വി. യോഹന്നാനു ലഭിച്ച വെളിപാട്, അദ്ധ്യായം 2
സഭകള്‍ക്കുള്ള കത്തുകള്‍: എഫേസോസിലെ സഭയ്ക്ക്
1 എഫേസോസിലുള്ള സഭയുടെ ദൂതന് എഴുതുക: വലത്തുകൈയില്‍ ഏഴു നക്ഷത്രങ്ങള്‍ വഹിച്ചുകൊണ്ട് ഏഴു സ്വര്‍ണദീപ പീഠങ്ങള്‍ക്കു മധ്യേ നടക്കുന്നവന്‍ ഇപ്രകാരം പറയുന്നു:2 നിന്റെ പ്രവൃത്തികളും പ്രയത്‌നങ്ങളും ക്ഷമാപൂര്‍വമായ ഉറച്ചുനില്‍പും, ദുഷ്ടരോടുള്ള സഹിഷ്ണുതയും ഞാന്‍ മന സ്‌സിലാക്കുന്നു. അപ്പസ്‌തോലന്‍മാരെന്നു നടിക്കുകയും എന്നാല്‍, അങ്ങനെയല്ലാതിരിക്കുകയും ചെയ്യുന്നവരെ പരിശോധിച്ച് അവര്‍ വ്യാജം പറയുന്നവരാണെന്നു നീ കണ്ടുപിടിച്ചു.3 തീര്‍ച്ചയായും, ക്ഷമാപൂര്‍വം പിടിച്ചു നില്‍ക്കാന്‍തക്ക കഴിവു നിനക്കുണ്ട്. എന്റെ നാമത്തെ പ്രതി പീഡകള്‍ സഹിച്ചിട്ടും നീ ക്ഷീണിച്ചില്ല.4 എങ്കിലും, നിനക്കെതിരേ എനിക്കൊന്നു പറയാനുണ്ട്: നിനക്ക് ആദ്യമുണ്ടായിരുന്ന സ്‌നേഹം നീ കൈവെടിഞ്ഞു.5 അതിനാല്‍, നീ ഏതവസ്ഥയില്‍ നിന്നാണ് അധഃപതിച്ചതെന്നു ചിന്തിക്കുക; അനുതപിച്ച് ആദ്യത്തെ പ്രവര്‍ത്തികള്‍ ചെയ്യുക. അല്ലെങ്കില്‍ ഞാന്‍ നിന്റെ അടുത്തുവരുകയും നിന്റെ ദീപപീഠം അതിന്റെ സ്ഥ ലത്തുനിന്നു നീക്കിക്കളയുകയും ചെയ്യും.6 എന്നാല്‍, നിനക്ക് ഈ ഗുണമുണ്ട്: നിക്കൊളാവോസ് പക്ഷക്കാരുടെ ചെയ്തികള്‍ നീ വെറുക്കുന്നു. അവ ഞാനും വെറുക്കുന്നു.7 ആത്മാവ് സഭകളോട് അരുളിചെയ്യുന്നതു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനുദൈവത്തിന്റെ പറുദീസായിലുള്ള ജീവവൃക്ഷത്തില്‍നിന്നു ഞാന്‍ ഭക്ഷിക്കാന്‍കൊടുക്കും.
സ്മിര്‍ണായിലെ സഭയ്ക്ക്
8 സ്മിര്‍ണായിലെ സഭയുടെ ദൂതന് എഴുതുക: ആദിയും അന്തവുമായവന്‍, മരിച്ചവനും എന്നാല്‍, വീണ്ടും ജീവിക്കുന്നവനുമായവന്‍, പറയുന്നു:9 നിന്റെ ഞെരുക്കവും ദാരിദ്ര്യവും എനിക്കറിയാം. എങ്കിലും നീ സമ്പന്നനാണ്. യഹൂദരെന്ന് അവകാശപ്പെടുകയും, എന്നാല്‍ അങ്ങനെയല്ലാതെ സാത്താന്റെ സിനഗോഗായി വര്‍ത്തിക്കുകയും ചെയ്യുന്നവരുടെ ദോഷാരോപണങ്ങളും ഞാന്‍ അറിയുന്നുണ്ട്.10 നീ ഉടനെ സഹിക്കാനിരിക്കുന്നവയെ ഭയപ്പെടരുത്. നിങ്ങളില്‍ ചിലരെ പിശാചു തടവിലിടാനിരിക്കുന്നു. അതു നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതിനാണ്; പത്തു ദിവസത്തേക്കു നിങ്ങള്‍ക്കുഞെരുക്കമുണ്ടാകും. മരണംവരെ വിശ്വസ്ത നായിരിക്കുക; ജീവന്റെ കീരിടം നിനക്കു ഞാന്‍ നല്‍കും.11 ആത്മാവു സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. വിജയംവരിക്കുന്നവന്‍ തീര്‍ച്ചയായും രണ്ടാമത്തെ മരണത്തിന് അധീനനാകയില്ല.
പെര്‍ഗാമോസിലെ സഭയ്ക്ക്
12 പെര്‍ഗാമോസിലെ സഭയുടെ ദൂതന് എഴുതുക: മൂര്‍ച്ചയേറിയ ഇരുതല വാളുള്ള വന്‍ പറയുന്നു,13 നീ എവിടെ വസിക്കുന്നെന്ന് എനിക്കറിയാം-സാത്താന്റെ സിംഹാസനം ഉള്ളിടത്തുതന്നെ. എങ്കിലും, എന്റെ നാമത്തെനീ മുറുകെപ്പിടിക്കുന്നു. സാത്താന്‍ വസിക്കുന്ന നിങ്ങളുടെ സമൂഹത്തില്‍വച്ച് എന്റെ വിശ്വസ്തസാക്ഷിയായ അന്തിപ്പാസ് വധിക്കപ്പെട്ട നാളുകളില്‍പ്പോലും എന്നിലുള്ള വിശ്വാസം നീ കൈവെടിഞ്ഞില്ല.14 എങ്കിലും, നിനക്കെതിരായി ചില കാര്യങ്ങള്‍ എനിക്കു പറയാനുണ്ട്: വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ ഭക്ഷിക്കാനും വ്യഭിചാരംചെയ്യാനും ഇസ്രായേല്‍ മക്കള്‍ക്കു ദുഷ്‌പ്രേരണ നല്‍ കാന്‍ ബാലാക്കിനെ പഠിപ്പിച്ച ബാലാമിന്റെ ഉപദേശങ്ങള്‍ മുറുകെപിടിക്കുന്നവര്‍ അവിടെയുണ്ട്.15 അതുപോലെ തന്നെ, നിക്കൊളാവോസ് പക്ഷക്കാരുടെ പ്രബോധനങ്ങളെ മുറുകെപ്പിടിക്കുന്നവരും അവിടെയുണ്ട്.16 അതുകൊണ്ട് അനുതപിക്കുക; അല്ലെങ്കില്‍, നിന്റെ അടുത്തേക്കു ഞാന്‍ ഉടനെ വന്ന് എന്റെ വായിലെ വാള്‍കൊണ്ട് അവരോടു പോരാടും.17 ആത്മാവ് സഭകളോടു പറയുന്നതെന്തെന്നു ചെവിയുളളവന്‍ കേള്‍ക്കട്ടെ. വിജയം വരിക്കുന്നവനു ഞാന്‍ നിഗൂഢ മന്ന നല്‍കും. അവനു ഞാന്‍ ഒരു വെള്ളക്കല്ലുംകൊടുക്കും: അതില്‍ ഒരു പുതിയ നാമം കൊത്തിയിരിക്കും. അതെന്തെന്നു സ്വീക രിക്കുന്നവനൊഴികെ മറ്റാരും അറിയുകയില്ല.
തിയത്തീറായിലെ സഭയ്ക്ക്
18 തിയത്തീറായിലെ സഭയുടെ ദൂതന് എഴുതുക: അഗ്‌നിനാളം പോലെ മിഴികളും പിച്ചളപോലെ പാദങ്ങളുമുള്ള ദൈവസുതന്‍ അരുളിചെയ്യുന്നു:19 നിന്റെ പ്രവൃത്തികളും സ്‌നേഹവും വിശ്വാസവും ശുശ്രൂഷയും ദീര്‍ഘമായ സഹനവും ഞാന്‍ അറിയുന്നു. നിന്റെ അവസാനപ്രവര്‍ത്തനങ്ങള്‍ ആദ്യത്തേതിനെക്കാള്‍ മെച്ചപ്പെട്ടവയാണ്.20 എങ്കിലും നിനക്കെതിരായി എനിക്കൊന്നു പറയാനുണ്ട്: പ്രവാചികയെന്ന് അവകാശപ്പെടുകയും, വ്യഭിചാരം ചെയ്യാനും വിഗ്രഹങ്ങള്‍ക്ക് അര്‍പ്പിച്ചവ ഭക്ഷിക്കാനും എന്റെ ദാസരെ പഠിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന ജസെബല്‍ എന്ന സ്ത്രീയോടു നീ സഹിഷ്ണുത കാണിക്കുന്നു.21 അനുതപിക്കാന്‍ ഞാന്‍ അവള്‍ക്കവസരം നല്‍കി. എന്നാല്‍, അവള്‍ തന്റെ വ്യഭിചാരത്തെക്കുറിച്ച് അനുതപിക്കാന്‍ കൂട്ടാക്കുന്നില്ല.22 ഇതാ, ഞാന്‍ അവളെ രോഗശയ്യയില്‍ തള്ളിയിടുന്നു. അവളുമായുള്ള വേഴ്ചയെപ്പറ്റി അനുതപിക്കുന്നില്ലെങ്കില്‍ അവളോടുകൂടെ വ്യഭിചാരം ചെയ്യുന്നവരെയും വലിയ ഞെരുക്കത്തിലേക്കു ഞാന്‍ എറിയും.23 അവളുടെ മക്കളെയാകട്ടെ മരണത്താല്‍ ഞാന്‍ ശിക്ഷിക്കും. ഹൃദയങ്ങളും മനസ്‌സുകളും പരിശോധിക്കുന്നവനാണ് ഞാന്‍ എന്നു സകല സഭകളും അപ്പോള്‍ ഗ്രഹിക്കും. നിങ്ങള്‍ക്കോരോരുത്തര്‍ക്കും പ്രവൃത്തികള്‍ക്കനുസൃതം ഞാന്‍ പ്രതിഫലം നല്‍കും.24 സാത്താന്റെ രഹസ്യങ്ങള്‍ എന്നു വിളിക്കപ്പെടുന്ന ഈ പ്രബോധനം അറിയാത്തവരും സ്വീകരിക്കാത്തവരുമായി തിയത്തീറായില്‍ ബാക്കിയുള്ള നിങ്ങളോടു ഞാന്‍ പറയുന്നു: നിങ്ങളുടെ മേല്‍ വേറെ ഭാരം ഞാന്‍ ചുമത്തുന്നില്ല.25 എന്നാല്‍, നിങ്ങള്‍ക്കു ലഭിച്ചതിനെ ഞാന്‍ വരുവോളം മുറുകെപ്പിടിക്കുവിന്‍.26 വിജയംവരിക്കുന്നവനും അവസാനംവരെ എന്റെ പ്രവൃത്തികള്‍ ചെയ്യുന്നവനും ജനപദങ്ങളുടെമേല്‍ ഞാന്‍ അധികാരം നല്‍കും.27 ഇരുമ്പുദണ്‍ഡുകൊണ്ട് അവന്‍ അവരെ മേയിക്കും; മണ്‍പാത്രങ്ങള്‍ പോലെ അവരെ തകര്‍ക്കും;28 ഞാന്‍ എന്റെ പിതാവില്‍നിന്ന് അധികാരം സ്വീകരിച്ചതുപോലെ തന്നെ. പുലര്‍കാലനക്ഷത്രം ഞാന്‍ അവനു നല്‍കും.29 ആത്മാവ് സഭകളോടു പറയുന്നതെന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.
