🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തിയൊന്നാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
“യാക്കോബ് മറിയത്തിന്റെ ഭര്‍ത്താവായ ജോസഫിന്റെ പിതാവായിരുന്നു. അവളില്‍ നിന്നു ക്രിസ്തു എന്നു വിളിക്കപ്പെടുന്ന യേശു ജനിച്ചു”
(മത്തായി 1:16).
വിശുദ്ധ യൗസേപ്പ് പിതാവ്- ക്രൈസ്തവര്‍ മാതൃകയാക്കേണ്ട വ്യക്തിത്വം
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശ്വാസം എന്ന് പറയുന്നതു ദൈവവുമായിട്ടുള്ള ഒരു അഭിമുഖവും പരിപൂര്‍ണ്ണമായ അര്‍പ്പണവുമാണ്. മാര്‍ യൗസേപ്പിന്‍റെ ജീവിതം ദൈവത്തിലുള്ള പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അര്‍പ്പണമായിരുന്നു. പ. കന്യകാമറിയവുമായുള്ള വിവാഹവും വിവാഹാനന്തരമുള്ള പരിപൂര്‍ണ്ണ വിരക്തമായ ജീവിതവും യൌസേപ്പ് പിതാവിന്‍റെ അനിതരസാധാരണമായ വിശ്വാസത്തിന്‍റെ സാക്ഷ്യമായിരിന്നു.
മാര്‍ യൗസേപ്പ് അദ്ദേഹത്തിന്‍റെ ബാല്യകാലത്ത് യഹൂദ പാരമ്പര്യത്തിലാണ് വളര്‍ത്തപ്പെട്ടത്. എന്നാല്‍ ക്രിസ്തീയ സഭയുടെ പ്രതിരൂപമായിരുന്നു നസ്രത്തിലെ തിരുക്കുടുംബം. പരിശുദ്ധ കന്യക, പരിശുദ്ധാത്മാവിനാല്‍ ദൈവകുമാരനെ ഗര്‍ഭം ധരിച്ച വിവരം ദൈവദൂതന്‍ അറിയിച്ചപ്പോള്‍ വിശുദ്ധ യൗസേപ്പ് പിതാവ് അംഗീകരിക്കുന്നത് അദ്ദേഹത്തിന്റെ പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെ അര്‍പ്പണത്തിലൂടെയാണ്. പിന്നീടുള്ള മാര്‍ യൗസേപ്പിന്‍റെ ജീവിത യാത്ര മുഴുവന്‍ പരിപൂര്‍ണ്ണമായ വിശ്വാസത്തിന്‍റെയും പ്രത്യാശയുടേയും സമര്‍പ്പണമായിരിന്നു.
ബെത്ലഹെമില്‍ പിറന്ന ശിശു ദൈവത്തിന്‍റെ നിത്യവചനമാണെന്ന് അംഗീകരിച്ചു കൊണ്ട് വിശുദ്ധ യൗസേപ്പ്, ദിവ്യശിശുവിനെ ആരാധിച്ചു. പൗരസ്ത്യ വിജ്ഞാനികള്‍ ദിവ്യശിശുവിനെ ആരാധിക്കുമ്പോഴും വിശുദ്ധ യൗസേപ്പ് തന്‍റെ വിശ്വാസത്തിന്‍റെ പൂര്‍ണ്ണതയില്‍ യഹൂദന്‍മാരുടെ രാജാവിനെത്തന്നെ ദര്‍ശിച്ചു. ഹേറോദേസ് ദിവ്യകുമാരന്‍റെ ജീവന്‍ അപഹരിക്കുവാന്‍ പരിശ്രമിച്ച അവസരത്തില്‍ ശത്രുക്കളില്‍ നിന്ന്, ദിവ്യകുമാരനെ രക്ഷിക്കുവാന്‍ വിശ്വാസത്തിലും പ്രത്യാശയിലും അചഞ്ചലനാകാതെ അദ്ദേഹം മുന്നേറി.
ഈജിപ്തിലെ പ്രവാസ കാലത്ത് അജ്ഞാതമായ സ്ഥലത്ത് വിജാതീയരുടെ മദ്ധ്യത്തില്‍ ദൈവകുമാരനെ പരിരക്ഷിക്കുന്നതും നസ്രത്തിലേക്കുള്ള യാത്രയും അജ്ഞാതവാസവും വിശുദ്ധ യൗസേപ്പിന്‍റെ ദിവ്യകുമാരനിലുള്ള വിശ്വാസത്തിന്‍റെയും പ്രത്യാശയുടെയും അഗ്നിപരീക്ഷണ ഘട്ടങ്ങളായിരുന്നു. അവയെല്ലാം അതിജീവിച്ചു കൊണ്ട് അദ്ദേഹം വിശ്വാസപരവും പ്രത്യാശാപൂര്‍ണ്ണവുമായ തീര്‍ത്ഥയാത്ര പൂര്‍ത്തീകരിച്ചു.
ആധുനിക ലോകത്തില്‍ മനുഷ്യന്‍റെ ജീവിത രീതികളും ക്രൈസ്തവ വിശ്വാസവും തമ്മില്‍ നിരവധി പൊരുത്തകേട് കാണാന്‍ സാധിക്കും. മാര്‍ യൗസേപ്പിനെ അനുകരിച്ച്, ജീവിതത്തിന്‍റെ വിവിധ മണ്ഡലങ്ങളില്‍ വിശ്വാസ ചൈതന്യത്തോടു കൂടി ക്രൈസ്തവര്‍ ജീവിക്കുമ്പോള്‍ മാത്രമേ നാം യഥാര്‍ത്ഥ ക്രിസ്ത്യാനികളാവുകയുള്ളൂ. ഇന്നത്തെ ക്രൈസ്തവരില്‍ പലരും നാമമാത്ര ക്രൈസ്തവരായിട്ടാണ് ജീവിക്കുന്നത്. എന്നാല്‍ വിശ്വാസത്തിന്‍റെ വെളിച്ചത്തില്‍ എല്ലാ ജീവിതാവസ്ഥകളെയും വീക്ഷിച്ചാല്‍ മാത്രമേ നമ്മുടെ ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളെയും വെല്ലുവിളികളേയും നേരിടാന്‍ നാം പ്രാപ്തരാവുകയുള്ളൂ. പ്രവൃത്തിയില്ലാത്ത വിശ്വാസം നിര്‍ജ്ജീവമാണല്ലോ”
(വിശുദ്ധ യാക്കോബ്).
സംഭവം
🔶🔶🔶
ലിയോണ്‍സ് എന്ന നഗരത്തില്‍ ഒരു കുലീന കുടുംബത്തില്‍ ജനിച്ച ബാലന്‍ അതീവ ഭക്തനായി വളര്‍ന്നു. തന്‍റെ ജീവിതം ദൈവത്തിനായി അര്‍പ്പിക്കുവാനുള്ള അനുഗ്രഹത്താല്‍ പ്രചോദിതനായി അവന്‍ സന്യാസ ജീവിതം നയിക്കുവാന്‍ തീരുമാനിച്ചു. പക്ഷെ മാതാപിതാക്കന്‍മാര്‍ അതിന് അവനെ അനുവദിച്ചില്ല. അവന്‍ ഏറെ ദുഃഖിതനായി. ഇതേ തുടര്‍ന്നു അവന്‍ വളരെ മോശമായ രീതിയില്‍ ജീവിക്കാന്‍ തുടങ്ങി. ഒരു കാലത്ത് പുണ്യജീവിതം കഴിച്ച അവന്‍ ഞായറാഴ്ചകളില്‍ പോലും വിശുദ്ധ കുര്‍ബ്ബാനയില്‍ പങ്കുകൊള്ളാന്‍ കൂട്ടാക്കിയില്ല. അപ്പോഴാണ് അവന്‍റെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ തെറ്റായ നടപടികളെക്കുറിച്ച് ബോധ്യമുണ്ടായത്.
മോശമായ ജീവിതത്തില്‍ നിന്ന്‍ പുത്രനെ നേര്‍വഴിക്കു തിരിക്കുവാന്‍, ഇടവക വികാരിയുടെ അഭ്യര്‍ത്ഥന അനുസരിച്ച് കുടുംബസമേതം പള്ളിയിലെത്തി മാര്‍ യൗസേപ്പിതാവിനോടു പ്രാര്‍ത്ഥിച്ചു. അവന്‍ ദിവസവും ദിവ്യബലിയില്‍ സഹായിച്ചിരുന്നതും മാര്‍ യൗസേപ്പിതാവിനു പ്രതിഷ്ഠിച്ചിരുന്നതുമായ അള്‍ത്താരയില്‍ ഇടവക വികാരി അര്‍പ്പിച്ച ദിവ്യപൂജയില്‍ പങ്കുചേര്‍ന്നു കുടുംബാംഗങ്ങളെല്ലാം പ്രസ്തുത യുവാവിനു വേണ്ടി യൗസേപ്പിതാവിന്‍റെ മാദ്ധ്യസ്ഥം അപേക്ഷിച്ചു. ദിവസങ്ങള്‍ കഴിയുന്നതിനു മുന്‍പു അവന്‍ മാനസാന്തരപ്പെട്ടു സുകൃത ജീവിതം കഴിക്കുവാനിടയായി.
ജപം
🔶🔶
മാര്‍ യൗസേപ്പേ, അങ്ങ് അജയ്യമായ വിശ്വാസത്തോടും അചഞ്ചലമായ പ്രത്യാശയോടും കൂടിയ ഒരു ജീവിതമാണല്ലോ നയിച്ചിരുന്നത്. ഞങ്ങളും ക്രിസ്തീയമായ വിശ്വാസത്തിലും പ്രത്യാശയിലും ഞങ്ങളുടെ ജീവിതം നയിക്കുവാന്‍ ആവശ്യമായ അനുഗ്രഹം നല്‍കണമേ. അനുദിനം ഞങ്ങളുടെ വിശ്വാസത്തെ വെല്ലുവിളിക്കുന്ന തത്വസംഹിതകളെയും പ്രതിസന്ധി ഘട്ടങ്ങളെയും അതിജീവിച്ചു കൊണ്ട് വിശ്വാസത്തിലും പ്രത്യാശയിലും മുന്നേറുവാന്‍ ഞങ്ങളെ പ്രാപ്തരാക്കുക. ദൈവത്തിലും ഈശോമിശിഹായിലുമുള്ള ഞങ്ങളുടെ വിശ്വാസത്തില്‍ ഞങ്ങള്‍ വളരട്ടെ.
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,
( മിശിഹായെ… )
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
( ഞങ്ങളെ അനുഗ്രഹിക്കണമേ )
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶
ദിവ്യകുമാരന്‍റെ വളര്‍ത്തു പിതാവേ, ഞങ്ങളുടെ വിശ്വാസം വര്‍ദ്ധിപ്പിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
⚜️⚜️⚜️⚜️ March 2️⃣1️⃣⚜️⚜️⚜️⚜️
വിശുദ്ധ സെറാപ്പിയോണ്‍
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
അഗാധമായ പാണ്ഡിത്യവും, കുശാഗ്രബുദ്ധിയും, അറിവുമുണ്ടായിരുന്ന ഈജിപ്ത്കാരനായ ഒരു സന്യാസിയായിരുന്നു വിശുദ്ധ സെറാപ്പിയോണ്‍. വിശുദ്ധ അന്തോണീസിന്റെ ഒരു ശിഷ്യനായിരുന്നു ഈ വിശുദ്ധന്‍, തന്റെ ജീവിതത്തിന്റെ ആദ്യകാലങ്ങളില്‍ മരുഭൂമിയില്‍ വിശുദ്ധ അത്തനാസിയൂസിന്റെ ഒരു സുഹൃത്തും, സഹായിയുമായിരുന്നു. കുറച്ചു കാലങ്ങളോളം വിശുദ്ധന്‍ ഈജിപ്തിലെ അലെക്സാണ്ട്രിയായില്‍ ഒരു വേദപാഠശാല നടത്തിയിരുന്നു, എന്നാല്‍ പിന്നീട് അനുതാപ പ്രവര്‍ത്തനങ്ങള്‍ക്കും, പ്രാര്‍ത്ഥനക്കും കൂടുതല്‍ സമയം കണ്ടെത്തുന്നതിനായി വിശുദ്ധന്‍ ഈ വേദപാഠശാലയില്‍ നിന്നും വിരമിച്ചു. വിശുദ്ധ സെറാപ്പിയോണ്‍ അന്തോണീസിനെ സന്ദര്‍ശിച്ചിരുന്നപ്പോള്‍ അന്തോണീസ്, വിശുദ്ധനോട് ഈജിപ്തില്‍ കുറച്ചകലെയായി മുന്‍പുണ്ടായ സംഭവങ്ങളെ കുറിച്ച് പറയുമായിരുന്നുവെന്ന് വിശുദ്ധ അത്തനാസിയൂസ് രേഖപ്പെടുത്തുന്നു. മാത്രമല്ല മുടികൊണ്ടുള്ള തന്റെ വസ്ത്രം വിശുദ്ധ സെറാപ്പിയോണിനായി അവശേഷിപ്പിച്ചിട്ടായിരുന്നു വിശുദ്ധ അന്തോണീസ് ഇഹലോകവാസം വെടിഞ്ഞത്.
ഡയോപോളീസിന് സമീപമുള്ള നൈല്‍ നദീതടത്തിലെ മൂയീസിലെ മെത്രാനായി വിശുദ്ധന്‍ അഭിഷേകം ചെയ്യപ്പെട്ടതിന് ശേഷം അദ്ദേഹം സഭാപരമായ കാര്യങ്ങളില്‍ നേതൃനിരയിലേക്കുയര്‍ന്നു. അരിയാനിസമെന്ന മതവിരുദ്ധ സിദ്ധാന്തത്തിന്റെ ശക്തനായ എതിരാളിയായിരുന്നു വിശുദ്ധന്‍. ഇക്കാരണങ്ങള്‍കൊണ്ട്, വിശുദ്ധ അത്തനാസിയൂസിന്റെ കടുത്ത അനുഭാവിയായിരുന്ന വിശുദ്ധ സെറാപ്പിയോണ്‍, ചക്രവര്‍ത്തിയായിരുന്ന കോണ്‍സ്റ്റാന്റിയൂസ് നാടുകടത്തി. വിശുദ്ധ ജെറോം ‘കുമ്പസാരകന്‍’ എന്നാണ് വിശുദ്ധ സെറാപ്പിയോനിനെ വിശേഷിപ്പിച്ചിരിന്നത്. ഇതിനിടെ പരിശുദ്ധാത്മാവിന്റെ ദിവ്യത്വത്തെ നിരാകരിക്കുന്ന മാസിഡോണിയാനിസം എന്ന മതനിന്ദ ഉടലെടുത്തപ്പോള്‍ വിശുദ്ധന്‍ അതിനെ ശക്തമായി എതിര്‍ക്കുകയും, ഇതിനേക്കുറിച്ച് ഒളിവിലായിരുന്ന വിശുദ്ധ അത്തനാസിയൂസിനെ ധരിപ്പിക്കുകയും ചെയ്തു. ഇതിനേ തുടര്‍ന്ന്‍ 359-ല്‍ മരുഭൂമിയിലെ തന്റെ ഒളിസ്ഥലത്ത് നിന്നും വിശുദ്ധ അത്തനാസിയൂസ് ഈ സിദ്ധാന്തത്തെ എതിര്‍ത്തുകൊണ്ട് നാലോളം എഴുത്തുകള്‍ വിശുദ്ധ സെറാപ്പിയോണിന് എഴുതുകയുണ്ടായി.
മാസിഡോണിയാനിസത്തിനെതിരായി ഒരു അമൂല്യമായ ഗ്രന്ഥം വിശുദ്ധ സെറാപ്പിയോണും രചിച്ചിട്ടുണ്ട്. ഹൃദയത്തിന്റെ ആഗ്രഹമനുസരിച്ച് നല്ല പ്രവര്‍ത്തികളും, തിന്മ പ്രവര്‍ത്തികളും ചെയ്യുന്ന ഒരുപകരണം മാത്രമാണ് നമ്മുടെ ശരീരമെന്നും, അതിനാല്‍ ദുഷ്ടന്‍മാരായ മനുഷ്യര്‍ പോലും ചിലപ്പോള്‍ നല്ലവരായി തീരാറുണ്ടെന്നും വിശുദ്ധന്‍ ഈ ഗ്രന്ഥത്തില്‍ ചൂണ്ടികാട്ടുന്നു. നമ്മുടെ ആത്മാവ് ദൈവം വഴിയും, എന്നാല്‍ നമ്മുടെ ശരീരം പിശാചിനാലും വന്നതാണെന്ന മാനിച്ചിസവാദത്തിനു നേരെ ഘടകവിരുദ്ധമായിരുന്നു വിശുദ്ധന്‍ തന്റെ ഗ്രന്ഥത്തില്‍ പറഞ്ഞിട്ടുള്ളത്. ഈ ഗ്രന്ഥത്തെക്കൂടാതെ ഏതാനും വിജ്ഞാനപ്രദമായ എഴുത്തുകളും, സങ്കീര്‍ത്തനങ്ങളുടെ തലക്കെട്ടുകളെ ആസ്പദമാക്കി നിരവധി പ്രബന്ധങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ടെന്ന് വിശുദ്ധ ജെറോം പറയുന്നു.
ഇതിനെല്ലാമുപരിയായി വിശുദ്ധ സെറാപ്പിയോണിനെ മറ്റ് വിശുദ്ധരില്‍ നിന്നും കൂടുതല്‍ അറിയപ്പെടുന്നവനാക്കിയത് വിശുദ്ധ കര്‍മ്മങ്ങളുടെയും, പ്രാര്‍ത്ഥനകളുടേയും ഒരു സമാഹാരമായ ‘യൂക്കോളോജിയോണ്‍’ എന്നറിയപ്പെടുന്ന ഗ്രന്ഥത്തിന്‍റെ പേരിലാണ്. 1899-ലാണ് ഇത് കണ്ടെടുക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തത്. ആരാധനാപരമായ പ്രാര്‍ത്ഥനകളുടെ ഈ ശേഖരം, മുഖ്യമായും മെത്രാന്‍മാരുടെ ഉപയോഗത്തിനായി ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ഈജിപ്തിലെ പുരാതനമായ പൊതു ആരാധന സമ്പ്രദായത്തേക്കുറിച്ചറിയുന്നതിന് ഈ ഗ്രന്ഥം വളരെയേറെ ഉപയോഗപ്രദമാണ്.
വിശുദ്ധ സെറാപ്പിയോണിന്റെ അപേക്ഷ കണക്കിലെടുത്ത് വിശുദ്ധ അത്തനാസിയൂസ് അരിയാനിസത്തിനെതിരായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ അരിയൂസിന്റെ മരണത്തേപ്പറ്റി വിശുദ്ധനെഴുതിയ ഒരെഴുത്ത് ഇപ്പോഴും നിലവിലുണ്ട്. വിശുദ്ധ സെറാപ്പിയോണിനെക്കുറിച്ച് അത്തനാസിയൂസിന് നല്ല അഭിപ്രായമായിരുന്നു. പലപ്പോഴും അദ്ദേഹം തന്റെ പ്രവര്‍ത്തനങ്ങളില്‍ വിശുദ്ധന്റെ അഭിപ്രായവും തിരുത്തലുകളും ആരാഞ്ഞിരുന്നു. “ആത്മീയ അറിവിനാല്‍ അല്ലെങ്കില്‍ ധ്യാനവും പ്രാര്‍ത്ഥനകളും വഴി ശുദ്ധീകരിക്കപ്പെട്ട മനസ്സ്, കാരുണ്യപ്രവര്‍ത്തികള്‍ വഴിയുള്ള ആത്മീയ സഹനങ്ങള്‍, അനുതാപ പ്രവര്‍ത്തികളും നിരന്തരമായ ഉപവാസവും മൂലം വല്ലപ്പോഴുമുള്ള ഭക്ഷണം ഇതൊക്കെയാണ്” വിശുദ്ധ സെറാപ്പിയോനിന്‍റെ ജീവിതത്തിന് വ്യത്യസ്തതയേകുന്നത്. ഒളിവിലായിരിക്കുമ്പോള്‍ AD 365നും 370നും ഇടക്ക് ഈജിപ്തില്‍ വെച്ചാണ് വിശുദ്ധന്‍ മരണമടഞ്ഞത്.
ഇതര വിശുദ്ധര്‍
⚜️⚜️⚜️⚜️⚜️⚜️⚜️
1. റോമാക്കാരായ ഫിലമോണുംദോമ്നിനൂസും
2. കൊണ്ടാറ്റിലെ വി.റൊമാനൂസിന്‍റെ സഹോദരനായ ലുപ്പിസിനൂസു
⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️⚜️
🌻 പ്രഭാത പ്രാർത്ഥന 🌻
കർത്താവ് എന്റെ പ്രകാശവും രക്ഷയുമാണ്.. ഞാൻ ആരെ ഭയപ്പെടണം.. (സങ്കീർത്തനം : 27/1)
ദിവ്യകാരുണ്യ ഈശോയേ.. ഞങ്ങളുടെ കുറവുകളെ നിറവുകളാക്കാനുള്ള അനുഗ്രഹം യാചിച്ചു കൊണ്ട് ഈ പ്രഭാതത്തിൽ ഞങ്ങളണയുമ്പോൾ ഞങ്ങളിലവിടുന്നു കനിയുകയും.. അവിടുത്തെ നിരന്തരസാനിധ്യ സ്മരണയാൽ ഞങ്ങളുടെ ആത്മാവിനെ അലങ്കരിക്കുവാൻ മനസ്സാകുകയും ചെയ്യണമേ.. പലപ്പോഴും വിജയങ്ങളിലെ അമിതമായ ആഹ്ലാദമോ തോൽവികളിലെ കണ്ണുനീരോ അല്ല..അത്രയേറെ പരിശ്രമിച്ചും.. ആത്മവിശ്വാസത്തോടെ പ്രവർത്തിച്ചും ഞങ്ങൾ നേടിയെടുത്ത ജീവിതനന്മകളെ തെല്ലും വിലമതിക്കാതെ.. ജീവിതത്തിലെ ഭാഗ്യനിർഭാഗ്യങ്ങളെ കൂട്ടു പിടിച്ചു കൊണ്ട് ചിലർ നടത്തുന്ന വിലകുറഞ്ഞ അഭിപ്രായ പ്രകടനങ്ങളും.. വിലയിരുത്തലുകളുമാണ് ഞങ്ങളുടെ ജീവിതത്തിലെ വിജയത്തിളക്കങ്ങളെ നഷ്ടപ്പെടുത്തുന്നതും.. ആത്മവിശ്വാസങ്ങളുടെ മേൽ കരിനിഴൽ വീഴ്ത്തുന്നതും..
ഈശോയേ.. ഞങ്ങളുടെ ജീവനും ജീവിതവും പൂർണമായും അവിടുത്തെ സമർപ്പിക്കുന്നു.. ഞങ്ങളുടെ വിജയങ്ങളിലും പരാജയങ്ങളിലും.. പുകഴ്ത്തലുകളിലും അപമാനങ്ങളിലും മനസ്സു പതറാതെ അചഞ്ചലമായി നിലകൊള്ളാൻ ഞങ്ങളെ പഠിപ്പിക്കേണമേ.. ഉചിതമായ തീരുമാനങ്ങളാലും..ഉണർവ്വേകുന്ന ആത്മവിശ്വാസത്താലും.. ഉത്തമമായ വഴിയേ ചരിക്കാൻ അങ്ങു നിരന്തരം ഞങ്ങളെ സഹായിക്കുകയും.. ശക്തിപ്പെടുത്തുകയും ചെയ്യണമേ..
പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക്.. എന്നേരവും ആരാധനയും സ്തുതിയും പുകഴ്ച്ചയുമുണ്ടായിരിക്കട്ടെ.. ആമേൻ .
ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
ഏശയ്യാ 45 : 2
നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്‌ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
ഏശയ്യാ 45 : 3
എന്റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്റെ പിതൃനാമത്തിലും വിളിക്കുന്നു.
ഏശയ്യാ 45 : 4
ഞാനല്ലാതെ മറ്റൊരു കര്‍ത്താവില്ല: ഞാനല്ലാതെ മറ്റൊരു ദൈവമില്ല; നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്റെ അര മുറുക്കും.
ഏശയ്യാ 45 : 5
കിഴക്കും പടിഞ്ഞാറും ഉള്ള എല്ലാവരും ഞാനാണു കര്‍ത്താവ്, ഞാനല്ലാതെ മറ്റൊരുവനില്ല എന്ന് അറിയുന്നതിനും വേണ്ടിത്തന്നെ.
ഏശയ്യാ 45 : 6


Leave a comment