The Book of Genesis, Chapter 21 | ഉല്പത്തി, അദ്ധ്യായം 21 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 21

ഇസഹാക്കിന്റെ ജനനം

1 കര്‍ത്താവു വാഗ്ദാനമനുസരിച്ച് സാറായെ അനുഗ്രഹിച്ചു.2 വൃദ്ധനായ അബ്രാഹത്തില്‍നിന്നു സാറാ ഗര്‍ഭം ധരിച്ച്, ദൈവം പറഞ്ഞസമയത്തുതന്നെ പുത്രനെ പ്രസവിച്ചു.3 സാറായില്‍ ജനിച്ച മകന് ഇസഹാക്ക് എന്ന് അബ്രാഹം പേരിട്ടു.4 കുഞ്ഞു പിറന്നിട്ട് എട്ടാം ദിവസം ദൈവകല്‍പനപ്രകാരം അബ്രാഹം അവനു പരിച്‌ഛേദനം നടത്തി.5 അബ്രാഹത്തിന് നൂറു വയസ്സുള്ളപ്പോഴാണ് ഇസഹാക്ക് ജനിച്ചത്.6 സാറാ പറഞ്ഞു: എനിക്കു സന്തോഷിക്കാന്‍ ദൈവം വക നല്‍കിയിരിക്കുന്നു. ഇതു കേള്‍ക്കുന്ന വരൊക്കെ എന്നെച്ചൊല്ലി ചിരിക്കും.7 അവള്‍ തുടര്‍ന്നു: സാറാ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹത്തോടു പറയുമായിരുന്നോ? എന്നിട്ടും അദ്‌ദേഹത്തിന്റെ വയസ്സുകാലത്ത് ഞാന്‍ അദ്‌ദേഹത്തിന് ഒരു മകനെ നല്‍കിയിരിക്കുന്നു.8 കുഞ്ഞു വളര്‍ന്നു മുലകുടി മാറി. അന്ന് അബ്രാഹം വലിയൊരു വിരുന്നു നടത്തി.

ഇസ്മായേല്‍ പുറന്തള്ളപ്പെടുന്നു

9 ഈജിപ്തുകാരിയായ ഹാഗാറില്‍ അബ്രാഹത്തിനു ജനിച്ച മകന്‍ , തന്റെ മക നായ ഇസഹാക്കിനോടുകൂടെ കളിക്കുന്നതു സാറാ കണ്ടു.10 അവള്‍ അബ്രാഹത്തോടു പറഞ്ഞു: ആ അടിമപ്പെണ്ണിനെയും അവളുടെ മകനെയും ഇറക്കി വിടുക. അവളുടെ മകന്‍ എന്റെ മകന്‍ ഇസഹാക്കിനോടൊപ്പം അവകാശിയാകാന്‍ പാടില്ല.11 തന്‍മൂലം മകനെയോര്‍ത്ത് അബ്രാഹം വളരെ അസ്വസ്ഥനായി.12 എന്നാല്‍, ദൈവം അബ്രാഹത്തോട് അരുളിച്ചെയ്തു: കുട്ടിയെക്കുറിച്ചും നിന്റെ അടിമപ്പെണ്ണിനെക്കുറിച്ചും നീ ക്ലേശിക്കേണ്ട. സാറാ പറയുന്നതുപോലെ ചെയ്യുക. കാരണം, ഇസഹാക്കിലൂടെയാണു നിന്റെ സന്തതികള്‍ അറിയപ്പെടുക.13 അടിമപ്പെണ്ണില്‍ ജനിച്ച മകനെയും ഞാനൊരു ജനതയാക്കും. അവനും നിന്റെ മകനാണല്ലോ.14 അബ്രാഹം അതിരാവിലെ എഴുന്നേറ്റ് കുറെഅപ്പവും ഒരു തുകല്‍ സഞ്ചിയില്‍വെള്ളവുമെടുത്ത് ഹാഗാറിന്റെ തോളില്‍ വച്ചുകൊടുത്തു. മകനെയും ഏല്‍പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവള്‍ അവിടെ നിന്നുപോയി ബേര്‍ഷെബ മരുപ്രദേശത്ത് അലഞ്ഞുനടന്നു.15 തുകല്‍സഞ്ചിയിലെ വെള്ളം തീര്‍ന്നപ്പോള്‍ അവള്‍ കുട്ടിയെ ഒരു കുറ്റിക്കാട്ടില്‍ കിടത്തി.16 കുഞ്ഞു മരിക്കുന്നത് എനിക്കു കാണാന്‍ വയ്യാ എന്നുപറഞ്ഞ് അവള്‍ കുറെഅകലെ, ഒരു അമ്പെയ്ത്തുദൂരെച്ചെന്ന് എതിര്‍വശത്തേക്കു തിരിഞ്ഞിരുന്നു. കുട്ടി ഉച്ചത്തില്‍ കരയാന്‍ തുടങ്ങി.17 കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടു. സ്വര്‍ഗത്തില്‍നിന്ന് ദൈവത്തിന്റെ ദൂതന്‍ അവളെ വിളിച്ചുപറഞ്ഞു: ഹാഗാര്‍, നീ വിഷമിക്കേണ്ടാ; ഭയപ്പെടുകയും വേണ്ടാ. കുട്ടിയുടെ കരച്ചില്‍ ദൈവം കേട്ടിരിക്കുന്നു.18 എഴുന്നേറ്റു കുട്ടിയെ കൈയിലെടുക്കുക. അവനില്‍നിന്ന് ഞാന്‍ വലിയൊരു ജനതയെ പുറപ്പെടുവിക്കും.19 ദൈവം അവളുടെ കണ്ണുതുറന്നു. അവള്‍ ഒരു കിണര്‍ കണ്ടു. അവള്‍ ചെന്ന് തുകല്‍ സഞ്ചി നിറച്ച്, കുട്ടിക്കു കുടിക്കാന്‍ കൊടുത്തു.20 ദൈവം ആ കുട്ടിയോടുകൂടെയുണ്ടായിരുന്നു. അവന്‍ മരുഭൂമിയില്‍ പാര്‍ത്തു. അവന്‍ വളര്‍ന്നു സമര്‍ഥനായൊരു വില്ലാളിയായിത്തീര്‍ന്നു.21 അവന്‍ പാരാനിലെ മരുഭൂമിയില്‍ പാര്‍ത്തു. അവന്റെ അമ്മ ഈജിപ്തില്‍നിന്ന് അവനൊരു ഭാര്യയെ തിരഞ്ഞെടുത്തു.

അബ്രാഹവും അബിമെലക്കും

22 അക്കാലത്ത് അബിമെലക്കും അവന്റെ സൈന്യാധിപന്‍ ഫിക്കോളും അബ്രാഹത്തോടു പറഞ്ഞു: നിന്റെ പ്രവര്‍ത്തനങ്ങളിലെല്ലാം ദൈവം നിന്നോടുകൂടെയുണ്ട്.23 അതുകൊണ്ട് എന്നോടും എന്റെ സന്തതികളോടും അന്യായമായി പെരുമാറില്ലെന്ന്‌ ദൈവത്തിന്റെ മുമ്പില്‍ ശപഥം ചെയ്യുക.24 ഞാന്‍ നിന്നോടു കാണിച്ച കാരുണ്യത്തിനനുസരിച്ച് എന്നോടും, നീ പാര്‍ത്തുവരുന്ന ഈ നാടിനോടും പെരുമാറണം. ഞാന്‍ ശപഥം ചെയ്യുന്നു, അബ്രാഹം പറഞ്ഞു.25 അബിമെലക്കിന്റെ ദാസന്‍മാര്‍ തന്റെ കൈവശത്തില്‍ നിന്നു പിടിച്ചെടുത്ത കിണറിനെക്കുറിച്ച് അബ്രാഹം അവനോടു പരാതിപ്പെട്ടു.26 അബിമെലക്ക് മറുപടി പറഞ്ഞു: ആരാണിതു ചെയ്തതെന്ന് എനിക്കറിഞ്ഞുകൂടാ. നീ ഇക്കാര്യം എന്നോടു പറഞ്ഞിട്ടില്ല. ഇന്നുവരെ ഞാന്‍ ഇതേക്കുറിച്ചു കേട്ടിട്ടുമില്ല.27 അബ്രാഹം അബിമെലക്കിന് ആടുമാടുകളെ കൊടുത്തു. അവരിരുവരും തമ്മില്‍ ഒരുടമ്പടിയുണ്ടാക്കി.28 അബ്രാഹം ആട്ടിന്‍പറ്റത്തില്‍നിന്ന് ഏഴു പെണ്ണാട്ടിന്‍കുട്ടികളെ മാറ്റി നിര്‍ത്തി.29 ഈ ഏഴു പെണ്ണാട്ടിന്‍ കുട്ടികളെ മാറ്റിനിര്‍ത്തിയതെന്തിനെന്ന് അബിമെലക്ക് അബ്രാഹത്തോടു ചോദിച്ചു.30 അവന്‍ പറഞ്ഞു: ഞാനാണ് ഈ കിണര്‍ കുഴിച്ചത് എന്നതിനു തെളിവായി ഈ ഏഴു പെണ്ണാട്ടിന്‍കുട്ടികളെ സ്വീകരിക്കണം.31 ആ സ്ഥലത്തിനു ബേര്‍ഷെബ എന്നു പേരുണ്ടായി. കാരണം, അവിടെവച്ച് അവര്‍ രണ്ടുപേരും ശപഥംചെയ്തു.32 അങ്ങനെ ബേര്‍ഷെബയില്‍വച്ച് അവര്‍ ഒരുടമ്പടിയുണ്ടാക്കി. അതു കഴിഞ്ഞ് അബിമെലക്കും സേനാപതിയായ ഫിക്കോളും ഫിലിസ്ത്യരുടെ നാട്ടിലേക്കു തിരിച്ചുപോയി.33 അബ്രാഹം ബേര്‍ഷെബയില്‍ ഒരു ഭാനുകവൃക്ഷം നട്ടുപിടിപ്പിക്കുകയും നിത്യദൈവമായ കര്‍ത്താവിന്റെ നാമത്തില്‍ ആരാധന നടത്തുകയുംചെയ്തു.34 അബ്രാഹം ഫിലിസ്ത്യരുടെ നാട്ടില്‍ വളരെക്കാലം താമസിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment