The Book of Genesis, Chapter 8 | ഉല്പത്തി, അദ്ധ്യായം 8 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 8

ജലപ്രളയത്തിന്റെ അന്ത്യം

1 നോഹയെയും പെട്ടകത്തിലുണ്ടായിരുന്ന എല്ലാ ജീവജാലങ്ങളെയും കന്നുകാലികളെയും ദൈവം ഓര്‍ത്തു.2 അവിടുന്നു ഭൂമിയില്‍ കാറ്റു വീശി; വെള്ളം ഇറങ്ങി. അഗാധങ്ങളിലെ ഉറവകള്‍ നിലച്ചു; ആകാശത്തിന്റെ ജാലകങ്ങള്‍ അടഞ്ഞു; മഴ നിലയ്ക്കുകയുംചെയ്തു.3 ജലം പിന്‍വാങ്ങിക്കൊണ്ടിരുന്നു. നൂറ്റമ്പതു ദിവസം കഴിഞ്ഞപ്പോള്‍ വെള്ളം വളരെ കുറഞ്ഞു.4 ഏഴാം മാസം പതിനേഴാം ദിവസം പെട്ടകം അറാറാത്തു പര്‍വതത്തില്‍ ഉറച്ചു.5 പത്തുമാസത്തേക്കു വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു. പത്താം മാസം ഒന്നാം ദിവസം പര്‍വ്വതശിഖരങ്ങള്‍ കാണാറായി.6 നാല്‍പതു ദിവസം കഴിഞ്ഞപ്പോള്‍ നോഹപെട്ടകത്തില്‍ താനുണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്ന്,7 ഒരു മലങ്കാക്കയെ പുറത്തു വിട്ടു. വെള്ളം വറ്റുവോളം അത് അങ്ങുമിങ്ങും പറന്നു നടന്നു.8 ഭൂമിയില്‍നിന്ന് വെള്ളമിറങ്ങിയോ എന്നറിയാന്‍ അവന്‍ ഒരു പ്രാവിനെയും വിട്ടു.9 കാലുകുത്താന്‍ ഇടം കാണാതെ പ്രാവു പെട്ടകത്തിലേക്കുതന്നെതിരിച്ചുവന്നു. ഭൂമുഖത്തെല്ലാം അപ്പോഴും വെള്ളമുണ്ടായിരുന്നു. അവന്‍ കൈനീട്ടി പ്രാവിനെ പിടിച്ചുപെട്ടകത്തിലാക്കി.10 ഏഴുദിവസംകൂടി കാത്തിട്ട് വീണ്ടും അവന്‍ പ്രാവിനെ പെട്ടകത്തിനു പുറത്തു വിട്ടു.11 വൈകുന്നേരമായപ്പോള്‍ പ്രാവു തിരിച്ചുവന്നു. കൊത്തിയെടുത്ത ഒരു ഒലിവില അതിന്റെ ചുണ്ടിലുണ്ടായിരുന്നു. വെള്ളമിറങ്ങിയെന്നു നോഹയ്ക്കു മനസ്സിലായി.12 ഏഴുനാള്‍കൂടി കഴിഞ്ഞ് അവന്‍ വീണ്ടും പ്രാവിനെ പുറത്തു വിട്ടു.13 അതു പിന്നെതിരിച്ചുവന്നില്ല. നോഹയുടെ ജീവിതത്തിന്റെ അറുനൂറ്റിയൊന്നാം വര്‍ഷം ഒന്നാം മാസം ഒന്നാം ദിവസം ഭൂമുഖത്തെ വെള്ളം വറ്റിത്തീര്‍ന്നു. നോഹ പെട്ടകത്തിന്റെ മേല്‍ക്കൂര പൊക്കി നോക്കി. ഭൂതലമെല്ലാം ഉണങ്ങിയിരുന്നു.14 രണ്ടാം മാസം ഇരുപത്തേഴാം ദിവസം ഭൂമി തീര്‍ത്തും ഉണങ്ങി.15 ദൈവം നോഹയോടു പറഞ്ഞു :16 ഭാര്യ, പുത്രന്‍മാര്‍, അവരുടെ ഭാര്യമാര്‍ എന്നിവരോടുകൂടി പെട്ടകത്തില്‍നിന്നു പുറത്തിറങ്ങുക.17 പെട്ടകത്തിലുള്ള പക്ഷികളെയും മൃഗങ്ങളെയും ഇഴജന്തുക്കളെയും എല്ലാം പുറത്തു കൊണ്ടുവരുക. സമൃദ്ധമായി പെരുകി, അവ ഭൂമിയില്‍ നിറയട്ടെ.18 ഭാര്യയും പുത്രന്‍മാരും അവരുടെ ഭാര്യമാരുമൊത്ത്‌നോഹ പെട്ടകത്തില്‍നിന്നു പുറത്തു വന്നു.19 മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളും, ഭൂമുഖത്തു ചലിക്കുന്നവയൊക്കെയും, ഇനം തിരിഞ്ഞു പുറത്തേക്കു പോയി.

നോഹ ബലിയര്‍പ്പിക്കുന്നു.

20 നോഹ കര്‍ത്താവിന് ഒരു ബലിപീഠം നിര്‍മിച്ചു. ശുദ്ധിയുള്ള എല്ലാ മൃഗങ്ങളിലും പക്ഷികളിലുംനിന്ന് അവന്‍ അവിടുത്തേക്ക് ഒരു ദഹനബലിയര്‍പ്പിച്ചു.21 ആ ഹൃദ്യമായ ഗന്ധം ആസ്വദിച്ചപ്പോള്‍ കര്‍ത്താവു പ്രസാദിച്ചരുളി: മനുഷ്യന്‍ കാരണം ഭൂമിയെ ഇനിയൊരിക്കലും ഞാന്‍ ശപിക്കുകയില്ല. എന്തെന്നാല്‍ തുടക്കംമുതലേ അവന്റെ അന്തരംഗം തിന്‍മയിലേക്കു ചാഞ്ഞിരിക്കയാണ്. ഇപ്പോള്‍ ചെയ്തതുപോലെ ജീവജാലങ്ങളെയെല്ലാം ഇനിയൊരിക്കലും ഞാന്‍ നശിപ്പിക്കുകയില്ല.22 ഭൂമിയുള്ളിടത്തോളം കാലം വിതയും കൊയ്ത്തും, ചൂടും തണുപ്പും, വേനലും വര്‍ഷവും, രാവും പകലും നിലയ്ക്കുകയില്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment