The Book of Genesis, Chapter 30 | ഉല്പത്തി, അദ്ധ്യായം 30 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 30

1 യാക്കോബിനു മക്കളെ നല്‍കാന്‍ തനിക്കു സാധിക്കുന്നില്ലെന്നു കണ്ടപ്പോള്‍ റാഹേലിനു തന്റെ സഹോദരിയോട് അസൂയതോന്നി.2 അവള്‍ യാക്കോബിനോടു പറഞ്ഞു: എനിക്കും മക്കളെ തരുക. അല്ലെങ്കില്‍ ഞാന്‍ മരിക്കും. യാക്കോബ് കോപിച്ച് അവളോടു പറഞ്ഞു: ഞാന്‍ ദൈവത്തിന്റെ സ്ഥാനത്താണോ? അവിടുന്നല്ലേ നിനക്കു സന്താനം നിഷേധിച്ചിരിക്കുന്നത്?3 അവള്‍ പറഞ്ഞു: ഇതാ, എന്റെ പരിചാരികയായ ബില്‍ഹാ; അവളെ പ്രാപിക്കുക. അവളുടെ സന്താനത്തെ അവള്‍ എന്റെ മടിയില്‍ വയ്ക്കും. അങ്ങനെ അവളിലൂടെ എനിക്കും മക്കളെ ലഭിക്കും.4 അവള്‍ തന്റെ പരിചാരിക ബില്‍ഹായെ അവനു നല്‍കി, യാക്കോബ് അവളെ പ്രാപിച്ചു.5 ബില്‍ഹാ ഗര്‍ഭംധരിക്കുകയും യാക്കോബിന് അവളില്‍ ഒരു പുത്രന്‍ ജനിക്കുകയും ചെയ്തു.6 അപ്പോള്‍ റാഹേല്‍ പറഞ്ഞു: ദൈവം എനിക്കനുകൂലമായി വിധിച്ചിരിക്കുന്നു. എന്റെ പ്രാര്‍ഥനകേട്ട് എനിക്കൊരു പുത്രനെ നല്‍കിയിരിക്കുന്നു. അതുകൊണ്ട്, അവള്‍ അവന് ദാന്‍ എന്നു പേരിട്ടു.7 റാഹേലിന്റെ പരിചാരികയായ ബില്‍ഹാ വീണ്ടും ഗര്‍ഭിണിയായി. അവളില്‍ യാക്കോബിന് രണ്ടാമതൊരു പുത്രന്‍കൂടി ജനിച്ചു.8 റാഹേല്‍ പറഞ്ഞു: എന്റെ സഹോദരിയുമായി കടുത്ത മത്‌സരം നടത്തി ഞാന്‍ ജയിച്ചിരിക്കുന്നു. അവള്‍ അവനെ നഫ്താലി എന്നുവിളിച്ചു.9 തനിക്കു വീണ്ടും മക്കളുണ്ടാവുന്നില്ല എന്നു കണ്ട ലെയാ തന്റെ പരിചാരികയായ സില്‍ഫായെ യാക്കോബിനു നല്‍കി.10 ലെയായുടെ പരിചാരികയായ സില്‍ഫായില്‍ യാക്കോബിന് ഒരു പുത്രന്‍ ജനിച്ചു.11 ഭാഗ്യം എന്ന് ഉദ്‌ഘോഷിച്ചുകൊണ്ട് ലെയാ അവന് ഗാദ് എന്നു പേരിട്ടു.12 ലെയായുടെ പരിചാരികയായ സില്‍ഫായില്‍യാക്കോ ബിന് വീണ്ടും ഒരു പുത്രന്‍ജനിച്ചു.13 ലെയാ പറഞ്ഞു: ഞാന്‍ ഭാഗ്യവതിയാണ്, സ്ത്രീകള്‍എന്നെ ഭാഗ്യവതിയെന്നു വിളിക്കും. അതുകൊണ്ട് അവള്‍ അവന് ആഷേര്‍ എന്നു പേരിട്ടു.14 