്തോട്ടോവ്യതിചലിക്കരുത്; തിന്‍മയില്‍ കാലൂന്നുകയും അരുത്.
സുഭാഷിതങ്ങള്‍ 4 : 25-27
നീതിമാന്‍മാരുടെ ആത്‌മാവ് ദൈവകരങ്ങളിലാണ്, ഒരു ഉപദ്രവവും അവരെ സ്‌പര്‍ശിക്കുകയില്ല.
ജ്‌ഞാനം 3 : 1
എന്നെക്കുറിച്ചുള്ള തന്റെ നിശ്‌ചയംകര്‍ത്താവു നിറവേറ്റും;കര്‍ത്താവേ,അവിടുത്തെ കാരുണ്യം അനന്തമാണ്;അങ്ങയുടെ സൃഷ്‌ടിയെ ഉപേക്‌ഷിക്കരുതേ!
സങ്കീര്‍ത്തനങ്ങള്‍ 138:08
🌻പ്രഭാത പ്രാർത്ഥന🌻
കാലിടറിയവരെ നിന്റെ വാക്കുകൾ താങ്ങി നിർത്തി..ദുർബല പാദങ്ങൾക്കു നീ കരുത്തു പകർന്നു.. (ജോബ് : 4/4)
പരമ കാരുണ്യവാനായ ദൈവമേ.. ആത്മാർത്ഥമായ അനുതാപത്തിലൂടെയും ഹൃദയവിശുദ്ധീകരണത്തിലൂടെയും ലാളിത്യവും എളിമയും നിറഞ്ഞു നിൽക്കുന്ന പരസ്നേഹ പ്രവർത്തികളിലൂടെയും പരിശുദ്ധമായ തപസ്സു കാലത്തിന്റെ പുണ്യവരങ്ങൾ സ്വന്തമാക്കാനുള്ള കൃപയ്ക്കായി പ്രാർത്ഥിക്കുന്നു.. ജീവിതത്തിൽ പലപ്പോഴും അന്യായമായ കുറ്റാരോപണങ്ങൾക്കും അപമാനങ്ങൾക്കും വിധേയരാകേണ്ടി വരുമ്പോഴും.. അനീതിയുടെയും അഹങ്കാരത്തിന്റെയും ദുർവിനിയോഗങ്ങൾക്ക് ഇരകളാകേണ്ടി വരുമ്പോഴും ഞങ്ങൾ നിശബ്ദരാക്കപ്പെടുന്നത് നിസ്സഹായത കൊണ്ടു മാത്രമല്ല.. അടിച്ചമർത്തപ്പെട്ട ഞങ്ങളുടെ ജീവിതങ്ങളോടുള്ള നിഷേധ മനോഭാവം കൊണ്ടു കൂടിയാണ്..
ഈശോയേ.. തെറ്റു ചെയ്യാതെ തന്നെ മറ്റുള്ളവരാൽ കുറ്റം വിധിക്കപ്പെടുമ്പോഴും അന്യായമായി പീഡിപ്പിക്കപ്പെടുമ്പോഴും സമചിത്തതയോടെ എല്ലാം സഹിക്കാനും.. സഹനശീലത്തോടെ പെരുമാറാനും അങ്ങു ഞങ്ങളെ സഹായിക്കണമേ.. അങ്ങിൽ ശരണപ്പെടുന്നവരാരും നിരാശരാവുകയില്ല എന്ന ഉത്തമ ബോധ്യത്തോടെ പൂർണമായി സത്യമാർഗത്തിൽ നിലകൊള്ളാനും.. നീതിയുടെ സമാധാനപൂർവകമായ ഫലത്തിനു വേണ്ടി ക്ഷമയോടെ കാത്തിരിക്കാനുമുള്ള കൃപ നൽകി ആത്മാവിൽ ഞങ്ങളെ ശക്തിപ്പെടുത്തുകയും.. അനുഗ്രഹിക്കുകയും ചെയ്യണമേ..
ദുഃഖിതരുടെ ആലംബമേ.. ഞങ്ങളെ സമാശ്വസിപ്പിക്കേണമേ.. ആമേൻ .


Leave a comment