March Devotion, March 14

🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പതിനാലാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനുമുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി ”
(മത്തായി 1:18).

വി. യൗസേപ്പ് പ്രാര്‍ത്ഥനാജീവിതത്തിന്‍റെ ഉദാത്ത മാതൃക
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വി. യൗസേപ്പ് എന്തെങ്കിലും സംസാരിച്ചതായി നാം വിശുദ്ധ ഗ്രന്ഥത്തില്‍ കാണുന്നില്ല. എന്താണ് ഇതിനു കാരണം? അദ്ദേഹം പ്രാര്‍ത്ഥനയുടെ ഉന്നതമായ അവസ്ഥയില്‍ എത്തിയിരുന്നതിനാലാണ് അധികം സംസാരിക്കാതിരുന്നത് എന്നാണ് ചരിത്രകാരന്‍മാര്‍ അഭിപ്രായപ്പെടുന്നത്. അതായത് പ്രാര്‍ത്ഥനാജീവിതത്തിന്‍റെ ഉദാത്ത മാതൃകയാണ് വി. യൗസേപ്പ്. അദ്ദേഹം പ്രാര്‍ത്ഥനയിലൂടെ ദൈവവുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തിയിരുന്നു എന്നു മനസ്സിലാക്കാവുന്നതാണ്. പരിശുദ്ധ കന്യകാമറിയം ഗര്‍ഭിണിയായി എന്നു കാണപ്പെട്ട അവസരത്തില്‍ വി. യൗസേപ്പ് അസ്വസ്ഥചിത്തനായി.

കന്യകാമറിയം ഗര്‍ഭിണിയായിരിക്കുന്നത് പരിശുദ്ധാത്മാവിനാലാണ് എന്ന്‍ ദൈവദൂതന്‍ വന്ദ്യപിതാവിനെ അറിയിക്കുന്നു. ഹേറോദേസ് ശിശുവിനെ വധിക്കുവാനുള്ള ഉപജാപത്തില്‍ ഏര്‍പ്പെടുന്ന വിവരവും ദൈവദൂതനാണ്‌ അദ്ദേഹത്തെ അറിയിക്കുന്നത്. ഈജിപ്തില്‍ നിന്നുള്ള പ്രത്യാഗമനം വത്സലപിതാവ് ദൈവത്തിന്‍റെ പ്രത്യേക നിര്‍ദ്ദേശാനുസരണമാണ് നിര്‍വഹിച്ചത്.അനിതരസാധാരണമായ പ്രാര്‍ത്ഥനാജീവിതം നയിക്കുന്നവര്‍ക്കു മാത്രമേ അത് സാധിക്കുകയുള്ളൂ. തിരുക്കുടുംബം എല്ലാവര്‍ഷവും ഓര്‍ശ്ലം ദൈവാലയത്തില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നു. സുദീര്‍ഘവും ക്ലേശം നിറഞ്ഞതുമായ യാത്ര കഴിച്ച് അവര്‍ ജെറുസലേമില്‍ എത്തിച്ചേര്‍ന്നു. പ്രാര്‍ത്ഥിക്കുന്നതില്‍ അവര്‍ ഏറെ തത്പരരായിരുന്നു എന്നുള്ള വസ്തുത വി. യൗസേപ്പിന്‍റെ പ്രാര്‍ത്ഥനാ തീക്ഷ്ണതയേ എടുത്തു കാട്ടുന്നു.*

പ്രാര്‍ത്ഥനയുടെ ഏറ്റവും ഉന്നതമായ പദവി പ്രഖ്യാപിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു വിശുദ്ധ ത്രേസ്യ. ധ്യാനിക്കുവാന്‍ അറിഞ്ഞുകൂടാത്തവര്‍ വി. യൗസേപ്പിന്‍റെ പക്കല്‍ പോകുവിന്‍. അദ്ദേഹം നിങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കും എന്ന്‍ അമ്മ ത്രേസ്യ പ്രസ്താവിച്ചിട്ടുണ്ടല്ലോ. സ്വന്തം ജീവിതത്തില്‍ ഉണ്ടായ അനുഭവത്തില്‍ നിന്നായിരിക്കണം വി. ത്രേസ്യ ഇപ്രകാരം പറഞ്ഞിട്ടുള്ളത്. ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും നാമും എത്രമാത്രം തത്പരരായിരിക്കണമെന്ന് വി. യൗസേപ്പിന്‍റെ ജീവിതമാതൃക നമ്മെ പഠിപ്പിക്കുന്നു. കൂടാതെ വിശുദ്ധ യൗസേപ്പ് പ്രവര്‍ത്തിച്ചതെല്ലാം ഈശോയോടുകൂടി, ഈശോയില്‍, ഈശോയ്ക്കു വേണ്ടി ചെയ്തുകൊണ്ട് അദ്ദേഹത്തിന്‍റെ ജീവിതം തന്നെ ഒരു നിരന്തര പ്രാര്‍ത്ഥനയായി രൂപാന്തരപ്പെടുത്തി. നമ്മുടെ അനുദിന ജീവിത ചുമതലകളും ജോലികളുമെല്ലാം ഇപ്രകാരം ചെയ്തുകൊണ്ടും നമുക്കും നമ്മുടെ ജീവിതത്തെ പ്രാര്‍ത്ഥനയാക്കിത്തീര്‍ക്കാം. പ്രഭാതത്തിലെ തന്നെ നിയോഗപ്രകരണത്തിലൂടെ നമുക്ക് അത് നിര്‍വഹിക്കാം.

സംഭവം
🔶🔶🔶

ഇറ്റലിയില്‍ ഒരു സാധാരണ കുടുംബത്തില്‍ ജിയോവാനി എന്ന യുവാവ് 1871-ല്‍ കഠിനരോഗ ബാധിതനായി. സമര്‍ത്ഥരായ അനേകം ഡോക്ടര്‍മാരെക്കൊണ്ട് ചികിത്സ നടത്തിയെങ്കിലും രോഗശമനം ഉണ്ടായില്ല. ഇനി യാതൊരു മാര്‍ഗ്ഗവും അവശേഷിക്കുന്നില്ല എന്ന്‍ അദ്ദേഹത്തിന് ബോദ്ധ്യമായി. ഉണ്ടായിരുന്ന വസ്തുവകകളെല്ലാം വിറ്റ് ആ കുടുംബം ഈ രോഗം മൂലം നിര്‍ദ്ദനാവസ്ഥയിലായിത്തീര്‍ന്നു. കണ്ണീരും കൈയുമായിത്തീര്‍ന്ന കുടുംബാംഗങ്ങള്‍ ഡോക്ടര്‍മാരോട് ഏതെങ്കിലും വിധത്തില്‍ ജിയോവാനിയെ രക്ഷിക്കണമെന്ന് കരഞ്ഞപേക്ഷിച്ചു. പക്ഷേ, ഡോക്ടര്‍മാരുടെ മറുപടി ഇപ്രകാരമായിരുന്നു. ” ഈ രോഗിക്ക് രക്ഷ പ്രദാനം ചെയ്യുവാന്‍ ഇന്നുള്ള യാതൊരു വൈദ്യശാസ്ത്രത്തിനും സാദ്ധ്യമല്ല. ദൈവസഹായം കൊണ്ടു മാത്രം ഒരുപക്ഷേ ഇയാള്‍ രക്ഷപെട്ടേക്കാം.”

