The Book of Genesis, Chapter 2 | ഉല്പത്തി, അദ്ധ്യായം 2 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 2

1 അങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള സമസ്തവും പൂര്‍ണമായി.2 ദൈവം തന്റെ ജോലി ഏഴാം ദിവസം പൂര്‍ത്തിയാക്കി. താന്‍ തുടങ്ങിയ പ്രവൃത്തിയില്‍നിന്നു വിരമിച്ച്, ഏഴാം ദിവസം അവിടുന്നു വിശ്രമിച്ചു.3 സൃഷ്ടികര്‍മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍നിന്നു വിരമിച്ച് വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി.4 ഇതാണ് ആകാശത്തിന്റെയും ഭൂമിയുടെയും ഉത്പത്തിചരിത്രം.

ഏദന്‍ തോട്ടം

5 ദൈവമായ കര്‍ത്താവ് ആകാശവും ഭൂമിയും സൃഷ്ടിച്ച നാളില്‍ ഭൂമിയില്‍ പുല്ലോ ചെടിയോ മുളച്ചിരുന്നില്ല. കാരണം, അവിടുന്നു ഭൂമിയില്‍ മഴ പെയ്യിച്ചിരുന്നില്ല. കൃഷിചെയ്യാന്‍മനുഷ്യനുണ്ടായിരുന്നുമില്ല.6 എന്നാല്‍, ഭൂമിയില്‍നിന്ന് ഒരു മൂടല്‍മഞ്ഞ് ഉയര്‍ന്നു ഭൂതലമെല്ലാം നനച്ചു.7 ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ടു മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്കു നിശ്വസിക്കുകയും ചെയ്തു. അങ്ങനെ മനുഷ്യന്‍ ജീവനുള്ളവനായിത്തീര്‍ന്നു.8 അവിടുന്നു കിഴക്ക് ഏദനില്‍ ഒരു തോട്ടം ഉണ്ടാക്കി, താന്‍ രൂപംകൊടുത്ത മനുഷ്യനെ അവിടെ താമസിപ്പിച്ചു.9 കാഴ്ചയ്ക്കു കൗതുകവും ഭക്ഷിക്കാന്‍ സ്വാദുമുള്ള പഴങ്ങള്‍ കായ്ക്കുന്ന എല്ലാത്തരം വൃക്ഷങ്ങളും അവിടുന്നു മണ്ണില്‍നിന്നു പുറപ്പെടുവിച്ചു. ജീവന്റെ വൃക്ഷവും നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷവും തോട്ടത്തിന്റെ നടുവില്‍ അവിടുന്നു വളര്‍ത്തി.10 തോട്ടം നനയ്ക്കാന്‍ ഏദനില്‍നിന്ന് ഒരു നദി പുറപ്പെട്ടു. അവിടെവച്ച് അതു നാലു കൈവഴികളായിപ്പിരിഞ്ഞു.11 ഒന്നാമത്തേതിന്റെ പേര് പിഷോണ്‍. അത് സ്വര്‍ണത്തിന്റെ നാടായ ഹവിലാ മുഴുവന്‍ ചുറ്റിയൊഴുകുന്നു.12 ആ നാട്ടിലെ സ്വര്‍ണം മേല്‍ത്തരമാണ്. അവിടെ സുഗന്ധദ്രവ്യങ്ങളും പവിഴക്കല്ലുകളുമുണ്ട്.13 രണ്ടാമത്തെനദിയുടെ പേര് ഗിഹോണ്‍. അതു കുഷ് എന്ന നാടിനെ ചുറ്റിയൊഴുകുന്നു.14 മൂന്നാമത്തെനദിയുടെ പേര് ടൈഗ്രീസ്. അത് അസീറിയയുടെ കിഴക്കുഭാഗത്തുകൂടി ഒഴുകുന്നു. നാലാമത്തെനദിയൂഫ്രെട്ടീസ്.15 ഏദന്‍തോട്ടം കൃഷിചെയ്യാനും സംരക്ഷിക്കാനും ദൈവമായ കര്‍ത്താവ് മനുഷ്യനെ അവിടെയാക്കി.16 അവിടുന്ന് അവനോടു കല്‍പിച്ചു: തോട്ടത്തിലെ എല്ലാ വൃക്ഷങ്ങളുടെയും ഫലം ഭക്ഷിച്ചുകൊള്ളുക.17 എന്നാല്‍, നന്‍മതിന്‍മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിലെ ഫലം നീ തിന്നരുത്; തിന്നുന്ന ദിവസം നീ മരിക്കും.18 ദൈവമായ കര്‍ത്താവ് അരുളിച്ചെയ്തു: മനുഷ്യന്‍ ഏകനായിരിക്കുന്നതു നന്നല്ല; അവനു ചേര്‍ന്ന ഇണയെ ഞാന്‍ നല്‍കും.19 ദൈവമായ കര്‍ത്താവ് ഭൂമിയിലെ സകല മൃഗങ്ങളെയും ആകാശത്തിലെ സകല പക്ഷികളെയും മണ്ണില്‍നിന്നു രൂപപ്പെടുത്തി. അവയ്ക്കു മനുഷ്യന്‍ എന്തു പേരിടുമെന്ന് അറിയാന്‍ അവിടുന്ന് അവയെ അവന്റെ മുമ്പില്‍ കൊണ്ടുവന്നു. മനുഷ്യന്‍ വിളിച്ചത് അവയ്ക്കു പേരായിത്തീര്‍ന്നു.20 എല്ലാ കന്നുകാലികള്‍ക്കും ആകാശത്തിലെ പറവകള്‍ക്കും വയലിലെ മൃഗങ്ങള്‍ക്കും അവന്‍ പേരിട്ടു. എന്നാല്‍, തനിക്കിണങ്ങിയ തുണയെ കണ്ടില്ല.21 അതുകൊണ്ട്, ദൈവമായ കര്‍ത്താവ് മനുഷ്യനെ ഗാഢനിദ്രയിലാഴ്ത്തി, ഉറങ്ങിക്കിടന്ന അവന്റെ വാരിയെല്ലുകളില്‍ ഒന്ന് എടുത്തതിനുശേഷം അവിടം മാംസംകൊണ്ടു മൂടി.22 മനുഷ്യനില്‍നിന്ന് എടുത്ത വാരിയെല്ലുകൊണ്ട് അവിടുന്ന് ഒരു സ്ത്രീക്കു രൂപംകൊടുത്തു. അവളെ അവന്റെ മുമ്പില്‍കൊണ്ടുവന്നു.23 അപ്പോള്‍ അവന്‍ പറഞ്ഞു: ഒടുവില്‍ ഇതാ എന്റെ അസ്ഥിയില്‍നിന്നുള്ള അസ്ഥിയും മാംസത്തില്‍നിന്നുള്ള മാംസവും. നരനില്‍നിന്ന് എടുക്കപ്പെട്ടതുകൊണ്ട് നാരിയെന്ന് ഇവള്‍ വിളിക്കപ്പെടും.24 അതിനാല്‍, പുരുഷന്‍മാതാപിതാക്കളെ വിട്ട് ഭാര്യയോടു ചേരും. അവര്‍ ഒറ്റ ശരീരമായിത്തീരും.25 പുരുഷനും അവന്റെ ഭാര്യയും നഗ്നരായിരുന്നു. എങ്കിലും അവര്‍ക്കു ലജ്ജ തോന്നിയിരുന്നില്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment