🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: പത്തൊൻപതാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
യാക്കോബ്, മറിയത്തിന്റെ ഭർത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളിൽ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16)
വിശുദ്ധ യൌസേപ്പിതാവ് നല്‍മരണ മദ്ധ്യസ്ഥന്‍
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
മരണം കേവലം സ്വാഭാവിക പ്രതിഭാസമല്ല. അതിന് സനാതനമായ ഒരു അര്‍ത്ഥമുണ്ട്. മിശിഹായുടെ പെസഹാ രഹസ്യത്തിന്‍റെ പ്രകാശത്തില്‍ മരണത്തെ നാം വീക്ഷിക്കണം. മരണം ശരീരത്തില്‍ നിന്നുള്ള ആത്മാവിന്‍റെ വേര്‍പാടാണ്. എന്നാല്‍ അത് നിത്യമായ ഐക്യത്തിനു വേണ്ടിയാണ്. ഒരു കൃസ്ത്യാനിയെ സംബന്ധിച്ചിടത്തോളം മരണം ഭയാനകമല്ല. അത് സ്വര്‍ഗ്ഗീയ പിതാവിന്‍റെ ക്ഷണമാണ്. പാരത്രിക ജീവിതത്തിലേക്കുള്ള ജനനമാണ്. നമുക്ക് മരണത്തില്‍ ദൈവത്തെ കണ്ടെത്തുവാന്‍ സാധിച്ചാല്‍ മരണത്തെ കീഴടക്കാം. നമ്മുടെ വന്ദ്യപിതാവ് മാര്‍ യൗസേപ്പ് മരണത്തെ കീഴടക്കി.
വിശുദ്ധ യൗസേപ്പിനെ മിശിഹായുടെ പരസ്യജീവിത കാലത്തു നാം ഒരിക്കലും ദര്‍ശിക്കുന്നില്ല. തന്നിമിത്തം അദ്ദേഹം ഈശോയുടെ രഹസ്യജീവിത പരിസമാപ്തിയോടടുത്ത് മരണമടഞ്ഞിരിക്കണമെന്നാണ് കരുതുന്നത്. വിശുദ്ധ യൗസേപ്പിന്‍റെ മരണം ഏറ്റവും സൗഭാഗ്യപൂര്‍ണ്ണമായിരുന്നു. പരിശുദ്ധ കന്യകയുടെ സാന്നിധ്യത്തില്‍ ഈശോയുടെ തൃക്കരങ്ങളിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. പാപമോ ലൗകിക സമ്പത്തോ സ്ഥാനമാനങ്ങളോ മറ്റേതെങ്കിലും വസ്തുവോ ആ പാവനാത്മാവിന്‍റെ മരണത്തെ ശോകപൂര്‍ണ്ണമാക്കിയില്ല. മറിച്ച് അതും ഒരു സ്നേഹനിദ്രയായിരുന്നു. തന്നിമിത്തം അദ്ദേഹം ഉത്തമ മരണത്തിന്‍റെ മാതൃകയാണ്. നല്‍മരണ മദ്ധ്യസ്ഥനുമാണ്.
ഒരു വ്യക്തിയുടെ ജീവിതവിജയം ഒരു നല്ല മരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. മരണ സമയത്ത് വരപ്രസാദാവസ്ഥയിലാണ് ആത്മാവെങ്കില്‍ മരണം ഒരിക്കലും ഭയാനകമല്ല. പാപവും ലൗകിക സമ്പത്തിനോടുള്ള അതിരുകടന്ന സ്നേഹവുമാണ് പലപ്പോഴും മരണത്തെ ഭയാനകമാക്കുന്നത്.
ഒരു കൃസ്ത്യാനി ഉത്തമ ക്രിസ്ത്യാനിയായി ജീവിച്ചതു കൊണ്ട് ഒരിക്കലും മരണ സമയത്ത് ഖേദിക്കേണ്ടതായി വന്നിട്ടില്ലായെന്ന്‍ ആംഗ്ലേയ സാഹിത്യകാരനായ ഹില്ലയര്‍ബല്ലക്ക് പ്രസ്താവിച്ചിട്ടുണ്ട്. നേരെമറിച്ച്, ദൈവത്തെയും സഹോദരങ്ങളെയും സ്നേഹിക്കാതെ ജീവിതാന്തസ്സിന്‍റെ കടമകള്‍ ശരിയായി നിര്‍വഹിക്കാതിരുന്നവര്‍ ജീവിതത്തെ പഴാക്കി കളഞ്ഞവര്‍ മരണസമയത്ത് ഓരോ മനുഷ്യാത്മാവും അന്തിമമായ തെരഞ്ഞെടുപ്പ് നടത്തും. ജീവിതകാലത്ത് ചെയ്തിട്ടുള്ള സകല പ്രവൃത്തികളും വിചാരങ്ങളും എല്ലാം അതില്‍ സ്വാധീന ശക്തി ചെലുത്തും. വി. യൗസേപ്പ് അദ്ദേഹത്തിന്‍റെ ജീവിതത്തില്‍ എല്ലായ്പ്പോഴും ദൈവത്തിനും ഈശോമിശിഹായ്ക്കും സംപ്രീതിജനകമായവ മാത്രം പ്രവര്‍ത്തിച്ചു. പ. കന്യകയെ സ്നേഹിച്ചിരുന്നു. അയല്‍വാസികളെയും സ്നേഹിച്ചു. ദൈവോന്മുഖമായ ജീവിതമാണ് നയിച്ചിരുന്നത്. തന്നിമിത്തമത്രേ സൗഭാഗ്യപൂര്‍ണ്ണവും സമാധാനപരവുമായ ഒരു മരണം കൈവരിച്ചത്. ജീവിതം എപ്രകാരമാണോ അപ്രകാരമായിരിക്കും മരണം.
സംഭവം
🔶🔶🔶🔶
കേരളത്തില്‍ മാര്‍ യൗസേപ്പിതാവിന്‍റെ നാമധേയത്തിലുള്ള ഒരു പ്രശസ്ത ദൈവാലയത്തിലെ വൈദികന്‍റെ സാക്ഷ്യമാണ് താഴെ കാണുന്നത്. മാര്‍ യൗസേപ്പിതാവിന്‍റെ തിരുനാള്‍ വര്‍ഷം തോറും ഭക്തിപൂര്‍വ്വം ആഘോഷിക്കുന്ന ഒരു ദൈവാലയത്തില്‍ രണ്ടു ചാക്കുകള്‍ നിറയെ അരിയുമായി ഒരു മോട്ടോര്‍ കാറില്‍ ഒരു കുടുംബം എത്തി. അവര്‍ പറഞ്ഞ സാക്ഷ്യമാണിത്. അവര്‍ അവരുടെ മത്സ്യബന്ധന ബോട്ട് കടലിലിറക്കിയ ദിവസം അതിന് സെന്‍റ് ജോസഫ് എന്നു പേരു നല്‍കി പ്രതിഷ്ഠിച്ചു. തങ്ങളുടെ ബോട്ടിനും അതില്‍ പണിയെടുക്കുന്ന പക്ഷം യാതൊരപകടവും ഉണ്ടാകാതിരിക്കാന്‍ വിശുദ്ധ യൗസേപ്പിതാവിന്‍റെ തിരുനാള്‍ ദിവസം ഒരു ചാക്ക് അരി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുമെന്നായിരുന്നു നേര്‍ച്ച.
മൂന്നു നാലു മാസങ്ങള്‍ക്കു ശേഷം, ഒരു ദിവസം പുറംകടലില്‍ മത്സ്യബന്ധനത്തിനായിപ്പോയ നാല് ബോട്ടുകളില്‍ ഒന്ന്‍ സെന്‍റ് ജോസഫ് ആയിരുന്നു. കനത്ത കാറ്റും മഴയും കടലിലുണ്ടായി. കടല്‍ക്ഷോഭം കൊണ്ട് ബോട്ടുകള്‍ ഇളകി മറിഞ്ഞു. മൂന്നു ബോട്ടുകളും തിരമാലകളില്‍പ്പെട്ടു തകര്‍ന്നതാണ്. അവയിലുണ്ടായിരുന്ന ആളുകള്‍ നീന്തി. പതിമൂന്നു പേര്‍ക്ക് ജീവാപായം സംഭവിച്ചു. സെന്‍റ് ജോസഫ് ബോട്ടു മാത്രം മറിയാതെ രക്ഷപെട്ടു. മറ്റു ബോട്ടുകളില്‍ കയറിയിരുന്ന ഹതഭാഗ്യരില്‍ ശേഷിച്ചവരെ സെന്‍റ് ജോസഫ് ബോട്ടിലെ ആളുകള്‍ രക്ഷപെടുത്തി. മാര്‍ യൗസേപ്പിന്‍റെ മദ്ധ്യസ്ഥതയാല്‍ തങ്ങള്‍ക്കുണ്ടായ അനുഗ്രഹത്താല്‍ സന്തുഷ്ടചിത്തരായ അവര്‍ നേരത്തെ നേര്‍ച്ച നേര്‍ന്നതിനു പുറമെ ഒരു ചാക്ക് അരി കൂടി ആ വിശുദ്ധന്‍റെ സ്തുതിക്കായി പാവപ്പെട്ടവരുടെ ഇടയില്‍ വിതരണം ചെയ്യുവാന്‍ തയ്യാറായി.
ജപം
🔶🔶🔶
ഞങ്ങളുടെ വത്സലപിതാവായ മാര്‍ യൗസേപ്പേ, അങ്ങ് ഈശോ മിശിഹായുടെ തൃക്കരങ്ങളില്‍ പ. കന്യകയുടെ സാന്നിദ്ധ്യത്തില്‍ സമാധാന പൂര്‍ണ്ണമായി മരണം പ്രാപിച്ചുവല്ലോ. പാപികളായ ഞങ്ങളുടെ മരണ സമയത്ത് ഈശോയുടെയും പ. കന്യകാമറിയത്തിന്‍റെയും അങ്ങയുടെയും സഹായം ഞങ്ങള്‍ക്കു നല്‍കണമേ. അപ്രകാരം ഞങ്ങള്‍ നിത്യാനന്ദ സൗഭാഗ്യത്തില്‍ ചേരുവാന്‍ അര്‍ഹമായിത്തീരട്ടെ. നല്ല മരണത്തിനു പ്രതിബന്ധമായ പാപത്തെയും അതിന്‍റെ സാഹചര്യങ്ങളെയും ലൗകിക വസ്തുക്കളോടുള്ള അതിരു കടന്ന സ്നേഹത്തെയും പരിത്യജിക്കുവാനുള്ള ധീരത ഞങ്ങള്‍ക്കു നല്‍കണമേ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,
( മിശിഹായെ… )
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
( ഞങ്ങളെ അനുഗ്രഹിക്കണമേ )
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶
നല്‍മരണ മദ്ധ്യസ്ഥനായ മാര്‍ യൗസേപ്പേ, ഞങ്ങളെ നല്‍മരണം പ്രാപിക്കുവാന്‍ ഇടയാക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
⚜️⚜️⚜️⚜️ March 1️⃣9️⃣⚜️⚜️⚜️⚜️
വിശുദ്ധ യൗസേപ്പ് പിതാവ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
ദാവീദിന്റെ വംശത്തില്‍പ്പെട്ട ഒരു മരപ്പണിക്കാരൻ എന്നതിലുമപരിയായി ദൈവീക നിയോഗമനുസരിച്ച് രക്ഷകന്റെ മാതാവിന്റെ ജീവിത പങ്കാളിയാകുവാനുള്ള അനുഗ്രഹം ലഭിച്ച വ്യക്തിയായിരിന്നു വിശുദ്ധ യൗസേപ്പ്. വിശുദ്ധ യൗസേപ്പിന്റെ ഈ വിശേഷ ഭാഗ്യത്തെ ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ “യേശുവിന്റെ വളര്‍ത്തച്ഛന്‍” എന്നു വിശേഷിപ്പിക്കാം. വെറുമൊരു മനുഷ്യനെന്നതില്‍ ഉപരിയായി, ഭൂമിയില്‍ പിതാവിന്റെ അമൂല്യ നിധികളായ യേശുവിനേയും, മറിയത്തേയും വിശ്വസ്തതയോടു കൂടി സംരക്ഷിക്കുകയും, കാത്തു പാലിക്കുകയും ചെയ്ത മഹത് വ്യക്തിയായി വിശുദ്ധ ലിഖിതങ്ങളില്‍ അദ്ദേഹത്തെ ചിത്രീകരിച്ചിരിക്കുന്നു.
