The Book of Genesis, Chapter 32 | ഉല്പത്തി, അദ്ധ്യായം 32 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 32

യാക്കോബ് തിരിച്ചുവരുന്നു

1 യാക്കോബുയാത്ര തുടര്‍ന്നു. ദൈവത്തിന്റെ ദൂതന്‍മാര്‍ വഴിക്കുവച്ച് അവനെ കണ്ടുമുട്ടി.2 അവരെ കണ്ടപ്പോള്‍ അവന്‍ പറഞ്ഞു: ഇതു ദൈവത്തിന്റെ സൈന്യമാണ്. ആ സ്ഥലത്തിന് അവന്‍ മഹനായിം എന്നുപേരിട്ടു.3 യാക്കോബ് ഏദോംനാട്ടില്‍ സെയിര്‍ദേശത്തു പാര്‍ത്തിരുന്ന സഹോദര നായ ഏസാവിന്റെ അടുത്തേക്കു തനിക്കു മുന്‍പേ ദൂതന്‍മാരെ അയച്ചു.4 അവന്‍ അവരെ ചുമതലപ്പെടുത്തി: എന്റെ യജമാനനായ ഏസാവിനോടു നിങ്ങള്‍ ഇങ്ങനെ പറയണം, അങ്ങയുടെ ദാസനായ യാക്കോബു പറയുന്നു: ഇതുവരെ ഞാന്‍ ലാബാന്റെ കൂടെ പാര്‍ക്കുകയായിരുന്നു.5 എനിക്കു കാളകളും കഴുതകളും ആടുകളും വേലക്കാരും വേലക്കാരികളുമുണ്ട്. അങ്ങേക്ക് എന്നോടു ദയ തോന്നണം. അതിനാണു ഞാന്‍ അങ്ങയുടെ അടുത്ത് ആളയച്ചു പറയുന്നത്.6 ദൂതന്‍മാര്‍ തിരിച്ചുവന്നു യാക്കോബിനോടു പറഞ്ഞു: ഞങ്ങള്‍ അങ്ങയുടെ സഹോദരനായ ഏസാവിന്റെ യടുക്കല്‍ച്ചെന്നു. അവന്‍ നാനൂറ് ആളുകളുടെ അകമ്പടിയോടെ അങ്ങയെ കാണാന്‍ വരുന്നുണ്ട്.7 യാക്കോബ് വളരെയധികം ഭയപ്പെട്ട് അസ്വസ്ഥനായി. തന്റെ കൂടെയുണ്ടായിരുന്ന ആളുകളെയും ആടുമാടുകളെയും ഒട്ടകങ്ങളെയും എല്ലാം അവന്‍ രണ്ടുഗണമായി തിരിച്ചു.8 ഏസാവു വന്ന് ഒരു ഗണത്തെനശിപ്പിക്കുന്ന പക്ഷം മറ്റേ ഗണത്തിന് ഓടി രക്ഷപ്പെടാമല്ലോ എന്നവന്‍ ചിന്തിച്ചു.9 അവന്‍ ഇങ്ങനെ പ്രാര്‍ഥിച്ചു: എന്റെ പിതാക്കന്‍മാരായ അബ്രാഹത്തിന്റെയും ഇസഹാക്കിന്റെയും ദൈവമേ, നിന്റെ നാട്ടിലേക്കും നിന്റെ ചാര്‍ച്ചക്കാരുടെ അടുത്തേക്കും തിരിയെപ്പോകുക, ഞാന്‍ നിനക്കു നന്‍മ ചെയ്യും എന്ന് അരുളിച്ചെയ്ത കര്‍ത്താവേ,10 അങ്ങ് ഈ ദാസനോടു കാണിച്ച കാരുണ്യത്തിനും വിശ്വസ്തതയ്ക്കും ഞാന്‍ ഒട്ടും അര്‍ഹനല്ല. കേവലം ഒരു വടിയുമായിട്ടാണ് ഞാന്‍ ജോര്‍ദാന്‍ കടന്നത്. ഇപ്പോഴിതാ ഞാന്‍ രണ്ടു ഗണമായി വര്‍ധിച്ചിരിക്കുന്നു.11 എന്റെ സഹോദരനായ ഏസാവിന്റെ കൈയില്‍നിന്ന് എന്നെ രക്ഷിക്കണമെന്ന് ഞാന്‍ അങ്ങയോടു പ്രാര്‍ഥിക്കുന്നു. അവന്‍ വന്ന് എന്നെയും കുഞ്ഞുങ്ങളെയും അമ്മമാരെയും നശിപ്പിച്ചേക്കുമെന്ന് ഞാന്‍ ഭയപ്പെടുന്നു.12 നിനക്കു നന്‍മ ചെയ്തു നിന്റെ സന്തതികളെ കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ എണ്ണാനാവാത്തവിധം വര്‍ധിപ്പിക്കും എന്ന് അവിടുന്ന് അരുളിച്ചെയ്തിട്ടുണ്ടല്ലോ.13 അന്നു രാത്രി അവന്‍ അവിടെ താവളമടിച്ചു. തന്റെ പക്കലുള്ളവയില്‍ നിന്ന് അവന്‍ സഹോദരനായ ഏസാവിന് ഒരു സമ്മാനമൊരുക്കി.14 ഇരുനൂറു പെണ്‍കോലാടും ഇരുപതു ആണ്‍കോലാടും, ഇരുന്നൂറു പെണ്ണാടും, ഇരുപതു മുട്ടാടും,15 കറവയുള്ള മുപ്പത് ഒട്ടകം, അവയുടെ കിടാക്കള്‍, നാല്‍പതു പശു, പത്തു കാള, ഇരുപതു പെണ്‍കഴുത, പത്ത് ആണ്‍കഴുത എന്നിവയെ അവന്‍ മാറ്റിനിര്‍ത്തി.16 ഈ ഓരോ കൂട്ടത്തെയും വേറെവേറെതന്റെ ഭൃത്യന്‍മാരെ ഏല്‍പിച്ചിട്ട് യാക്കോബ് അവരോടു പറഞ്ഞു: എനിക്കു മുന്‍പേ പോവുക. കൂട്ടങ്ങള്‍ തമ്മില്‍ അല്‍പം അകലമുണ്ടായിരിക്കണം.17 ഏറ്റവും മുന്‍പേ പോയവനെ അവന്‍ ചുമതലതപ്പെടുത്തി: എന്റെ സഹോദരന്‍ ഏസാവ് നിങ്ങളെ കണ്ടുമുട്ടുമ്പോള്‍, നിങ്ങള്‍ ആരുടെ ആളുകളാണ്? നിങ്ങള്‍ എവിടെ പോകുന്നു? ഇതൊക്കെ ആരുടേതാണ്? എന്നു ചോദിക്കും.18 നിങ്ങള്‍ ഇപ്രകാരം മറുപടി പറയണം, ഇവ അങ്ങയുടെ ദാസനായ യാക്കോബിന്‍േറതാണ്. യജമാനനായ ഏസാവിനുള്ള ഉപഹാരമാണിത്. അവന്‍ ഞങ്ങളുടെ പിന്നാലെയുണ്ട്.19 രണ്ടാമനെയും മൂന്നാമനെയും കൂട്ടങ്ങളെ നടത്തിയിരുന്ന എല്ലാവരെയും അവന്‍ ഇതുതന്നെ പറഞ്ഞേല്‍പിച്ചു.20 ഏസാവിനെ കാണുമ്പോള്‍ നിങ്ങളെല്ലാവരും ഇതുതന്നെ പറയണം. അങ്ങയുടെ ദാസനായ യാക്കോബ് തൊട്ടുപുറകെയുണ്ട് എന്നും പറയണം. അവന്‍ ഇപ്രകാരം ചിന്തിച്ചു: ഞാന്‍ മുന്‍കൂട്ടി അയച്ചിരിക്കുന്ന സമ്മാനംകൊണ്ട് എനിക്ക് അവനെ പ്രീതിപ്പെടുത്താനാവും. അതു കഴിഞ്ഞ് ഞാന്‍ അവനെനേരില്‍ക്കാണും; അവന്‍ എന്നെ സ്വീകരിച്ചേക്കും.21 അതിനാല്‍, സമ്മാനം മുന്‍കൂട്ടി അയച്ചിട്ട് അവന്‍ അന്നു രാത്രി കൂടാരത്തില്‍ തങ്ങി.