മരണത്തിന്‍റെ വക്കിലെത്തിയെന്നു ബോദ്ധ്യമായിരുന്നതിനാല്‍ ഇടവക വികാരി ജിയോവാനിക്ക് രോഗീലേപനം നല്‍കിയിരുന്നു. മാര്‍ യൗസേപ്പിന്‍റെ ഉത്തമ ഭക്തരായ കുടുംബാംഗങ്ങള്‍ ജിയോവാനിക്കു വേണ്ടി ഈ പുണ്യപിതാവിന്‍റെ പക്കല്‍ സഹായമഭ്യര്‍ത്ഥിച്ചു. എല്ലാവരും മുട്ടുകുത്തി തിരുസ്വരൂപത്തിന്‍റെ മുന്‍പില്‍ അശ്രുകണങ്ങള്‍ ചൊരിഞ്ഞു ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചു. മാര്‍ യൗസേപ്പിന്‍റെ രൂപത്തില്‍ ചുംബിക്കുവാനുള്ള പ്രചോദനം രോഗിക്കുണ്ടായി. ആഗ്രഹം കുടുംബാംഗങ്ങളെ അറിയിച്ചു. അതനുസരിച്ച് രൂപം കൊണ്ടുവന്നു ചുംബിച്ചു. യുവാവില്‍ അത്ഭുതകരമായ രോഗശാന്തിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുകയും ക്രമേണ രോഗവിമുക്തി ലഭിക്കുകയും ചെയ്തു.

ജപം
🔶🔶

പ്രാര്‍ത്ഥനാ ജീവിതത്തില്‍ ഉന്നതമായ പദവി പ്രാപിച്ച വി. യൗസേപ്പേ. അങ്ങ് ദൈവവുമായി നിരന്തര സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരുന്നല്ലോ. അങ്ങ് ചെയ്തതെല്ലാം ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയുമായിരുന്നു. വത്സലപിതാവേ, ഞങ്ങളും ദൈവാരാധനയിലും പ്രാര്‍ത്ഥനയിലും തീക്ഷ്ണതയുള്ളവരാകുവാന്‍ അനുഗ്രഹിക്കണമേ. ഞങ്ങളുടെ എല്ലാ പ്രവര്‍ത്തനങ്ങളും ഈശോയോടുകൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും നിര്‍വഹിക്കുവാന്‍ ഞങ്ങളെ പഠിപ്പിക്കണമേ.

1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.

വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

കര്‍ത്താവേ, അനുഗ്രഹിക്കണമേ

(കര്‍ത്താവേ…)

മിശിഹായെ, അനുഗ്രഹിക്കണമേ.

(മിശിഹായെ…)

കര്‍ത്താവേ, അനുഗ്രഹിക്കണമേ.

(കര്‍ത്താവേ…)

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,

( മിശിഹായെ… )

മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.

(മിശിഹായെ…)

സ്വര്‍ഗ്ഗസ്ഥനായ പിതാവേ,

( ഞങ്ങളെ അനുഗ്രഹിക്കണമേ )

ലോകരക്ഷകനായ ക്രിസ്തുവേ,

പരിശുദ്ധാത്മാവായ ദൈവമേ,

ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,

.

പരിശുദ്ധ മറിയമേ,

(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)

വിശുദ്ധ യൗസേപ്പേ,

ദാവീദിന്‍റെ വിശിഷ്ട സന്താനമേ,

ഗോത്രപിതാക്കളുടെ പ്രകാശമേ,

ദൈവജനനിയുടെ ഭര്‍ത്താവേ,

പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,

ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,

മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,

തിരുക്കുടുംബത്തിന്‍റെ നാഥനേ,

എത്രയും നീതിമാനായ വി. യൗസേപ്പേ,

മഹാ വിരക്തനായ വി.യൗസേപ്പേ,

മഹാ വിവേകിയായ വി. യൗസേപ്പേ,

മഹാ ധീരനായ വി. യൗസേപ്പേ,

അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,

മഹാ വിശ്വസ്തനായ വി. യൗസേപ്പേ,

ക്ഷമയുടെ ദര്‍പ്പണമേ,

ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,

തൊഴിലാളികളുടെ മാതൃകയേ,

കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,

കന്യകകളുടെ സംരക്ഷകാ,

കുടുംബങ്ങളുടെ ആധാരമേ,

നിര്‍ഭാഗ്യരുടെ ആശ്വാസമേ,

രോഗികളുടെ ആശ്രയമേ,

മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,

പിശാചുക്കളുടെ പരിഭ്രമമേ,

തിരുസ്സഭയുടെ പാലകാ,

ഭൂലോകപാപ….(3)

(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.

(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.

പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶

അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.

സുകൃതജപം
🔶🔶🔶🔶
പ്രാര്‍ത്ഥനാജീവിതത്തിന്‍റെ മാതൃകയായ വി. യൗസേപ്പേ, ഞങ്ങളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶

Advertisements

⚜️⚜️⚜️⚜️ March 1️⃣4️⃣⚜️⚜️⚜️⚜️
വിശുദ്ധ മെറ്റില്‍ഡ
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

അതിശക്തനായിരുന്ന സാക്സണ്‍ രാജാവ് തിയോഡോറിക്കിന്റെ മകളായിരുന്നു, രാജകുമാരിയായിരുന്ന വിശുദ്ധ മെറ്റില്‍ഡ. വളരേ ചെറുപ്പത്തില്‍ തന്നെ അവളുടെ മാതാപിതാക്കള്‍ അവളെ എര്‍ഫോര്‍ഡ്‌ ആശ്രമത്തില്‍ ചേര്‍ത്തു. അവളുടെ മുത്തശ്ശിയായിരുന്ന മൌദ്‌ ആയിരുന്നു അവിടത്തെ ആശ്രമാധിപ. സകല സത്ഗുണങ്ങളുടേയും വിളനിലമായിരുന്ന വിശുദ്ധ, മറ്റുള്ളവര്‍ക്കെല്ലാം മാതൃകവ്യക്തിത്വത്തിന് ഉടമയായിരുന്നു. 913-ല്‍ മെറ്റില്‍ഡയുടെ മാതാപിതാക്കള്‍ അവളെ, സാക്സോണിലെ പ്രഭുവായിരുന്ന ഒത്തോയുടെ മകനും പില്‍ക്കാലത്ത് ജെര്‍മ്മനിയിലെ രാജാവുമായി തീര്‍ന്ന ഹെന്‍റിയുമായി വിവാഹ ഉടമ്പടിയിലേര്‍പ്പെട്ടു. വിവാഹം ജീവിതം ആരംഭിക്കുന്നത് വരെ അവള്‍ ആ ആശ്രമത്തില്‍ കഴിഞ്ഞു. വളരെ സമര്‍ത്ഥനും, ദൈവഭക്തിയുള്ളവനുമായ ഒരു രാജകുമാരനായിരുന്നു ഹെന്‍റ്റി, മാത്രമല്ല അദ്ദേഹം തന്റെ പ്രജകളോട് വളരെയേറെ ദയയുള്ളവനുമായിരുന്നു. അല്‍പ്പകാലത്തിനുള്ളില്‍ തന്നെ ഹെന്‍റ്റി ഹംഗറിയക്കാരുടേയും, ഡെന്‍മാര്‍ക്ക്‌ കാരുടേയും അധിനിവേശം തടയുകയും, ആ ഭൂപ്രദേശങ്ങള്‍ തന്റെ ഭരണപ്രദേശത്തോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

ഈ സമയമത്രയും വിശുദ്ധ തന്റെ ആത്മീയ ശത്രുക്കളുടെ മേല്‍ വിജയം വരിക്കുവാന്‍ ശ്രമിച്ചുകൊണ്ട് ഒരു നല്ല ക്രിസ്ത്യാനിയും, സ്വര്‍ഗ്ഗീയ പിതാവിന്റെ മുന്‍പില്‍ വലിയവളുമായിതീര്‍ന്നു. കഠിനമായ പ്രാര്‍ത്ഥനകളും, ധ്യാനവും വഴി വിശുദ്ധ തന്റെ മനസ്സില്‍ ഭക്തിയുടേയും, എളിമയുടേയും അമൂല്യമായ വിത്തുകള്‍ പാകി. രോഗികളേയും, പീഡിതരേയും സന്ദര്‍ശിക്കുക, അവര്‍ക്ക്‌ ആശ്വാസം പകരുക, പാവപ്പെട്ടവരെ സേവിക്കുക, അവര്‍ക്ക്‌ നല്ല ഉപദേശങ്ങള്‍ നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ വിശുദ്ധക്ക് വളരെയേറെ ആനന്ദമുണ്ടാക്കുന്നവയായിരുന്നു. അവളുടെ കാരുണ്യ പ്രവര്‍ത്തികളുടെ ഫലങ്ങള്‍ തടവ്‌ പുള്ളികള്‍ക്ക് വരെ ലഭിച്ചിരുന്നു. വിശുദ്ധയുടെ ഇത്തരം നല്ല പ്രവര്‍ത്തനങ്ങളില്‍ പ്രചോദിതനായ ഹെന്‍റ്റിയാകട്ടെ അവളുടെ എല്ലാ പദ്ധതികളിലും അവളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചു.

936-ല്‍ അവരുടെ വിവാഹം കഴിഞ്ഞു 23 വര്‍ഷമായപ്പോള്‍ ദൈവം ഹെന്‍റ്റിയെ തിരികെ വിളിച്ചു. അദ്ദേഹം രോഗശയ്യയിലായിരുന്നപ്പോള്‍, വിശുദ്ധ ദേവാലയത്തില്‍ പോവുകയും അള്‍ത്താരയുടെ കീഴില്‍ അദ്ദേഹത്തിന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക പതിവായിരുന്നു. ജനങ്ങളുടെ കരച്ചിലും, അലമുറയിടലും കണ്ട് അദ്ദേഹം മരിച്ചുവെന്നു മനസ്സിലാക്കിയ അവള്‍ ഉടന്‍തന്നെ ഒരു പുരോഹിതനെ വിളിപ്പിക്കുകയും തന്റെ ഭര്‍ത്താവിന്റെ ആത്മാവിനു വേണ്ടിയുള്ള തിരുകര്‍മ്മങ്ങള്‍ക്ക് തുടക്കമിടുകയും ചെയ്തു. അവള്‍ക്ക് മൂന്ന് ആണ്‍കുട്ടികളായിരുന്നു ഉണ്ടായിരുന്നത്. പില്‍ക്കാലത്ത് ചക്രവര്‍ത്തിയായി തീര്‍ന്ന ഒട്ടോ, ബാവരിയായിലെ പ്രഭുവായിരുന്ന ഹെന്‍റ്റി, കൊളോണിലെ മെത്രാപ്പോലീത്തയായിരുന്ന ബ്രണ്‍ എന്നിവരായിരുന്നു അവര്‍.

ഇവരില്‍ ഒട്ടോ 937-ല്‍ ജര്‍മ്മനിയിലെ രാജാവാകുകയും പിന്നീട് 962-ല്‍ ബൊഹേമിയരുടേയും, ലൊമ്പാര്‍ഡുകളുടേയും മേല്‍ വിജയം നേടുകയും തുടര്‍ന്ന് റോമിലെ ചക്രവര്‍ത്തിയായി അഭിഷേകം ചെയ്യപ്പെടുകയും ചെയ്തു. ഇതിനിടെ മൂത്ത രണ്ടു മക്കള്‍ ഗൂഡാലോചന നടത്തുകയും വിശുദ്ധയുടെ സ്വത്തു മുഴുവന്‍ അവളില്‍ നിന്നും അപഹരിക്കുകയും ചെയ്തു. ഈ നീച പ്രവര്‍ത്തിയില്‍ കോപാകുലയായ മെറ്റില്‍ഡ രാജ്യത്തിന്റെ വരുമാനം മുഴുവനും പാവങ്ങള്‍ക്ക്‌ വീതിച്ചു കൊടുത്തു. പിന്നീട് ആ രാജകുമാരന്‍മാര്‍ക്ക് തങ്ങളുടെ പ്രവര്‍ത്തിയില്‍ പശ്ചാത്താപം തോന്നുകയും അവളില്‍ നിന്നും അപഹരിച്ചതു മുഴുവന്‍ അവള്‍ക്ക് തിരികെ നല്‍കുകയും ചെയ്തു.

വിശുദ്ധ തന്റെ കാരുണ്യ പ്രവര്‍ത്തികള്‍ പൂര്‍വ്വാധികം ഭംഗിയായി തുടര്‍ന്നു. നിരവധി ദേവാലയങ്ങള്‍ കൂടാതെ അഞ്ചോളം ആശ്രമങ്ങളും വിശുദ്ധ പണികഴിപ്പിച്ചു. അവസാനമായി വിശുദ്ധ രോഗിണിയായപ്പോള്‍ തന്റെ പേരക്കുട്ടിയും, മെന്റ്സിലെ മെത്രാപ്പോലീത്തയുമായിരുന്ന വില്ല്യമിനോടു കുമ്പസാരിച്ചു. വിശുദ്ധ മരിക്കുന്നതിനു 12 ദിവസം മുന്‍പേ, വീട്ടിലേക്കുള്ള യാത്രക്കിടയില്‍ വൈദികനായ വില്ല്യം മരണത്തിനു കീഴ്പ്പെട്ടു. പിന്നീട് വിശുദ്ധ ആ പ്രദേശത്തെ സന്യാസിമാരേയും, പുരോഹിതരേയും വിളിച്ചു വരുത്തി അവര്‍ക്ക്‌ മുന്‍പില്‍ രണ്ടാമതായി ഒരു പൊതു കുമ്പസാരം കൂടി നടത്തി. 968 മാര്‍ച്ച് 14ന് തന്റെ തലയില്‍ ചാരം പൂശി, ചണംകൊണ്ടുള്ള തുണിയില്‍ കിടന്നുകൊണ്ട് അവള്‍കര്‍ത്താവില്‍ അന്ത്യനിദ്ര പ്രാപിച്ചു.

ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️

1. ആഫ്രിക്കയിലെ പീറ്ററും അഫ്രോഡിസൂസും

2. റോമയിലെ ഒരു ബിഷപ്പായ ബോണിഫസ് കുരിറ്റന്‍

3. ഇറ്റലിയിലെ ഡിയാക്കൊഞ്ഞുസ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️

Advertisements

ഞാന്‍ പ്രാര്‍ഥിച്ചു, എനിക്കു വിവേകം ലഭിച്ചു; ഞാന്‍ ദൈവത്തെ വിളിച്ചപേക്‌ഷിച്ചു, ജ്‌ഞാനചൈതന്യം എനിക്കു ലഭിച്ചു.
ജ്‌ഞാനം 7 : 7

വിവേ കശൂന്യമായി സംസാരിക്കരുത്‌. ദൈവസന്നിധിയില്‍ പ്രതിജ്‌ഞയെടുക്കാന്‍ തിടുക്കംകൂട്ടരുത്‌. ദൈവം സ്വര്‍ഗത്തിലാണ്‌, നീ ഭൂമിയിലും. അതുകൊണ്ട്‌, നിന്റെ വാക്കുകള്‍ ചുരുങ്ങിയിരിക്കട്ടെ.
ആകുലതയേറുമ്പോള്‍ ദുഃസ്വപ്‌നങ്ങള്‍ കൂടും; വാക്കുകളേറുമ്പോള്‍ അതു മൂഢജല്‍പനമാകും.
ദൈവത്തിനു നേര്‍ ച്ചനേര്‍ന്നാല്‍ നിറവേറ്റാന്‍ താമസിക്കരുത്‌; മൂഢരില്‍ അവിടുത്തേക്ക്‌ പ്രീതിയില്ല; നേരുന്നത്‌ നിറവേറ്റുക.
നേര്‍ന്നിട്ടു നിറവേ റ്റാത്തതിനെക്കാള്‍ഭേദം നേരാതിരിക്കുന്നതാണ്‌.
സഭാപ്രസംഗകന്‍ 5 : 2-5

Advertisements

🌻പ്രഭാത പ്രാർത്ഥന🌻

നീർച്ചാൽ തേടുന്ന മാൻപേടയെപ്പോലെ ദൈവമേ എന്റെ ഹൃദയം അങ്ങയെ തേടുന്നു.. (സങ്കീർത്തനം 42/1)

