
വടവാതൂർ പൗരസ്ത്യ വിദ്യപീഠത്തിൽ നിന്ന് കാനൻ നിയമത്തിൽ ലൈസൻഷ്യേറ്റ് പൂർത്തിയാക്കിയ ആദ്യ ബാച്ചിൽ പെട്ട കോതമംഗലം രൂപതാംഗമായ ജോർജ് മലേപ്പറമ്പിൽ അച്ചൻ അല്പം മുമ്പ് നിര്യാതനായി. ബ്ലഡ് ക്യാൻസർ ബാധിച്ച് ഒരു വർഷത്തോളമായി ചികിത്സയിലായിരുന്നു. പ്രിയപ്പെട്ട ജോർജ് അച്ചന് സഹപാഠികളുടെ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി….
കാനൻ നിയമ പഠനം പൂർത്തിയാക്കി കോതമംഗലം രൂപതയുടെ വിവാഹ കോടതിയിൽ നോട്ടറിയായി സേവനം അനുഷ്ഠിച്ചു വരുമ്പോഴാണ് 2021 ഫെബ്രുവരി മാസത്തിൽ ജോർജ് അച്ചൻ രക്താർബുദം ബാധിച്ചു ചികിത്സയിൽ ആകുന്നത്. രാജഗിരി ആശുപത്രിയിൽ നീണ്ട ചികിത്സ പൂർത്തിയാക്കി രോഗസൗഖ്യം ഉണ്ടായതിനെ തുടർന്ന് 2021 നവംബർ 27 ന് കോതമംഗലം രൂപതാ വിവാഹ കോടതിയിൽ ജഡ്ജി ആയി നിയമിതനായി. ഡിസംബർ മാസത്തിൽ നടത്തിയ തുടർ പരിശോധനയിലാണ് വീണ്ടും രോഗബാധിതനായി കണ്ടെത്തിയത്. തുടർന്ന് വീണ്ടും രാജഗിരി ആശുപത്രിയിൽ നീണ്ട ചികിത്സ. മജ്ജ മാറ്റിവയ്ക്കൽ നിർദ്ദേശിക്കപ്പെട്ടെങ്കിലും അത് നടത്താൻ സാധിച്ചിരുന്നില്ല. ഇക്കഴിഞ്ഞ ദിവസമാണ് കോതമംഗലം ധർമ്മഗിരി ആശുപത്രിയിലേക്ക് അച്ചനെ മാറ്റിയത്. ശനിയാഴ്ച രാത്രി സ്വന്തം താല്പര്യപ്രകാരം അഭിവന്ദ്യ മഠത്തിക്കണ്ടത്തിൽ പിതാവിൽ നിന്നും രോഗീലേപനം സ്വീകരിച്ച് ഏറ്റവും നന്നായി ഒരുങ്ങിയാണ് ഇന്ന് രാവിലെ അച്ചൻ നമ്മെ വിട്ടു പിരിഞ്ഞത്.


Leave a comment