യാക്കോബിന്റെ മല്‍പിടിത്തം

22 ആ രാത്രിതന്നെ യാക്കോബ് തന്റെ രണ്ടു ഭാര്യമാരെയും രണ്ടു പരിചാരികമാരെയും പതിനൊന്നു മക്കളെയും കൂട്ടിക്കൊണ്ട്‌യാബോക്ക് എന്ന കടവു കടന്നു; അവരെ അവന്‍ പുഴയ്ക്കക്കരെ കടത്തിവിട്ടു.23 തന്റെ സമ്പാദ്യം മുഴുവന്‍ അക്കരെയെത്തിച്ചു.24 യാക്കോബു മാത്രം ഇക്കരെ നിന്നു. അവിടെവച്ച് ഒരാള്‍ നേരം പുലരുന്നതുവരെ അവനുമായി മല്‍പ്പിടിത്തം നടത്തി.25 കീഴടക്കാന്‍ സാധ്യമല്ലെന്നു കണ്ടപ്പോള്‍ അവന്‍ യാക്കോബിന്റെ അരക്കെട്ടില്‍ തട്ടി. മല്‍പ്പിടിത്തത്തിനിടയില്‍ യാക്കോബിന്റെ തുട അരക്കെട്ടില്‍നിന്നു തെറ്റി.26 അവന്‍ പറഞ്ഞു: നേരം പുലരുകയാണ്. ഞാന്‍ പോകട്ടെ. യാക്കോബു മറുപടി പറഞ്ഞു: എന്നെ അനുഗ്രഹിച്ചിട്ടല്ലാതെ അങ്ങയെ ഞാന്‍ വിടുകയില്ല.27 അവന്‍ ചോദിച്ചു: നിന്റെ പേരെന്താണ്? യാക്കോബ്, അവന്‍ മറുപടി പറഞ്ഞു.28 അപ്പോള്‍ അവന്‍ പറഞ്ഞു: ഇനിമേല്‍ നീ യാക്കോബ് എന്നല്ല, ഇസ്രായേല്‍ എന്നുവിളിക്കപ്പെടും. കാരണം, ദൈവത്തോടും മനുഷ്യരോടും നീ മല്ലിട്ടു ജയിച്ചിരിക്കുന്നു.29 യാക്കോബ് അവനോടു പറഞ്ഞു: അങ്ങയുടെ പേര് എന്നോടു പറയണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്തിനാണ് എന്റെ പേരറിയുന്നത്? അവന്‍ ചോദിച്ചു. അവിടെവച്ച് അവന്‍ യാക്കോബിനെ അനുഗ്രഹിച്ചു.30 ദൈവത്തെ ഞാന്‍ മുഖത്തോടുമുഖം കണ്ടു. എന്നിട്ടും ഞാന്‍ ജീവനോടെ ഇരിക്കുന്നല്ലോ എന്നു പറഞ്ഞുകൊണ്ട് യാക്കോബ് ആ സ്ഥലത്തിനു പെനുവേല്‍ എന്നുപേരിട്ടു.31 അവന്‍ പെനുവേല്‍ കടന്നപ്പോഴേക്കും സൂര്യനുദിച്ചു. ഉളുക്കു നിമിത്തം അവന്‍ ഞൊണ്ടുന്നുണ്ടായിരുന്നു.32 അവിടുന്ന് യാക്കോബിന്റെ അരക്കെട്ടില്‍ തട്ടിയ തുകൊണ്ട് തുടയും അരയും തമ്മില്‍ ബന്ധിപ്പിക്കുന്ന സ്‌നായു ഇസ്രായേല്‍ക്കാര്‍ ഇന്നും ഭക്ഷിക്കാറില്ല.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Discover more from Nelson MCBS

Subscribe to get the latest posts sent to your email.

Leave a comment