ഒരു പക്ഷേ, മറിയത്തിന്റെ ഗര്‍ഭത്തേക്കുറിച്ച് ആദ്യമായി അറിഞ്ഞ നിമിഷമായിരിക്കാം വിശുദ്ധ യൗസേപ്പിന്റെ ജീവിതത്തിലെ ഏറ്റവും ഇരുണ്ട മുഹൂര്‍ത്തം. എന്നാല്‍ യാതനയുടെ ഈ നിമിഷത്തില്‍ വിശുദ്ധ യൗസേപ്പ് തന്റെ മഹത്വം പ്രകടമാക്കി. യൌസേപ്പ് പിതാവിന്റെ സഹനങ്ങളും മനുഷ്യകുലത്തിന്റെ വീണ്ടെടുപ്പില്‍ കാതലായ പങ്ക് വഹിച്ചിട്ടുണ്ട്. കന്യകയില്‍ നിന്നുമുള്ള മിശിഹായുടെ ദൈവീക ജനനത്തിനു എല്ലാക്കാലത്തേക്കും അദ്ദേഹം ഒരു വിശ്വസ്ത സാക്ഷിയായിരുന്നു.
വിശുദ്ധ യൗസേപ്പിന്റെ മരണത്തേക്കുറിച്ച് വേദപുസ്തകത്തില്‍ ഒന്നും തന്നെ പറയുന്നില്ല, എന്നിരുന്നാലും യേശുവിന്റെ പരസ്യജീവിതത്തിനു മുന്‍പായി അദ്ദേഹം മരണമടഞ്ഞിരിക്കാം. യേശുവിന്റേയും മാതാവിന്റേയും കൈകളില്‍ കിടന്നുകൊണ്ടുള്ള ഒരു മനോഹരമായ മരണമായിരിന്നു അദ്ദേഹത്തിന്റേതെന്ന് ചരിത്രകാരന്മാർ പറയുന്നു. എളിമയോടും, ആരാലും അറിയപ്പെടാതേയും നസറത്തില്‍ ജീവിച്ചു, ഒടുവിൽ നിശബ്ദനായി അദ്ദേഹം മരണപെട്ടപോളും, സഭാചരിത്ര താളുകളുടെ പിൻതാളുകളിൽ മാത്രമായി അദ്ദേഹം ഒതുങ്ങി. പതിനഞ്ചാം നൂറ്റാണ്ട് മുതലാണ് യൗസേപ്പ് പിതാവിന് പ്രാര്‍ത്ഥനാപരമായ ആദരവ് നല്‍കപ്പെട്ടത്. ഇതിനു ശേഷമുള്ള കാലങ്ങളിലാണ് വലിയ രീതിയിലുള്ള ആദരവ് അദ്ദേഹത്തിന് നല്‍കപ്പെട്ടു തുടങ്ങിയത്. സീഡനിലെ വിശുദ്ധ ബ്രിജിഡും, സിയന്നായിലെ ബെര്‍ണാഡിനും, വിശുദ്ധ തെരേസായും അദ്ദേഹത്തോടുള്ള വണക്കം പ്രചരിപ്പിക്കുകയും, പരിപോഷിപ്പിക്കുകയും ചെയ്തു.
ആഗോള കത്തോലിക്ക സഭ, യൗസേപ്പ് പിതാവിന്റെ ആദരണാര്‍ത്ഥം രണ്ട് വലിയ തിരുനാളുകള്‍ ആഘോഷിക്കപ്പെടുന്നു. ഒന്നാമത്തേത് മാര്‍ച്ച് 19നാണ്. ഈ ദിവസത്തെ തിരുനാളില്‍ മനുഷ്യവംശത്തിന്റെ വീണ്ടെടുപ്പ് പ്രക്രിയയില്‍ വിശുദ്ധനുള്ള പങ്കിനെപ്പറ്റി നാം അനുസ്മരിക്കുന്നു. മെയ് 1ന് ആഘോഷിക്കപ്പെടുന്ന രണ്ടാമത്തെ തിരുനാളില്‍ ലോകം മുഴുവനുമുള്ള തൊഴിലാളികളുടെ മധ്യസ്ഥനായ യൗസേപ്പിതാവിനെ അനുസ്മരിക്കുകയും, സാമൂഹ്യവ്യവസ്ഥതിയില്‍ മാനുഷിക അവകാശങ്ങളെയും, കടമകളെയും പക്ഷപാതരഹിതമായ രീതിയില്‍ നിലനിര്‍ത്തുവാന്‍ വേണ്ടി അദ്ദേഹത്തോട് മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യുന്നു. ആഗോള സഭയുടെ മദ്ധ്യസ്ഥനാണ് വിശുദ്ധ യൌസേപ്പ് പിതാവ്. അദ്ദേഹം മരിക്കുമ്പോള്‍ യേശുവും, മറിയവും മരണകിടക്കയുടെ സമീപത്ത് ഉണ്ടായിരുന്നതിനാല്‍ മരണശയ്യയില്‍ കിടക്കുന്നവരുടെ മദ്ധ്യസ്ഥനുമാണ് വിശുദ്ധ യൗസേപ്പ്. കൂടാതെ പിതാക്കന്‍മാരുടേയും, മരപ്പണിക്കാരുടേയും, സാമൂഹ്യനീതിയുടേയും മദ്ധ്യസ്ഥനായി അദ്ദേഹത്തെ കണക്കാക്കുന്നു. വിശുദ്ധ യൗസേപ്പിന്റെ നാമധേയത്തില്‍ നിരവധി സന്യാസീ-സന്യാസിനീ സമൂഹങ്ങളുണ്ട്.
വിശുദ്ധ യൗസേപ്പിന് പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന സ്ഥലങ്ങള്‍:
അമേരിക്ക, ഓസ്ട്രിയ, ബാറ്റണ്‍ റോഗ് അതിരൂപത, ലൂയിസിയാന, കാലിഫോര്‍ണിയ, ബെല്‍ജിയം; ബൊഹേമിയ, ബര്‍സാര്‍സ്, കാനഡാ, ക്രൊയേഷ്യന്‍ ജനത (1687ല്‍ ക്രൊയേഷ്യന്‍ പാര്‍ലിമെന്റിന്റെ ഉത്തരവനുസരിച്ച്), ഫ്ലോറെന്‍സ്, ഇറ്റലി, കൊറിയ, ലാ ക്രോസ്സെ രൂപത, വിസ്കോണ്‍സിന്‍, ലൂയീസ്‌വില്ലെ അതിരൂപത, കെന്റക്കി, മാഞ്ചസ്റ്റര്‍ രൂപത, ന്യൂ ഹാംപ്ഷയര്‍, മെക്സിക്കോ, നാഷ്വില്ലെ രൂപത, ടെന്നെസീ, ന്യൂ ഫ്രാന്‍സ്, ന്യൂ വേള്‍ഡ്, ഒബ്‌ലേറ്റ്സ് ഓഫ് സെന്റ് ജോസഫ് സഭ, സാന്‍ ജോസ് രൂപതസിയൂക്സ് ഫാള്‍സ് രൂപത, സൗത്ത് ദക്കോട്ടസിറിയ, ഓസ്ട്രിയ, ഇറ്റലിയിലെ ടൂറിന്‍, ഓസ്ട്രിയയിലെ ടിറോള്‍, വെര്‍ജീനീയയിലെ പടിഞ്ഞാറന്‍ ചാള്‍സ്റ്റോണ്‍,
വിശുദ്ധ യൗസേപ്പിന്റെ മദ്ധ്യസ്ഥതയ്ക്കു സമര്‍പ്പിച്ചിരിക്കുന്ന മേഖലകള്‍:
സംശയം മടി മുതലായവ അടിമപെട്ടവര്‍ക്ക്, പെട്ടി നിര്‍മ്മാതാക്കള്‍, , മരാശാരിമാര്‍, കരകൗശലക്കാര്‍, മരണശയ്യയില്‍ കിടക്കുന്നവര്‍, അന്യദേശത്ത് താമസിക്കുന്നവര്‍, എഞ്ചിനീയര്‍മാര്‍, ഗര്‍ഭിണികളുടെ, കുടുംബങ്ങളുടെ, പിതാക്കന്‍മാര്‍, യോഗ്യമായ മരണത്തിന്, വിശുദ്ധ മരണത്തിന്, ഭവനം നിര്‍മ്മിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍, അഭയാര്‍ത്ഥികള്‍, ആന്തരിക ആത്മാക്കളുടെ, തൊഴിലാളികള്‍, ആശയക്കുഴപ്പത്തിലുള്ളവര്‍, കമ്മ്യൂണിസത്തിനെതിരെ പോരാടുന്നവര്‍, പെറു, വഴിയൊരുക്കുന്നവര്‍, തിരുസഭയുടെ സംരക്ഷണത്തിന്, സാമൂഹ്യ നീതി, യാത്ര ചെയ്യുന്നവര്‍, ജനിക്കാനിരിക്കുന്ന കുട്ടികള്‍, ആഗോള സഭ, വത്തിക്കാന്‍ II, വിയറ്റ്നാം, വീലിംഗ് രൂപത, വീല്‍റൈറ്റ്‌സ്, തൊഴിലാളികള്‍, തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. മാക്ക് സ്ട്രിക്റ്റിലെ അഡ്രിയന്‍
2. നോര്‍ത്ത് അമ്പ്രിയായിലെ അല്‍ക്മുണ്ട്
3. ലാന്‍ട്രോ ആള്‍ഡും അമാന്‍സിയൂസും
4. അയര്‍ലന്‍റിലെ ഔക്സീലിയൂസ്
5. ആല്‍സെസിലെ ജേമൂസ്
6. പിന്നായിലെ ജോണ്
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
പ്രഭാത പ്രാർത്ഥന… 🙏
ജോസഫ് നിദ്രയിൽ നിന്ന് ഉണർന്ന്.. കർത്താവിന്റെ ദൂതൻ കൽപ്പിച്ചതു പോലെ പ്രവർത്തിച്ചു.. (മത്തായി :1/24)
എത്രയും നീതിമാനായ വിശുദ്ധ യൗസേപ്പിതാവേ.. ദൈവകുമാരന്റെ വളർത്തു പിതാവും.. പരിശുദ്ധ കന്യകയുടെ നിർമ്മലനായ കാവൽക്കാരനും.. ഞങ്ങളുടെ പ്രിയപ്പെട്ട സ്വർഗ്ഗീയ മദ്ധ്യസ്ഥനുമായി അങ്ങയെ ഞങ്ങൾക്കു നൽകിയ നല്ല ദൈവത്തിന് നന്ദിയും സ്തുതിയും.. ജീവിതത്തിൽ സ്വസ്ഥമായി തുടർന്നു പോകേണ്ട ചില ജീവിതയാഥാർഥ്യങ്ങളുടെ നേരെയും.. ഉണർന്നു പ്രവർത്തിക്കേണ്ട ചില കർമ്മമേഖലകളിലും മനഃപൂർവം ഉറക്കം നടിക്കുന്നവരായി ചിലപ്പോഴൊക്കെ ഞങ്ങൾ മാറാറുണ്ട്.. കുടുംബത്തിനുള്ളിൽ അവസാനിപ്പിക്കേണ്ട പല ഏറ്റക്കുറച്ചിലുകളും.. വ്യക്തിപരമായ പോരായ്മകളും സൗഹൃദസദസുകളിലും.. പൊതു ഇടങ്ങളിലും പരസ്യപ്പെടുത്തി പങ്കാളിയെ വിലകുറച്ചു കാണിക്കാനും.. അപമാനിക്കാനും ഇഷ്ടപ്പെടുമ്പോഴും.. വലിയ ജോലിസാധ്യതകളിൽ കുടുങ്ങിക്കിടക്കുന്ന അന്വേഷണതാല്പര്യങ്ങളാൽ നിലനിന്നു പോകുന്ന ഒരു ചെറിയ തൊഴിലിനോടു പോലും ആത്മാർത്ഥതയും.. സത്യസന്ധതയും പുലർത്താൻ മടി കാണിക്കുമ്പോഴും.. കുടുംബജീവിതത്തിന്റെ മഹത്വവും മൂല്യവും തിരിച്ചറിയാതെ തങ്ങളിൽ ഭരമേൽപ്പിക്കപ്പെട്ടവരോടുള്ള കടമകൾ മറന്നും കരുതലിനെ അവഗണിച്ചും സ്വന്തം ഇഷ്ടങ്ങളെ മുൻനിർത്തി ജീവിക്കാൻ പരിശ്രമിക്കുമ്പോഴും.. ദൈവീക പദ്ധതികളോടു സഹകരിക്കാൻ വിസമ്മതിച്ചു കൊണ്ട് നിദ്ര വിട്ടുണരേണ്ട മണിക്കൂറുകളെ രഹസ്യത്തിൽ ഉപേക്ഷിക്കാൻ ഞങ്ങൾ തയ്യാറാകുകയാണ് ചെയ്യുന്നത്..
യൗസേപ്പിതാവേ.. ഞങ്ങൾക്കു ദാനമായി ലഭിച്ച ജീവിതത്തിന്റെ പരിശുദ്ധിയും നിയോഗവും തിരിച്ചറിഞ്ഞു കൊണ്ട് അനുയോജ്യമായ ജീവിതം നയിക്കാൻ ഞങ്ങളെ പ്രാപ്തരാക്കണമേ.. ബന്ധങ്ങളുടെ പരിശുദ്ധിയിലും മൂല്യത്തിലും അടിയുറച്ചു നിന്നു കൊണ്ട് പരസ്പരം ബഹുമാനിക്കാനും.. കർത്തവ്യങ്ങളെ വിശ്വസ്തതയോടെ നിറവേറ്റാനും ഞങ്ങളെ സഹായിക്കുകയും.. അനുചിതമായ സ്വാർത്ഥതാല്പര്യങ്ങളിൽ നിന്നും അകന്നു നിൽക്കാനുള്ള കൃപയേകുകയും ചെയ്യണമേ.. എല്ലാറ്റിലുമുപരി ഇപ്പോഴും മരണസമയത്തും ഞങ്ങളുടെ തുണയും സഹായവുമായി അങ്ങ് ഞങ്ങളുടെ അരികിലുണ്ടാവണേ..
വിശുദ്ധ യൗസേപ്പിതാവേ.. ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചപേക്ഷിക്കേണമേ.. ആമേൻ 🙏
ഞങ്ങളുടെ ദൈവമേ, അവിടുന്ന് ദയാലുവും വിശ്വസ്‌തനും ക്‌ഷമാശീലനുമാണ്. അവിടുന്ന് എല്ലാറ്റിനെയും കൃപയോടെ പരിപാലിക്കുന്നു.
ജ്‌ഞാനം 15 : 1
നിന്റെ ഭാരം കര്‍ത്താവിനെ ഏല്‍പിക്കുക,അവിടുന്നു നിന്നെതാങ്ങിക്കൊള്ളും;
നീതിമാന്‍ കുലുങ്ങാന്‍ അവിടുന്നുസമ്മതിക്കുകയില്ല.
സങ്കീര്‍ത്തനങ്ങള്‍ 55 : 22
അവസാനമായി, നിങ്ങളെല്ലാവരും ഹൃദയൈക്യവും അനുകമ്പയും സഹോദര സ്‌നേഹവും കരുണയും വിനയവും ഉളളവരായിരിക്കുവിന്‍. തിന്‍മയ്‌ക്കു തിന്‍മയോ, നിന്‌ദനത്തിനു നിന്‌ദനമോ പകരം കൊടുക്കാതെ, അനുഗ്രഹിക്കുവിന്‍. അനുഗ്രഹം അവകാശമാക്കുന്നതിനുവേണ്ടി വിളിക്കപ്പെട്ടിരിക്കുന്നവരാണല്ലോ നിങ്ങള്‍.
ജീവിതത്തെ സ്‌നേഹിക്കുകയും നല്ല ദിവസങ്ങള്‍ കാണാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നവന്‍ തിന്‍മയില്‍നിന്നു തന്റെ നാവിനെയും വ്യാജം പറയുന്നതില്‍നിന്നു തന്റെ അധരത്തെയും നിയന്ത്രിക്കട്ടെ.
അവന്‍ തിന്‍മയില്‍നിന്നു പിന്തിരിഞ്ഞു നന്‍മ ചെയ്യട്ടെ. സമാധാനം അന്വേഷിക്കുകയും അതിനായി പരിശ്രമിക്കുകയും ചെയ്യട്ടെ. എന്തെന്നാല്‍, കര്‍ത്താവിന്റെ കണ്ണുകള്‍ നീതിമാന്‍മാരുടെ നേരേയും അവിടുത്തെ ചെവികള്‍ അവരുടെ പ്രാര്‍ഥനകളുടെ നേരേയും തുറന്നി രിക്കുന്നു. എന്നാല്‍, തിന്‍മ പ്രവര്‍ത്തിക്കുന്നവരില്‍നിന്ന് അവിടുന്നു മുഖം തിരിച്ചിരിക്കുന്നു.
1 പത്രോസ് 3 : 8-12



Leave a comment