ഗോതമ്പു കൊയ്യുന്ന കാലത്ത് റൂബന്‍ വയലില്‍പ്പോയി. അവന്‍ ദൂദായിപ്പഴം കാണുകയും അവ പറിച്ചുകൊണ്ടുവന്നു തന്റെ അമ്മയായ ലെയായ്ക്കു കൊടുക്കുകയും ചെയ്തു. അപ്പോള്‍ റാഹേല്‍ ലെയായോട് നിന്റെ മകന്‍ കൊണ്ടുവന്ന ദൂദായിപ്പഴം കുറച്ച് എനിക്കും തരുക എന്നുപറഞ്ഞു.15 ലെയാ കയര്‍ത്തു പറഞ്ഞു: എന്റെ ഭര്‍ത്താവിനെ കൈയടക്കി വച്ചിരിക്കുന്നതുപോരേ? എന്റെ മകന്റെ ദൂദായിപ്പഴവും നിനക്കുവേണോ? റാഹേല്‍ പറഞ്ഞു: നിന്റെ മകന്റെ ദൂദായിപ്പഴത്തിനു പ്രതിഫലമായി അദ്‌ദേഹം ഇന്നു രാത്രി നിന്റെ കൂടെ ശയിച്ചുകൊള്ളട്ടെ.16 യാക്കോബ് വൈ കുന്നേരം വയലില്‍നിന്നു വന്നപ്പോള്‍ ലെയാ അവനോടു പറഞ്ഞു: അങ്ങ് ഇന്ന് എന്റെ യടുത്തു വരണം; കാരണം, എന്റെ മകന്റെ ദൂദായിപ്പഴം കൊടുത്തു ഞാനങ്ങയെ വാങ്ങിയിരിക്കയാണ്. അവന്‍ അന്നുരാത്രി അവളോടുകൂടെ ശയിച്ചു.17 ദൈവം ലെയായുടെ പ്രാര്‍ഥന കേട്ടു. അവള്‍ വീണ്ടും ഗര്‍ഭം ധരിച്ച് യാക്കോബിന് അഞ്ചാമതൊരു മകനെക്കൂടി നല്‍കി.18 എന്റെ പരിചാരികയെ ഭര്‍ത്താവിനു കൊടുത്തതിനു ദൈവം എനിക്കു പ്രതിഫലം തന്നു എന്നുപറഞ്ഞ് അവള്‍ അവനെ ഇസ്‌സാക്കര്‍ എന്നുവിളിച്ചു. ലെയാ വീണ്ടും ഗര്‍ഭിണിയായി.19 യാക്കോബിന് അവള്‍ ആറാമത്തെ മകനെ പ്രദാനംചെയ്തു.20 ദൈവം എനിക്കു നല്ല സമ്മാനം തന്നിരിക്കുന്നു. ഇനി ഭര്‍ത്താവ് എന്നോടൊത്തു വസിക്കും. അവനു ഞാന്‍ ആറുമക്കളെകൊടുത്തിരിക്കുന്നല്ലോ എന്നു പറഞ്ഞ് അവള്‍ അവനു സെബുലൂണ്‍ എന്നു പേരിട്ടു.21 അവള്‍ക്ക് ഒരു പുത്രിയും ജനിച്ചു. അവള്‍ തന്റെ പുത്രിയെ ദീനാ എന്നുവിളിച്ചു.22 ദൈവം റാഹേലിനെ സ്മരിച്ചു. അവിടുന്ന് അവളുടെ പ്രാര്‍ഥന കേള്‍ക്കുകയും അവളുടെ വന്ധ്യത്വം അവസാനിപ്പിക്കുകയും ചെയ്തു.23 അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. അവള്‍ പറഞ്ഞു: എന്റെ അപമാനം ദൈവം നീക്കിക്കളഞ്ഞിരിക്കുന്നു.24 കര്‍ത്താവ് എനിക്ക് ഒരു പുത്രനെക്കൂടി തരട്ടെ എന്നുപറഞ്ഞ് അവള്‍ അവന് ജോസഫ് എന്നു പേരിട്ടു.

