The Book of Genesis, Chapter 20 | ഉല്പത്തി, അദ്ധ്യായം 20 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 20

അബ്രാഹവും അബിമെലക്കും

1 അബ്രാഹം അവിടെനിന്നു നെഗെബ്പ്രദേശത്തേക്കു തിരിച്ചു. കാദെഷിനും ഷൂറിനും ഇടയ്ക്ക് അവന്‍ വാസമുറപ്പിച്ചു. അവന്‍ ഗരാറില്‍ ഒരു പരദേശിയായി പാര്‍ത്തു.2 തന്റെ ഭാര്യ സാറായെക്കുറിച്ച്, അവള്‍ എന്റെ സഹോദരിയാണ് എന്നത്രേ അവന്‍ പറഞ്ഞിരുന്നത്. ഗരാറിലെ രാജാവായ അബിമെലക്ക് സാറായെ ആളയച്ചു വരുത്തുകയും സ്വന്തമാക്കുകയും ചെയ്തു.3 ദൈവം രാത്രി സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ട് അബിമെലക്കിനോടു പറഞ്ഞു: നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീ നിമിത്തം നീ ഇതാ പിണമായിത്തീരുവാന്‍ പോകുന്നു. കാരണം, അവള്‍ ഒരുവന്റെ ഭാര്യയാണ്.4 അബിമെലക്ക് അവളെ സമീപിച്ചിട്ടില്ലായിരുന്നു. അവന്‍ ചോദിച്ചു: കര്‍ത്താവേ, നിരപരാധനെ അങ്ങു വധിക്കുമോ?5 അവള്‍ എന്റെ സഹോദരിയാണ് എന്ന് അവന്‍ തന്നെയല്ലേ എന്നോടുപറഞ്ഞത്? അവന്‍ എന്റെ സഹോദരനാണ് എന്ന് അവളും പറഞ്ഞു. നിര്‍മലഹൃദയത്തോടും കറയറ്റ കൈകളോടും കൂടെയാണു ഞാന്‍ ഇതു ചെയ്തത്.6 അപ്പോള്‍ദൈവം സ്വപ്നത്തില്‍ അവനോടു പറഞ്ഞു: നിര്‍മലഹൃദയത്തോടെയാണു നീ ഇതുചെയ്തത് എന്ന് എനിക്കറിയാം. എനിക്കെതിരായി പാപം ചെയ്യുന്നതില്‍നിന്ന് ഞാനാണു നിന്നെ തടഞ്ഞത്. അതുകൊണ്ടാണ് അവളെ തൊടാന്‍ നിന്നെ ഞാന്‍ അനുവദിക്കാതിരുന്നത്.7 അവന്റെ ഭാര്യയെ തിരിച്ചേല്‍പിക്കുക. അവന്‍ പ്രവാചകനാണ്. അവന്‍ നിനക്കുവേണ്ടി പ്രാര്‍ഥിക്കും. നീ ജീവിക്കുകയുംചെയ്യും. എന്നാല്‍, നീ അവളെ തിരിച്ചേല്‍പിക്കുന്നില്ലെങ്കില്‍ നീയും നിന്റെ ജനങ്ങളും മരിക്കും എന്നറിയുക.8 അബിമെലക്ക് അതിരാവിലെ എഴുന്നേറ്റു സേവകന്‍മാരെയെല്ലാം വിളിച്ച് ഈ കാര്യങ്ങള്‍ പറഞ്ഞു: അവര്‍ വളരെ ഭയപ്പെട്ടു.9 അനന്തരം, അബിമെലക്ക് അബ്രാഹത്തെ വിളിച്ചുപറഞ്ഞു: എന്താണു നീ ഞങ്ങളോട്ഈ ചെയ്തത്? നിനക്കെതിരായി ഞാന്‍ എന്തു തെറ്റുചെയ്തിട്ടാണ് എന്റെയും എന്റെ രാജ്യത്തിന്റെയുംമേല്‍ ഇത്ര വലിയ തിന്‍മ വരുത്തിവച്ചത്? ചെയ്യരുതാത്ത കാര്യങ്ങളാണു നീ എന്നോടു ചെയ്തത്.10 അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു: ഇതു ചെയ്യാന്‍ നിന്നെ പ്രേരിപ്പിച്ചത് എന്താണ്?11 അബ്രാഹം മറുപടിപറഞ്ഞു: ഇതു ദൈവഭയം തീരെയില്ലാത്ത നാടാണെന്നും എന്റെ ഭാര്യയെപ്രതി അവര്‍ എന്നെകൊന്നുകളയുമെന്നും ഞാന്‍ വിചാരിച്ചു.12 മാത്രമല്ല, വാസ്തവത്തില്‍ അവള്‍ എന്റെ സഹോദരിയാണ്. എന്റെ പിതാവിന്റെ മകള്‍; പക്‌ഷേ, എന്റെ മാതാവിന്റെ മകളല്ല; അവള്‍ എനിക്കു ഭാര്യയാവുകയും ചെയ്തു.13 പിതാവിന്റെ വീട്ടില്‍നിന്ന് ഇറങ്ങിത്തിരിക്കാന്‍ ദൈവം എനിക്ക് ഇട വരുത്തിയപ്പോള്‍ ഞാന്‍ അവളോടു പറഞ്ഞു: നീ എനിക്ക് ഈ ഉപകാരം ചെയ്യണം, നാം ചെല്ലുന്ന ഇടങ്ങളിലെല്ലാം അവന്‍ എന്റെ സഹോദരനാണ് എന്ന് എന്നെക്കുറിച്ചു നീ പറയണം.14 അപ്പോള്‍ അബിമെലക്ക് അബ്രാഹത്തിന് ആടുമാടുകളെയും ദാസീദാസന്‍മാരെയും കൊടുത്തു. ഭാര്യ സാറായെ തിരിച്ചേല്‍പിക്കുകയും ചെയ്തു.15 അവന്‍ പറഞ്ഞു: ഇതാ എന്റെ രാജ്യം. നിനക്ക് ഇഷ്ടമുള്ളിടത്തു പാര്‍ക്കാം.16 സാറായോട് അവന്‍ പറഞ്ഞു: നിന്റെ സഹോദരനു ഞാനിതാ ആയിരം വെള്ളിനാണയങ്ങള്‍ കൊടുക്കുന്നു. നിന്റെ കൂടെയുള്ളവരുടെ മുമ്പില്‍ നിന്റെ നിഷ്‌കളങ്കതയ്ക്ക് അതു തെളിവാകും. എല്ലാവരുടെയും മുമ്പില്‍ നീ നിര്‍ദോഷയാണ്.17 അബ്രാഹം ദൈവത്തോടു പ്രാര്‍ഥിച്ചു; ദൈവം അബിമെലക്കിനെയും ഭാര്യയെയും വേലക്കാരികളെയും സുഖപ്പെടുത്തി. അവര്‍ക്കെല്ലാവര്‍ക്കും സന്താനങ്ങളും ജനിച്ചു.18 കാരണം, അബ്രാഹത്തിന്റെ ഭാര്യ സാറായെപ്രതി കര്‍ത്താവ് അബിമെലക്കിന്റെ അന്തഃപുരത്തിലെ സ്ത്രീകളെയെല്ലാം വന്ധ്യകളാക്കിയിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment