🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധ യൗസേപ്പുപിതാവിന്‍റെ വണക്കമാസം: ഇരുപത്തിരണ്ടാം തീയതി
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
ജോസഫ് നിദ്രയില്‍നിന്ന് ഉണര്‍ന്ന്, കര്‍ത്താവിന്റെ ദൂതന്‍ കല്‍പിച്ചതുപോലെ പ്രവര്‍ത്തിച്ചു; അവന്‍ തന്റെ ഭാര്യയെ സ്വീകരിച്ചു”
(മത്തായി 1:24).
മാര്‍ യൗസേപ്പിതാവ്- ഉപവിയുടെ പിതാവ്
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
വിശുദ്ധിയുടെ സംഗ്രഹമെന്ന് പറയുന്നത് ദൈവസ്നേഹവും പരസ്നേഹവുമാണ്. നമ്മുടെ പിതാവ് മാര്‍ യൗസേപ്പില്‍ ഈ വിശുദ്ധി പൂര്‍ണ്ണതയില്‍ വിളങ്ങിയിരുന്നു. ദൈവത്തോടുള്ള അതീവ സ്നേഹത്താല്‍ പ്രേരിതനായി വി. യൗസേപ്പ് വിരക്തജീവിതം നയിച്ചു. ദിവ്യജനനിയുടെ വിരക്ത ഭര്‍ത്താവും ദൈവകുമാരന്‍റെ വളര്‍ത്തു പിതാവും എന്നുളള ദൗത്യനിര്‍വഹണത്തില്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാവിധ ക്ലേശങ്ങളിലും ബുദ്ധിമുട്ടുകളിലും ആ സഹനത്തെ സ്വാഗതം ചെയ്യുവാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് വത്സലപിതാവില്‍ ഉജ്ജ്വലിച്ചിരുന്ന സ്നേഹം ഒന്ന് മാത്രമാണ്. പരിശുദ്ധ കന്യകാമറിയത്തോടും ഈശോ മിശിഹായോടുമുള്ള നിരന്തര സഹവാസം ദൈവസ്നേഹത്തില്‍ അനുനിമിഷം പുരോഗമിക്കുവാന്‍ സഹായകമായിരുന്നു.
“നിങ്ങള്‍ ഭക്ഷിക്കുകയോ പാനം ചെയ്യുകയോ മറ്റെന്തെങ്കിലും ചെയ്യുന്നെങ്കില്‍ എല്ലാം ദൈവമഹത്വത്തിനു വേണ്ടി ചെയ്യുവിന്‍” എന്ന്‍ അപ്പോസ്തോല പ്രവര്‍ത്തകന്‍ ഉദ്ബോധിപ്പിക്കുന്നുണ്ടല്ലോ. അത് വിശുദ്ധ യൗസേപ്പ് പ്രാവര്‍ത്തികമാക്കി. അവിടുന്ന്‍ എല്ലാം മരിയാംബികയ്ക്കും ഈശോമിശിഹായ്ക്കും വേണ്ടിയാണ് ചെയ്തത്. വിശുദ്ധ യൌസേപ്പ് പിതാവ് തന്‍റെ ഓരോ പ്രവര്‍ത്തികളും ഈശോയോടു കൂടിയും ഈശോയിലും ഈശോയ്ക്കു വേണ്ടിയും ചെയ്തു. അത് ദൈവത്തിന് ഏറ്റവും സംപ്രീതിജനകമാണ്. വിശുദ്ധ യൗസേപ്പ് അദ്ദേഹത്തിന്‍റെ ജീവിത കാലത്ത് അസാധാരണ കൃത്യങ്ങളോ അത്ഭുതങ്ങളോ ഒന്നും പ്രവര്‍ത്തിച്ചില്ല. പക്ഷെ ദൈവജനനി കഴിഞ്ഞാല്‍ മനുഷ്യ വ്യക്തികളില്‍ ഏറ്റവും ഉന്നതമായ വിശുദ്ധി പ്രാപിച്ച വ്യക്തിയാണ് വല്‍സല പിതാവ്.
വന്ദ്യപിതാവ് ദൈവസ്നേഹത്തെ പ്രതിയാണ് എല്ലാം പ്രവര്‍ത്തിച്ചത്. ഈശോയോടും പരിശുദ്ധ കന്യകയോടുമുള്ള അദ്ദേഹത്തിന്റെ സ്നേഹം അതുല്യമായിരുന്നു. മാര്‍ യൗസേപ്പ്, തച്ചന്‍റെ ജോലിയാണ് ചെയ്തിരുന്ന പ്രിയ പിതാവ് ഉപജീവനമാര്‍ഗ്ഗമെന്നതിലുപരി സഹോദര സേവനമായിട്ടാണ് അദ്ദേഹമത് പരിഗണിച്ചിരിന്നത്.
“പരോപകാരാര്‍ത്ഥമിദംശരീരം” എന്നുള്ള തത്വം മാര്‍ യൗസേപ്പ് ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കി. നമ്മുടെ പിതാവിന്‍റെ ദൈവസ്നേഹ തീക്ഷ്ണത നാമും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടിയിരിക്കുന്നു. ജീവിതാന്തസ്സിലെ ചുമതലകളുടെ നിര്‍വഹണവും നമ്മുടെ ജോലികളുമെല്ലാം ദൈവസ്നേഹത്തിലും സഹോദര സ്നേഹത്തിലും വളര്‍ന്നു വരുവാന്‍ നമ്മെ സഹായിക്കണം. മതപരമായ ജീവിതം കേവലം ബാഹ്യമായിട്ടുള്ള ആചാരാനുഷ്ഠാനങ്ങളില്‍ മാത്രമല്ല ഒതുങ്ങി നില്‍ക്കേണ്ടത്. അതിന്‍റെ അന്തസത്ത ദൈവത്തോടും സഹോദരങ്ങളോടുമുള്ള ക്രിയാത്മകമായ സ്നേഹമായിരിക്കണം.
സഹോദരങ്ങളെ സ്നേഹിക്കുന്നതിലുള്ള പരാജയമാണ് ആധുനിക ലോകത്തിലെ തിന്മകളുടെയെല്ലാം നിദാനം. സ്നേഹം വൈകാരികമായിരിന്നിട്ട് കാര്യമില്ല. അത് വാക്കുകളുടെയും അസ്ഥിത്വത്തിന്‍റെയും ഭാവവും പ്രവര്‍ത്തനത്തിന്‍റെ ചൈതന്യവുമായി മാറണം. അതാണ് ക്രിസ്തീയ വിശുദ്ധി. നിങ്ങള്‍ പരസ്പരം സ്നേഹിക്കുന്നതു കൊണ്ട് എന്‍റെ ശിഷ്യരാകുന്നു എന്ന്‍ ലോകം മനസ്സിലാക്കുമെന്നുള്ള മിശിഹായുടെ ദിവ്യവചസ്സുകള്‍ നമുക്ക് മാര്‍ഗ്ഗദര്‍ശനമാകേണ്ടതാണ്.
സംഭവം
🔶🔶🔶🔶
വര്‍ഷങ്ങള്‍ക്കു മുമ്പ് ഇറ്റലിയുടെ തെക്ക് ഭാഗത്തുള്ള ഒരു ഗ്രാമത്തിലെ ഭവനത്തില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ ഒരു ദീനരോദനമുയര്‍ന്നു. ദരിദ്രയായ ആഗ്നസെന്ന എന്ന പിഞ്ചുബാലികയുടെ പിതാവിന് ഗുരുതരമായ രോഗം പിടിപെട്ട് മരണാസന്നനായി കിടക്കുകയാണ്. ബാലികയുടെ മാതാവ് നേരത്തെതന്നെ മരിച്ചിരുന്നു. ഏക ആലംബമായ പിതാവും വേര്‍പിരിഞ്ഞു പോകുമെന്ന ഭയം അവളെ ദുഃഖത്തിലാഴ്ത്തി. ബാലികയുടെ ശോക പൂര്‍ണ്ണമായ വിലാപം ശ്രവിച്ച ഒരു അയല്‍വാസി സ്ത്രീ അവിടെ വന്ന്‍ അവളെ ആശ്വസിപ്പിച്ചു അവര്‍ ജപമാല ചൊല്ലുവാന്‍ തുടങ്ങി.
ഈ അവസരത്തില്‍ ദൈവാലയത്തില്‍ മണിനാദമുയര്‍ന്നു. കാരണമെന്താണെന്ന്‍ ബാലിക ചോദിച്ചതിന് ഇന്നു മാര്‍ യൗസേപ്പിതാവിന്‍റെ പെരുന്നാളാണെന്ന് സ്ത്രീ പ്രതിവചിച്ചു. ഉടനെതന്നെ ബാലിക മുട്ടിന്മേല്‍ നിന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു. “തിരുക്കുടുംബത്തിന്‍റെ പാലകനായ മാര്‍ യൗസേപ്പിതാവേ, എന്‍റെ പ്രിയപ്പെട്ട അപ്പച്ചന്‍റെ രോഗം മാറ്റി അപ്പച്ചനെ അനുഗ്രഹിക്കേണമേ.” കണ്ണീരൊഴുക്കിക്കൊണ്ട് ആ പിഞ്ചു ബാലിക നടത്തിയ പ്രാര്‍ത്ഥനയ്ക്ക് ഫലമുണ്ടായി. രോഗിയില്‍ അല്പാല്പം ആശ്വാസം ദര്‍ശിക്കുവാന്‍ കഴിഞ്ഞു.
ദിവസങ്ങളായി യാതൊന്നും കഴിക്കാതെ കിടന്ന ആ മനുഷ്യന്‍ ഭക്ഷണം കഴിച്ചു. പിറ്റേ ദിവസം അയാള്‍ക്ക് സ്വമകളോടോത്ത് യൗസേപ്പ് പിതാവിന്‍റെ തിരുന്നാളില്‍ സംബന്ധിക്കുവാനുള്ള കഴിവും ശക്തിയും ഉണ്ടായി. പൂര്‍ണ്ണ വിശ്വാസത്തോടു കൂടി അര്‍പ്പിക്കുന്ന യാതൊരു പ്രാര്‍ത്ഥനയും ദൈവം തള്ളിക്കളയുകയില്ല.
ജപം
🔶🔶
മാര്‍ യൗസേപ്പ് പിതാവേ, അങ്ങ് യഥാര്‍ത്ഥ ദൈവസ്നേഹത്തിന്‍റെയും പരസ്നേഹത്തിന്‍റെയും ഉത്തമനിദര്‍ശനമാണ്. അങ്ങില്‍ ആശ്രയിക്കുന്നവരെ സഹായിക്കുവാന്‍ അവിടുന്ന്‍ സര്‍വ്വ സന്നദ്ധനാണല്ലോ. അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അവരെ സഹായിക്കുന്നതിലും തത്പരനായിരിക്കുന്നു. മനുഷ്യസേവനമായിരുന്നല്ലോ അവിടുത്തെ ജീവിതനിയമം. വന്ദ്യപിതാവേ, ദൈവത്തെ എല്ലാറ്റിലും ഉപരിയായി സ്നേഹിക്കുവാനും സഹോദരങ്ങളില്‍ മിശിഹായേത്തന്നെ ദര്‍ശിച്ച് അവരെ സ്നേഹിക്കുവാനും സേവിക്കുവാനും ഞങ്ങളെ പഠിപ്പിക്കണമേ. ക്രിസ്തീയ സ്നേഹത്തിന്‍റെ പ്രേഷിതരായി ഞങ്ങള്‍ ക്രിസ്തുവിന് സാക്ഷ്യം വഹിക്കട്ടെ .
1 സ്വര്‍ഗ്ഗ. 1 നന്മ. 1. ത്രി.
വി. യൗസേപ്പുപിതാവിന്‍റെ ലുത്തിനിയ
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
കര്‍ത്താവേ, അനുഗ്രഹിക്കണമേ
(കര്‍ത്താവേ…)
മിശിഹായെ, അനുഗ്രഹിക്കണമേ.
(മിശിഹായെ…)
കര്‍ത്താവേ, അനുഗ്രഹിക്കണമേ.
(കര്‍ത്താവേ…)
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കേള്‍ക്കണമേ ,
( മിശിഹായെ… )
മിശിഹായെ, ഞങ്ങളുടെ പ്രാര്‍ത്ഥന കൈക്കൊള്ളണമേ.
(മിശിഹായെ…)
സ്വര്‍ഗ്ഗസ്ഥനായ പിതാവേ,
( ഞങ്ങളെ അനുഗ്രഹിക്കണമേ )
ലോകരക്ഷകനായ ക്രിസ്തുവേ,
പരിശുദ്ധാത്മാവായ ദൈവമേ,
ഏകദൈവമായിരിക്കുന്ന പ. ത്രിത്വമേ,
.
പരിശുദ്ധ മറിയമേ,
(ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ)
വിശുദ്ധ യൗസേപ്പേ,
ദാവീദിന്‍റെ വിശിഷ്ട സന്താനമേ,
ഗോത്രപിതാക്കളുടെ പ്രകാശമേ,
ദൈവജനനിയുടെ ഭര്‍ത്താവേ,
പരിശുദ്ധ കന്യകയുടെ നിര്‍മ്മലനായ കാവല്‍ക്കാരാ,
ദൈവകുമാരന്‍റെ വളര്‍ത്തുപിതാവേ,
മിശിഹായുടെ ജാഗ്രതയുള്ള സംരക്ഷകാ,
തിരുക്കുടുംബത്തിന്‍റെ നാഥനേ,
എത്രയും നീതിമാനായ വി. യൗസേപ്പേ,
മഹാ വിരക്തനായ വി.യൗസേപ്പേ,
മഹാ വിവേകിയായ വി. യൗസേപ്പേ,
മഹാ ധീരനായ വി. യൗസേപ്പേ,
അത്യന്തം അനുസരണയുള്ള വി. യൗസേപ്പേ,
മഹാ വിശ്വസ്തനായ വി. യൗസേപ്പേ,
ക്ഷമയുടെ ദര്‍പ്പണമേ,
ദാരിദ്ര്യത്തിന്‍റെ സ്നേഹിതാ,
തൊഴിലാളികളുടെ മാതൃകയേ,
കുടുംബജീവിതത്തിന്‍റെ അലങ്കാരമേ,
കന്യകകളുടെ സംരക്ഷകാ,
കുടുംബങ്ങളുടെ ആധാരമേ,
നിര്‍ഭാഗ്യരുടെ ആശ്വാസമേ,
രോഗികളുടെ ആശ്രയമേ,
മരണാവസ്ഥയില്‍ ഇരിക്കുന്നവരുടെ മദ്ധ്യസ്ഥാ,
പിശാചുക്കളുടെ പരിഭ്രമമേ,
തിരുസ്സഭയുടെ പാലകാ,
ഭൂലോകപാപ….(3)
(നായകൻ) ദൈവം അദ്ദേഹത്തെ തന്‍റെ ഭവനത്തിന്‍റെ അധികാരിയായി നിയമിച്ചു.
(സമൂഹം) തന്‍റെ സകല സമ്പത്തുകളുടെയും നായകനുമാക്കി.
പ്രാര്‍ത്ഥിക്കാം
🔶🔶🔶🔶🔶🔶
അത്യന്തം നിര്‍മ്മലമായ പരിശുദ്ധ കന്യകയ്ക്കു ഭര്‍ത്താവായി നീതിമാനും വിവേകിയും വിശുദ്ധനുമായ യൗസേപ്പിനെ തെരഞ്ഞെടുത്ത ദൈവമേ, ജീവിതത്തിന്‍റെ പ്രയാസങ്ങളിലും വേദനകളിലും മുഴുകിയിരിക്കുന്ന ഞങ്ങള്‍ക്ക് ആശ്വാസവും ആശ്രയവും നല്‍കുന്ന പിതാവായി അദ്ദേഹത്തെ നിശ്ചയിച്ചതില്‍ ഞങ്ങള്‍ നന്ദി പറയുന്നു. ഈ പിതാവിന്‍റെ മാദ്ധ്യസ്ഥം വഴി എല്ലാ അനുഗ്രഹങ്ങളും ഞങ്ങള്‍ക്ക് നല്‍കണമെന്നപേക്ഷിക്കുന്നു. ആമ്മേന്‍.
സുകൃതജപം
🔶🔶🔶🔶
ദൈവസ്നേഹം നിറഞ്ഞ വി. യൗസേപ്പേ, ഞങ്ങളെ സ്നേഹിക്കാന്‍ പഠിപ്പിക്കണമേ.
🔶🔶🔶🔶🔶🔶🔶🔶🔶🔶🔶🔶
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഉറങ്ങും മുൻപ്………
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു.
ഏശയ്യാ 60 : 1
ഈശോയെ, ഈ സായാഹ്നത്തിൽ… അവിടുത്തെ നന്മകളും, ദാനങ്ങളും കൊണ്ട് ഞങ്ങളുടെ ജീവിതം നിറയപ്പെടുന്നതിനെ ഓർത്തു ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. എത്ര മനോഹരമായി അവിടുന്ന് ഞങ്ങളെ രൂപപ്പെടുത്തി. അമ്മയുടെ ഉദരത്തിൽ ഞങ്ങൾ രൂപം കൊണ്ട് വളരുമ്പോൾ അവിടുത്തെ കരം ഞങ്ങളുടെ മേൽ ഉണ്ടായിരുന്നു. ഈ ലോകത്തേയ്ക്ക് ഞങ്ങൾ ജനിച്ചു വീണു. പിച്ചവച്ചു നടന്ന കാലുകൾക്ക് ഒപ്പം നടക്കുവാൻ ഞങ്ങളുടെ മാതാപിതാക്കളെയും, ബന്ധുക്കളെയും അവിടുന്ന് നിയോഗിച്ചു. കർത്താവെ, ഞങ്ങളുടെ ബാല്യകാലത്തു ഞങ്ങളെ മുറിപ്പെടുത്തിയ എല്ലാവരെയും ഓർക്കുന്നു. അറിഞ്ഞും, അറിയാതെയും ഞങ്ങളെ വേദനിപ്പിച്ച എല്ലാവരോടും ഞങ്ങൾ ഈ നിമിഷത്തിൽ പരിപൂണ്ണമായി ക്ഷമിക്കുന്നു. ഞങ്ങളുടെ വളർച്ചയുടെ സമയങ്ങളിൽ ഞങ്ങൾ ചെയ്ത തെറ്റുകളെ ഓർക്കുന്നു. ദൈവമേ പലപ്പോഴും അങ്ങിൽ നിന്ന് അകന്നാണ് ജീവിച്ചത്. ചിലപ്പോഴൊക്കെ അറിയാതെ തെറ്റ് ചെയ്‌തപ്പോൾ മറ്റു ചില സമയങ്ങളിൽ അറിഞ്ഞു കൊണ്ടും. ദൈവമേ മാപ്പ് നല്കേണമേ. അവിടുത്തെ സന്നിധിയിൽ ആയിരിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കണമേ. ഞങ്ങളുടെ ജീവിതത്തെ പറ്റിയുള്ള ദൈവപദ്ധതിയിൽ പരാതി കൂടാതെ പങ്കു ചേരുവാൻ ഞങ്ങൾക്ക് സാധിക്കട്ടെ. വിശ്വാസത്തിന്റെ നെറുകയിൽ നിന്ന് കൊണ്ട് ദൈവത്തെ പ്രഘോഷിക്കുവാൻ ഞങ്ങൾക്ക് കഴിയട്ടെ. ഇന്നേ ദിവസം അവിടുന്ന് ഞങ്ങളെ ഒരു അനുഗ്രഹമാക്കി മാറ്റണമേ. ഈ ഭൂമിയിൽ സമാധാനത്തിന്റെ കാവൽ ദൂതന്മാരാകുവാൻ ഞങ്ങളെ സഹായിക്കണമേ… ആമേൻ
🌟🌟🌟🌟🌟🌟🌟🌟🌟🌟🌟
🌻പ്രഭാത പ്രാർത്ഥന🌻
നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുക.. (മത്തായി :22/39)
സ്നേഹപിതാവായ ദൈവമേ.. അങ്ങേയ്ക്കെതിരായി ഞങ്ങൾ പാപം ചെയ്തു പോയി എന്ന അനുതാപത്തിന്റെ ഏറ്റുപറച്ചിലോടെ ഈ പ്രഭാതത്തിൽ പ്രാർത്ഥനയ്ക്കായി ഞങ്ങളണയുമ്പോൾ അങ്ങേയ്ക്ക് ഞങ്ങളോടു കൃപ തോന്നുകയും ഞങ്ങളെ സുഖപ്പെടുത്താൻ കനിവുണ്ടാവുകയും ചെയ്യണമേ.. ജീവിതത്തിൽ സഹജീവികളോട് കാരുണ്യവും സ്നേഹവും പ്രദർശിപ്പിക്കുന്നവരായിരുന്നിട്ടും.. ചുറ്റുമുള്ളവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരായിരുന്നിട്ടും.. മറ്റുള്ളവർക്ക് ഒരുപദ്രവവും ചെയ്യാതെ ജീവിക്കാൻ പരിശ്രമിക്കുന്നവരായിരുന്നിട്ടും അപരന്റെ വീഴ്ച്ചകളിൽ സഹതപിക്കാനോ.. അവരെ പരിഗണിക്കാനോ പലപ്പോഴും ഞങ്ങൾക്കു സാധിക്കാതെ പോകുന്നതിന്റെ കാരണം ഒരു ശിലാഹൃദയത്തെ ഉള്ളിൽ സൂക്ഷിക്കുന്നതു കൊണ്ടല്ല.. അവർ ഞങ്ങളുടെ ആരുമല്ലെന്നും..തികച്ചും അന്യരാണെന്നുമുള്ള ഒരു മനോഭാവം ഞങ്ങൾ സ്വന്തമാക്കിയിരിക്കുന്നതു കൊണ്ടാണ്..
ഈശോയേ.. ആവശ്യക്കാരിൽ നിന്നും നിസ്സഹായരിൽ നിന്നും ഒഴിഞ്ഞു മാറാൻ പരിശ്രമിക്കുന്ന ഞങ്ങളുടെ സ്വാർത്ഥതകളെ പൊറുത്തു തരണേ.. അപരന്റെ സഹനവഴികളിൽ തുണയാകാനും.. അവരുടെ ആവശ്യനേരങ്ങളിൽ ഞങ്ങളാൽ കഴിയുന്ന സഹായമേകാനും ഞങ്ങളെ പ്രാപ്തരാക്കുകയും.. അതുവഴി ഞങ്ങളുടെ ജീവിതവഴികളിലെ കടന്നു പോകലുകൾ സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും ഒരനുഗ്രഹമായി തീർത്തരുളുകയും ചെയ്യണമേ..
ദൈവസ്നേഹം നിറഞ്ഞ വിശുദ്ധ യൗസേപ്പിതാവേ.. സഹജരെ നിസ്വാർത്ഥമായി സ്നേഹിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ.. ആമേൻ .
ദൈവത്തില്‍മാത്രമാണ് എനിക്കാശ്വാസം,
അവിടുന്നാണ് എനിക്കു പ്രത്യാശ നല്‍കുന്നത്.
അവിടുന്നു മാത്രമാണ് എന്റെ അഭയശിലയും കോട്ടയും
എനിക്കു കുലുക്കം തട്ടുകയില്ല.
എന്റെ മോചനവും മഹിമയും ദൈവത്തിലാണ്,
എന്റെ രക്‌ഷാശിലയും അഭയവും ദൈവമാണ്.
സങ്കീര്‍ത്തനങ്ങള്‍ 62 : 5-7
“പ്രാർത്ഥിക്കുക, പ്രത്യാശിക്കുക … ദൈവം കരുണയുള്ളവനാണ്, നിങ്ങളുടെ പ്രാർത്ഥന കേൾക്കും” (വി. പദ്രേ പിയോ )
ഒരുവന്‍ തന്റെ ദുഷ്‌ടതയില്‍ മറ്റൊരുവനെ വധിക്കുന്നു. എന്നാല്‍, വേര്‍പെട്ടു പോയ ജീവനെ തിരിയെക്കൊണ്ടുവരാനോ ബന്‌ധിതമായ ആത്‌മാവിനെ മോചിപ്പിക്കാനോ അവനു കഴിവില്ല.
ജ്‌ഞാനം 16 : 14
കര്‍ത്താവേ, മരുന്നോ ലേപനൗഷധമോ അല്ല, എല്ലാവരെയും സുഖപ്പെടുത്തുന്ന അങ്ങയുടെ വചനമാണ് അവരെ സുഖപ്പെടുത്തിയത്.
ജ്‌ഞാനം 16 : 12
എന്നോടു കൃപയുണ്ടാകണമേ!
ദൈവമേ, എന്നോടു കൃപതോന്നണമേ!
അങ്ങയിലാണു ഞാന്‍ അഭയം തേടുന്നത്;
വിനാശത്തിന്റെ കൊടുങ്കാറ്റുകടന്നുപോകുവോളം
ഞാന്‍ അങ്ങയുടെ ചിറകിന്‍കീഴില്‍ശരണം പ്രാപിക്കുന്നു.
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്‌ഷിക്കുന്നു;
എനിക്കുവേണ്ടി എല്ലാംചെയ്‌തുതരുന്ന ദൈവത്തെത്തന്നെ.
അവിടുന്നു സ്വര്‍ഗത്തില്‍നിന്നുസഹായമയച്ച് എന്നെ രക്‌ഷിക്കും,
എന്നെ ചവിട്ടിമെതിക്കുന്നവരെഅവിടുന്നു ലജ്‌ജിപ്പിക്കും;
ദൈവം തന്റെ കാരുണ്യവുംവിശ്വസ്‌തതയും അയയ്‌ക്കും,
സങ്കീര്‍ത്തനങ്ങള്‍ 57 : 1-3


Leave a comment