യാക്കോബിന്റെ സമ്പത്ത്

25 റാഹേല്‍ ജോസഫിനെ പ്രസവിച്ചു കഴിഞ്ഞ്, യാക്കോബ് ലാബാനോടു പറഞ്ഞു: എന്നെ പറഞ്ഞയയ്ക്കുക. ഞാന്‍ എന്റെ നാട്ടിലേക്കു പോകട്ടെ.26 എന്റെ ഭാര്യമാരെയും മക്കളെയും എനിക്കു തരുക. അവര്‍ക്കുവേണ്ടിയാണ് ഞാന്‍ അങ്ങയെ സേവിച്ചത്. ഇനി ഞാന്‍ പോകട്ടെ. ഞാന്‍ ചെയ്ത സേവനം അങ്ങേയ്ക്ക് അറിയാമല്ലോ.27 ലാബാന്‍മറുപടിപറഞ്ഞു: നിനക്ക് എന്നോടു താത്പര്യമുണ്ടെങ്കില്‍ നീ പോകരുത്, നീ മൂലമാണ് കര്‍ത്താവ് എന്നെ അനുഗ്രഹിച്ചത് എന്ന് എനിക്കറിയാം.28 നിനക്കെന്തു പ്രതിഫലം വേണമെന്നു പറയുക. അതു ഞാന്‍ തരാം.29 യാക്കോബ് അവനോടു പറഞ്ഞു: ഞാന്‍ എപ്രകാരം അങ്ങേക്കുവേണ്ടി ജോലിചെയ്‌തെന്നും എന്റെ മേല്‍നോട്ടത്തില്‍ അങ്ങയുടെ ആടുമാടുകള്‍ എത്ര പെരുകിയെന്നും അങ്ങേക്കറിയാമല്ലോ.30 ഞാന്‍ വരുന്നതിനുമുന്‍പു വളരെക്കുറച്ച് ആടുകളേ അങ്ങേക്കുണ്ടായിരുന്നുള്ളു. ഇപ്പോള്‍ അവ വളരെ പെരുകിയിരിക്കുന്നു. ഞാന്‍ പോയിടത്തെല്ലാം കര്‍ത്താവ് അങ്ങയെ കടാക്ഷിച്ചിരിക്കുന്നു. ഇനി എന്റെ കുടുംബത്തിനുവേണ്ടി എന്നാണു ഞാനെന്തെങ്കിലും സമ്പാദിക്കുക?31 ലാബാന്‍ ചോദിച്ചു: ഞാന്‍ നിനക്ക് എന്തു തരണം? യാക്കോബ് പറഞ്ഞു: അങ്ങ് എനിക്ക് ഒന്നും തരേണ്ടാ. ഞാന്‍ പറയുന്ന വ്യവസ്ഥ സ്വീകരിക്കാമെങ്കില്‍, ഇനിയും അങ്ങയുടെ ആടുകളെ ഞാന്‍ മേയിച്ചുകൊള്ളാം.32 അങ്ങയുടെ ആട്ടിന്‍കൂട്ടത്തില്‍ നിന്നു പൊട്ടോ പുള്ളിയോ ഉള്ള ആടുകളെയും കറുത്ത ചെമ്മരിയാടുകളെയും പൊട്ടോ പുള്ളിയോ ഉള്ള കോലാടുകളെയും ഞാന്‍ വേര്‍തിരിക്കാം. അവ എന്റെ പ്രതിഫലമായിരിക്കട്ടെ.33 മേലില്‍ അങ്ങ് എന്റെ പ്രതിഫലം പരിശോധിക്കുമ്പോള്‍ എന്റെ വിശ്വസ്തത അങ്ങേക്കു ബോധ്യമാകും. എന്റെ കോലാടുകളില്‍ പൊട്ടോ പുള്ളിയോ ഇല്ലാത്തതും ചെമ്മരിയാടുകളില്‍ കറുപ്പില്ലാത്തതും കണ്ടാല്‍, അവ മോഷ്ടിക്കപ്പെട്ടതായി കണക്കാക്കാം.34 ലാബാന്‍ പറഞ്ഞു: ശരി, നീ പറഞ്ഞതു പോലെ തന്നെയാകട്ടെ.35 അന്നുതന്നെ ലാബാന്‍ പൊട്ടോ പുള്ളിയോ ഉള്ള എല്ലാ മുട്ടാടുകളെയും പെണ്ണാടുകളെയും വെളുത്ത മറുകുള്ള എല്ലാ ആടുകളെയും കറുത്ത ചെമ്മരിയാടുകളെയും വേര്‍തിരിച്ച് അവയെ തന്റെ പുത്രന്‍മാരെ ഏല്‍പിച്ചു.36 ബാക്കിയുള്ള ആടുകളെ യാക്കോബിനെ ഏല്‍പിച്ചു. തനിക്കും യാക്കോബിനും മധ്യേ മൂന്നു ദിവസത്തെയാത്രാദൂരം ഏര്‍പ്പെടുത്തുകയും ചെയ്തു.37 യാക്കോബ് ഇലവിന്റെയും ബദാമിന്റെയും അഴിഞ്ഞിലിന്റെയും പച്ചക്കമ്പുകള്‍വെട്ടിയെടുത്ത് അവയില്‍ അങ്ങിങ്ങു വെളുപ്പു കാണത്തക്കവിധം തൊലിയുരിഞ്ഞുകളഞ്ഞു.38 താന്‍ തൊലിയുരിഞ്ഞുമാറ്റിയ കമ്പുകള്‍ ആടുകള്‍ വെള്ളം കുടിക്കുന്ന പാത്തികളില്‍ അവയുടെ മുന്‍പില്‍ അവന്‍ കുത്തിനിര്‍ത്തി. വെള്ളം കുടിക്കാന്‍ വരുമ്പോഴാണ് അവ ഇണചേരാറുള്ളത്.39 ആടുകള്‍ ഈ കമ്പുകളുടെ മുന്‍പില്‍ ഇണചേര്‍ന്നു. അവയ്ക്കു പൊട്ടും പുള്ളിയും വരയുമുള്ള കുട്ടികളുണ്ടായി.40 യാക്കോബ്‌ചെമ്മരിയാടുകളെ വേര്‍തിരിച്ച് ലാബാന്റെ കൂട്ടത്തിലെ വരയുള്ള തും കറുത്തതുമായ ആടുകളുടെ നേരേ നിര്‍ത്തി. തന്റെ കൂട്ടത്തെ ലാബാന്‍േറ തിനോടു ചേര്‍ക്കാതെ മാറ്റിനിര്‍ത്തുകയുംചെയ്തു.41 കൊഴുത്ത ആടുകള്‍ ഇണചേരുമ്പോള്‍ അവന്‍ ഈ കമ്പുകള്‍ അവയുടെ കണ്‍മുന്‍പില്‍ പാത്തികളില്‍ വയ്ക്കും. തന്‍മൂലം കമ്പുകള്‍ക്കിടയില്‍ അവ ഇണചേര്‍ന്നു.42 എന്നാല്‍, മെലിഞ്ഞവ ഇണചേര്‍ന്നപ്പോള്‍ അവന്‍ കമ്പുകള്‍ നാട്ടിയില്ല. അങ്ങനെ മെലിഞ്ഞവ ലാബാന്‍േറ തും കരുത്തുള്ളവ യാക്കോബിന്‍േറതുമായി.43 ഇപ്രകാരം യാക്കോബ് വലിയ സമ്പന്നനായി. അവനു ധാരാളം ആടുകളും ദാസീദാസന്‍മാരും ഒട്ടകങ്ങളും കഴുതകളും ഉണ്ടായി.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment