ആമുഖം
പൗലോസിന്റെ ലേഖനങ്ങള്‍ക്കു പുറമേ ഏഴു ചെറിയ ലേഖനങ്ങള്‍കൂടി പുതിയ നിയമത്തിലുണ്ട്. ഏതെങ്കിലും ഒരു പ്രത്യേക ക്രൈസ്ത സമൂഹത്തിനു മാത്രമായല്ല, സഭയ്ക്കു മുഴുവനുംവേണ്ടി എഴുതപ്പെട്ടവയാണ് ഈ ലേഖനങ്ങള്‍. ഇക്കാരണത്താല്‍ ഇവ കാതോലികാ ലേഖനങ്ങള്‍ എന്ന പേരില്‍ അറിയപ്പെടുന്നു. യാക്കോബ് എഴുതിയ ലേഖനം പുതിയ നിയമത്തില്‍ അഞ്ചു യാക്കോബുമാരെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ലേഖനകര്‍ത്താവായി പരിഗണിക്കപ്പെടുന്നത് ”യേശുക്രിസ്തുവിന്റെ സഹോദരന്‍” ( മത്താ 13, 55; മാര്‍ക്കോ 6, 3; അപ്പ. 12, 17; 15, 13; 21, 18) എന്നറിയപ്പെടുന്ന യാക്കോബ് ആണ്. അങ്ങനെയാണെങ്കില്‍ എ.ഡി. 62വവിനു മുമ്പു രചിക്കപ്പെട്ടതായിരിക്കണം ഈ ലേഖനം. എന്നാല്‍, ചില പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ ഒന്നാം നൂറ്റാണ്ടിന്റെ അവസാനത്തോടടുത്ത്, യാക്കോബിന്റെ ശിഷ്യരില്‍ ഒരാളാണ് ഇതു രചിച്ചത്. ചിതറി പാര്‍ത്തിരുന്ന യഹൂദക്രിസ്ത്യാനികളെ ഉദ്ദേശിച്ച് എഴുതിയ ഈ ലേഖനത്തില്‍, വിശ്വാസം എന്നത് ഒരു തത്വസംഹിതയുടെ സ്വീകരണവും അതിലേറെ, അതനുസരിച്ചുള്ള ജീവിതവുമാണെന്നും, സല്‍പ്രവൃത്തികള്‍ക്ക് പ്രേരണ നല്‍കാത്ത വിശ്വാസപ്രഘോഷണം അര്‍ത്ഥശൂന്യമാണെന്നും ( 1, 19-27; 2, 10-26), ദരിദ്രര്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവരാകയാല്‍ അവരോടു പ്രത്യേക സ്‌നേഹവും കാരുണ്യവും കാണിക്കണമെന്നും (2, 1-13)വ്യക്തമാക്കിയിരിക്കുന്നു. ക്രൈസ്തവര്‍ എവിടെയായിരുന്നാലും പുലര്‍ത്തേണ്ട വിവിധ മനോഭാവങ്ങളെക്കുറിച്ചും ലേഖനം പ്രതിപാദിക്കുന്നുണ്ട്. ( 1, 12-8; 3, 1-12; 4, 1-17). രോഗീലേപന”ത്തെക്കുറിച്ചുള്ള പരാമര്‍ശം ( 5, 13-20) ഈ ലേഖനത്തിന്റെ ഒരു സവിശേഷതയാണ്.
അദ്ധ്യായം 1
അഭിവാദനം
1 ദൈവത്തിന്റെയും കര്‍ത്താവായ യേശുക്രിസ്തുവിന്റെയും ദാസനായ യാക്കോബ്, വിജാതീയരുടെ ഇടയില്‍ ചിതറിപ്പാര്‍ക്കുന്ന പന്ത്രണ്ടു ഗോത്രങ്ങള്‍ക്ക് എഴുതുന്നത്: നിങ്ങള്‍ക്ക് അഭിവാദനം.
വിശ്വാസവും ജ്ഞാനവും
2 എന്റെ സഹോദരരേ, വിവിധ പരീക്ഷ കളില്‍ അകപ്പെടുമ്പോള്‍, നിങ്ങള്‍ സന്തോഷിക്കുവിന്‍.3 എന്തെന്നാല്‍, വിശ്വാസം പരീക്ഷിക്കപ്പെടുമ്പോള്‍ നിങ്ങള്‍ക്ക് അതില്‍ സ്ഥിരത ലഭിക്കുമെന്ന് അറിയാമല്ലോ.4 ഈ സ്ഥിരത പൂര്‍ണഫലം പുറപ്പെടുവിക്കുകയും അങ്ങനെ നിങ്ങള്‍ പൂര്‍ണരും എല്ലാം തികഞ്ഞവരും ഒന്നിലും കുറവില്ലാത്തവരും ആവുകയും ചെയ്യും.5 നിങ്ങളില്‍ ജ്ഞാനം കുറവുള്ളവന്‍ ദൈവത്തോടു ചോദിക്കട്ടെ. അവന് അതു ലഭിക്കും. കുറ്റപ്പെടുത്താതെ എല്ലാവര്‍ക്കും ഉദാരമായി നല്‍കുന്നവനാണ് അവിടുന്ന്.6 സംശയിക്കാതെ, വിശ്വാസത്തോടെ വേണം ചോദിക്കാന്‍. സംശയിക്കുന്നവന്‍ കാറ്റില്‍ ഇളകിമറിയുന്ന കടല്‍ത്തിരയ്ക്കു തുല്യനാണ്.7 സംശയമനസ്‌കനും എല്ലാകാര്യങ്ങളിലും ചഞ്ചലപ്രകൃതിയുമായ ഒരുവന്8 എന്തെങ്കിലും കര്‍ത്താവില്‍നിന്നു ലഭിക്കുമെന്നു കരുതരുത്.
ദാരിദ്ര്യവും സമ്പത്തും
9 എളിയ സഹോദരന്‍പോലും തനിക്കു ലഭിച്ചിരിക്കുന്ന ഔന്നത്യത്തില്‍ അഭിമാനിക്കട്ടെ.10 ധനവാന്‍ താഴ്ത്തപ്പെടുന്നതില്‍ അഭിമാനിക്കട്ടെ. എന്തെന്നാല്‍, പുല്ലിന്റെ പൂവുപോലെ അവന്‍ കടന്നു പോകും.11 സൂര്യന്‍ ഉഗ്രതാപത്തോടെ ഉദിച്ചുയര്‍ന്ന് പുല്ലിനെ ഉണക്കിക്കളയുന്നു. അതിന്റെ പൂവു കൊഴിഞ്ഞുവീഴുന്നു; സൗന്ദര്യം അസ്തമിക്കുകയുംചെയ്യുന്നു. ഇപ്രകാരം ധനികനും തന്റെ ഉദ്യമങ്ങള്‍ക്കിടയ്ക്കു മങ്ങിമറഞ്ഞു പോകും.
പരീക്ഷകളെ നേരിടുക
12 പരീക്ഷകള്‍ ക്ഷമയോടെ സഹിക്കുന്നവന്‍ ഭാഗ്യവാന്‍. എന്തെന്നാല്‍, അവന്‍ പരീക്ഷകളെ അതിജീവിച്ചു കഴിയുമ്പോള്‍ തന്നെ സ്‌നേഹിക്കുന്നവര്‍ക്കു ദൈവം വാഗ്ദാനം ചെയ്തിരിക്കുന്ന ജീവന്റെ കിരീടം അവനു ലഭിക്കും.13 പരീക്ഷിക്കപ്പെടുമ്പോള്‍, താന്‍ ദൈവത്താലാണ് പരീക്ഷിക്കപ്പെടുന്നത് എന്ന് ഒരുവനും പറയാതിരിക്കട്ടെ. എന്തെന്നാല്‍, ദൈവം തിന്‍മയാല്‍ പരീക്ഷിക്കപ്പെടുന്നില്ല, അവിടുന്ന് ആരെയും പരീക്ഷിക്കുന്നുമില്ല.14 ഓരോരുത്തരും പരീക്ഷിക്കപ്പെടുന്നതു സ്വന്തം ദുര്‍മോഹങ്ങളാല്‍ വശീകരിക്കപ്പെട്ടു കുടുക്കിലാകുമ്പോഴാണ്.15 ദുര്‍മോഹം ഗര്‍ഭം ധരിച്ചു പാപത്തെ പ്രസവിക്കുന്നു. പാപം പൂര്‍ണ വളര്‍ച്ചപ്രാപിക്കുമ്പോള്‍ മരണത്തെ ജനിപ്പിക്കുന്നു.16 എന്റെ പ്രിയസഹോദരരേ, നിങ്ങള്‍ക്കു മാര്‍ഗഭ്രംശം സംഭവിക്കരുത്.17 ഉത്തമവും പൂര്‍ണ വുമായ എല്ലാദാനങ്ങളും ഉന്നതത്തില്‍നിന്ന്, മാറ്റമോ മാറ്റത്തിന്റെ നിഴലോ ഇല്ലാത്ത പ്രകാശങ്ങളുടെ പിതാവില്‍നിന്നു വരുന്നു.18 തന്റെ സൃഷ്ടികളില്‍ ആദ്യഫലമാകേണ്ടതിന് സത്യത്തിന്റെ വചനത്താല്‍, നമുക്കു ജന്‍മം നല്‍കാന്‍ അവിടുന്നു തിരുമനസ്‌സായി.
വചനം പാലിക്കുക
19 എന്റെ പ്രിയസഹോദരരേ, ഓര്‍മിക്കുവിന്‍. നിങ്ങള്‍ കേള്‍ക്കുന്നതില്‍ സന്നദ്ധതയുള്ളവരും സംസാരിക്കുന്നതില്‍ തിടുക്കം കൂട്ടാത്തവരും കോപിക്കുന്നതില്‍ മന്ദഗതിക്കാരും ആയിരിക്കണം.20 മനുഷ്യന്റെ കോപം ദൈവനീതിയുടെ പ്രവര്‍ത്തനത്തിനു പ്രേരണ നല്‍കുന്നില്ല;21 ആകയാല്‍, എല്ലാ അശുദ്ധിയും വര്‍ദ്ധിച്ചുവരുന്നതിന്‍മയും ഉപേക്ഷിച്ച്, നിങ്ങളില്‍ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കുവാന്‍ കഴിവുള്ളതുമായ വചനത്തെ വിനയപൂര്‍വ്വം സ്വീകരിക്കുവിന്‍.22 നിങ്ങള്‍ വചനം കേള്‍ക്കുക മാത്രംചെയ്യുന്ന ആത്മവഞ്ചകരാകാതെ അത് അനുവര്‍ത്തിക്കുന്നവരും ആയിരിക്കുവിന്‍.23 വചനം കേള്‍ക്കുകയും അത് അനുവര്‍ത്തിക്കാതിരിക്കുകയും ചെയ്യുന്നവന്‍ തന്റെ മുഖം കണ്ണാടിയില്‍ കാണുന്ന മനുഷ്യനു സദൃശ നാണ്.24 അവന്‍ തന്നെത്തന്നെ നോക്കിയിട്ടു കടന്നുപോകുന്നു; താന്‍ എങ്ങനെയിരിക്കുന്നുവെന്ന് ഉടന്‍ തന്നെ വിസ്മരിക്കുകയും ചെയ്യുന്നു.25 കേട്ടതു മറക്കുന്നവനല്ല, പ്രവര്‍ത്തിക്കുന്നവനാണ് പൂര്‍ണമായ നിയമത്തെ, അതായത് സ്വാതന്ത്ര്യത്തിന്റെ നിയമത്തെ, സൂക്ഷ്മമായി ഗ്രഹിക്കുകയും അതില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുക. തന്റെ പ്രവൃത്തികളില്‍ അവന്‍ അനുഗൃഹീത നാകും.26 താന്‍ ദൈവഭക്തനാണെന്ന് ഒരുവന്‍ വിചാരിക്കുകയും തന്റെ നാവിനെ നിയന്ത്രിക്കാതെ ഹൃദയത്തെ വഞ്ചിക്കുകയും ചെയ്താല്‍ അവന്റെ ഭക്തി വ്യര്‍ഥമത്രേ.27 പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധ വും നിഷ്‌കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില്‍ അവരുടെ സഹായത്തിനെത്തുക; ലോകത്തിന്റെ കളങ്കമേല്‍ക്കാതെ തന്നെത്തന്നെ കാത്തുസൂക്ഷിക്കുക.
അദ്ധ്യായം 2
പക്ഷപാതത്തിനെതിരേ
1 എന്റെ സഹോദരരേ, മഹത്വപൂര്‍ണനും നമ്മുടെ കര്‍ത്താവുമായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ പക്ഷപാതം കാണിക്കരുത്.2 നിങ്ങളുടെ സംഘത്തിലേക്ക് സ്വര്‍ണമോതിരമണിഞ്ഞു മോടിയുള്ള വ സ്ത്രം ധരിച്ച ഒരുവനും മുഷിഞ്ഞവസ്ത്രം ധരിച്ച ഒരു ദരിദ്രനും പ്രവേശിക്കുന്നുവെന്നിരിക്കട്ടെ.3 നിങ്ങള്‍ മോടിയായി വസ്ത്രം ധരിച്ചവനെ നോക്കി, ഇവിടെ സുഖമായി ഇരിക്കുക എന്നു പറയുന്നു. പാവപ്പെട്ടവനോടു അവിടെ നില്‍ക്കുക എന്നോ എന്റെ പാദപീഠത്തിനടുത്ത് ഇരിക്കുക എന്നോ പറയുന്നു.4 അപ്പോള്‍ നിങ്ങള്‍ നിങ്ങളില്‍ത്തന്നെ വിവേചനം കാണിക്കുകയും ദുഷ്ടവിചാരങ്ങള്‍ പുലര്‍ത്തുന്ന വിധികര്‍ത്താക്കളാവുകയും അല്ലേ ചെയ്യുന്നത്?5 എന്റെ പ്രിയസഹോദരരേ, ശ്രവിക്കുവിന്‍. തന്നെ സ്‌നേഹിക്കുന്നവര്‍ക്കു വാഗ്ദാനം ചെയ്ത രാജ്യത്തിലെ അവകാശികളും വിശ്വാസത്തില്‍ സമ്പന്നരുമായി ദൈവം തെ രഞ്ഞെടുത്തത് ലോകത്തിലെ പാവപ്പെട്ടവരെയല്ലേ?6 എന്നാല്‍, നിങ്ങള്‍ പാവപ്പെട്ടവനെ അവമാനിച്ചിരിക്കുന്നു. നിങ്ങളെ പീഡിപ്പിക്കുന്നതു സമ്പന്നരല്ലേ? നിങ്ങളെന്യായാസനങ്ങളുടെ മുമ്പിലേക്കു വലിച്ചിഴച്ചുകൊണ്ടുപോകുന്നത് അവരല്ലേ?7 നിങ്ങള്‍ക്കു നല്‍കിയിരിക്കുന്ന ധന്യമായ ആ നാമത്തെ ദുഷിക്കുന്നത് അവരല്ലേ?8 നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക എന്ന വിശുദ്ധലിഖിതത്തിലെ രാജകീയ നിയമം നിങ്ങള്‍യഥാര്‍ഥത്തില്‍ അനുസരിക്കുന്നെങ്കില്‍ ഉത്തമമായി പ്രവര്‍ത്തിക്കുന്നു.9 നിങ്ങള്‍ പക്ഷപാതം കാണിക്കുന്നെങ്കില്‍ പാപം ചെയ്യുന്നു; നിയമത്താല്‍ നിങ്ങള്‍ കുറ്റക്കാരായി വിധിക്കപ്പെടുകയും ചെയ്യുന്നു.10 ആരെങ്കിലും നിയമം മുഴുവന്‍ അനുസരിക്കുകയും ഒന്നില്‍ മാത്രം വീഴ്ച വരുത്തുകയും ചെയ്താല്‍ അവന്‍ എല്ലാത്തിലും വീഴ്ചവരുത്തിയിരിക്കുന്നു.11 എന്തെന്നാല്‍, വ്യഭിചാരം ചെയ്യരുത്, എന്നു കല്‍പിച്ചവന്‍ തന്നെ കൊല്ലരുത് എന്നും കല്‍പിച്ചിട്ടില്ലേ? നീ വ്യഭിചാരംചെയ്യുന്നില്ലെങ്കിലും കൊല്ലുന്നെങ്കില്‍, നീ നിയമം ലംഘിക്കുന്നു.12 സ്വാതന്ത്ര്യത്തിന്റെ നിയമമനുസരിച്ചു വിധിക്കപ്പെടാനുളളവരെപ്പോലെ, നിങ്ങള്‍ സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുംചെയ്യുവിന്‍.13 കാരുണ്യം കാണിക്കാത്തവന്റെ മേല്‍ കാരുണ്യരഹിതമായ വിധിയുണ്ടാകും. എങ്കിലും, കാരുണ്യം വിധിയുടെ മേല്‍ വിജയം വരിക്കുന്നു.
വിശ്വാസവും പ്രവൃത്തിയും
14 എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്‍മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ?15 ഒരു സഹോദരനോ സഹോദരിയോ ആവശ്യത്തിനു വസ്ത്രമോ ഭക്ഷണമോ ഇല്ലാതെ കഴിയുമ്പോള്‍16 നിങ്ങളിലാരെങ്കിലും ശരീരത്തിനാവശ്യമായത് അവര്‍ക്കു കൊടുക്കാതെ, സമാധാനത്തില്‍ പോവുക; തീ കായുക; വിശപ്പടക്കുക എന്നൊക്കെ അവരോടു പറയുന്നെങ്കില്‍, അതുകൊണ്ട് എന്തു പ്രയോജനം?17 പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം അതില്‍തന്നെ നിര്‍ജീവമാണ്.18 എന്നാല്‍, ആരെങ്കിലും ഇങ്ങനെ പറഞ്ഞേക്കാം: നിനക്കു വിശ്വാസമുണ്ട്, എനിക്കു പ്രവൃത്തികളുമുണ്ട്. പ്രവൃത്തികള്‍ കൂടാതെയുള്ള നിന്റെ വിശ്വാസം എന്നെ കാണിക്കുക. ഞാന്‍ എന്റെ പ്രവൃത്തികള്‍ വഴി എന്റെ വിശ്വാസം നിന്നെ കാണിക്കാം.19 ദൈവം ഏകനാണെന്നു നീ വിശ്വസിക്കുന്നു; അതു നല്ലതുതന്നെ. പിശാചുക്കളും അങ്ങനെ വിശ്വസിക്കുന്നു; അവര്‍ ഭയന്നു വിറയ്ക്കുകയും ചെയ്യുന്നു.20 മൂഢനായ മനുഷ്യാ, പ്രവൃത്തികള്‍കൂടാതെയുള്ള വിശ്വാസം ഫലരഹിതമാണെന്നു നിനക്കു തെളിയിച്ചുതരേണ്ടതുണ്ടോ?21 നമ്മുടെ പിതാവായ അബ്രാഹം നീതീകരിക്കപ്പെട്ടത് തന്റെ പുത്രനായ ഇസഹാക്കിനെയാഗപീഠത്തിന്‍മേല്‍ ബലിയര്‍പ്പിച്ചതുവഴിയല്ലേ?22 അവന്റെ വിശ്വാസം അവന്റെ പ്രവൃത്തികളെ സഹായിച്ചുവെന്നും വിശ്വാസം പ്രവൃത്തികളാല്‍ പൂര്‍ണമാക്കപ്പെട്ടുവെന്നും നിങ്ങള്‍ അറിയുന്നുവല്ലോ.23 അബ്രാഹം ദൈവത്തില്‍ വിശ്വസിച്ചു. അത് അവനു നീതിയായി പരിഗണിക്കപ്പെട്ടു എന്നതിരുവെഴുത്തു നിറവേറി. അവന്‍ ദൈവത്തിന്റെ സ്‌നേഹിതന്‍ എന്നു വിളിക്കപ്പെടുകയുംചെയ്തു.24 മനുഷ്യന്‍ വിശ്വാസംകൊണ്ടു മാത്ര മല്ല പ്രവൃത്തികളാലുമാണു നീതീകരിക്കപ്പെടുന്നതെന്നു നിങ്ങള്‍ അറിയുന്നു.25 റാഹാബ് എന്ന വേശ്യ, ദൗത്യവാഹകരെ സ്വീകരിക്കുകയും അവരെ മറ്റൊരു വഴിക്ക് പുറത്തയയ്ക്കുകയുംചെയ്ത പ്രവൃത്തികള്‍ മൂലമല്ലേ നീതീകരിക്കപ്പെട്ടത്?26 ആത്മാവില്ലാത്ത ശരീരം മൃതമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും മൃത മാണ്.
അദ്ധ്യായം 3
നാവിന്റെ ദുരുപയോഗം
1 എന്റെ സഹോദരരേ, നിങ്ങളില്‍ അധികം പേര്‍ പ്രബോധകരാകാന്‍ തുനിയരുത്. എന്തെന്നാല്‍, കൂടുതല്‍ കര്‍ശനമായ വിധിക്കു നാം അര്‍ഹരാകുമെന്നു മനസ്‌സിലാക്കുവിന്‍.2 നാമെല്ലാവരും പലവിധത്തില്‍തെറ്റുചെയ്യുന്നു. സംസാരത്തില്‍ തെറ്റുവരുത്താത്ത ഏവനും പൂര്‍ണനാണ്. തന്റെ ശരീരത്തെ മുഴുവന്‍ നിയന്ത്രിക്കാന്‍ അവനു കഴിയും.3 നമ്മെ അനുസരിക്കുന്നതിനുവേണ്ടി കുതിരയുടെ വായില്‍ കടിഞ്ഞാണ്‍ ഇടുമ്പോള്‍, അതിന്റെ ശരീരം മുഴുവനെയും നാം നിയന്ത്രിക്കുകയാണു ചെയ്യുന്നത്.4 വളരെ വലുതും, ശക്തമായ കാറ്റിനാല്‍ പായിക്കപ്പെടുന്നതുമായ കപ്പലുകളെ നോക്കുവിന്‍. വളരെ ചെറിയ ചുക്കാനുപയോഗിച്ച്, ആഗ്രഹിക്കുന്ന സ്ഥലത്തേക്കു കപ്പിത്താന്‍ അതിനെ നയിക്കുന്നു.5 അതുപോലെ, നാവ് വളരെ ചെറിയ അവയവമാണ്. എങ്കിലും അതു വന്‍പു പറയുന്നു. ചെറിയ ഒരു തീപ്പൊരി എത്ര വലിയ വനത്തെയാണു ചാമ്പലാക്കുക!6 നാവു തീയാണ്; അതു ദുഷ്ടതയുടെ ഒരു ലോകം തന്നെയാണ്. നമ്മുടെ അവയ വങ്ങളിലൊന്നായ അത് ശരീരം മുഴുവനെയും മലിനമാക്കുന്നു; നരകാഗ്‌നിയാല്‍ ജ്വലിക്കുന്ന ഈ നാവ് പ്രകൃതിചക്രത്തെ ചുട്ടുപഴുപ്പിക്കുന്നു.7 എല്ലാത്തരം വന്യമൃഗങ്ങളെയും പക്ഷികളെയും ഇഴജന്തുക്കളെയും സമുദ്രജീവികളെയും മനുഷ്യന്‍ ഇണക്കുന്നുണ്ട്; ഇണക്കിയിട്ടുമുണ്ട്.8 എന്നാല്‍, ഒരു മനുഷ്യനും നാവിനെ നിയന്ത്രിക്കാന്‍ സാധിക്കുകയില്ല. അത് അനിയന്ത്രിതമായ തിന്‍മയും മാരകമായ വിഷവുമാണ്.9 ഈ നാവുകൊണ്ടു കര്‍ത്താവിനെയും പിതാവിനെയും നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു.10 ഒരേ വായില്‍നിന്ന് അനുഗ്രഹ വും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല.11 അരുവി ഒരേ ഉറവയില്‍നിന്നു മധുരവും കയ്പും പുറപ്പെടുവിക്കുമോ?12 എന്റെ സഹോദരരേ, അത്തിവൃക്ഷത്തിന് ഒലിവുഫലങ്ങളോ, മുന്തിരിവള്ളിക്ക് അത്തിപ്പഴങ്ങളോ പുറപ്പെടുവിക്കാന്‍ കഴിയുമോ? ഉപ്പിനു വെള്ളത്തെ മധുരീകരിക്കാനാവുമോ?
യഥാര്‍ഥ ജ്ഞാനം
13 നിങ്ങളില്‍ ജ്ഞാനിയും വിവേകിയുമായവന്‍ ആരാണ്? അവന്‍ നല്ല പെരുമാറ്റം വഴി വിവേകജന്യമായ വിനയത്തോടെ തന്റെ പ്രവൃത്തികളെ മറ്റുള്ളവര്‍ക്കു കാണിച്ചുകൊടുക്കട്ടെ.14 എന്നാല്‍, നിങ്ങള്‍ക്കു കടുത്ത അസൂയയും ഹൃദയത്തില്‍ സ്വാര്‍ഥമോഹ വും ഉണ്ടാകുമ്പോള്‍, ആത്മപ്രശംസ ചെയ്യുകയോ സത്യത്തിനു വിരുദ്ധമായി വ്യാജം പറയുകയോ അരുത്.15 ഈ ജ്ഞാനം ഉന്ന തത്തില്‍നിന്നുള്ളതല്ല; മറിച്ച്, ഭൗമികവും സ്വാര്‍ഥപരവും പൈശാചികവുമാണ്.16 എവിടെ അസൂയയും സ്വാര്‍ഥമോഹവും ഉണ്ടോ അവിടെ ക്രമക്കേടും എല്ലാ ദുഷ്‌കര്‍മങ്ങളും ഉണ്ട്.17 എന്നാല്‍, ഉന്നതത്തില്‍നിന്നുള്ള ജ്ഞാനം ഒന്നാമത് ശുദ്ധവും പിന്നെ സമാധാനപൂര്‍ണവും വിനീതവും വിധേയത്വമുളള തും കാരുണ്യവും സത്ഫലങ്ങളും നിറഞ്ഞതും ആണ്. അത് അനിശ്ചിതമോ ആത്മാര്‍ ഥതയില്ലാത്തതോ അല്ല.18 സമാധാനസ്ര ഷ്ടാക്കള്‍ നീതിയുടെ ഫലം സമാധാനത്തില്‍ വിതയ്ക്കുന്നു.
അദ്ധ്യായം 4
ലൗകികതൃഷ്ണ
1 നിങ്ങളുടെ ഇടയില്‍ തര്‍ക്കങ്ങളും ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് എങ്ങനെയാണ്? നിങ്ങളുടെ അവയവങ്ങളില്‍ പോരാടിക്കൊണ്ടിരിക്കുന്ന ദുരാശകളില്‍ നിന്നല്ലേ അവ ഉണ്ടാകുന്നത്?2 നിങ്ങള്‍ ആഗ്രഹിക്കുന്നതു നിങ്ങള്‍ക്കു ലഭിക്കുന്നില്ല. നിങ്ങള്‍ കൊല്ലുകയും അസൂയപ്പെടുകയും ചെയ്യുന്നു. എന്നാല്‍, നിങ്ങള്‍ക്ക് ഒന്നും ലഭിക്കുന്നില്ല. നിങ്ങള്‍ വഴക്കിടുകയുംയുദ്ധം ചെയ്യുകയും ചെയ്യുന്നു. നിങ്ങള്‍ ആവശ്യപ്പെടുന്നില്ല; അതിനാല്‍ നിങ്ങള്‍ക്കു ലഭിക്കുന്നില്ല.3 ചോദിച്ചിട്ടും നിങ്ങള്‍ക്കു ലഭിക്കുന്നില്ലെങ്കില്‍, അതു നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താന്‍ നിങ്ങള്‍ തിന്‍മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ്.4 വിശ്വസ്തത പുലര്‍ത്താത്തവരേ, ലോകത്തോടുള്ള മൈത്രിദൈവത്തോടുള്ള ശത്രുതയാണെന്നു നിങ്ങള്‍ അറിയുന്നില്ലേ? ലോകത്തിന്റെ മിത്ര മാകാന്‍ ആഗ്രഹിക്കുന്നവന്‍ തന്നെത്തന്നെ ദൈവത്തിന്റെ ശത്രുവാക്കുന്നു.5 നമ്മില്‍ നിക്‌ഷേപിച്ചിരിക്കുന്ന ആത്മാവിനെ ദൈവം അസൂയയോടെ അഭിലഷിക്കുന്നു എന്നതിരുവെഴുത്തു വൃഥാ ആണെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?6 അവിടുന്നു കൃപാവരം ചൊരിയുന്നു. അതുകൊണ്ടാണ് ഇങ്ങനെ എഴുതിയിരിക്കുന്നത്: ദൈവം അഹങ്കാരികളെ എതിര്‍ക്കുകയും എളിമയുള്ളവര്‍ക്കു കൃപ കൊടുക്കുകയും ചെയ്യുന്നു.7 ആകയാല്‍ ദൈവത്തിനു വിധേയരാകുവിന്‍; പിശാചിനെ ചെറുത്തു നില്‍ക്കുവിന്‍, അപ്പോള്‍ അവന്‍ നിങ്ങളില്‍നിന്ന് ഓടിയകന്നുകൊള്ളും.8 ദൈവത്തോടു ചേര്‍ന്നുനില്‍ക്കുവിന്‍; അവിടുന്ന് നിങ്ങളോടും ചേര്‍ന്നുനില്‍ക്കും. പാപികളേ, നിങ്ങള്‍ കരങ്ങള്‍ ശുചിയാക്കുവിന്‍. സന്ദിഗ്ധമനസ്‌കരേ, നിങ്ങളുടെ ഹൃദയങ്ങള്‍ ശുചിയാക്കുവിന്‍.9 ദുഃഖിക്കുകയും വിലപിക്കുകയും കരയുകയും ചെയ്യുവിന്‍; നിങ്ങളുടെ ചിരി കരച്ചിലായും, നിങ്ങളുടെ സന്തോഷം വിഷാദമായും മാറട്ടെ.10 കര്‍ത്താവിന്റെ സന്നിധിയില്‍ താഴ്മയുള്ളവരായിരിക്കുവിന്‍. അവിടുന്നു നിങ്ങളെ ഉയര്‍ത്തും.
സഹോദരനെ വിധിക്കരുത്
11 സഹോദരരേ, നിങ്ങള്‍ പരസ്പരം എതിര്‍ത്തു സംസാരിക്കരുത്. സഹോദരനെതിരായി സംസാരിക്കുകയോ സഹോദരനെ വിധിക്കുകയോ ചെയ്യുന്നവന്‍, നിയമത്തിനെതിരായി സംസാരിക്കുകയും നിയമത്തെ വിധിക്കുകയും ചെയ്യുന്നു. നിയമത്തെ വിധിക്കുന്നെങ്കില്‍, നീ നിയമം അനുസരിക്കുന്നവനല്ല; മറിച്ച്, അതിന്റെ വിധികര്‍ത്താവത്രേ.12 നിയമദാതാവുംന്യായാധിപനുമായി ഒരുവനേയുള്ളൂ. അവിടുന്നു രക്ഷിക്കാനും നശിപ്പിക്കാനും കഴിവുള്ളവനാണ്. എന്നാല്‍ അയല്‍ക്കാരനെ വിധിക്കാന്‍ നീ ആരാണ്?
ആത്മപ്രശംസ പാടില്ല
13 ഇന്നോ നാളെയോ ഞങ്ങള്‍ ഇന്ന പട്ട ണത്തില്‍ പോയി, അവിടെ ഒരു വര്‍ഷം താമസിച്ച്, വ്യാപാരം ചെയ്തു ലാഭമുണ്ടാക്കുമെന്നു പ്രഖ്യാപിക്കുന്ന നിങ്ങളോട് ഒന്നു പറയട്ടെ.14 നാളത്തെനിങ്ങളുടെ ജീവിതം എങ്ങനെയുള്ളതായിരിക്കും എന്നു നിങ്ങള്‍ക്കറിഞ്ഞുകൂടാ. അല്‍പനേരത്തേക്കു പ്രത്യക്ഷപ്പെടുകയും അതിനുശേഷം അപ്രത്യക്ഷമാവുകയും ചെയ്യുന്ന മൂടല്‍മഞ്ഞാണു നിങ്ങള്‍.15 നിങ്ങള്‍ ഇങ്ങനെയാണ് പറയേണ്ടത്: കര്‍ത്താവു മനസ്‌സാകുന്നെങ്കില്‍, ഞങ്ങള്‍ ജീവിക്കുകയുംയഥായുക്തം പ്രവര്‍ത്തിക്കുകയും ചെയ്യും.16 നിങ്ങളോ, ഇപ്പോള്‍ വ്യര്‍ഥ ഭാഷണത്താല്‍ ആത്മപ്രശംസ ചെയ്യുന്നു. ഇപ്രകാരമുള്ള ആത്മപ്രശംസ തിന്‍മയാണ്.17 ചെയ്യേണ്ട നന്‍മ ഏതാണെന്നറിഞ്ഞിട്ടും അതു ചെയ്യാതിരിക്കുന്നവന്‍ പാപം ചെയ്യുന്നു.
അദ്ധ്യായം 5
ധനവാന്‍മാര്‍ക്കു മുന്നറിയിപ്പ്
1 ധനവാന്‍മാരേ, നിങ്ങള്‍ക്കു സംഭവിക്കാനിരിക്കുന്ന ദുരിതങ്ങളോര്‍ത്ത് ഉച്ചത്തില്‍ നിലവിളിക്കുവിന്‍.2 നിങ്ങളുടെ സമ്പത്ത് ക്ഷയിച്ചുകഴിഞ്ഞിരിക്കുന്നു. നിങ്ങളുടെ വസ്ത്രങ്ങള്‍ പുഴു അരിച്ചുപോയി.3 നിങ്ങളുടെ സ്വര്‍ണത്തിനും വെള്ളിക്കും കറപിടിച്ചിരിക്കുന്നു. ആ കറനിങ്ങള്‍ക്കെതിരായ സാക്ഷ്യമായിരിക്കും. തീ പോലെ അതു നിങ്ങളുടെ മാംസത്തെ തിന്നുകളയും. അവസാന നാളുകളിലേക്കാണ് നിങ്ങള്‍ സമ്പത്തു ശേഖരിച്ചുവച്ചത്.4 നിങ്ങളുടെ നിലങ്ങളില്‍നിന്നു വിളവു ശേഖരിച്ച വേലക്കാര്‍ക്കു കൊടുക്കാതെ പിടിച്ചുവച്ച കൂലി ഇതാ, നിലവിളിക്കുന്നു. കൊയ്ത്തുകാരുടെ നിലവിളി സൈന്യങ്ങളുടെ കര്‍ത്താവിന്റെ കര്‍ണപുടങ്ങളില്‍ എത്തിയിരിക്കുന്നു.5 നിങ്ങള്‍ ഭൂമിയില്‍ ആ ഡംബരപൂര്‍വം സുഖലോലുപരായി ജീവിച്ചു. കൊലയുടെ ദിവസത്തേക്കു നിങ്ങളുടെ ഹൃദയങ്ങളെ നിങ്ങള്‍ കൊഴുപ്പിച്ചിരിക്കുന്നു.6 നീതിമാന്‍ നിങ്ങളെ എതിര്‍ത്തുനിന്നില്ല. എന്നിട്ടും, നിങ്ങള്‍ അവനെ കുറ്റം വിധിക്കുകയും കൊല്ലുകയും ചെയ്തു.
കാത്തിരിക്കുവിന്‍
7 സഹോദരരേ, കര്‍ത്താവിന്റെ ആഗമനംവരെ ക്ഷമയോടെ കാത്തിരിക്കുവിന്‍. ഭൂമിയില്‍നിന്നു നല്ല ഫലങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി കൃഷിക്കാരന്‍ ആദ്യത്തെ മഴയും അവസാനത്തെ മഴയും ക്ഷമയോടെ പ്രതീക്ഷിച്ചിരിക്കുന്നതുപോലെ8 നിങ്ങളും ക്ഷമയോടെയിരിക്കുവിന്‍; ദൃഢചിത്തരായിരിക്കുവിന്‍. എന്തുകൊണ്ടെന്നാല്‍, കര്‍ത്താവിന്റെ ആഗമനം അടുത്തിരിക്കുന്നു.9 നിങ്ങള്‍ വിധിക്കപ്പെടാതിരിക്കാന്‍, എന്റെ സഹോദരരേ, ഒരുവന്‍ മറ്റൊരുവനു വിരോധമായി പിറുപിറുക്കരുത്. ന്യായാധിപന്‍ ഇതാ, വാതില്‍ക്കല്‍ നില്‍ക്കുന്നു.10 സഹോദരരേ, കര്‍ത്താവിന്റെ നാമത്തില്‍ സംസാരിച്ച പ്രവാചകന്‍മാരെ സഹനത്തിന്റെയും ക്ഷമയുടെയും മാതൃകയായി നിങ്ങള്‍ സ്വീകരിക്കുവിന്‍.11 ഇതാ, പീഡ സഹിക്കുന്നവരെ ഭാഗ്യവാന്‍മാരായി നാം കരുതുന്നു. ജോബിന്റെ ദീര്‍ഘ സഹനത്തെപ്പറ്റി നിങ്ങള്‍കേട്ടിട്ടുണ്ടല്ലോ. കര്‍ത്താവ് അവസാനം അവനോട് എന്തു ചെയ്തുവെന്നും അവിടുന്ന് എത്രമാത്രം ദയയും കാരുണ്യവുമുള്ളവനാണെന്നും നിങ്ങള്‍ക്കറിയാമല്ലോ.12 എന്റെ സഹോദരരേ, സര്‍വോപരി, നിങ്ങള്‍ ആണയിടരുത്. സ്വര്‍ഗത്തെക്കൊണ്ടും ഭൂമിയെക്കൊണ്ടും മറ്റൊന്നിനെയുംകൊണ്ടും അരുത്. ശിക്ഷാവിധിയില്‍ വീഴാതിരിക്കാന്‍ നിങ്ങള്‍ അതേ എന്നു പറയുമ്പോള്‍ അതേ എന്നും അല്ല എന്നു പറയുമ്പോള്‍ അല്ല എന്നുമായിരിക്കട്ടെ!
രോഗിക്കുവേണ്ടി പ്രാര്‍ഥന
13 നിങ്ങളുടെയിടയില്‍ ദുരിതം അനുഭവിക്കുന്നവന്‍ പ്രാര്‍ഥിക്കട്ടെ. ആഹ്ലാദിക്കുന്നവന്‍ സ്തുതിഗീതം ആലപിക്കട്ടെ.14 നിങ്ങളില്‍ ആരെങ്കിലും രോഗിയാണെങ്കില്‍ അവന്‍ സഭയിലെ ശ്രേഷ്ഠന്‍മാരെ വിളിക്കട്ടെ. അവര്‍ കര്‍ത്താവിന്റെ നാമത്തില്‍ അവനെ തൈ ലാഭിഷേകം ചെയ്ത് അവനുവേണ്ടി പ്രാര്‍ഥിക്കട്ടെ.15 വിശ്വാസത്തോടെയുള്ള പ്രാര്‍ഥന രോഗിയെ സുഖപ്പെടുത്തും; കര്‍ത്താവ് അവനെ എഴുന്നേല്‍പിക്കും; അവന്‍ പാപങ്ങള്‍ചെയ്തിട്ടുണ്ടെങ്കില്‍ അവിടുന്ന് അവനു മാപ്പു നല്‍കും.16 നിങ്ങള്‍ സൗഖ്യം പ്രാപിക്കാനായി പരസ്പരം പാപങ്ങള്‍ ഏറ്റുപറയുകയും പ്രാര്‍ഥിക്കുകയും ചെയ്യുവിന്‍. നീതിമാന്റെ പ്രാര്‍ഥന വളരെ ശക്തിയുള്ളതും ഫല ദായകവുമാണ്.17 ഏലിയാ നമ്മെപ്പോലുള്ള ഒരു മനുഷ്യനായിരുന്നു. മഴ പെയ്യാതിരിക്കാന്‍ അവന്‍ തീക്ഷ്ണതയോടെ പ്രാര്‍ഥിച്ചു. ഫലമോ, മൂന്നുവര്‍ഷവും ആറുമാസവും ഭൂമിയില്‍ മഴ പെയ്തില്ല.18 വീണ്ടും അവന്‍ പ്രാര്‍ഥിച്ചു. അപ്പോള്‍ ആകാശം മഴ നല്‍കുകയും ഭൂമി ഫലങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു.19 എന്റെ സഹോദരരേ, നിങ്ങളില്‍ ഒരാള്‍ സത്യത്തില്‍നിന്നു വ്യതിചലിക്കുകയും അവനെ വേറൊരാള്‍ തിരിച്ചുകൊണ്ടുവരുകയും ചെയ്യുന്നെങ്കില്‍20 പാപിയെ തെ റ്റായ മാര്‍ഗത്തില്‍ നിന്നു പിന്തിരിക്കുന്നവന്‍, തന്റെ ആത്മാവിനെ മരണത്തില്‍നിന്നു രക്ഷിക്കുകയും തന്റെ നിരവധിയായ പാപങ്ങള്‍ തുടച്ചുമാറ്റുകയും ചെയ്യുന്നുവെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍.



Leave a comment