ദിവ്യകാരുണ്യ നാഥാ.. മണ്ണടിഞ്ഞു പോകും മുൻപ് മണ്ണിലലിഞ്ഞു ചേരാത്ത ഞങ്ങളുടെ ആത്മാവിനെ പ്രാർത്ഥനയിലൂടെയും.. അനുതാപത്തിലൂടെയും.. പുണ്യപ്രവർത്തികളിലൂടെയും.. എല്ലാറ്റിലുമുപരി അങ്ങയുടെ ദിവ്യസാനിധ്യാനുഭവത്തിലൂടെയും പരിപോഷിപ്പിക്കാനുള്ള അനുഗ്രഹം തേടി ഈ പ്രഭാതത്തിൽ ഞങ്ങൾ അങ്ങയെ സമീപിക്കുന്നു.. സ്വയം പ്രകാശിക്കാൻ കഴിവില്ലാത്ത ചന്ദ്രനെപ്പോലെ.. ജീവിതത്തിൽ അങ്ങയെക്കൂടാതെ ഒന്നും ചെയ്യുവാൻ ശക്തിയില്ലാത്ത നിസ്സഹായരാണു ഞങ്ങൾ.. എന്നിട്ടും ചിലപ്പോഴൊക്കെ അങ്ങയെക്കാളധികമായി സൃഷ്ടികളിലും.. സൃഷ്ടവസ്തുക്കളിലും ഞങ്ങൾ ആശ്രയിച്ചു പോകാറുണ്ട്.. പണമാണ് എല്ലാറ്റിലും വലുതെന്ന ചിന്തയോടെ പരിശുദ്ധ കുർബാനയർപ്പണത്തിനും.. കൂദാശാസ്വീകരണങ്ങൾക്കും സമയവും മൂല്യവും കൽപ്പിക്കാതെ നിസാരകാരണങ്ങളാൽ ഒഴിവാക്കാൻ പരിശ്രമിച്ചും.. വിശ്രമത്തിനും.. ആഘോഷങ്ങൾക്കും അമിത പ്രാധാന്യം നൽകി വിശ്വാസജീവിതത്തിൽ നിന്നും വ്യതിചലിച്ചും പരിശുദ്ധ കുർബാനയിലൂടെ ജീവിതത്തിലേക്ക് അനുസ്യൂതം വർഷിക്കപ്പെടേണ്ട ദൈവീകകൃപകളെ തടസ്സപ്പെടുത്തുന്ന സ്വാർത്ഥതയുടെ ഇരുൾ രൂപങ്ങളായി ഞങ്ങൾ മാറിക്കൊണ്ടിരിക്കുകയാണ്..

ഈശോയേ.. അർഹിക്കാത്ത നന്മകൾക്കും നേട്ടങ്ങൾക്കും വേണ്ടി ആഗ്രഹിച്ചു കൊണ്ട് ദൈവഹിതത്തിനെതിരായി പ്രവർത്തിച്ചതിനെയൊർത്ത് ഞങ്ങൾ ദുഃഖിക്കുന്നു.. അവയ്ക്കു കാരണമായ ഞങ്ങളുടെ സ്വാർത്ഥതയെയും ദ്രവ്യാഗ്രഹ മോഹങ്ങളെയും വെറുത്തുപേക്ഷിക്കാനും.. ആത്മനിയന്ത്രണത്തോടെയും..എളിമയോടെയും വ്യാപരിച്ചു കൊണ്ട് കർത്താവിന്റെ ദിവസങ്ങളെ വിശുദ്ധിയോടെ ആചരിക്കാനും.. വീണ്ടെടുപ്പിന്റെ പ്രകാശത്തിലൂടെ നിത്യജീവന്റെ അനുഗ്രഹം സ്വന്തമാക്കാനും അങ്ങു ഞങ്ങളെ സഹായിക്കേണമേ..

പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്.. എന്നേരവും ആരാധനയും സ്തുതിയും പുകഴ്‌ച്ചയുമുണ്ടായിരിക്കട്ടെ.. ആമേൻ .

Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment